എഡിറ്റര്‍
എഡിറ്റര്‍
മുംബൈ സ്‌ഫോടനക്കേസ്: എന്ത് കൊണ്ട് സഞ്ജയ് ദത്തിന് മാത്രം മാപ്പ്
എഡിറ്റര്‍
Sunday 24th March 2013 11:19am

മുംബൈ: 1993 ലെ മുംബൈ സ്‌ഫോടനക്കേസില്‍ അഞ്ച് വര്‍ഷം തടവ് ശിക്ഷക്ക് വിധിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്തിന് മാപ്പ് നല്‍കണമെന്നാവശ്യപ്പെട്ട് നാനാ തുറകളില്‍ നിന്ന് ആവശ്യങ്ങള്‍ ഉയരുമ്പോള്‍, എന്ത്‌കൊണ്ട് സഞ്ജയ് ദത്തിന് മാത്രം മാപ്പ് എന്ന് ചോദ്യവുമായി എത്തിയിരിക്കുകയാണ് കേസിലെ മറ്റൊരു പ്രതിയുടെ മകള്‍.

Ads By Google

കേസില്‍ കുറ്റാരോപിതനായ സൈബുന്നിസ ഖാസിയുടെ പുത്രിയാണ് ചോദ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

‘ ഞാനും ഏതെങ്കിലും സെലിബ്രിറ്റിയുടെ മകളോ എന്റെ അമ്മ ഒരു സെലിബ്രിറ്റിയോ അല്ലെങ്കില്‍ ഏതെങ്കിലും എം.പിയുടെ സഹോദരിയോ ആയിരുന്നെങ്കില്‍ എന്നാശിച്ച് പോവുകയാണ്. അങ്ങനെയായിരുന്നെങ്കില്‍ സഞ്ജയ് ദത്തിന് ലഭിച്ച് കൊണ്ടിരിക്കുന്ന പിന്തുണ എന്റെ അമ്മയ്ക്കും ലഭിക്കുമായിരുന്നു. മാനുഷിക പരിഗണനയാണെങ്കില്‍ എന്ത്‌കൊണ്ടത് സഞ്ജയ് ദത്തിന് മാത്രം കിട്ടുന്നു, എന്റെ അമ്മയും ഒരു മനുഷ്യനല്ലേ? അവരും ഇതേ രാജ്യത്തെ പൗരനല്ലേ.’?

സഞ്ജയ് ദത്തിന് വേണ്ടി പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍മാന്‍ മാര്‍കണ്ഡേയ കഠ്ജുവും സിനിമാ താരങ്ങളും ആവശ്യമുന്നയിച്ച് കൊണ്ടിരിക്കുന്നതിനിടയിലാണ് മാനുഷിക പരിഗണന ഒരാള്‍ക്ക് മാത്രമോ എന്ന കാതലായ ചോദ്യവുമുന്നയിച്ച് കേസിലെ മറ്റൊരു പ്രതിയായ സൈബുന്നിസ ഖാസിയുടെ മകള്‍ എത്തിയിരിക്കുന്നത്.

സഞ്ജയ് ദത്തിനെ പോലെ നിയമവിരുദ്ധമായി ആയുധങ്ങള്‍ കൈവശം വെച്ചതാണ് സൈബുന്നിസയ്ക്കുമെതിരെയുള്ള ആരോപണം. സൈബുന്നിസയില്‍ നിന്ന് ആയുധങ്ങളോ മറ്റോ കണ്ടെത്താനായിട്ടില്ലെന്ന് അവരുടെ അഭിഭാഷാകന്‍ പറയുന്നു.

കേസില്‍ കുറ്റാരോപിതനായ മറ്റൊരാളുടെ കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് സൈബുന്നിസയെ കേസില്‍ പ്രതി ചേര്‍ത്തതെന്നും അഭിഭാഷകന്‍ ആരോപിക്കുന്നു.

നീണ്ട ഇരുപത് വര്‍ഷം ഒരു പ്രതിയുടെ മകളെന്ന നിലയിലുള്ള ജീവിതം എത്ര മാത്രം ദുഷ്‌കരമാണെന്ന് പറയുകയാണ് സൈബുന്നിസയുടെ നാല്‍പ്പത് വയസ്സുകാരിയായ മകള്‍.

Advertisement