ഭര്‍ത്താവ് മരിച്ചവരുടെയും വിവാഹമോചിതരുടെയും വിസക്ക് പ്രത്യേക സൗകര്യമൊരുക്കി
Middle East
ഭര്‍ത്താവ് മരിച്ചവരുടെയും വിവാഹമോചിതരുടെയും വിസക്ക് പ്രത്യേക സൗകര്യമൊരുക്കി
എന്‍ ആര്‍ ഐ ഡെസ്ക്
Tuesday, 23rd October 2018, 7:38 pm

ദുബായ്: വിധവകളുടെയും വിവാഹമോചിതരുടെയും വിസാ നടപടികള്‍ കൈകാര്യം ചെയ്യാന്‍ ദുബായ് ഫെസ്റ്റിവല്‍ സിറ്റിയിലെ ജി.ഡി.ആര്‍.എഫ്.എ ഓഫീസില്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയതായി അധികൃതര്‍ അറിയിച്ചു. യു.എ.ഇ.യിലെ പുതിയ വിസാ നിയമപ്രകാരം വിധവകള്‍ക്കും വിവാഹമോചിതര്‍ക്കും പ്രത്യേക വിസ അനുവദിച്ച സാഹചര്യത്തിലാണ് ഈ സംവിധാനം ഒരുക്കിയതെന്ന് ദുബായ് ഇമിഗ്രേഷന്‍ അധികൃതര്‍ അറിയിച്ചു.

ഇത്തരക്കാരുടെ വിസാ നടപടികള്‍ വേഗത്തില്‍ കൈകാര്യം ചെയ്യാന്‍ 12 സ്ത്രീ ജീവനക്കാര്‍ ഇവിടെ സേവനം അനുഷ്ഠിക്കും. രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയുള്ള സമയങ്ങളില്‍ ഇവര്‍ക്ക് മാത്രമായി സേവനങ്ങള്‍ ലഭിക്കും. ബാങ്ക്, ടൈപ്പിങ് സെന്റര്‍ അടക്കം 12 കൗണ്ടറുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.

ഇവരുടെ സ്വകാര്യത സംരക്ഷിക്കപ്പെടുന്ന രീതിയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ജി.ഡി.ആര്‍.എഫ്.എ. ദുബായ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹ്മദ് അല്‍ മറി പറഞ്ഞു. വിധവകള്‍ക്കും വിവാഹമോചിതര്‍ക്ക് വിസാ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ദുബായിലെ ഏക ഓഫീസും ഇതാണ്.

യു.എ.ഇ. വിസാ നിയമത്തില്‍ വരുത്തിയ സമഗ്രമായ മാറ്റങ്ങള്‍ ഞായറാഴ്ച മുതലാണ് നിലവില്‍ വന്നത്. പുതിയ നിയമവ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ സ്ത്രീകള്‍ക്കും സ്പോണ്‍സര്‍ ഇല്ലാതെ ഒരു വര്‍ഷത്തേക്കുള്ള താമസ വിസ കിട്ടും. പങ്കാളിയുടെ മരണദിനമോ വിവാഹബന്ധം വേര്‍പെടുത്തിയ ദിനമോ മുതല്‍ ഒരു വര്‍ഷക്കാലമാണ് അനുമതി.

യു.എ.ഇ.യിലുള്ള അവരുടെ കുട്ടികള്‍ക്കും ആനുകൂല്യം ലഭ്യമാണ്. നിലവിലെ വിസ റദ്ദുചെയ്യാനും പുതിയ ഒരു വര്‍ഷത്തെ താമസവിസയ്ക്ക് അപേക്ഷിക്കാനും 100 ദിര്‍ഹം വീതമാണ് ഫീസ്. അപേക്ഷകരായ വിധവകളും അവരുടെ കുട്ടികളും ഭര്‍ത്താവിന്റെ മരണസമയത്ത് അവരുടെ സ്‌പോണ്‍സര്‍ഷിപ്പിലായിരിക്കണം.

സാധാരണ വിസാ നടപടികള്‍ ആവശ്യമായ രേഖകള്‍ക്കുപുറമേ വിവാഹമോചനം നടത്തിയിട്ടുണ്ടെന്ന് തെളിയിക്കുന്ന രേഖ, അല്ലെങ്കില്‍ ഭര്‍ത്താവിന്റെ മരണ സര്‍ട്ടിഫിക്കറ്റ്, കുട്ടികളുടെ മാതാവാണെന്ന് തെളിയിക്കുന്ന രേഖ, എമിറേറ്റ്‌സ് ഐ.ഡി., കൂടാതെ 18 വയസ്സിനുമുകളിലുള്ള മാതാവിനും കുട്ടികള്‍ക്കും മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ്, വാടക കരാര്‍ എന്നിവ വിസാ നടപടികള്‍ക്ക് ആവശ്യമാണ്.