Administrator
Administrator
ആധാര്‍ ആര്‍ക്കുവേണ്ടി ?
Administrator
Thursday 27th October 2011 1:19pm


ബാബു ഭരദ്വാജ്/ഹൈപ്പ് ആന്റ് ടൈഡ്

നുഷ്യശരീരത്തിലെ എല്ലാ അടയാളങ്ങളും ഓരോ മനുഷ്യന്റെയും അതീവ രഹസ്യങ്ങളായ എല്ലാമെല്ലാം, അവന്റെ സ്വകാര്യമായ എല്ലാം അടയാളപ്പെടുത്തുന്ന ‘ആധാര്‍’ എന്ന വ്യക്തിഗതവിവരശേഖരം കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. ഓരോ പൗരന്റെയും എല്ലാ വ്യക്തിവിശേഷങ്ങളും രേഖപ്പെടുത്തിക്കഴിഞ്ഞാല്‍ പിന്നെ ഓരോ പൗരനും ഓരോ പതിനാറക്ക നമ്പറായി മാറും. പിന്നെ സര്‍ക്കാര്‍ കണക്കില്‍ അയാള്‍ക്ക് ഒരു നമ്പറായിരിക്കും ഉണ്ടാവുക. അയാള്‍ അറിയപ്പെടുന്നത് ഈ നമ്പറിലായിരിക്കും, പട്ടാളക്കാരെപ്പോലെ, ജയില്‍പുള്ളികളെപ്പോലെ, ഒറ്റ രൂപാനാണയംപോലെ, ബാങ്ക് എക്കൗണ്ട് നമ്പറിനെപ്പോലെ എ.ടി.എം കാര്‍ഡുപോലെ ഒരു സ്മാര്‍ട്ട് കാര്‍ഡും നമുക്ക് കിട്ടും.

തൊണ്ണൂറ് ശതമാനം ആള്‍ക്കാര്‍ക്കും മടിശ്ശീലയോ പണപ്പെട്ടിയോ പേഴ്‌സോ ഇല്ലാത്ത ഒരു രാജ്യത്ത് ഈ സ്മാര്‍ട്കാര്‍ഡ് എങ്ങിനെ സൂക്ഷിക്കും. പേഴ്‌സുള്ളവര്‍ക്ക് അവരുടെ പേഴ്‌സിന്റെ കള്ളികകളില്‍ അനേകം ക്രഡിറ്റ് കാര്‍ഡുകള്‍ക്കൊപ്പം ആധാര്‍കാര്‍ഡിനും സ്ഥലം ലഭിക്കും. ‘ആധാര്‍’ സ്മാര്‍ട്ട്കാര്‍ഡ് ഒരു റേഷന്‍കാര്‍ഡുപോലെ നമ്മുടെ ജീവിതത്തിന് ഒരു പിടിവള്ളിയായിത്തീരുന്ന കാലമാണ് ഇനി വരാന്‍ പോവുന്നത്. ആധാറില്‍ നിര്‍ബന്ധമായും പേജു ചേര്‍ക്കില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്.

അതേ ശ്വാസത്തില്‍ ഇനി ഭാവിയില്‍ എല്ലാതരം വിനിമയങ്ങള്‍ക്കും അവശ്യസര്‍വീസുകള്‍ക്കും മനുഷ്യജീവിതത്തിന്റെ എല്ലാത്തരം കര്‍മങ്ങള്‍ക്കും ജനനത്തിനും മരണത്തിനും രോഗത്തിനും യാത്രയ്ക്കും എല്ലാത്തരം വിനിയോഗങ്ങള്‍ക്കും വിനിമയങ്ങള്‍ക്കും ആധാര്‍ വേണ്ടിവരുമെന്നും സര്‍ക്കാര്‍ പറയുന്നു. അതിനര്‍ത്ഥം ആധാര്‍ കാര്‍ഡില്ലാതെ ഇന്ത്യയില്‍ ഒരു പൗരജീവിതം സാധ്യമല്ലെന്നു തന്നെയാണ്. വേറൊരര്‍ഥം കൂടിയുണ്ട്. നിങ്ങളുടെ സ്വകാര്യജീവിതം ഭരിക്കുന്നവരുടെ നിരീക്ഷണത്തിലാണ്.

എപ്പോഴും എന്നും ഇനിമുതല്‍ ഭരണാധികാരികള്‍ പൊതുജനങ്ങളുടെ സേവകരല്ലെന്നും അവരുടെ യജമാനന്മാരാണെന്നതുമാണ് മറ്റൊരര്‍ഥം. ഭരണീയരെ അടിമുതല്‍ മുടിവരെ അറിയാമെന്നും ഞങ്ങളുടെ അധികാരത്തില്‍ തൊട്ടുകളിക്കരുതെന്നുമാണ് അതിന്റെ ‘ പച്ചമലയാളം’ വിവരാവകാശനിയമം കൊണ്ടു വിവശരായ ഭരണാധികാരികള്‍ വേറൊരു വിവരശേഖരണത്തിലൂടെ ജനങ്ങളെ അധികാരത്തിന്റെ ചങ്ങലക്കിടാനുള്ള നീക്കമാണ്.

അധികാരത്തിന്റെ ചങ്ങലക്കെട്ടുകള്‍ ഓരോന്നായി മുറുക്കികൊണ്ടിരിക്കുന്നു. അറവ് മൃഗങ്ങളെപ്പോലെ പൗരന്മാരുടെ മേല്‍ അധികാരത്തിന്റെ ചാപ്പകള്‍ ഓരോന്നായി കുത്തിക്കൊണ്ടിരിക്കുന്നു. പൗരന്റെ സ്വകാര്യതകളിലേക്ക് അധികാരത്തിന്റെ നീരാളിക്കണ്ണുകളും കയ്യുകളും നീണ്ടുകൊണ്ടിരിക്കുന്നു. വെറും കണ്ണുകളല്ല, പാറക്കണ്ണുകളാണ്, നീരാളിയുടെ ആണ്ടിറങ്ങുന്ന കൊമ്പുകളുള്ള പെനാക്കിളുകള്‍.

യേശുകൃസ്തുവിന്റെ ഉല്‍പ്പത്തി തന്നെ ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിന്റെ വിവരശേഖരണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ജനിയ്ക്കാന്‍ പോവുന്ന മിശിഹയെ ഉന്മൂലനം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഗൂഢതന്ത്രത്തിന്റെ ഭാഗമായിരുന്നു അത്

യു.ഐ.ഡി ഒരു നിര്‍ബന്ധിത നമ്പറല്ല എന്നാണാദ്യം സര്‍ക്കാര്‍ പറഞ്ഞത്. പിന്നീടവര്‍ പറയുന്നു, ഈ നമ്പറില്ലെങ്കില്‍ പൗരജീവിതം ദുഷ്‌കരമാവുമെന്ന്. ആദ്യം പറഞ്ഞതുപോലെ ഒരു തമാശ പദ്ധതിയാണ് യു.ഐ.ഡി എങ്കില്‍ എന്തിനാണീ ആധാറിന്റെ ആശാന്‍ നന്ദന്‍ നീലങ്കണിയെ ക്യാബിനറ്റ് റാങ്കില്‍ ഇതിന്റെ തലപ്പത്ത് പ്രതിഷ്ഠിച്ചത്?, എന്തിനാണ് സര്‍ക്കാര്‍ ബജറ്റില്‍ വകകൊള്ളിക്കാതെ 48,000 മുതല്‍ ഒരു ലക്ഷം കോടിവരെ ചെലവാക്കുന്നത്?, എന്തിനാണ് യുദ്ധകാലാടിസ്ഥാനത്തില്‍ യു.ഐ.ഡി നമ്പര്‍ അടിക്കാനായി സ്വാകാര്യ ഏജന്‍സികളെ ഏര്‍പ്പാടു ചെയ്തിരിക്കുന്നത്?, രാജ്യത്ത് സെന്‍സസ് പ്രക്രിയ നടന്നുകൊണ്ടിരിക്കുമ്പോള്‍, അതിനകത്തെ ആവശ്യത്തിലേറെ വിവരങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രജകളില്‍ നിന്ന് ഊറ്റിയെടുത്തുകൊണ്ടിരിക്കുമ്പോള്‍, ഇപ്പോള്‍ തന്നെ മനുഷ്യര്‍ക്ക് തിരിച്ചറിയാന്‍ ഏകദേശം ഇരുപതോളം രേഖകളും കാര്‍ഡുകളും ഉള്ളപ്പോള്‍ ‘ പാട്ടില്‍ പറയുന്നതുപോലെ’ മറ്റൊരു വെണ്ണിലാവ് എന്തിനായി?’ എല്ലാം സുതാര്യമാക്കാന്‍ എന്നായിരിക്കും ഉത്തരം. വിവരാവകാശ നിയമം ഭരണാധികാരികളെ സുതാര്യമാക്കാന്‍ ശ്രമിക്കുമ്പോള്‍ ഭരണാധികാരികള്‍ പൗരന്റെ എല്ലാ സ്വാകാര്യതകളിലും കടന്നുകയറി അവന്റെ അവളുടെ ഇത്തിരിലോകത്തെ വസ്ത്രാക്ഷേപം ചെയ്യുന്നു.

വിവരാവകാശ നിയമം അറിയാനുള്ള പൗരന്റെ അവകാശമാണ് ജനാധിപത്യത്തില്‍ പൗരന്‍ എങ്ങിനെ ഭരിക്കപ്പെടുന്നുവെന്ന് അറിയാനുള്ള അവകാശം പൗരനുണ്ട്. എന്നാല്‍ പൗരന്റെ സ്വകാര്യതകള്‍ അറിയാന്‍ ഭരണകൂടത്തിന് എന്തവകാശമാണുള്ളത്. ഇത് ഫാഷിസത്തിലേക്കും സമഗ്രാധിപത്യത്തിലേക്കുമുള്ള ആദ്യത്തെ കാല്‍വെപ്പാണ്. ഇതിന് പിന്നാലെ ഏല്ലാവരേയും ഡി.എന്‍.എ ടെസ്റ്റു നടത്തി ഡി.എന്‍.എ പ്രൊഫൈല്‍ ഉണ്ടാക്കാന്‍ പോകുന്നു.

ഭൂമിയെ സംബന്ധിച്ചുള്ള നിയമങ്ങള്‍ പുതുക്കി ഭൂസ്വത്തവകാശം തട്ടിപ്പറിച്ചെടുക്കാനും അതിനെ കുത്തകകള്‍ക്ക് അടിയറവയ്ക്കാനുമുള്ള നീക്കങ്ങള്‍ നടത്തുന്നു. സാധാരണക്കാരില്‍ നിന്ന് ഭൂമി തട്ടിപ്പറിച്ചെടുത്ത് കുത്തകകള്‍ക്ക് സമ്മാനിക്കുന്നതിന്റെ ‘ ആദ്യ അങ്ക’ മാണിത്. ആദ്യം വിദൂഷകന്‍ പ്രത്യക്ഷപ്പെട്ടു അരങ്ങേറാന്‍ പോവുന്ന നാടകത്തിന്റെ കഥ ഏറെക്കുറേ തമാശ ചേര്‍ത്ത് പറയാറില്ലേ, അതേപോലെ നന്ദന്‍ നിലങ്കനി വിദൂഷകവേഷം കെട്ടിയാടുകയാണ്, കൂടെ മന്‍മോഹനും ആലുവാലിയയും.

പൗരന്റെ സ്വകാര്യതകളിലേക്കുള്ള ഈ കടന്നുകയറ്റം പ്രയോഗിച്ച് ഉപേക്ഷിച്ച രാജ്യങ്ങളാണ് ബ്രിട്ടനും മറ്റും. യു.ഐ.ഡി നമ്പറുകള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിച്ച് ഒടുക്കം എല്ലാ നശിപ്പിച്ചുകളഞ്ഞത് ബ്രിട്ടനാണ്. അന്ന് താച്ചര്‍ അതിനു പറഞ്ഞ കാരണം ‘ ഭരണാധികാരികള്‍ ജനങ്ങളുടെ ദാസന്മാരാണ്, ഇത്തരം വിവരശേഖരണങ്ങള്‍ ഞങ്ങളെ പൗരന്മാരുടെ യജമാനന്മാരാക്കും’ എന്നാണ്. അതുകൊണ്ടാണ് യു.ഐ.ഡി പദ്ധതി ഉപേക്ഷിക്കുന്നത് എന്നാണ്.

ഈ പദ്ധതി നടപ്പാക്കാന്‍ സ്വകാര്യ ഏജന്‍സികളെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഫലത്തില്‍ ഈ ഏജന്‍സികളെല്ലാം കച്ചവടതാല്‍പര്യമുള്ളവരാണ്. ഇവരെല്ലാം ഏതെങ്കിലും വ്യാവാര സ്ഥാപനങ്ങളുടെ മാര്‍ക്കറ്റിംങ് സര്‍വേ നടത്തുന്നവരാണ്. രഹസ്യമായി സൂക്ഷിക്കുമെന്ന് പറയുന്ന വിവരങ്ങളെല്ലാം സ്വന്തം ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാന്‍ അവര്‍ ഉപയോഗപ്പെടുത്തും. മറ്റ് കച്ചവട സ്ഥാപനങ്ങള്‍ക്ക് കൈമാറാനും അവര്‍ക്ക് കഴിയും. ഇവര്‍ വഴി ഈ വിവരങ്ങളെല്ലാം ബഹുവിധത്തിലുള്ള ചാരസംഘടനകള്‍ക്കും തീവ്രവാദ ഗ്രൂപ്പുകള്‍ക്കും കൈമാറപ്പെടും. മനുഷ്യസ്വഭാവത്തെ നിയന്ത്രിക്കുന്ന ഒരു പാട് ബയോമെട്രിക് വിവരങ്ങളാണ് ശേഖരിക്കപ്പെടുന്നതും വിനിമയം ചെയ്യപ്പെടുന്നതും.

ഫെയ്‌സ്ബുക്ക് വഴി നമ്മളെ മുഴുവനായി ലോകത്തിന് കൊടുക്കുന്നതുപോലെ അതിലേക്ക് ലോകത്തിലെ മുഴുവന്‍ വ്യാപാര താല്‍പര്യങ്ങളും നമ്മളറിയാതെ ഇരച്ചുകയറുന്നതുപോലെ നമ്മള്‍ നമ്മളെ കോര്‍പ്പറേറ്റുകള്‍ക്ക് യു.ഐ.ഡി വഴി ഏറിഞ്ഞുകൊടുക്കുകയാണ്. ഇതോടൊപ്പം വിവരാവകാശ നിയമത്തിന് ക്ലിപ്പിടാനുളള നീക്കങ്ങള്‍ ഭരണതലത്തില്‍ നിന്നും ആരംഭിച്ചുവെന്നുള്ളതും കൂട്ടിവായിക്കേണ്ടതാണ്. വിവരാവകശാ നിയമത്തെ വിമര്‍ശനാത്മകമായി നോക്കിക്കാണുമെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സര്‍ക്കാരിന്റെ സമയം വല്ലാതെ ഇതപഹരിക്കുന്നവത്രേ!. ഭരണ നിര്‍വഹണത്തെ അത് തടസ്സപ്പെടുത്തുന്നുവെന്നാണ് പ്രധാനമന്ത്രി പറയുന്നത്. സത്യത്തില്‍ കോര്‍പ്പറേറ്റ് ലോകത്തെ വിവരാവകാശനിയമം അലോസരപ്പെടുത്തുന്നതാണ് പ്രധാനമന്ത്രിയെ വിവരാവകാശ നിയമം ചൊടിപ്പിക്കാനുള്ള കാരണങ്ങളിലൊന്ന്.

ഇന്‍ഫോര്‍മേഷന്‍ കമ്മീഷന്‍മാരുടെ ആറാം സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇങ്ങിനെ പറഞ്ഞത്. ഈ സമ്മേളനം പ്രധാനപ്പെട്ട മൂന്ന് വ്യാപാരകേന്ദ്രങ്ങളായ എഫ്.ഐ.സി.സി.ഐ, സി.ഐ.ഐ, ASSOCHAM എന്നീ സംഘടനകളേയും പങ്കെടുപ്പിച്ചുവെന്നതും ശ്രദ്ധിക്കപ്പെടേണ്ടതാണ്. 2ജി സ്‌പെക്ട്രം അഴിമതികള്‍ കോര്‍പ്പറേറ്റുകളെയും കുടുക്കി എന്ന കാര്യവും ഇതിനൊപ്പം നമ്മള്‍ ചേര്‍ത്തു വായിക്കണം. സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് നടത്തുന്ന സ്വാകാര്യ സംരഭകരുടെ പ്രവര്‍ത്തനങ്ങള്‍ കൂടി വിവരാവകാശ നിയമത്തില്‍ ഉള്‍പ്പെടുത്തുന്നതിനെ തടയാനുള്ള നീക്കമാണ് നടന്നുകൊണ്ടിരിക്കുന്നത്. വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ നിന്ന് പ്രധാനമന്ത്രിയടക്കമുള്ള പൊതു പ്രവര്‍ത്തകെ ഒഴിവാക്കാനുള്ള ശ്രമവും നടന്നുകൊണ്ടിരിക്കുന്നു. ചുരുക്കത്തില്‍ വലിയൊരു ഗുഢാലോചനയുടെ ഭാഗമാണ് യു.ഐ.ഡി . അത്തരം ഗൂഢാലോചനകളെ തകര്‍ക്കാനുള്ള ശക്തി നമ്മുടെ പൗരബോധത്തിനുണ്ടാവട്ടെ. നമ്മുടെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ. ജനങ്ങള്‍ സ്വയം അതിനുള്ള വഴികള്‍ കണ്ടുപിടിക്കും.

അടുത്ത പേജില്‍ തുടരുന്നു

Advertisement