എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികള്‍ എന്തിനാണ് അവരുടെ അഭിമാനവുമായി തെരുവിലേക്കിറങ്ങുന്നതെന്ന് ബനാറസ് യൂണിവേഴ്‌സിറ്റി വി.സി; പ്രസ്താവനക്കെതിരെ പ്രതിഷേധം
എഡിറ്റര്‍
Saturday 30th September 2017 7:59am

വാരാണസി: ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടപടിയെടുക്കാത്ത സര്‍വകലാശാല അധികൃതര്‍ക്കെതിരെ പ്രതിഷേധം രൂക്ഷമാവുന്ന ഘട്ടത്തില്‍ സര്‍വകലാശാലയിലെ പെണ്‍കുട്ടികളെ അപമാനിക്കുന്ന പ്രസ്താവനയുമായി വീണ്ടും ബി.എച്ച്.യു വൈസ് ചാന്‍സിലര്‍ ഗിരീഷ്ചന്ദ്ര ത്രിപാഠി.

വിഷയത്തെ കുറിച്ച് ചര്‍ച്ച ചെയ്യാനായി യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ എത്തിയ വി.സിയോട് ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ മതത്തേകുറിച്ചും നീതിയെകുറിച്ചും സംസാരിച്ചിരുന്നു.


Dont Miss മുംബൈ റെയില്‍വേസ്‌റ്റേഷന്‍ ദുരന്തത്തിന് കാരണം ജനങ്ങളെന്ന് ബി.ജെ.പി വക്താവ്; സാമാന്യബോധത്തോടെ പ്രതികരിക്കൂവെന്ന് സോഷ്യല്‍ മീഡിയ


എന്നാല്‍ ഇതില്‍ പ്രകോപിതനായ വി.എസ് മതത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് മാത്രമേ അതിനെ കുറിച്ച് സംസാരിക്കാന്‍ അവകാശമുള്ളൂവെന്ന് പറയുകയും നിങ്ങളുടെ അഭിമാനം തെരുവിലേക്ക് വലിച്ചിഴക്കുന്നത് എന്തിന്റെ പേരിലാണെന്നും ചോദിക്കുകയായിരുന്നു. എന്നാല്‍ പരാമര്‍ശത്തിനെതിരെ പ്രതിഷേധം ശക്തമായപ്പോള്‍ താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. എന്നാല്‍ വി.സിയുടെ സംസാരം ഫോണില്‍ ചില വിദ്യാര്‍ത്ഥികള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു.

എല്ലാ പെണ്‍കുട്ടികളും പറയുന്നത് കേട്ട് സര്‍വ്വകലാശാല നടത്തിക്കൊണ്ടു പോകാന്‍ സാധിക്കില്ലെന്നായിരുന്നു നേരത്തെ ഇദ്ദേഹം പറഞ്ഞത്.

ചില പ്രശ്നങ്ങള്‍ ഉള്ളതാണ്. ചിലതാവട്ടെ ഉണ്ടാക്കിയതും. ഇപ്പോഴത്തെ വിഷയം പുറത്തു നിന്ന് വന്ന ആളുകള്‍ സൃഷ്ടിച്ചതാണെന്നുമായിരുന്നു ത്രിപാഠിയുടെ വാദം.

രാഷ്ട്രീയത്തിനായുള്ള ഇടമല്ല സര്‍വ്വകലാശാല. യുവാക്കള്‍ എപ്പോഴും സത്യത്തിനും നീതിക്കുമൊപ്പമാണ്. എന്നാലിവിടെ സത്യം പോലെ തോന്നിക്കുന്ന നുണയോടൊപ്പമാണ് ഇവര്‍ നിന്നതെന്നും ഇദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

നേരത്തേ വിദ്യാര്‍ത്ഥിനി ലൈംഗികമായി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ സമരം നടത്തിയിരുന്നു. അതില്‍ 12 വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും 1200 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.

Advertisement