പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കശ്മീരി ജനതയ്‌ക്കെതിരെ എന്തിനാണ് കൊലവിളിയുയര്‍ത്തുന്നത്?: മെഹ്ബൂബ മുഫ്തി
national news
പാകിസ്ഥാന്റെ വിജയം ആഘോഷിച്ച കശ്മീരി ജനതയ്‌ക്കെതിരെ എന്തിനാണ് കൊലവിളിയുയര്‍ത്തുന്നത്?: മെഹ്ബൂബ മുഫ്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 25th October 2021, 10:10 pm

ശ്രീനഗര്‍: ഇന്ത്യയ്ക്കതിരായ ക്രിക്കറ്റ് മത്സരത്തില്‍ പാകിസ്ഥാന്റെ വിജയം ആഘോഷിച്ചതിന് കശ്മീര്‍ ജനതയ്‌ക്കെതിരെ കൊലവിളി നടത്തിയതിനെ വിമര്‍ശിച്ച് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി) നേതാവ് മെഹബൂബ മുഫ്തി. ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘പാകിസ്ഥാന്റെ വിജയമാഘോഷിക്കുന്ന കശ്മീരികള്‍ക്കെതിരെ എന്തിനാണ് നിങ്ങള്‍ രോഷാകുലരാവുന്നത്. പലരും കൊലവിളി മുദ്രാവാക്യങ്ങള്‍ അവര്‍ക്കെതിരെ വിളിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കി, കശ്മീരിന്റെ പ്രത്യേക പദവിയെടുത്തുകളഞ്ഞപ്പോള്‍ മധുരം വിളമ്പിയതും ആഘോഷിച്ചിതും ആരും മറന്നിട്ടില്ല,’ എന്നായിരുന്നു മുഫ്തി ട്വീറ്റ് ചെയ്തത്.


പാകിസ്ഥാന്‍ വിജയിച്ചപ്പോള്‍ ആദ്യം തന്നെ അവരെ അഭിനന്ദിച്ചത് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയാണ്. അദ്ദേഹത്തെ പോലെ വിയോജിക്കാനും ശരിയായ രീതിയില്‍ കാര്യങ്ങളെ സ്വീകരിക്കാനും നമുക്ക് സമ്മതിക്കാമെന്നും മെഹ്ബൂബ മുഫ്തി മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.

അതേസമയം, പാക്കിസ്ഥാന്റെ വിജയമാഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന ബി.ജെ.പി എം.പിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീറിന്റെ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു.

‘പാകിസ്താന്റെ വിജയം പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ആണ്‍കുട്ടികള്‍ക്കൊപ്പം നില്‍ക്കും,’ എന്നായിരുന്നു ഗംഭീറിന്റെ പ്രതികരണം.

ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിനാണ് പാകിസ്ഥാനോട് പരാജയപ്പെട്ടത്. ലോകകപ്പില്‍ ആദ്യമായാണ് ഇന്ത്യ പാകിസ്ഥാനോട് തോല്‍ക്കുന്നത്. ഇന്ത്യയുടം പരാജയത്തിന് ശേഷം പേസര്‍ മുഹമ്മദ് ഷമിയ്‌ക്കെതിരെ വ്യാപകമായ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Why such anger against Kashmiris for celebrating Pakistan’s win, says Mehbooba Mufti