കോണ്‍ഗ്രസ് വിജയത്തിന് മുന്‍തൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്
national news
കോണ്‍ഗ്രസ് വിജയത്തിന് മുന്‍തൂക്കം; എവിടെ പ്രചരണത്തിന് വിളിച്ചാലും പോകുമെന്ന് ഗുലാം നബി ആസാദ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th March 2021, 7:52 pm

ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാകെ കോണ്‍ഗ്രസ് വിജയത്തിനായി അഞ്ച് സംസ്ഥാനങ്ങളിലും പ്രചരണത്തിന് താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി അദ്ദേഹം നടത്തിയ പ്രസ്താവനകള്‍ക്ക് പിന്നാലെ പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നതകളുയര്‍ന്നിരുന്നു. ഇതിനുപിന്നാലെ അദ്ദേഹം ബി.ജെ.പിയിലേക്ക് പോകുമോ എന്ന രീതിയിലും ചില അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഈ പ്രചരണത്തിന് മറുപടിയെന്ന നിലയിലാണ് ഗുലാം നബി ആസാദിന്റെ പുതിയ പ്രതികരണം.

‘അഞ്ച് സംസ്ഥാനങ്ങളിലേയും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി പ്രചരണത്തിനിറങ്ങുകയാണ്. കോണ്‍ഗ്രസ് വിജയത്തിനാണ് മുന്‍തൂക്കം നല്‍കുന്നത്. പാര്‍ട്ടിയോ, സ്ഥാനാര്‍ത്ഥിയോ ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എവിടെയും പോകും’, ഗുലാം നബി ആസാദ് പറഞ്ഞു.

ഫെബ്രുവരി 28നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തി ഗുലാം നബി ആസാദ് രംഗത്തെത്തിയത്. ജമ്മുവിലെ ഗുജ്ജര്‍ സമുദായങ്ങളുടെ ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

പ്രധാനമന്ത്രിയായ ശേഷവും വന്ന വഴി മറക്കാത്തയാളാണ് മോദിയെന്നും അദ്ദേഹം സ്വയം തന്നെ വിശേഷിപ്പിക്കുന്നത് ചായക്കാരന്‍ എന്നാണെന്നും ഗുലാം നബി ആസാദ് പറഞ്ഞിരുന്നു.

‘ജനങ്ങള്‍ മോദിയില്‍ നിന്ന് പഠിക്കണം. പ്രധാനമന്ത്രിയായതിന് ശേഷവും അദ്ദേഹം വന്ന വഴി മറന്നില്ല. രാഷ്ട്രീയപരമായി വിയോജിപ്പുകളുണ്ട്. പക്ഷെ അദ്ദേഹത്തിന് വലിയ എളിമയാണ് എന്ന് പറയാതിരിക്കാന്‍ വയ്യ’, എന്നായിരുന്നു ഗുലാം നബി ആസാദിന്റെ പരാമര്‍ശം.

നേരത്തെ ഗുലാം നബി ആസാദിന്റെ രാജ്യസഭാംഗമെന്ന കാലാവധി അവസാനിക്കുന്ന ദിവസം അദ്ദേഹത്തെ പുകഴ്ത്തി മോദി സംസാരിച്ചിരുന്നു. കരഞ്ഞുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

ഇരുവരും മുഖ്യമന്ത്രിമാരായിരുന്ന കാലഘട്ടത്തിലെ അനുഭവം പങ്കുവച്ചൊണ് മോദി കരഞ്ഞത്. തൊണ്ടയിടറി. ഗുലാം നബി ആസാദ് ജമ്മുകശ്മീരിന്റേയും മോദി ഗുജറാത്തിന്റെയും മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഗുജറാത്തില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ കശ്മീരിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സംഭവം അനുസ്മരിച്ചാണ് പ്രധാനമന്ത്രി രാജ്യസഭയില്‍ വികാരാധീനനായത്.

ഭീകരാക്രമണ വിവരം ആസാദ് ഫോണില്‍ വിളിച്ചറിയിച്ചു. സ്വന്തം കുടുംബാംഗങ്ങള്‍ അപകടത്തില്‍പ്പെട്ടതുപോലെയായിരുന്നു ആസാദ് ഇടപെട്ടത്. അന്ന് പ്രതിരോധമന്ത്രിയായിരുന്ന പ്രണബ് മുഖര്‍ജിയും സഹായത്തിനെത്തി. പറഞ്ഞു പൂര്‍ത്തിയാകും മുന്‍പ് മോദിയുടെ കണ്ണുകള്‍ നിറഞ്ഞു.

പദവികള്‍ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് ആസാദിനെ കണ്ടു പഠിക്കണമെന്ന് പറഞ്ഞ മോദി സല്യൂട്ട് ചെയ്ത് ആദരവ് പ്രകടിപ്പിച്ചു. കൊവിഡ് പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷി യോഗം വിളിക്കണമെന്ന് നിര്‍ദേശിച്ചത് ആസാദാണ്. ഇരുവര്‍ക്കുമിടയിലെ സൗഹൃദത്തെക്കുറിച്ച് ചോദിച്ച മാധ്യമ പ്രവര്‍ത്തകരോട് ഞങ്ങള്‍ ഇരുപാര്‍ട്ടികളിലാണെങ്കിലും ഒരു കുടുംബമാണെന്നാണ് ആസാദ് മറുപടി നല്‍കിയതെന്ന് മോദി പറഞ്ഞു.

അതേസമയം പാര്‍ട്ടിക്കുള്ളില്‍ വിമതശബ്ദം ഉയര്‍ത്തിയ മുതിര്‍ന്ന നേതാക്കളിലൊരാള്‍ കൂടിയാണ് ഗുലാം നബി ആസാദ്. സോണിയ ഗാന്ധിയെ നേതൃസ്ഥാനത്ത് നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് കത്തെഴുതിയ 23 നേതാക്കളുടെ കൂട്ടത്തില്‍ ഗുലാം നബി ആസാദുമുണ്ടായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Will Campaign Wherever Called’: Ghulam Nabi Azad Amid Congress Strife