എഡിറ്റര്‍
എഡിറ്റര്‍
17 പേരെ വെടിവെച്ചു കൊന്നത് ഓര്‍മ്മയില്ലെന്ന് യു.എസ് സൈനികന്‍; ഭര്‍ത്താവ് ധീരനെന്ന് ഭാര്യ കാരിലിന്‍
എഡിറ്റര്‍
Monday 26th March 2012 4:15pm

അമേരിക്കന്‍ സൈനികനായ റോബര്‍ട്ട് ബേല്‍സ് വെടിവെച്ചു കൊന്ന ബന്ധുക്കളുടെ മൃതദേഹങ്ങള്‍ക്കരികില്‍ വിലപിക്കുന്ന അഫ്ഗാനി. (ഫയല്‍ ചിത്രം)

ലണ്ടന്‍: പിഞ്ചു കുഞ്ഞുങ്ങളെയും സ്ത്രീകളെയുമടക്കം നിരപരാധികളായ പതിനേഴ് അഫ്ഗാനികളെ നിഷ്ഠൂരമായി വെടിവെച്ചു കൊന്ന് രസിച്ച അമേരിക്കന്‍ സൈനികന് ഭാര്യയുടെ പിന്തുണ. അമേരിക്കന്‍ സൈനികന്‍ റോബര്‍ട്ട് ബേല്‍സിന്റെ ഭാര്യ കാരിലിന്‍ ബേല്‍സ് ആണ് ഒരു ടി.വി ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ഭര്‍ത്താവിന് പിന്തുണയുമായി രംഗത്തു വന്നത്

അദ്ദേഹം വളരെ സാഹസികനും ധീരനുമാണ്. സ്വന്തം രാജ്യത്തെയും ജനങ്ങളെയും സംരക്ഷിക്കാന്‍ വേണ്ടി 2001 സെപ്തംബറിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിനു ശേഷം രണ്ടു മാസം കഴിഞ്ഞാണ് അദ്ദേഹം സൈന്യത്തില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് കുഞ്ഞുങ്ങളെ വളരെ ഇഷ്ടമാണ്. അദ്ദേഹം അതു ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല-കാരിലിന്‍ ബേല്‍സ് അഭിമുഖത്തില്‍ പറഞ്ഞു.

സ്വന്തം ഭര്‍ത്താവിനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റങ്ങളെ ‘അവിശ്വസനീയം’ എന്നാണ് കാരിലിന്‍ ബേല്‍സ് വിശേഷിപ്പിച്ചത്. അറസ്റ്റിലായ ശേഷം രണ്ടു തവണ ബേല്‍സ് വിളിച്ചതായും കാരിലിന്‍ വെളിപ്പെടുത്തി.

അമേരിക്കന്‍ സേനയില്‍ സ്റ്റാഫ് സാര്‍ജന്റ് ആയ റോബര്‍ട്ട് ബേല്‍സ് എന്ന മുപ്പത്തിയെട്ടുകാരന്‍ മാര്‍ച്ച് 11നു രാത്രി തോക്കുമെടുത്ത് പട്ടാള ക്യാമ്പില്‍ നിന്നും പുറത്തു കടക്കുകയായിരുന്നു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ പാഞ്ചവി ജില്ലയിലെ ഗ്രാമത്തിലെത്തിയ ഇയാള്‍ ഉറങ്ങിക്കിടിക്കുകയായിരുന്ന ഗ്രാമീണര്‍ക്കു നേരെ തുരുതുരാ വെടിയുതിര്‍ക്കുകയായിരുന്നു. ഇയാളുടെ നിഷ്ഠൂരമായ ആക്രമണത്തില്‍ ഒമ്പതു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളും അടക്കം 17 സാധാരണക്കാരായ അഫ്ഗാനികളാണ് മരിച്ചത്.

നിരപരാധികളെ വെടിവെച്ച് കൊല്ലുകയും മൃതദേഹങ്ങള്‍ കത്തിക്കുകയും ചെയ്ത റോബര്‍ട്ട് ബേല്‍സിനെ അമേരിക്കന്‍ സൈനിക ജയിലായ ലീവന്‍വര്‍ത്ത് കോട്ടയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. രണ്ടു തവണയായാണ് ബേല്‍സ് കൊല നടത്തിയതെന്നാണ് സംഭവത്തില്‍ അന്വേഷണം നടത്തുന്നവര്‍ കരുതുന്നത്. ആദ്യം കുറച്ചു പേരെ കൊന്ന ശേഷം സൈനിക ക്യാമ്പില്‍ തിരിച്ചെത്തിയ ബേല്‍സ് വീണ്ടും പുറത്തിറങ്ങി കൊല നടത്തുകയായിരുന്നെന്ന് അന്വേഷണ ഉദ്യാഗസ്ഥര്‍ പറയുന്നു.

കരുതിക്കൂട്ടിയുള്ള കൊലക്ക് ആറും അതിക്രമങ്ങള്‍ക്ക് ആറും അടക്കം 17 കുറ്റങ്ങളാണ് ഇയാള്‍ക്കുമേല്‍ ചുമത്തിയിരിക്കുന്നത്. റോബര്‍ട്ട് ബേല്‍സിന്റെ ക്രൂരകൃത്യം അമേരിക്കയും അഫ്ഗാനും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലാണ് ഉണ്ടാക്കിയത്. ബേല്‍സിനെതിരെ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ബേല്‍സിന്റെ കാര്യത്തില്‍ അമേരിക്ക സ്വീകരിക്കുന്ന നടപടികളില്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ബേല്‍സ് അഫ്ഗാനില്‍ തന്നെ വിചാരണ നേരിടണമെന്നാണ് ബന്ധുക്കളുടെ ആവശ്യം. ബേല്‍സിനെ അമേരിക്കയില്‍ വിചാരണക്ക് വിധേയനാക്കുന്നതില്‍ താലിബാനും എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.

സിവിലിയന്മാരെ വെടിവെച്ചു കൊന്ന സംഭവത്തെക്കുറിച്ച് റോബര്‍ട്ട് ബേല്‍സ് ഓര്‍ക്കുന്നില്ലെന്നാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറയുന്നത്. ബേല്‍സുമായി സംസാരിച്ച ശേഷം അഭിഭാഷകന്‍ ജോണ്‍ ഹെന്‍ഹി ബ്രൌണ്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞതാണ് ഇക്കാര്യം. സംഭവത്തിനു മുമ്പും ശേഷവും നടന്ന കാര്യങ്ങള്‍ ബേല്‍സിന്റെ ഓര്‍മയിലുണ്ട്. സംഭവത്തെക്കുറിച്ചു മാത്രം ഓര്‍ക്കാന്‍ കഴിയുന്നില്ല. എന്നാല്‍ ബെയില്‍സിന് മറവിരോഗമില്ലെന്നും അഭിഭാഷകന്‍ പറയുന്നു.

Malayalam News

Kerala News in English

Advertisement