ഗൗരിയോടൊപ്പം വളര്‍ന്ന കേരളം
Memoir
ഗൗരിയോടൊപ്പം വളര്‍ന്ന കേരളം
ശ്രീഷ്മ കെ
Tuesday, 11th May 2021, 9:48 am

1930കളുടെ രണ്ടാംപകുതി. എറണാകുളത്തെ പ്രസിദ്ധമായ സെന്റ് തെരേസാസ് കോളേജിലെ ഒരു ക്ലാസ്മുറിയില്‍ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്ലാസ് നടക്കുന്നു. ചരിത്രാധ്യാപികയായ ഇന്ദിര ടീച്ചര്‍ സോവിയറ്റ് യൂണിയനെയും കമ്യൂണിസത്തെയും കുറിച്ച് സംസാരിക്കുകയായിരുന്നു. കമ്യൂണിസത്തെയും കമ്യൂണിസ്റ്റ് നേതാക്കളെയും വിമര്‍ശിച്ചുകൊണ്ടുള്ള പാശ്ചാത്യ വീക്ഷണത്തിലൂന്നിയാണ് ടീച്ചറുടെ ക്ലാസ്. അല്പസമയം കഴിഞ്ഞപ്പോള്‍, വിദ്യാര്‍ത്ഥികളുടെ ഇടയില്‍നിന്നും ഒരു സ്വരമുയര്‍ന്നു – No madam, We want no more about Soviet Union.

സോവിയറ്റ് യൂണിയനെക്കുറിച്ചുള്ള ഈ ക്ലാസ് തങ്ങള്‍ക്കിനി കേള്‍ക്കണ്ട എന്ന് വിളിച്ചുപറഞ്ഞ വിദ്യാര്‍ത്ഥിനിയെ രൂക്ഷമായൊന്നു നോക്കിയെങ്കിലും, ടീച്ചര്‍ ക്ലാസ് തുടര്‍ന്നു. ബിരുദക്ലാസിലെ വിദ്യാര്‍ത്ഥിനിയുടെ അച്ചടക്കരാഹിത്യത്തെക്കുറിച്ച് വൈകാതെ കോളേജിലെ മദര്‍ സുപ്പീരിയറുമറിഞ്ഞു. ഗൗരിയെന്ന ആ പെണ്‍കുട്ടിയെ അവര്‍ തൊട്ടടുത്ത ദിവസം തന്നെ ഓഫീസ് മുറിയിലേക്ക് വിളിപ്പിച്ചു.

നീ പാപത്തിന്റെ വഴിയിലാണ് സഞ്ചരിക്കുന്നതെന്നും, പൂര്‍ണമായും നശിച്ചുപോകും മുന്‍പ് തെറ്റുകള്‍ തിരുത്തി സന്മാര്‍ഗ്ഗത്തിലേക്കു വരാന്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കാനും അവര്‍ ഗൗരിയെ ഉപദേശിച്ചു. സോവിയറ്റ് യൂണിയനെ വളരെ വികലമായി ചിത്രീകരിച്ചിരിക്കുന്ന ഒരു അമേരിക്കന്‍ പുസ്തകം കൂടി നല്‍കിയാണ് മദര്‍ സുപ്പീരിയര്‍ അന്ന് ഗൗരിയെ പറഞ്ഞയച്ചത്.

അന്നത്തെ ആ കൗമാരക്കാരി പക്ഷേ, മദര്‍ സുപ്പീരിയര്‍ വിശേഷിപ്പിച്ച ‘പാപത്തിന്റെ വഴി’യില്‍ നിന്നും മാറി സഞ്ചരിക്കാന്‍ മെനക്കെട്ടതേയില്ല. പകരം, തെറ്റെന്ന് തനിക്കു തോന്നിയ കാര്യങ്ങളെ മുഖം നോക്കാതെ വീണ്ടും ചോദ്യം ചെയ്തു. കമ്യൂണിസ്റ്റ് ആശയധാര പ്രചരിപ്പിക്കുകയും അടിസ്ഥാനവര്‍ഗ്ഗ തൊഴിലാളികള്‍ക്കിടയില്‍ അത് പ്രാവര്‍ത്തികമാക്കുന്നതിനായി പ്രയത്നിക്കുകയും ചെയ്തു. സ്ത്രീകള്‍ രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന കാലത്ത് തെരുവുകളിലെ ഉച്ഛഭാഷിണികളില്‍ മുഴങ്ങിയ ഗൗരിയുടെ ശബ്ദം കേരളത്തിന് വേറിട്ട അനുഭവമായി. കര്‍ഷക തൊഴിലാളി സമരങ്ങളിലെ വീറുറ്റ സാന്നിധ്യമായി, കേരളരാഷ്ട്രീയത്തിലെ സ്ത്രീപ്രാതിനിധ്യത്തിന്റെ അടയാളമായി ഗൗരി മാറി.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം നിന്ന് പോരാടാന്‍ വിനയവും സൗമ്യതയുമല്ല, മറിച്ച് ചങ്കൂറ്റവും തന്റേടവുമാണ് വേണ്ടതെന്ന് ഗൗരി വിശ്വസിച്ചു. അറസ്റ്റും ജയില്‍വാസവും കൊടിയ കസ്റ്റഡി മര്‍ദനങ്ങളും പീഡനങ്ങളുമൊന്നും ഗൗരിയെ തളര്‍ത്തിയില്ല. അന്ന് നടന്നു തുടങ്ങിയ അതേ വഴിയിലൂടെ ഗൗരി എട്ടു പതിറ്റാണ്ടുകള്‍ സഞ്ചരിച്ചു. ആ സഞ്ചാരത്തിനിടയിലെപ്പൊഴോ ഗൗരി മലയാളികളുടെ ഗൗരിയമ്മയായി മാറി. അധികാരത്തിലെത്തിയ നാളുകളിലും താന്‍ കടന്നുവന്ന വഴികള്‍ ഗൗരിയമ്മ മറന്നില്ല. 102 വര്‍ഷത്തെ ഗൗരിയമ്മയുടെ ജീവിതം ഒരര്‍ത്ഥത്തില്‍ രാഷ്ട്രീയ കേരളത്തിന്റെ ചരിത്രം തന്നെയാണ്.

ചേര്‍ത്തലയിലെ പട്ടണക്കാടിനടുത്തുള്ള അന്ധകാരനഴി എന്ന ഗ്രാമത്തില്‍, 1919 ജൂലായ് 14നായിരുന്നു കെ. ആര്‍. ഗൗരിയുടെ ജനനം. ചേര്‍ത്തലയിലെ അറിയപ്പെടുന്ന ജന്മികുടുംബമായിരുന്നു ഗൗരിയുടേത്. നാട്ടിലെ പ്രമാണിയായിരുന്ന കളത്തിപ്പറമ്പില്‍ രാമനാണ് അച്ഛന്‍. അമ്മ പാര്‍വതിയമ്മ. ഗൗരി ജനിച്ച അതേ വര്‍ഷമാണ് ചരിത്രത്തിലാദ്യമായി ഈഴവ സമുദായത്തില്‍ നിന്നുള്ള ഒരു പെണ്‍കുട്ടി എം.എ പരീക്ഷ ജയിക്കുന്നത്. സ്വര്‍ണമെഡലോടെ എം.എ നേടിയ ആ പെണ്‍കുട്ടിയുടെ പേര് ഗൗരി ശങ്കുണ്ണി എന്നായിരുന്നു.

പെണ്‍കുട്ടികള്‍ അടിസ്ഥാനവിദ്യാഭ്യാസം പോലും നേടാന്‍ തടസ്സങ്ങള്‍ നേരിട്ടിരുന്ന അക്കാലത്ത്, ഗൗരി ശങ്കുണ്ണിയുടെ വിജയം രാമന് ചില വലിയ സ്വപ്നങ്ങളിലേക്കുള്ള ചൂണ്ടുപലകയായി. തന്റെ പെണ്‍മക്കള്‍ക്കെല്ലാം അവരാഗ്രഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ സാധിക്കണമെന്ന് അദ്ദേഹം മനസ്സിലുറപ്പിച്ചു. മകള്‍ക്ക് ഗൗരിയെന്നു തന്നെ പേരും നല്‍കി. കളത്തിപ്പറമ്പില്‍ രാമന്‍ ഗൗരിയെന്ന കെ. ആര്‍. ഗൗരി.

അച്ഛന്‍ ആഗ്രഹിച്ചതുപോലെത്തന്നെ, ആഴത്തില്‍ അറിവു നേടിയും പ്രയോഗിച്ചും തന്നെ മകള്‍ വളര്‍ന്നു. അവകാശസമരങ്ങളെക്കുറിച്ചും വിവിധ ആശയധാരകളെക്കുറിച്ചും അടുത്തറിഞ്ഞ് മനസ്സിലാക്കി വളരാനുള്ള സാഹചര്യം ഗൗരിയ്ക്കു ലഭിച്ചിരുന്നു. ശ്രീനാരായണഗുരുവും കുമാരനാശാനുമടക്കമുള്ള നവോത്ഥാനനായകര്‍ അക്കാലത്ത് ഗൗരിയുടെ വീട് സന്ദര്‍ശിച്ചിരുന്നു. കര്‍ഷകത്തൊഴിലാളികളുടെ അനൗദ്യോഗിക സമ്മേളനങ്ങളും അവിടെ നടക്കുമായിരുന്നു.

ഔപചാരിക വിദ്യാഭ്യാസത്തോടൊപ്പം, ഇത്തരം അനുഭവങ്ങളില്‍ നിന്നും ലഭിച്ച തിരിച്ചറിവുകള്‍ കൂടിയാണ് ഗൗരിയമ്മ എന്ന രാഷ്ട്രീയ ജീവിയെ വാര്‍ത്തെടുത്തത്. തുറവൂര്‍, ചേര്‍ത്തല എന്നിവിടങ്ങളിലെ സ്‌കൂളുകളില്‍ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ശേഷം, ഗൗരി എറണാകുളം മഹാരാജാസ് കോളേജില്‍ ഇന്റര്‍മീഡീയറ്റിന് ചേര്‍ന്നു. തുടര്‍ന്ന് സെന്റ് തെരേസാസില്‍ നിന്നും ബിരുദവും നേടിയ ശേഷമാണ് നിയമപഠനത്തിനായി തിരുവനന്തപുരത്തേക്ക് പോകുന്നത്. സെന്റ് തെരേസാസിലെ വിദ്യാര്‍ത്ഥിനിയായിരിക്കുമ്പോഴാണ് ഗൗരി ആദ്യമായി രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ ഇടപെടുന്നത്. ജ്യേഷ്ഠസഹോദരനായ സുകുമാരന്റെ പ്രേരണയാലാണ് ഗൗരി വിദ്യാര്‍ത്ഥിപ്രസ്ഥാനത്തിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളിലും സജീവമായിത്തുടങ്ങുന്നത്.

ഈഴവ സമുദായത്തില്‍നിന്നും നിയമബിരുദം നേടിയ തിരുവിതാംകൂറിലെ ആദ്യ വനിതയായിരുന്നു കെ. ആര്‍. ഗൗരി. ജോലിയുമായി മുന്നോട്ടു പോകാന്‍ ആഗ്രഹിച്ചിരുന്നെങ്കില്‍, അന്നത്തെ ജുഡീഷ്യല്‍ സര്‍വീസില്‍ സ്ഥാനം നേടാനും ഉയര്‍ന്ന പദവികളിലെത്തിച്ചേരാനും ഗൗരിയ്ക്ക് സാധിക്കുമായിരുന്നു. എന്നാല്‍, ഗൗരിയുടെ താല്‍പര്യവും അഭിനിവേശവും അടിസ്ഥാനവര്‍ഗത്തോടൊപ്പം നിന്നുകൊണ്ടുള്ള പൊതുപ്രവര്‍ത്തനത്തില്‍ മാത്രമായിരുന്നു.

പഠനത്തിനു ശേഷം ചേര്‍ത്തലയില്‍ കുറച്ചുകാലം പ്രാക്ടീസ് ചെയ്തിരുന്നെങ്കിലും, വൈകാതെ തന്നെ ഗൗരിയമ്മ മുഴുവന്‍ സമയ രാഷ്ട്രീയപ്രവര്‍ത്തനത്തിലേക്കിറങ്ങി. രാജവാഴ്ചയും സര്‍ സി.പിയുടെ മര്‍ദ്ദനമുറകളും തിരുവിതാംകൂറിലെ തൊഴിലാളികള്‍ക്കിടയില്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിച്ചുകൊണ്ടിരുന്ന കാലഘട്ടമായിരുന്നു അത്. കൊടിയ ചൂഷണങ്ങള്‍ക്കെതിരെ മണ്ണില്‍ പണിയെടുക്കുന്ന ജനത പ്രതികരിച്ചു തുടങ്ങിയ കാലം.

കമ്യൂണിസ്റ്റ് നേതാക്കള്‍ ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ച് തൊഴിലാളികളെ സംഘടിപ്പിച്ചു. അവര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ്സുകള്‍ നടത്തി. ഇതിന്റെയെല്ലാം ഫലമായി കര്‍ഷകര്‍ക്കിടയിലും മറ്റു തൊഴിലാളികള്‍ക്കിടയിലും യൂണിയനുകള്‍ രൂപപ്പെട്ടു തുടങ്ങിയിരുന്നു. അതോടെ സംഘര്‍ഷങ്ങളും പതിവായി. ഫ്യൂഡല്‍ പ്രഭുക്കന്‍മാരുടെയും ജന്മിമാരുടെയും നാടുവാഴിത്തത്തിന് കീഴില്‍ ജീവിതം ദുസ്സഹമായ കര്‍ഷകത്തൊഴിലാളികള്‍ ആത്മാഭിമാനത്തോടെയും അന്തസ്സോടെയും ജീവിക്കുന്നതിനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി ഒരു കയ്യില്‍ ചെങ്കൊടിയും മറുകയ്യില്‍ വാരിക്കുന്തവുമേന്തി പ്രക്ഷോഭങ്ങള്‍ക്ക് തുടക്കം കുറിച്ചു. പുന്നപ്ര-വയലാര്‍ അടക്കമുള്ള സംഭവങ്ങള്‍ ആലപ്പുഴയെ അക്ഷരാര്‍ത്ഥത്തില്‍ വിപ്ലവഭൂമികയാക്കി മാറ്റി. ഇതായിരുന്നു കെ. ആര്‍. ഗൗരിയമ്മയുടെ രാഷ്ട്രീയപ്രവേശനകാലത്തെ സാഹചര്യം.

സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമുള്ള ആദ്യവര്‍ഷങ്ങളില്‍ കേരളത്തിലെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാക്കളില്‍ ഭൂരിഭാഗവും അറസ്റ്റിലോ ഒളിവിലോ ആയിരുന്നു. അവര്‍ക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയും പ്രസംഗിക്കുകയും ചെയ്ത ഗൗരിയമ്മയും അറസ്റ്റു ചെയ്യപ്പെട്ടു. സ്ത്രീകള്‍ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ സജീവമല്ലാതിരുന്ന കാലത്ത് കര്‍ഷകയൂണിയനുകളുടെയും ട്രേഡ് യൂണിയനുകളുടെയും നേതൃസ്ഥാനം നിര്‍വഹിച്ചിരുന്ന ഗൗരിയമ്മ, പിന്നീടും പല തവണ നിരന്തരം ജയില്‍വാസം അനുഭവിച്ചു.

സമാനതകളില്ലാത്ത കൊടിയ പീഢനങ്ങളായിരുന്നു ജയിലില്‍ ഗൗരിയമ്മയ്ക്ക് പലപ്പോഴായി നേരിടേണ്ടി വന്നിട്ടുള്ളത്. നിരോധനാജ്ഞക്കാലത്തും ഇതു തുടര്‍ന്നിരുന്നു. പൊലീസ് മര്‍ദ്ദനങ്ങളുടെ ഭീകരതയെക്കുറിച്ച് പിന്നീട് ഗൗരിയമ്മ പറഞ്ഞിട്ടുള്ളത് ഇങ്ങനെയാണ് – ‘ലാത്തിയ്ക്ക് ബീജമുണ്ടായിരുന്നുവെങ്കില്‍, ഒരായിരം ലാത്തിക്കുഞ്ഞുങ്ങളെ ഞാന്‍ പ്രസവിക്കുമായിരുന്നു’. കനല്‍വഴികള്‍ പിന്നിട്ട് ഉറച്ചുപോയ മനസ്സാണ് അന്നുമുതല്‍ ഗൗരിയമ്മയുടെ കൈമുതല്‍. കൊടിയ മര്‍ദനങ്ങളെ അതിജീവിച്ചതിന്റെ കരുത്തില്‍, കര്‍ഷക തൊഴിലാളികള്‍ നല്‍കിയ സ്നേഹവായ്പുകളുടെ പിന്‍ബലത്തില്‍ ഗൗരിയമ്മ അവരുടെ നേതാവായി തുടര്‍ന്നു.

1952ലാണ് ഗൗരിയമ്മ ആദ്യമായി ഒരു പൊതുതെരഞ്ഞെടുപ്പില്‍ വിജയിക്കുന്നത്. ’52 ലും ’54ലും തിരു-കൊച്ചി നിയമസഭയില്‍ അംഗമായിരുന്നു ഗൗരിയമ്മ. കേരളസംസ്ഥാനം രൂപീകൃതമായതിനു ശേഷം ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ ചേര്‍ത്തലയില്‍ നിന്നും ഗൗരിയമ്മ മത്സരിച്ചു ജയിച്ചു. ജനാധിപത്യവ്യവസ്ഥയിലൂടെ അധികാരത്തില്‍ വന്ന ലോകത്തിലെ ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിലെ ഏക വനിതാ മന്ത്രിയായി 1957ല്‍ ഗൗരിയമ്മ സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു.

റവന്യൂ മന്ത്രിയായി അധികാരത്തിലിരുന്ന കാലഘട്ടത്തില്‍ ഗൗരിയമ്മ നടപ്പില്‍ വരുത്തിയിട്ടുള്ളത് കേരളത്തിന്റെ സാമൂഹിക-സാമ്പത്തികാന്തരീക്ഷത്തെത്തന്നെ പില്‍ക്കാലത്ത് പുനര്‍നിര്‍വചിച്ച ചില നിയമഭേദഗതികളാണ്. ചരിത്ര പ്രധാനമായ ഭൂപരിഷ്‌കരണ നിയമം, കുടിയൊഴിപ്പിക്കല്‍ നടപടിക്രമ നിയമം എന്നിവ അവയില്‍ ചിലതു മാത്രം. വര്‍ഷങ്ങളുടെ പരിശ്രമങ്ങള്‍ക്കു ശേഷം രൂപം കൊടുത്ത ഭൂപരിഷ്‌കരണ നിയമം, ലക്ഷക്കണക്കിനാളുകള്‍ക്ക് ഭൂമിയ്ക്കു മേല്‍ അവകാശം നേടിക്കൊടുത്തു.

കുടുംബസ്വത്തില്‍ നിന്നും 132 ഏക്കര്‍ ഭൂമിയാണ് ഗൗരിയമ്മ സര്‍ക്കാരിലേക്ക് നല്‍കിയത്. കുടികിടപ്പുകാരെ അവരുടെ ഭൂമിയില്‍ നിന്നും പുറത്താക്കുന്നത് തടയാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവന്നതും ഗൗരിയമ്മ മന്ത്രിയായിരിക്കെയായിരുന്നു.

1957ലെ തിരു-കൊച്ചി ഭൂനികുതി നിയമം, ഭൂസംരക്ഷണനിയമം, 1958ലെ സര്‍ക്കാര്‍ ഭൂമി പതിച്ചുകൊടുക്കല്‍ നിയമം, 1960ലെ ജന്മിക്കരം ഒഴിവാക്കല്‍ നിയമം, അഗ്രേറിയല്‍ റിലേഷന്‍സ് ആക്ട് – ഒന്നാം ഇ.എം.എസ് മന്ത്രിസഭ പിരിച്ചുവിടുന്നതിനുള്ളില്‍ ഗൗരിയമ്മ നിയമസഭയില്‍ അവതരിപ്പിച്ച ബില്ലുകളുടെ പട്ടിക ഇങ്ങനെ നീളുന്നു. മന്ത്രിയായി അധികാരമേറ്റ അതേ വര്‍ഷമായിരുന്നു ഇ.എം.എസ് മന്ത്രിസഭയിലെ തൊഴില്‍ മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി. തോമസുമായുള്ള ഗൗരിയമ്മയുടെ വിവാഹം. ഉന്നത രാഷ്ടീയ രംഗത്തുള്ള രണ്ട് പ്രമുഖരുടെ മതേതര വിവാഹം സംസ്ഥാനത്ത് വലിയ ശ്രദ്ധയാകര്‍ഷിച്ചു.

കേരളത്തില്‍ അതിനു മുന്‍പോ ശേഷമോ മന്ത്രിമാര്‍ തമ്മിലുള്ള വിവാഹം നടന്നിട്ടില്ല. എന്നാല്‍, 1964ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍, ടി.വി തോമസ് സി.പി.ഐയില്‍ തുടരുകയും ഗൗരിയമ്മ സി.പി.ഐ.എമ്മിലെത്തുകയും ചെയ്തു. ഇത് പതിയെ ഇവരുടെ ദാമ്പത്യബന്ധത്തെയും ബാധിച്ചു.

1957, 67, 80, 87, 2001, 2004 എന്നീ വര്‍ഷങ്ങളില്‍ അധികാരമേറ്റ വിവിധ മന്ത്രിസഭകളില്‍ കെ. ആര്‍ ഗൗരിയമ്മ അംഗമായിരുന്നിട്ടുണ്ട്. മാത്രമല്ല, സംസ്ഥാനരൂപീകരണത്തിനു ശേഷം നിലവില്‍ വന്നിട്ടുള്ള ആദ്യ പതിനൊന്നു നിയമസഭകളില്‍ ഒന്നിലൊഴികെ മറ്റെല്ലാത്തിലും ഗൗരിയമ്മയുടെ സാന്നിധ്യമുണ്ടായിരുന്നു. റവന്യൂ, വിജിലന്‍സ്, വ്യവസായം, ഭക്ഷ്യം, കൃഷി, എക്‌സൈസ്, സാമൂഹ്യക്ഷേമം, ദേവസ്വം, മൃഗസംരക്ഷണം എന്നിങ്ങനെ ഗൗരിയമ്മ കൈകാര്യം ചെയ്തിട്ടുള്ളതെല്ലാം സുപ്രധാന വകുപ്പുകളായിരുന്നു.

കേരളത്തിലെ മറ്റേത് ജനപ്രതിനിധിയെയും നിഷ്പ്രഭമാക്കുന്നതാണ് കേരളനിയമസഭയിലെ ഗൗരിയമ്മയുടെ ട്രാക്ക് റെക്കോര്‍ഡ്. 1987ലാണ് ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലെ സുപ്രധാനമായൊരു സംഭവം നടക്കുന്നത്. ആ വര്‍ഷം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിപദത്തിലേക്ക് ഇടതുപക്ഷ മുന്നണി ഉയര്‍ത്തിക്കാട്ടിയ മുഖം ഗൗരിയമ്മയുടേതായിരുന്നു.

‘കേരം തിങ്ങും കേരളനാട് കെ. ആര്‍. ഗൗരി ഭരിക്കട്ടെ’ എന്ന മുദ്രാവാക്യം സംസ്ഥാനമെങ്ങും മുഴങ്ങിക്കേട്ടു. ഇടതു മുന്നണി അധികാരത്തിലെത്തിയതോടെ, കേരളത്തിന് ആദ്യമായി ഒരു വനിതാ മുഖ്യമന്ത്രി ഉണ്ടാകുമെന്ന് എല്ലാവരും പ്രതീക്ഷിച്ചു. എന്നാല്‍, നിരീക്ഷകരെ അമ്പരപ്പിച്ചുകൊണ്ട് ഇ. കെ. നായനാര്‍ അത്തവണ മുഖ്യമന്ത്രിയായി അധികാരമേറ്റു. താന്‍ തഴയപ്പെട്ടതിന്റെ നിരാശ ഗൗരിയമ്മ മറച്ചുവയ്ക്കുകയും ചെയ്തില്ല. കെ. ആര്‍. ഗൗരിയമ്മ എന്തുകൊണ്ട് മുഖ്യമന്ത്രിയായില്ല എന്ന് കേരളം ചോദിച്ചു തുടങ്ങിയത് അന്നു മുതലാണ്.

ഗൗരിയമ്മയുടെ രാഷ്ട്രീയ ജീവിതത്തിലെ അടുത്ത പ്രതിസന്ധിയുണ്ടാകുന്നത് 1994ലാണ്. ആലപ്പുഴ ജില്ലാ വികസന സമിതി എന്ന സംഘടന രൂപീകരിച്ചതും അതിന്റെ അദ്ധ്യക്ഷസ്ഥാനം ഗൗരിയമ്മ ഏറ്റെടുത്തതും സി.പി.ഐ.എമ്മിന്റെ താല്‍പര്യത്തിന് വിരുദ്ധമായായിരുന്നു. എം.വി. രാഘവനും കെ. കരുണാകരനും ചേര്‍ന്ന് ഒരുക്കിയ രാഷ്ട്രീയ കെണിയില്‍ ഗൗരിയമ്മ വീണു എന്ന് നിരീക്ഷിച്ച സി.പി.ഐ.എം, പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ഗൗരിയമ്മയെ പുറത്താക്കി. കേരളരാഷ്ട്രീയത്തെ ഞെട്ടിച്ച സംഭവമായിരുന്നു അത്.

പുറത്താക്കപ്പെട്ടതിന്റെ വേദനയിലും വീറോടെയാണ് ഗൗരിയമ്മ നടപടികളെ നേരിട്ടത്. ജനാധിപത്യ സംരക്ഷണ സമിതി എന്ന പേരില്‍ ആലപ്പുഴ ആസ്ഥാനമാക്കി പുതിയൊരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് ഗൗരിയമ്മ രൂപം കൊടുത്തു. ജെ.എസ്.എസിന്റെ ബാനറില്‍ വീണ്ടും പൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച് നിയമസഭയിലെത്തി. ഉറച്ച ഇടതുകോട്ടയായിരുന്ന ആലപ്പുഴയിലെ പല കേന്ദ്രങ്ങളും ഗൗരിയമ്മയുടെ പ്രഭാവത്തില്‍ ഒന്നുലഞ്ഞു. ജെ.എസ്.എസ് യു.ഡി.എഫിനോടു ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും 2001ലെ ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി ഗൗരിയമ്മ തിരിച്ചെത്തുകയും ചെയ്തു.

എന്നാല്‍, അധിക കാലം യു.ഡി.എഫ് പാളയത്തില്‍ തുടരാന്‍ ഗൗരിയമ്മയ്ക്കായില്ല. 2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും, സി.പി.ഐയുടെ പി. തിലോത്തമനോട് ഗൗരിയമ്മ പരാജയപ്പെട്ടു. തുടര്‍ച്ചയായ പരാജയങ്ങള്‍ യു.ഡി.എഫില്‍ ജെ.എസ്.എസിനോട് അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നതിനു കാരണമായി. ഒടുവില്‍, 2013ല്‍ അന്നത്തെ യു.ഡി.എഫ് ചീഫ് വിപ്പ് പി.സി. ജോര്‍ജുമായുള്ള അഭിപ്രായഭിന്നതകള്‍ കൂടിയായതോടെ ജെ.എസ്.എസ് മുന്നണി വിട്ടു.

യു.ഡി.എഫില്‍ നിന്നും അകന്നതിനു ശേഷം ഇടതുപക്ഷ മുന്നണിയുടെ വേദികളില്‍ ഗൗരിയമ്മയെ വീണ്ടും കണ്ടുതുടങ്ങിയിരുന്നു. ഗൗരിയമ്മ സി.പി.ഐ.എമ്മിലേക്ക് തിരികെ വരുമെന്ന് പലരും പ്രവചിച്ചെങ്കിലും അത് സംഭവിച്ചില്ല. വാര്‍ധക്യത്തിന്റെ അവശതകളിലും അവര്‍ സ്വന്തം പാര്‍ട്ടിയുമായി തന്നെ നിലകൊണ്ടു.

102 വയസ്സ് പിന്നിട്ടപ്പോള്‍ സജീവരാഷ്ട്രീയത്തില്‍ നിന്നും പിന്‍വാങ്ങി കുടുംബത്തോടൊപ്പം സ്വസ്ഥജീവിതം നയിക്കാനരംഭിച്ചു. എന്നാല്‍, എഴുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു മുപ്പത്തിരണ്ടുകാരി തിരു-കൊച്ചി നിയമസഭയില്‍ നടത്തിയ തീപ്പൊരി പ്രസംഗങ്ങള്‍ ഇന്നും ഓര്‍മിക്കപ്പെടുന്നുണ്ട്. കര്‍ഷകരുടെയും കയറുപിരിതൊഴിലാളികളുടെയും സ്ത്രീകളുടെയും പട്ടിണിയെക്കുറിച്ച്, തുച്ഛമായ വേതനത്തെക്കുറിച്ച്, അവര്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജീവിതമുണ്ടാകേണ്ടതിനെക്കുറിച്ച് നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന ഗൗരിയമ്മയുടെ ഓരോ പ്രസംഗങ്ങളും ഓരോ പാഠപുസ്തകങ്ങളാണ്.

ഭൂരഹിതരെയും ആദിവാസികളെയുമെല്ലാം പരിഗണിച്ചുകൊണ്ടുള്ള നിയമനിര്‍മാണങ്ങള്‍, സ്ത്രീകളെയും അടിച്ചമര്‍ത്തപ്പെടുന്നവരെയും ചേര്‍ത്തുപിടിച്ചുള്ള സമരങ്ങള്‍ – ചരിത്രം ഗൗരിയമ്മയെ രേഖപ്പെടുത്തുക ഇങ്ങനെകൂടിയാണ്.

ആരെയും കൂസാത്ത, ആരോടും അതിവിനയം കാണിക്കാത്ത, അധികാരപ്രയോഗത്തെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള കെ. ആര്‍ ഗൗരിയമ്മയെക്കുറിച്ച് ചുള്ളിക്കാട് ഇങ്ങനെ എഴുതി:

കരയാത്ത ഗൗരി, തളരാത്ത ഗൗരി,
കലികൊണ്ടു നിന്നാല്‍ അവള്‍ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങള്‍ ഭയമാറ്റി വന്നു.

കരയാത്ത, തളരാത്ത, കലികൊണ്ടാല്‍ ഭദ്രകാളിയായ ഗൗരി. മലയാളിയുടെ സ്ഥിരം കാല്‍പനിക ഭാവനകളില്‍ അകപ്പെട്ട് മാതൃഭാവത്തിലേക്ക് രൂപംമാറാത്ത, പോരാളിയുടെ മുഖമാണ് ഗൗരിയമ്മയ്ക്ക് എന്നും.

ഗൗരിയമ്മ ഓര്‍മയാകുമ്പോള്‍ തിരശ്ശീലയ്ക്ക് പിന്നിലേക്ക് മായുന്നത് കേരള രാഷ്ട്രീയ ചരിത്രത്തിലെ ഒരു യുഗം തന്നെയാണ്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who was KR Gouri in Kerala Politics