Administrator
Administrator
ഇസ്രായേല്‍ എംബസികള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ട്?
Administrator
Sunday 18th September 2011 5:27pm

palastine
മുസ്തഫ പി.എറയ്ക്കല്‍

ലോകത്തെ ഏറ്റവും അരക്ഷിതമായ രാജ്യമെന്നാണ് ഇസ്‌റാഈല്‍ സ്വയം പരിചയപ്പെടുത്താറുള്ളത്. അമേരിക്കയടക്കമുള്ള രക്ഷിതാക്കളും ഈ വായ്ത്താരി ആവര്‍ത്തിക്കുന്നു. ഒറ്റപ്പെട്ടവന്റെ പരിവേഷം നിലനിര്‍ത്തിക്കൊണ്ടിരിക്കാന്‍ ഹോളോകോസ്റ്റും നാസി ക്രൂരതകളും ഇടക്കിടക്ക് പൊടി തട്ടി പ്രദര്‍ശിപ്പിക്കും. ശക്തമായ അറബ് രാജ്യങ്ങള്‍ക്കിടയില്‍ ജൂതരാഷ്ട്രം അനുഭവിക്കുന്ന ‘ഒറ്റപ്പെടല്‍’ പരിഹരിക്കാനായി അമേരിക്ക നടത്തിയ നെറികെട്ട ഇടപെടലുകളുടെ തെളിവാണ് മധ്യ പൗരസ്ത്യ ദേശത്ത് പിറവിയെടുത്ത മുഴുവന്‍ കരാറുകളും.

ഫലസ്തീന്‍ രാഷ്ട്രത്തിന്റെ സ്വാഭാവികമായ നിലനില്‍പ്പിനെ അപകടത്തിലാക്കിയ ഈ കരാറുകള്‍ ചോദ്യം ചെയ്യുക മാത്രമാണ് ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്താനുള്ള ഏക വഴിയെന്ന് ഈജിപ്തും തുര്‍ക്കിയും ജോര്‍ദാനുമൊക്കെ തിരിച്ചറിയുന്നിടത്ത് ചരിത്രത്തിലാദ്യമായി ഇസ്‌റാഈല്‍ യഥാര്‍ഥ ഒറ്റപ്പെടല്‍ അനുഭവിക്കുകയാണ്. ഒരു പക്ഷേ ഇത് താത്ക്കാലികമായിരിക്കാം. ഈ ഏകാന്തതയില്‍ നിന്ന് ഇസ്‌റാഈല്‍ പാഠം പഠിച്ചില്ലെന്ന് വരാം. പക്ഷേ, ഏറ്റവും പുതിയ സംഭവവികാസങ്ങളില്‍ ചരിത്രത്തിന്റെ ഓര്‍മപ്പെടുത്തലുകള്‍ അടങ്ങിയിരിക്കുന്നുവെന്നത് വസ്തുതയാണ്. എല്ലാക്കാലത്തും എല്ലാവരേയും പറ്റിക്കാനാകില്ലെന്ന ഓര്‍മപ്പെടുത്തല്‍.

ഈജിപ്ത് തലസ്ഥാനമായ കൈറോയിലെ ഇസ്‌റാഈല്‍ എംബസി പ്രക്ഷോഭകര്‍ അടിച്ച് തകര്‍ത്തുവെന്ന് മാത്രമല്ല, സുരക്ഷാ കാരണങ്ങളുയര്‍ത്തി അവിടുത്തെ ജീവനക്കാരെ സൈനിക പിന്തുണയുള്ള ഇടക്കാല സര്‍ക്കാര്‍ പുറത്താക്കുകയും ചെയ്തു. ടെല്‍ അവീവിലെ തങ്ങളുടെ നയതന്ത്ര പ്രതിനിധികളെ പിന്‍വലിക്കാനുള്ള പുറപ്പാടിലാണ് ഈജിപ്ത്. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ ഇസ്‌റാഈല്‍ എംബസിയും പ്രതിഷേധം ഭയന്ന് അടച്ച് പൂട്ടിയിരിക്കുന്നു. അവിടെയും വലിയ പ്രക്ഷോഭം നടക്കുകയാണ്. ഇസ്‌റാഈലുമായി നല്ല ബന്ധം ആഗ്രഹിക്കുന്ന ഭരണാധികാരികള്‍ക്ക് ഈ ജനകീയ പ്രക്ഷോഭം കണ്ടില്ലെന്ന് നടിക്കാനാകുന്നില്ല. ഭരണ മാറ്റത്തോളം നീളുന്ന ജനകീയ മുന്നേറ്റങ്ങളുടെ കൊടുങ്കാറ്റ് അറബ് ലോകത്തെ ഏത് ഭരണാധികാരിയും പ്രതീക്ഷിക്കുന്നുണ്ട്.

തുര്‍ക്കി കഴിഞ്ഞ മാസം തന്നെ ഇസ്‌റാഈലിനോടുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചിരുന്നു. നയതന്ത്ര പ്രതിനിധികളെ ഒന്നടങ്കം പുറത്താക്കി. സ്വന്തം പ്രതിനിധികളെ ഇസ്‌റാഈലില്‍ നിന്ന് തിരിച്ച് വിളിച്ചു. അഴകൊഴമ്പന്‍ നിലപാട് എടുക്കാറുള്ള അറബ് ലീഗ് വരെ കര്‍ക്കശ നിലപാട് കൈകൊള്ളുന്നു. ഫലസ്തീന്‍ അതോറിറ്റി യു എന്നിലെ പൂര്‍ണ അംഗത്വത്തിനായുള്ള ശ്രമം ഊര്‍ജിതമാക്കുന്നുമുണ്ട്. മൊത്തത്തില്‍ ഇസ്‌റാഈലിന്റെ അഹന്തക്ക് മേല്‍ കനത്ത പ്രഹരങ്ങളാണ് പതിച്ച് കൊണ്ടിരിക്കുന്നത്.

ഈജിപ്തിലെ പ്രക്ഷോഭത്തില്‍ ഹുസ്‌നി മുബാറക്ക് കടപുഴകി വീണപ്പോള്‍ തന്നെ ഇസ്‌റാഈല്‍ ഈ തുടര്‍ ഷോക്കുകള്‍ പ്രതീക്ഷിച്ചതാണ്. ഈജിപ്ത് ജനതയുടെ ഭൂരിഭാഗവും ഫലസ്തീന്റെ സത്യം നെഞ്ചിലേറ്റുന്നവരാണ്. അറബ് ദേശീയതയെ കൊന്ന് തിന്ന് ഇസ്‌റാഈല്‍ പുലരുന്നത് അവര്‍ അറിയുന്നുണ്ട്. കിഴക്കന്‍ ജറൂസലേമിലും വെസ്റ്റ് ബാങ്കിലും നടക്കുന്ന ജൂത കുടിയേറ്റങ്ങളുടെ അര്‍ഥം നഗ്നമായ അധിനിവേശമാണെന്നും അവര്‍ക്കറിയാം. എന്നിട്ടും അവരുടെ രാജ്യം ഫലസ്തീനികളുടെ അന്നം മുട്ടിക്കാനായി റഫാ അതിര്‍ത്തി അടച്ച് കാവലിരുന്നു. ഭരണാധികാരികള്‍ ജനതയുടെ താത്പര്യത്തിന് നേര്‍ എതിര്‍ ദിശയില്‍ സഞ്ചരിക്കുകയായിരുന്നു.

അമേരിക്ക ആണ്ടോടാണ്ട് നല്‍കുന്ന 200 കോടി ഡോളറിന് വേണ്ടി ഹുസ്‌നി മുബാറക്ക് ഇസ്‌റാഈലിന്റെ കങ്കാണിയായി. മുബാറക്കിനെതിരെ ഇരമ്പിയ രോഷത്തിന്റെ പ്രധാനകാരണം ഈ ഇസ്‌റാഈല്‍ ബാന്ധവം ആയിരുന്നു. മുബാറക്ക് പോയി, അധികാരക്കസേരയില്‍ എത്തിയവര്‍ക്ക് അവര്‍ വന്ന വഴി പെട്ടെന്ന് മറക്കാനാകില്ലല്ലോ. ലഭിച്ച ആദ്യത്തെ അവസരത്തില്‍ തന്നെ അവര്‍ ഇസ്‌റാഈലിന്റെ നെഞ്ചിന് നേരെ കൈ ചൂണ്ടി. ഇസ്‌റാഈല്‍ അതിര്‍ത്തി സേനയുടെ വെടിയേറ്റ് രണ്ട് ഈജിപ്ഷ്യന്‍ പോലീസുകാര്‍ മരിച്ചുവെന്നത് പെട്ടെന്നുള്ള കാരണമായിരുന്നു. ജനം ഇളകി. എംബസി ആക്രമിച്ചു. ഇനിയൊരിക്കലും എംബസി തുറക്കാന്‍ അനുവദിക്കില്ലെന്നാണ് അവരുടെ പ്രഖ്യാപനം. ജനത്തോടൊപ്പം നില്‍ക്കുമെന്ന് സര്‍ക്കാറും പറയുന്നു.

ഇത്തരമൊരു സെപ്തംബറില്‍, 1978ല്‍, അന്‍വര്‍ സാദത്തും മെനാഷിം ബെഗിനും ഒപ്പ് വെച്ച കാമ്പ് ഡേവിഡ് കരാര്‍ ഇപ്പോള്‍ ഓര്‍ക്കുന്നത് നന്നായിരിക്കും. ഇത്തരമൊരു നില്‍ക്കള്ളിയില്ലായ്മയുടെ ഘട്ടത്തിലാണ് അന്ന് ഇസ്‌റാഈല്‍ കരാറിന് സന്നദ്ധമായത്. ഈജിപ്തിന്റെ സൈനിക ബലത്തില്‍ നടന്ന അറബ്- ഇസ്‌റാഈല്‍ യുദ്ധങ്ങളില്‍ ജൂതരാഷ്ട്രത്തിന് വന്‍ നാശ നഷ്ടമുണ്ടായ സമയം. അമേരിക്ക തന്നെയായിരുന്നു ഇടനിലക്കാര്‍. ഈജിപ്ത് പാര്‍ലിമെന്റും ഇസ്‌റാഈല്‍ പാര്‍ലിമെന്റായ നെസ്സറ്റും കരാറിലെ വ്യവസ്ഥകള്‍ അംഗീകരിച്ചു. യുദ്ധം അവസാനിപ്പിച്ച് ഇസ്‌റാഈല്‍ തടിതപ്പി. പക്ഷേ, ഇന്നും ആ കരാര്‍ നടപ്പിലായിട്ടില്ല.

മേഖലയില്‍ ഇസ്‌റാഈല്‍ കൈയടക്കിവെച്ചിടങ്ങളില്‍ നിന്ന് പിന്‍വാങ്ങണമെന്ന വ്യവസ്ഥ ഈജിപ്തിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശത്ത് മാത്രം ഭാഗികമായി പാലിക്കപ്പെട്ടു. ഫലസ്തീന് സമ്പൂര്‍ണ സ്വയംഭരണാവകാശം നല്‍കണമെന്ന വ്യവസ്ഥ അന്‍വര്‍ സാദത്തിന്റെ മരണ ശേഷം ഇരുപക്ഷവും സൗകര്യപൂര്‍വം മറച്ച് വെച്ചു. ഇസ്‌റാഈലുമായി സമാധാനപരമായി സഹവര്‍തിത്വമെന്ന ഭാഗം മാത്രം അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കാനും നടപ്പാക്കാനുമാണ് ഹുസ്‌നി മുബാറക് മുതിര്‍ന്നത്. പുതിയ തലമുറ ഈ കരാറുകളുടെ സത്യം കുഴിച്ചെടുത്ത് കഴുകി തുടച്ച് ലോകത്തിന് മുന്നില്‍ വെക്കുന്നു. പുതിയ ഭരണാധികാരികള്‍ക്ക് പഴയ കരാറുകള്‍ തള്ളിപ്പറയേണ്ടി വരുന്നു.

ഒരു വിക്കിലീക്‌സ് വെളിപ്പെടുത്തലാണ് ജോര്‍ദാനില്‍ പ്രതിഷേധത്തിന്റെ വെടിപ്പുരക്ക് തീ വെച്ചത്. ജോര്‍ദാന്‍ രാജാവ് യു എസ് പ്രതിനിധിക്ക് നല്‍കിയ ഒരു ഉറപ്പ് വിക്കിലീക്‌സ് പുറത്ത് വിട്ടു. ഇസ്‌റാഈല്‍ വംശശുദ്ധീകരണത്തിന്റെ ഭാഗമായി പുറന്തള്ളുന്ന അറബ് വംശജര്‍ക്ക് ജോര്‍ദാനില്‍ ഇടം നല്‍കാമെന്ന് രാജാവ് സമ്മതിച്ചുവത്രേ. ഫലസ്തീന്‍ സഹോദരന്‍മാരെ സ്വീകരിക്കുന്നതില്‍ ജോര്‍ദാനിലെ മനുഷ്യര്‍ക്ക് എതിര്‍പ്പില്ല. അവര്‍ പറയുന്നത് ഇത്രമാത്രം. ഇതല്ല പരിഹാരം. പിടിച്ചെടുത്ത ഭൂമി മുഴുവന്‍ വിട്ട് കൊടുത്ത് ഫലസ്തീന്‍ രാഷ്ട്രം സാധ്യമാക്കണം. ഈ ഉത്തരവാദിത്വം നിര്‍വഹിക്കാതെ ഇത്തരം ചെപ്പടി വിദ്യകള്‍ക്ക് ഇസ്‌റാഈല്‍ മുതിരുമ്പോള്‍ അതിന് ചൂട്ട് പിടിക്കാന്‍ ജോര്‍ദാന്‍ രാജാവിന് ആര് അധികാരം തന്നുവെന്ന് ജനം ചോദിക്കുന്നു. ഭരണവിരുദ്ധ പ്രക്ഷോഭം അല്‍പ്പമൊന്ന് അടങ്ങിയിട്ടേയുള്ളൂ; ഇപ്പോള്‍ ജനങ്ങളെ പ്രകോപിപ്പിക്കുന്നത് ബുദ്ധിയല്ലെന്ന് രാജാവിന് നന്നായറിയാം. അത്‌കൊണ്ട് അദ്ദേഹവും ഇസ്‌റാഈലിനെ തള്ളിപ്പറഞ്ഞു. അമ്മാനിലെ ഇസ്‌റാഈല്‍ എംബസിക്ക് താഴു വീണു.

തുര്‍ക്കിയുമായുള്ള പ്രശ്‌നം പുറമേ നിന്ന് നോക്കുമ്പോള്‍ വെറുമൊരു ക്ഷമാപണത്തിന്റേതാണ്. ഹാരറ്റ്‌സ് പത്രത്തില്‍ നിന്ന് ഉദ്ധരിച്ചാല്‍, സോറിയെന്ന ലളിതമായ വാക്കിന്റെ പ്രശ്‌നം. ഗാസയിലേക്ക് പോയ സഹായക്കപ്പല്‍ കൂട്ടത്തെ ആക്രമിച്ച് ഒന്‍പത് സന്നദ്ധ പ്രവര്‍ത്തകരെ വധിച്ച ഇസ്‌റാഈല്‍ നാവിക സേനയുടെ നടപടിയില്‍ അവര്‍ ക്ഷമ പറയാന്‍ തയ്യാറാകണം. ആക്രമിക്കപ്പെട്ട കപ്പല്‍ മാവി മര്‍മറ തുര്‍ക്കിയുടേതാണ്. കൊല്ലപ്പെട്ടവരില്‍ ഏറെയും തുര്‍ക്കി വംശജരുമാണ്. ഇസ്‌റാഈലിന് വ്യവസ്ഥാപിതമായ നയതന്ത്രബന്ധമുള്ള ഏക മുസ്‌ലിം ഭൂരിപക്ഷ രാഷ്്ട്രമായിട്ടും തുര്‍ക്കിയെ അനുനയിപ്പിക്കാന്‍ ഒരു ശ്രമവും നെതന്യാഹു നടത്തിയില്ല. പകരം അദ്ദേഹം ആക്രമണത്തെ ന്യായീകരിക്കുകയാണ് ചെയ്തത്. അതിനിടെയാണ്, മാവിമര്‍മറ സംഭവം സംബന്ധിച്ച് യു.എന്‍ സംഘം നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് ചോര്‍ന്നത്. ഇസ്‌റാഈല്‍ ഗാസക്ക് മേല്‍ ചുമത്തിയ ഉപരോധം നിയമപരമാണെന്ന് റിപ്പോര്‍ട്ടിലുണ്ടത്രേ. തുര്‍ക്കിയുടെ ആത്മാഭിമാനം വ്രണപ്പെട്ടുവെന്ന് പ്രധാനമന്ത്രി റജബ് ത്വയ്യിബ് പ്രതികരിച്ചു. ഇസ്‌റാഈലുമായുള്ള സര്‍വ നയതന്ത്രബന്ധവും വിച്ഛേദിക്കാന്‍ തീരുമാനിക്കുകയും ചെയ്തു.

ഫലസ്തീന്‍ അതോറിറ്റി സമ്പൂര്‍ണ അംഗത്വത്തിനായി യു.എന്‍ രക്ഷാസമിതിയെ സമീപിക്കാന്‍ തീരുമാനിച്ചത് ഈ ഘട്ടത്തിലാണ്. അമേരിക്ക വീറ്റോ ചെയ്യുമെന്ന് ഉറപ്പുണ്ടെങ്കിലും ഈ നീക്കവുമായി മുന്നോട്ട് പോകുന്നതിന് പിന്നില്‍ രാഷ്ട്രീയ പ്രചാരണ ലക്ഷ്യങ്ങളുണ്ട്. യു.എന്‍ പൊതു സഭയിലെ നാലില്‍ മൂന്ന് അംഗങ്ങള്‍ ഫലസ്തീന്‍ രാഷ്ട്രത്തിന് പിന്തുണ പ്രഖ്യാപിച്ച ചരിത്രത്തിലെ ഏറ്റവും ആവേകശകരമായ ലോക സാഹചര്യമാണ് ഇപ്പോഴുള്ളത്. യു.എന്നില്‍ വോട്ടിംഗിലൂടെ ഇത് തെളിയുന്നത് ഇസ്‌റാഈലിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കും. ബരാക് ഒബാമ തന്റെ കൈറോ പ്രസംഗത്തിലെ വരികള്‍ക്ക് വിലകല്‍പ്പിക്കാനുള്ള മിനിമം മാനുഷികത പ്രകടിപ്പിക്കുമോ എന്ന് കാണാന്‍ ലോകത്തിന് ഈ നീക്കം അവസരം നല്‍കും. എല്ലാത്തിലുമുപരി ഫലസ്തീന്‍ പോരാട്ടം, രക്തരഹിതമായി, ലോകത്തിന്റെ സജീവ ചര്‍ച്ചയിലെത്തും. ഇതിലപ്പുറം ഒരു യു.എന്‍ അംഗത്വം കൊണ്ട് എന്ത് സംഭവിക്കാനാണ്?

മധ്യപൗരസ്ത്യ ദേശത്ത് ഇസ്‌റാഈല്‍ ഒറ്റപ്പെടുകയെന്നാല്‍ അമേരിക്കയുടെ സ്വാധീനം കുറയുന്നുവെന്നാണ് അര്‍ത്ഥം. മുല്ലപ്പൂ വിപ്ലവത്തിന്റെ യഥാര്‍ഥ സുഗന്ധം ഇപ്പോഴാണ് പരക്കുന്നത്. വിപ്ലവത്തിന്റെ ചുവരെഴുത്തുകള്‍ ശരിയായി വായിച്ചത് തുര്‍ക്കിയാണ്. ഈ തരിച്ചറിവിന്റെ പരാഗരേണുക്കളുമായി തുര്‍ക്കി പ്രധാനമന്ത്രി ത്വയ്യിബ് ഉര്‍ദുഗാന്‍ ടുണീഷ്യയിലേക്കും ഈജിപ്തിലേക്കും ലിബിയയിലേക്കും പറക്കുകയാണ്. ലിബിയയില്‍ നിന്ന് പാശ്ചാത്യര്‍ എണ്ണ കക്കുമ്പോള്‍ നേരം വെളുത്തുവെന്ന് വിളിച്ചു പറയാന്‍ ഒരു തുര്‍ക്കിയെങ്കിലും ഉണ്ടാകുമല്ലോ.

ഒടുവില്‍ കിട്ടിയത്: അല്‍ഖാഇദയുടെ ടേപ്പ് വന്നു. അയ്മന്‍ സവാഹിരിയാണ് ടേപ്പില്‍ പേശുന്നത്. മുല്ലപ്പൂ വിപ്ലവക്കാര്‍ക്ക് കൊട്ടക്കണക്കിന് പ്രശംസ നല്‍കിയിരിക്കുന്നു. വലിയ ആശയക്കുഴപ്പത്തിലായിരുന്നു അല്‍ഖാഇദ. പിന്തുണച്ചാലും കുഴപ്പം. പിന്തുണച്ചില്ലെങ്കിലും. ഒടുവില്‍ ഇപ്പോള്‍ വന്ന ആശയ വ്യക്തതയുടെ അര്‍ഥം എന്താണെന്ന് അവര്‍ക്ക് മാത്രമേ അറിയൂ.

കടപ്പാട്: സിറാജ്

Advertisement