Administrator
Administrator
പ്ലാച്ചിമട: ജനങ്ങളുടെ ഇച്ഛാശക്തിയെ ഭരണകൂടം അട്ടിമറിക്കുമോ?
Administrator
Friday 16th September 2011 5:39pm


പ്ലാച്ചിമടയില്‍ കൊക്കക്കോള നടത്തിയ ജലചൂഷണത്തെക്കുറിച്ചും അതിനെതിരെ കേരളത്തില്‍ അലയടിച്ചുയര്‍ന്ന സമരങ്ങളെക്കുറിച്ചും നമുക്കെല്ലാവര്‍ക്കും ഓര്‍മ്മയുണ്ടാവും. സമരത്തിനൊടുവില്‍ കമ്പനി അടച്ചുപൂട്ടാന്‍ തീരുമാനമായി. പ്ലാച്ചിമടയിലെ ജനതയുടെ കുടിവെള്ളം മുഴുവന്‍ ഊറ്റിയെടുത്ത് അവരുടെ അവാസ വ്യവസ്ഥ നശിപ്പിച്ച് കൊള്ളലാഭമുണ്ടാക്കുകയായിരുന്നു കൊക്കക്കോള കമ്പനി. ലോകത്തെല്ലായിടത്തും കോളക്കമ്പനി ചെയ്തുകൊണ്ടിരിക്കുന്നതും അതു തന്നെയാണ്.

കമ്പനിയുണ്ടാക്കിയ കെടുതികള്‍ അനുഭവിക്കുന്ന പ്ലാച്ചിമട സ്വദേശികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി കഴിഞ്ഞ എല്‍.ഡി.എഫ് സര്‍ക്കാറിന്റെ കാലത്താണ് പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ പാസാക്കിയത്. പ്ലാച്ചിമട ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരം ഈടാക്കിനല്‍കുന്നതിന് വിവിധ കോടതികളിലും മറ്റു അധികാരസ്ഥാനങ്ങള്‍ക്കു മുന്നിലും തീര്‍പ്പാകാതെ കിടക്കുന്ന കേസുകളും തര്‍ക്കങ്ങളും പെട്ടെന്ന് പരിഹരിക്കുന്നതിന് പ്രത്യേക െ്രെടബ്യൂണല്‍ രൂപീകരിക്കണമെന്ന് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്. നഷ്ടപരിഹാരം തിട്ടപ്പെടുത്താനും അതു നല്‍കുവാനും കൊക്കകോള കമ്പനിയെ ബാധ്യതപ്പെടുത്തുന്നതാണ് ബില്‍.

ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം വേണമെന്ന് നിയമോപദേശം ലഭിച്ചതിനെ തുടര്‍ന്ന് കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു. എന്നാല്‍ ബില്ലിനെതിരെ വാദങ്ങളുമായി കൊക്കക്കോള കമ്പനി രംഗത്തുവന്നു. ബില്‍ പാസാക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം കേരള എം.പിമാര്‍ രാഷ്ട്രപതിയെ കണ്ടിരുന്നു. ബില്‍ തന്റെ മുന്നിലെത്തിയാല്‍ പാസാക്കാമെന്നാണ് രാഷ്ട്രപതി അറിയിച്ചത്.

എന്നാല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ മുന്നിലെത്തിയ ബില്‍ രാഷ്ട്രപതി ഭവനിലേക്ക് നീങ്ങിയില്ല. ബില്‍ പരാജയപ്പെടുത്താന്‍ കമ്പനി കൊണ്ടുപിടിച്ച ശ്രമമാണ് നടത്തിയത്. കൊക്കകോള കമ്പനിയുടെ അഭിഭാഷക സംഘത്തില്‍ മന്ത്രി ചിദംബരത്തിന്റെ പത്‌നിയും ഉള്‍പ്പെട്ടിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഒടുവില്‍ ആശങ്കപ്പെട്ടത് സംഭവിച്ചിരിക്കുന്നു. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേരള നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്ലാച്ചിമട ട്രൈബ്യൂണല്‍ ബില്‍ കൂടുതല്‍ വിശദീകരണം തേടി കേന്ദ്ര ആഭ്യന്തരവകുപ്പ് തിരിച്ചയച്ചരിക്കയാണ്. ഡൂള്‍ന്യൂസ് ലഞ്ച് ബ്രേക്ക് ചര്‍ച്ച ചെയ്യുന്നത് ഈ വിഷയമാണ്. പ്ലാച്ചമട: ജനങ്ങളുടെ ഇച്ഛാശക്തിയെ ഭരണകൂടം അട്ടിമറിക്കുമോ?


എസ്. ഫൈസി, പ്ലാച്ചിമട ഹൈപ്പവര്‍ കമ്മിറ്റി അംഗം

ബില്ല് നിരസിക്കുകയോ, തിരിച്ചയക്കുകയോ അല്ല ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഒരു കത്തയക്കുകയാണ് ചെയ്തത്. ഈ ബില്ലിനെ എതിര്‍ത്ത് തുടക്കം മുതല്‍ തന്നെ കൊക്കകോള ചില വാദങ്ങള്‍ മുന്നോട്ടുവച്ചിരുന്നു. ഈ വാദങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വിശദീകരണം ആവശ്യപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ശരിക്ക് ഈ കാര്യത്തില്‍ ഒരു പോസ്റ്റ്മാന്റെ പണിയാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. നിയമസഭ പാസാക്കിയ ബില്ല് രാഷ്ട്രപതിക്ക് അയച്ചുനല്‍കുക എന്നതാണത്. എന്നാല്‍ സംസ്ഥാനം ബില്‍ നല്‍കി അഞ്ച് മാസമായിട്ടും കേന്ദ്രം അത് രാഷ്ട്രപതിക്ക് അയച്ചിട്ടില്ല. കൊക്കകോളയ്ക്ക് ശക്തമായ സ്വാധീനം കേന്ദ്രത്തിലുണ്ട്. ഇതാണ് കേന്ദ്രസര്‍ക്കാരിന്റെ ഇത്തരം ഇടപെടലുകള്‍ വ്യക്തമാക്കുന്നത്.

ഇതുപോലുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള ഹരിത ട്രൈബ്യൂണല്‍ ഉള്ളപ്പോള്‍ വേറെ നിയമം ആവശ്യമില്ലെന്നാണ് കൊക്കക്കോള മുന്നോട്ടുവച്ച പ്രധാന വാദം. കേന്ദ്രം പാസാക്കിയ ഹരിത ട്രൈബ്യൂണല്‍ ബില്ലിന്റെ പരിധിയില്‍ പ്ലാച്ചിമട പ്രശ്‌നവും വരുമെന്നിരിക്കെ, പ്ലാച്ചിമടക്ക് മാത്രമായി മറ്റൊരു ബില്‍ കേരള നിയമസഭ പാസാക്കിയത് നിയമവിരുദ്ധമാണെന്നാണ് കോള പറയുന്നത്.

എന്നാല്‍ ഇത് ശുദ്ധ അസംബന്ധമാണ്. പ്ലാച്ചിമട നിവാസികള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹരിത ട്രൈബ്യൂണലിന് കഴിയില്ല. പ്ലാച്ചിമടക്കാര്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കാനുള്ള കോളയുടെ തന്ത്രമാണിത്. സംഭവം നടന്ന് അഞ്ച് വര്‍ഷത്തിനുള്ളില്‍ നല്‍കുന്ന പരാതികളാണ് ഹരിത ട്രൈബ്യൂണിലിന് പരിശോധിക്കാന്‍ കഴിയുക. എന്നാല്‍ പ്ലാച്ചിമടയുടെ കാര്യത്തില്‍ പത്ത് വര്‍ഷം കഴിഞ്ഞിട്ടുണ്ട്. പ്ലാച്ചിമട ഉന്നതാധികാര സമിതി കണ്ടെത്തിയ പ്രധാനപ്പെട്ട എല്ലാ നാശനഷ്ടങ്ങളും അഞ്ചുവര്‍ഷം മുമ്പ് സംഭവിച്ചതാണ്.

പരിസ്ഥിതി കേന്ദ്രസര്‍ക്കാരിന്റെ അധികാര പരിധിക്കുള്ളില്‍ വരുന്ന കാര്യമാണെന്നാണ് കോളയുടെ മറ്റൊരു വാദം. എന്നാല്‍ കൃഷി, കുടിവെള്ളം, ആരോഗ്യം, മൃഗസംരക്ഷണം തുടങ്ങിയ മേഖലയില്‍ തീരുമാനങ്ങളെടുക്കാനുള്ള അധികാരം സംസ്ഥാന സര്‍ക്കാറിന്റേതാണ്. ഇതിനു പുറമേ കണ്‍കറന്റ് ലിസ്റ്റില്‍ വരുന്ന തൊഴില്‍മേഖലയില്‍ കേന്ദ്രം നിയമ നിര്‍മ്മാണം നടത്തിയില്ലെങ്കില്‍ അതിലും സംസ്ഥാനത്തിന് തീരുമാനമെടുക്കാം. ഈ സാഹചര്യത്തില്‍ കൊക്കക്കോള മുന്നോട്ടുവെക്കുന്ന വാദഗതികള്‍ യാതൊരു അടിസ്ഥാനവുമില്ലാത്തതാണ്.

ഈ ബില്ല് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടേണ്ടതില്ല എന്ന നിയമോപദേശമാണ് ബില്‍ തയ്യാറാക്കിയ മുന്‍സര്‍ക്കാരിന് ലഭിച്ചത്. എന്നാല്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞശേഷം സര്‍ക്കാര്‍ മാറിയപ്പോള്‍ രാഷ്ട്രപതിയുടെ പരിഗണനവേണമെന്ന് കേന്ദ്രനിയമമന്ത്രാലയം തീരുമാനിക്കുകയായിരുന്നു. കോളയെ സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് ഇനിയൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് മനസിലാക്കി കേന്ദ്രത്തിന് കൈമാറാനുള്ള ബുദ്ധിപൂര്‍വ്വമായ നീക്കമായിരുന്നു ഇതെന്നും സംശയിക്കേണ്ടിയിരിക്കുന്നു.

സൗമ്യ സാവി, ഡൗണ്‍ ടു എര്‍ത്ത്

എന്തുകൊണ്ടാണ് ബില്‍ തിരിച്ചയക്കുന്നത്. ബില്ലില്‍ എന്താണ് കൂട്ടിച്ചേര്‍ക്കേണ്ടത് എന്നതിനെക്കുറിച്ചൊന്നും എനിക്ക് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. ഈ ബില്ലുമായി ബന്ധപ്പെട്ട കാര്യങ്ങളും കൊക്കകോള കമ്പനി ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനയച്ച കത്തുകളുടെയും വിശദാംശങ്ങള്‍ ആവശ്യപ്പെട്ട് ഞങ്ങളുടെ സംഘടന വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഒരുമാസമായിട്ടും ഇതുമായി ബന്ധപ്പെട്ട യാതൊരു പ്രതികരണവും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല.

ചില രേഖകള്‍ ആഭ്യന്തരമന്ത്രാലയം കാണിച്ച് അതിന്റെ ഫോട്ടോകോപ്പി തരാമെന്ന് പറഞ്ഞു. പുറത്തേക്ക് കൊണ്ടുപോകാനാവില്ലെന്നതിനാല്‍ കോപ്പി അവിടെ നിന്നുതന്നെ തരാമെന്ന് പറഞ്ഞില്ലെങ്കിലും ഏതൊക്കെ രേഖകളുടെ കോപ്പി തരാന്‍ കഴിയുമെന്ന് വിശദമായി പരിശോധിക്കട്ടെയെന്ന് പറഞ്ഞ് അവര്‍ അതും നല്‍കിയില്ല. ബില്ലുമായി ബന്ധപ്പെട്ട് ആഭ്യന്തരമന്ത്രാലയത്തിന്റെ വാദങ്ങള്‍ എന്തെല്ലാമെന്ന് കൂടുതല്‍ പരിശോധിക്കേണ്ടിയിരിക്കുന്നു.


കെ. എം. സീതി, ഡയരക്ടര്‍ ഓഫ് റിസര്‍ച്ച് മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി

വാസ്തവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇത്തരമൊരു നിലപാട് എടുക്കണമെന്നുണ്ടെങ്കില്‍ അതില്‍ സംസ്ഥാന സര്‍ക്കാറിന്റെ കൈകടത്തലുകള്‍ ഉണ്ടാകും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കാരണം, പ്ലാനിംഗ് ബോര്‍ഡിലടക്കം കൊക്കക്കോളയുടെ ആളുകള്‍ കയറിക്കൂടിയ (തരുണ്‍ ദാസ്) വാര്‍ത്തകള്‍ നമ്മള്‍ കണ്ടതാണല്ലോ. അത്‌കൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാറിന് ഇത്തരമൊരു നടപടിയില്‍ പങ്കുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കേരളത്തില്‍ മാത്രമല്ലല്ലോ കോള ഉള്ളത്. അത്‌കൊണ്ട് കേരളത്തിലെ എം.പിമാര്‍ മാത്രം വിചാരിച്ചാല്‍ ഒന്നും നടക്കില്ല. പ്രതിഷേധങ്ങളെ ഒത്തുതീര്‍പ്പാക്കുന്ന സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ എല്ലാ കാലത്തും സ്വീകരിച്ചത്.

കെ.ജി ശങ്കരപ്പിള്ള,കവി, പരിസ്ഥിതി പ്രവര്‍ത്തകന്‍

സംസ്ഥാനത്ത് നടക്കുന്ന ഭൂഗര്‍ഭകൊള്ളയ്‌ക്കെതിരെയുള്ള ശക്തമായ നടപടിയായിരുന്നു ഈ ബില്ല്. എന്നാല്‍ കേന്ദ്രസര്‍ക്കാരില്‍ കൊക്കക്കോളയ്ക്കുള്ള സ്വാധീനം ഈ ബില്ലിനെ വൈകിപ്പിക്കുകയാണ്.

ഹരിത ട്രൈബ്യൂണല്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പുതിയ ട്രൈബ്യൂണല്‍ നിയമിക്കാന്‍ നിയമസഭയ്ക്ക് അധികാരമില്ലെന്നാണ് പറയുന്നത്. കേരളത്തിലെ ഒരു പ്രധാനപ്പെട്ട കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം കേരള നിയമസഭയ്ക്കുണ്ട്. കേന്ദ്രസര്‍ക്കാരിന് നിയമവിദഗ്ധരോട് ചോദിച്ച് മനസിലാക്കാന്‍ കഴിയുന്ന കാര്യമേ ഇതിലുള്ളൂ. എന്നിട്ടും വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് കത്തയച്ചിരിക്കുകയാണ്.

കൊക്കക്കോള കമ്പനിക്ക് കേന്ദ്രസര്‍ക്കാറിലുള്ള സ്വാധീനം വളരെ വ്യക്തമാണ്. കമ്പിനിക്കുവേണ്ടി ഈ ബില്‍ എങ്ങനെയെങ്കിലും ഇല്ലാതാക്കാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്.വിളയൊടി ശിവന്‍കുട്ടി, അയ്യങ്കാളിപ്പട നേതാവ്

ഈ തീരുമാനം ഞങ്ങള്‍ പ്രതീക്ഷിച്ചതാണ്. കൊന്നു തിന്നുന്നവന്‍ തന്നെ രക്ഷകനാവുക എന്നതാണ് ഇവിടെ നടക്കുന്നത്. കോള ഒരിക്കലും നമ്മുടെ നാട്ടില്‍ നിന്നും വിട്ടു പോകില്ല. ഒരു ഭാഗത്ത് കോളയും മറു ഭാഗത്ത് ജനങ്ങളും നിന്നപ്പോള്‍ കൂടെ നിന്ന മിക്ക രാഷ്ട്രീയക്കാരും കോളയെ രഹസ്യമായി സഹായിക്കുകയായിരുന്നു. അതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്.

കേന്ദ്രത്തിലും കേരളത്തിലും ഇപ്പോള്‍ സാമ്രാജ്യത്വത്തിന് ദാസ്യവേല ചെയ്യുന്ന സര്‍ക്കാറുകളാണ് ഉള്ളത്. കഴിഞ്ഞ എല്‍. ഡി. എഫ് സര്‍ക്കാര്‍ ജനങ്ങള്‍ക്കനുകൂലമായ തീരുമാനം കുറച്ചു കൂടി എടുത്തിരുന്നെങ്കിലും രഹസ്യമായി അവരും കോളക്കൊപ്പമായിരുന്നു.

Advertisement