'പ്രശാന്തല്ല, വാട്‌സ്ആപ്പില്‍ മറുപടി കൊടുത്തത് ഞാനാണ്; ലേഖിക വീഡിയോ കോള്‍ ചെയ്തു'; വിശദീകരണവുമായി എന്‍. പ്രശാന്തിന്റെ ഭാര്യ
Kerala News
'പ്രശാന്തല്ല, വാട്‌സ്ആപ്പില്‍ മറുപടി കൊടുത്തത് ഞാനാണ്; ലേഖിക വീഡിയോ കോള്‍ ചെയ്തു'; വിശദീകരണവുമായി എന്‍. പ്രശാന്തിന്റെ ഭാര്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd February 2021, 12:11 pm

തിരുവനന്തപുരം: വാര്‍ത്ത ശേഖരിക്കുന്നതിനായി വാട്‌സ്ആപ്പില്‍ മെസേജ് അയച്ച മാതൃഭൂമി മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ എന്‍. പ്രശാന്ത് ഐ.എ.എസിനെ പിന്തുണച്ച് ഭാര്യ ലക്ഷ്മി പ്രശാന്ത്. താനാണ് വാട്ട്‌സാപ്പില്‍ പ്രശാന്തിന്റെ മൊബൈലില്‍ നിന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് മെസേജ് അയച്ചതെന്നാണ് ലക്ഷ്മി പ്രശാന്ത് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്.

ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ നിര്‍മ്മിത വാര്‍ത്തയാണ് മാതൃഭൂമിയുടെതെന്നം ലക്ഷ്മി ആരോപിക്കുന്നു.

പെഴ്‌സണല്‍ വാട്ട്‌സാപ്പ് വഴി ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഇത് വെള്ളരിക്കാ പട്ടണമല്ലെന്ന് ലക്ഷ്മി വിശദീകരിക്കുന്നു.

പ്രതികരണം കിട്ടാതായപ്പോള്‍ പത്രപ്രവര്‍ത്തക ചമ്മിയെന്നും അങ്ങനെ ചമ്മിയതും വാര്‍ത്തയാക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മി പറയുന്നത്.
ഇതിന് പിന്നാലെ ലേഖിക വീഡിയോ കോള്‍ ചെയ്‌തെന്നും പ്രശാന്തിന്റെ ഭാര്യ പറയുന്നു.

കേരള സര്‍ക്കാര്‍ പൊതു മേഖലാ സ്ഥാപനമായ കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെ.എസ്.ഐ.എന്‍.സി) എം. ഡി എന്‍. പ്രശാന്ത് മാതൃഭൂമി സ്റ്റാഫ് റിപ്പോര്‍ട്ടര്‍ എ. പി പ്രവിതയ്ക്ക് വാട്സ്ആപ്പില്‍ അശ്ലീല ചുവയുള്ള ചിത്രങ്ങളടക്കം മോശമായി പ്രതികരിച്ചതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാട്‌സ്ആപ്പ് സന്ദേശത്തിന്റെ ദൃശ്യങ്ങളും പത്രം പുറത്ത് വിട്ടിരുന്നു.

ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണം രേഖപ്പെടുത്താനായിരുന്നു പ്രശാന്തിനെ വിളിച്ചതെന്നും എന്നാല്‍ ഫോണ്‍ എടുക്കാതിരുന്നതിനാലാണ് വാട്‌സ്ആപ്പില്‍ മെസേജ് അയച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂര്‍ണരൂപവും മാതൃഭൂമി പുറത്ത് വിട്ടിരുന്നു. തുടര്‍ന്നാണ് സംഭവത്തില്‍ പ്രശാന്തിനെ ന്യായീകരിച്ച് ഭാര്യ ലക്ഷ്മി രംഗത്തെത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

എന്റെ ഭര്‍ത്താവിന്റെ സ്വകാര്യ നമ്പറിലും വീട്ടിലെ നമ്പറിലും എന്റെ നമ്പറിലും ശവംതീനി കണക്കെ വിളിച്ച് ശല്ല്യപ്പെടുത്തിയ ഒരു മാന്യന്‍/മാന്യയുടെ നിര്‍മ്മിത വാര്‍ത്ത.
ഉച്ചക്ക് പ്രശാന്ത് ഊണ് കഴിക്കുമ്പോള്‍ എന്റെ കയ്യിലായിരുന്ന ഫോണിലേക്ക് വന്ന ഈ ചാറ്റിന് മറുപടി ഇട്ടത് ഞാനായത് കൊണ്ടാണ് ഈ പോസ്റ്റ് ഞാനിടുന്നത്. മനസ്സ് സ്വസ്ഥമായിരിക്കാന്‍ പ്രശാന്തിനെ ഫോണില്‍ നിന്നും വാര്‍ത്തകളില്‍ നിന്നും പരമാവധി മാറ്റി നിര്‍ത്താനാണ് എന്റെ ശ്രമം. പെട്ടെന്ന് കേറി ഒന്നും പ്രതികരിക്കാതിരിക്കാന്‍. ഇതുവരെ നല്ല കുട്ടിയായി മിണ്ടാതിരിപ്പുണ്ട്.

ഒരു വ്യക്തി ഒരു വാര്‍ത്തയോട് പ്രതികരിക്കണോ വേണ്ടയോ എന്ന് ഒരു ലേഖകനോ ലേഖികയോ തീരുമാനിക്കുന്ന നാടല്ല ഇത്. മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്ന് മാതൃഭുമിയിലെ തന്നെ മുതിര്‍ന്ന ലേഖകരോട് ഉള്‍പ്പെടെ പ്രശാന്ത് പറഞ്ഞിട്ടുള്ളതാണെന്ന് എനിക്കറിയാം. അത് മനസ്സിലാക്കുന്നവരാണ് ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും. അച്ചടക്കമുള്ള ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറയാനുള്ളത് പറയേണ്ടവരോട് രേഖാമൂലം പറയും. പെഴ്‌സണല്‍ വാട്ട്‌സാപ്പ് വഴി ഒരു IAS ഉദ്യോഗസ്ഥനെയും വീട്ടിലിരിക്കുന്നവരെയുമൊക്കെ ബന്ധപ്പെടാനും ചോദ്യം ചെയ്യാനും അവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ ഉത്തരം കൊടുത്തില്ലെങ്കില്‍ അപമാനിച്ച് വാര്‍ത്ത കൊടുക്കാനും ഈ നാട് വെള്ളരിക്കാപ്പട്ടണമല്ല.

വിവാദത്തില്‍ തീ കൂട്ടാന്‍ ഒരു വാചകം ഒപ്പിച്ച് അതാഘോഷിക്കാന്‍ നോക്കി, നടന്നില്ല. പ്രതികരണം കിട്ടാതെ ചമ്മി. ചമ്മിയതും വാര്‍ത്തയാക്കി. എന്നാല്‍ കാര്യങ്ങള്‍ ഇത്ര സിമ്പിളല്ല. കഥക്ക് പിന്നില്‍ പറയാത്തത് വേറെയുണ്ട്.

പലതവണ അജ്ഞാത നമ്പറുകളില്‍ നിന്ന് പല പേരുകളില്‍ പലതവണ കോളും മെസേജും ‘ വീഡിയോ കോളും’ ചെയ്ത ഈ മാന്യ/മാന്യന്റെ ഉദ്ദേശ്യം നന്നായി മനസ്സിലാക്കിയാണ് അയാളെ ഞാന്‍ കൈകാര്യം ചെയ്തത് എന്ന് മനസ്സിലാക്കുക. സ്റ്റിക്കറുകള്‍ മാത്രം കിട്ടിയപ്പോള്‍ കാര്യം നടക്കില്ലെന്ന് മനസ്സിലായ ലേഖകന്‍/ലേഖിക ട്രാക്ക് മാറ്റുന്നു. ഒരു IAS ഉദ്യോഗസ്ഥനോട് ‘താങ്കളെ ഉപദ്രവിക്കാനല്ല’ എന്ന ചെറിയ വായിലെ വലിയ വര്‍ത്തമാനത്തിന് ‘ഓ യാ!’ എന്നല്ലാതെ എന്ത് പറയാന്‍! ഞാനിട്ട സീമച്ചേച്ചിയുടെ ‘ഓ..യാ!’ എന്ന സ്ഥിരം സ്റ്റിക്കര്‍ അശ്ലീലമായി പെട്ടെന്ന് തോന്നിയ ലേഖകന്‍/ലേഖിക വീണ്ടും വീഡിയോ കോള്‍ തുടങ്ങി. അത് കൊള്ളാല്ലോ. അശ്ലീലം കാണാനാണോ വീഡിയോ കോള്‍? ഒരു വീഡിയോ കോള്‍ എങ്ങനെയെങ്കിലും അറ്റന്റ് ചെയ്യിച്ച് അതിന്റെ സ്‌ക്രീന്‍ ഷോട്ട് എടുക്കുന്ന പഴയ നമ്പറൊക്കെ ഈ ഭാഗത്തുള്ളവര്‍ക്കും അറിയാം. സാധാരണ ഒരു സ്റ്റിക്കറിനെ ‘അശ്ലീലം’ എന്ന് വിശേഷിപ്പിച്ച ലേഖകന്‍/ലേഖിക വീഡിയോ കോള് നടത്തി അതിന്റെ സ്‌ക്രീന്‍ ഷോട്ടെടുത്ത് ‘സെക്‌സ് ചാറ്റ്’ എന്ന് വാര്‍ത്ത സൃഷ്ടിക്കലായിരുന്നു പരിപാടി. സത്യത്തില്‍ കോള്‍ എടുത്ത് ഞാന്‍ രണ്ട് പറയുകയായിരുന്നു വേണ്ടത്.

മാതൃഭൂമി വാര്‍ത്താ റിപ്പോര്‍ട്ടില്‍ അച്ചടിച്ച് വന്ന സ്‌ക്രീന്‍ഷോട്ടില്‍ അവര്‍ എഡിറ്റ് ചെയ്ത് മാറ്റിയ ലേഖകന്‍/ലേഖിക വിളിച്ച വീഡിയോ കോളുകള്‍ ഇവിടെ കാണാം. ചിലതൊക്കെ വ്യാജമായി ചമച്ചും ഒളിച്ച് വെച്ചാലല്ലേ വാര്‍ത്ത നിര്‍മ്മിക്കാനാവൂ! വീണ്ടും വിളിച്ച് ശല്യം ചെയ്ത ലേഖകന്‍/ലേഖികയുടെ ശല്യം തുടര്‍ന്നപ്പോള്‍ ഫോണ്‍ പിടിച്ച് വാങ്ങി ശല്യം ‘wrong person and wrong tactics’ എന്ന് മെസേജിട്ട് പ്രശാന്ത് അയാളെ ബ്ലോക്ക് ചെയ്തു. പഞ്ച് ഡയലോഗ് അടിച്ചിട്ടേ ബ്ലോക്കാക്കാന്‍ പാടുള്ളൂ എന്ന് പറഞ്ഞ് വീണ്ടും അണ്‍ബ്ലോക്ക് ചെയ്ത് ലാസ്റ്റ് പഞ്ചിന് എന്റെ സ്ഥിരം ഡയലോഗ് ഞാനിട്ടു. അവരുടെ ഭീഷണി വെറുതേ കാണണ്ടാ, ഫുള്‍ കൊട്ടേഷനാണെന്ന് പറഞ്ഞ് എല്ലാം ഡിലീറ്റ് ചെയ്യാന്‍ തുനിഞ്ഞ എന്നെ തടഞ്ഞ പ്രശാന്തിന് നന്ദി. അല്ലെങ്കില്‍ ഈ സ്‌ക്രീന്‍ഷോട്ടുകള്‍ കാണിക്കാന്‍ ഉണ്ടാവില്ലായിരുന്നു.

ലേഖകന്‍/ലേഖിക സ്വയം കൊഞ്ഞനം കുത്താതെ കൊട്ടേഷന്‍ തന്ന ചേട്ടനോട് പോയി ഏറ്റ കാര്യം നടന്നില്ല എന്ന് പറയുക. പ്രൊഫഷനലായി വാര്‍ത്ത ചെയ്യാനറിയാത്തവര്‍ വാര്‍ത്ത സൃഷ്ടിക്കാന്‍ കാണിക്കുന്ന നിലവാരമില്ലായ്മയായിട്ടേ ഇതിനെ കാണാനാവൂ. പിന്നെ, സ്‌കാവഞ്ചര്‍ എന്നാല്‍ ശവംതീനിയെന്നാണ് അര്‍ത്ഥം. എന്നാല്‍ ലേഖകന്‍/ലേഖികക്ക് അത് തോട്ടിപ്പണിയാണത്രെ. തര്‍ക്കാനില്ല.

പ്രൊഫഷനലുകളായ മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ ആരും മൗനമായിരിക്കുന്ന ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ ഇങ്ങനെ ശല്യം ചെയ്യുന്നില്ല. പത്രക്കാരെ പ്രശാന്തിനെതിരെ തിരിച്ച് വിടാന്‍ എടുത്ത കൊട്ടേഷന്‍ ആണത്രെ. ബുദ്ധിയുള്ള പത്രപ്രവര്‍ത്തകര്‍ക്ക് ഇതൊക്കെ മനസ്സിലാവും. ദയനീയം തന്നെ മൊയലാളീ. ഈ തൊഴിലിന് ജേര്‍ണലിസം എന്നല്ല, power broking/operator/political slave എന്നൊക്കെയാണ് പറയുക. മാധ്യമസുഹൃത്തുക്കള്‍ ഇത്തരം ശവംതീനി ക്യാറ്റഗറിയില്‍ പെടുന്നവരെ തിരിച്ചറിയുക. മാധ്യമപ്രവര്‍ത്തനത്തിന്റെ അന്തസ്സും മര്യാദയും ഇത്തരക്കാരെ പഠിപ്പിക്കുക. വീടും കുടുംബവും അച്ഛനമ്മമാരും ഒക്കെ ഉള്ളവരാണ് ഉദ്യോഗസ്ഥര്‍. മൃഗശാലയിലെ ജീവികളെ കൂട്ടില്‍ കാണുമ്പോള്‍ കമ്പും കോലുമിട്ട് കുത്തിനോവിച്ച് പൊട്ടിച്ചിരിക്കുന്നതല്ല മാധ്യമപ്രവര്‍ത്തനം. Respect our privacy and space.

ഈ വാര്‍ത്ത അച്ചടിക്കുന്നതിന് മുമ്പ് സത്യാവസ്ഥ ചോദിക്കാന്‍ മാതൃഭൂമിയിലെ ഒരാളും പ്രശാന്തിനെയോ എന്നെയോ വിളിച്ചിട്ടില്ല. മാതൃഭൂമിക്കൊരു ക്രെഡിബിലിറ്റി ഉണ്ടായിരുന്നു. പണ്ടൊക്കെ എഡിറ്റര്‍ ഇമ്മാതിരി ഊളത്തരങ്ങള്‍ക്ക് മാപ്പ് പറയുമായിരുന്നു. മനോജ് ദാസ് എന്ന എഡിറ്ററിലാണ് പ്രതീക്ഷ.

N B: രാവിലെ ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് പ്രശാന്തിനോട് പറയാന്‍ പറഞ്ഞതാണ് – ‘മിണ്ടാതിരുന്നാല്‍ പോരായിരുന്നോ? എന്തിനാ എല്ലാവരോടും പ്രതികരിക്കാന്‍ നില്‍ക്കുന്നത്?’ പ്രതികരിക്കാതെയിരുന്നു എന്നതാണ് പ്രശ്‌നം!

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Wife of N Prashanth responded the controversy and said that she sent messages to the journalist