ബംഗാളില്‍ ബോംബ് ഫാക്ടറികളുള്ള കാര്യം ടിവിയില്‍ കണ്ടു; എല്ലാത്തിനും പ്രധാനമന്ത്രിയെ പഴിക്കുന്നതെന്തിന്?: മമതയോട് രാജ്‌നാഥ് സിംഗ്
West Bengal Election 2021
ബംഗാളില്‍ ബോംബ് ഫാക്ടറികളുള്ള കാര്യം ടിവിയില്‍ കണ്ടു; എല്ലാത്തിനും പ്രധാനമന്ത്രിയെ പഴിക്കുന്നതെന്തിന്?: മമതയോട് രാജ്‌നാഥ് സിംഗ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th April 2021, 4:57 pm

 

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്. എന്തിനാണ് എല്ലാത്തിനും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പഴിക്കുന്നതെന്നും അദ്ദേഹം എന്ത് തെറ്റാണ് ചെയ്തതെന്നുമായിരുന്നു രാജ് നാഥ് സിംഗ് ചോദിച്ചു.

‘നിങ്ങള്‍ പ്രധാനമന്ത്രിയെപ്പറ്റി ഇല്ലാത്തത് പറയുന്നു. എന്തിനാണ് എല്ലാത്തിനും ഇങ്ങനെ അദ്ദേഹത്തെ പഴിക്കുന്നത്. ഞാനുമൊരു മുഖ്യമന്ത്രിയായിരുന്നു. ഒരു മുഖ്യമന്ത്രി എങ്ങനെ പെരുമാറണം എന്ന് എനിക്ക് നന്നായി അറിയാം. തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മമതയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇപ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും തിരിഞ്ഞിരിക്കുകയാണ് മമത. ആരെയും അവര്‍ വെറുതെ വിടുന്നില്ല’, രാജ് നാഥ് സിംഗ് പറഞ്ഞു.

ബംഗാളില്‍ ബോംബ് ഫാക്ടറികള്‍ ഉണ്ടെന്ന കാര്യം താന്‍ ടിവിയില്‍ കണ്ടിരുന്നുവെന്നും എതിരാളികളെ നേരിടാന്‍ സര്‍ക്കാര്‍ നേതൃത്വത്തിലുള്ള ബോംബ് ഫാക്ടറിയാണെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം പറഞ്ഞു. ഒരു മുഖ്യമന്ത്രിയുടെ സഹായത്തോടെ എങ്ങനെ ഇതൊക്കെ സാധിക്കുന്നുവെന്നും രാജ്‌നാഥ് സിംഗ് ചോദിച്ചു.

‘ബംഗാളില്‍ ബി.ജെ.പി അധികാരത്തിലെത്തിയാല്‍ ഒന്നുകില്‍ ബോംബ് ഫാക്ടറികള്‍ അല്ലെങ്കില്‍ ഞങ്ങള്‍. രണ്ടിലൊന്നേ ഉണ്ടാകുകയുള്ളു’, രാജ്‌നാഥ് സിംഗ് പറഞ്ഞു.

ഏപ്രില്‍ 12നാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയെ 24 മണിക്കൂര്‍ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കിയത്.

ന്യൂനപക്ഷ വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി തന്നോടൊപ്പം നില്‍ക്കണമെന്ന മമതയുടെ പ്രസ്താവനയും കേന്ദ്രസേനയെ സ്ത്രീകള്‍ തന്നെ തടയണമെന്ന ആഹ്വാനവും മുന്‍നിര്‍ത്തിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ഇതില്‍ പ്രതിഷേധിച്ചുകൊണ്ട് മമത മായോ റോഡ് വെന്യുവിലെ ഗാന്ധി പ്രതിമയ്ക്ക് സമീപം വീല്‍ചെയറില്‍ ഇരുന്ന് ധര്‍ണ നടത്തുകയും ചെയ്തിരുന്നു.

രണ്ട് വിഷയത്തിലും മമതയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് അയച്ചിരുന്നു. ഇതില്‍ മമത നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് മമതയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ച് മമത രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ രണ്ടാമത്തെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിച്ചതിന് പിന്നാലെയായിരുന്നു വിമര്‍ശനം. ബി.ജെ.പി എന്തുപറഞ്ഞാലും അതുമാത്രം കേള്‍ക്കുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷനെന്നാണ് മമത പറഞ്ഞത്. തൃണമൂല്‍ കോണ്‍ഗ്രസ് പറയുന്ന ഒന്നും കമ്മീഷന്‍ കേള്‍ക്കുന്നില്ലെന്നും മമത പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Why Blaming PM For Everything Says Rajnath Singh To Mamatha Banerjee