ആര്‍ക്കു വേണം എ.കെ. ആന്റണിയെ?
Discourse
ആര്‍ക്കു വേണം എ.കെ. ആന്റണിയെ?
താഹ മാടായി
Wednesday, 20th January 2021, 6:24 pm

എന്തുകൊണ്ടാണ് മലയാള മനോരമ പോലെ കമ്യൂണിസ്റ്റ് വിരുദ്ധതയുടെ കടലായ ഒരു പത്രം ഇ.എം.എസ്സിനെ മാതൃകാ പുരുഷനായി ലാളിക്കുന്നത്? ഇ.എം.എസ്സിനെക്കുറിച്ച് മികച്ച ഫോട്ടോ പ്രദര്‍ശനം ഹൃദ്യമായ ട്രിബ്യൂട്ട് ആയി അവതരിപ്പിച്ചത് മലയാള മനോരമയാണ്. ഇ.എം.എസ്സിനെ അവര്‍ കമ്യൂണിസ്റ്റിനേക്കാള്‍ ‘രാഷ്ട്രീയ കേരളത്തിന്റെ പിതാവായി’ട്ടാണ് കാണുന്നത്.

കൈയില്‍ ചുംബിക്കാന്‍ ഒരു ‘പിതാവ്’ വേണം മനോരമയ്ക്ക്. കേരളത്തിലെ ഒരു ‘സഭ’യായി പാര്‍ട്ടിയെ കാണുന്നില്ലെങ്കിലും ‘പിതാവായി’ ഇ.എം.എസ്സിനെ കാണുന്നു. പത്രം ഇ.എം.എസ്സിനെ സ്‌നേഹിക്കുമ്പോള്‍, കോണ്‍ഗ്രസ്സില്‍ നിന്ന് ഒരു ‘പിതൃ ബിംബ’ത്തെ അവര്‍ ഉയര്‍ത്തുന്നില്ല. ഉമ്മന്‍ ചാണ്ടിയാണ്, അവരുടെ പ്രിയപുത്രന്‍. എ.കെ. ആന്റണിയല്ല. മനോരമയുടെ ഇംഗിതമാണ്, ഹൈക്കമാന്റിനും. എന്താണ് കാരണം? വളരെ സിംപിള്‍. ജനപ്രീതിയുടെ മാനദണ്ഡം. സര്‍ക്കുലേഷന്‍ വേണം.

തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാന്‍ ഉമ്മന്‍ ചാണ്ടിയെ ഇറക്കിയിരിക്കയാണ് ഹൈക്കമാന്‍ഡ്. ആള്‍ക്കൂട്ടത്തിന് ആരവമുണ്ടാക്കാന്‍ ആ പാര്‍ട്ടിയില്‍ വേറെ ആരുമില്ല. ‘ആള്‍ക്കൂട്ട’ത്തില്‍ ഒരു ‘കൂട്ടം’ വോട്ടായി മാറിയാല്‍, തല്‍ക്കാലം പിടിച്ചു നില്‍ക്കാം. കൂട്ടം കൂടി നില്‍ക്കാതെ ആളുകള്‍ മാറിപ്പോകണം എന്ന്, കോവിഡ് വാക്‌സിന്‍ കുത്തിവെപ്പ് തുടങ്ങിയതിനാല്‍ ഇനി പറയാനുമാവില്ല.

‘കൂട്ട’മില്ലെങ്കില്‍ കോണ്‍ഗ്രസില്ല. നിര്‍ണായക സന്ദര്‍ഭങ്ങളില്‍ മന്‍മോഹന്‍ സിംഗ് പുലര്‍ത്തിയ ‘മൗന’മാണ് ഇന്ത്യയിലെ കോണ്‍ഗ്രസിന്റെ കൂട്ടം തന്നെ ഇല്ലാതാക്കിയത്. ‘ഒച്ച’ കേട്ടുകൊണ്ട് ജീവിക്കുന്ന ജനതയാണ്, ‘മഹത്തായ ഭാരതീയര്‍’. കേരളവും അങ്ങനെ തന്നെ. ഒച്ച വേണം. ഒരു പാട് ‘ഒച്ച’കളാണ് കോണ്‍ഗ്രസ് ഗ്രൂപ്പിസം.

ഉമ്മന്‍ ചാണ്ടി

വേറെ വേറെ ഒച്ചയുണ്ടാക്കുന്നവരെയെല്ലാം തിരഞ്ഞെടുപ്പ് പ്രചാരണ സമിതിയില്‍ ഉള്‍പ്പെടുത്തി, തല്‍ക്കാലം ‘ഒറ്റ ഒച്ച’ മതി എന്നു തീരുമാനിച്ചതിലും ഒരു വലിയ രാഷ്ട്രീയ തിരിച്ചറിവുണ്ട്. ഇവരെല്ലാം ചേര്‍ന്നു നിന്നാലെ പിണറായി വിജയന്‍ എന്ന വലിയ ഒച്ചയ്ക്ക് പ്രതിരോധ ഭിത്തി കെട്ടാന്‍ കഴിയൂ എന്ന് ഹൈക്കമാന്‍ഡിനറിയാം.

ആള്‍ക്കൂട്ടത്തിന്റെ മിശിഹ വി.എസ് വിശ്രമ ജീവിതത്തിലേക്ക് മാറിയിരിക്കയാണ്. എസ്.എഫ്.ഐ/ഡി.വൈ.എഫ്.ഐ കുട്ടികളെയും ഒപ്പം കൂട്ടിയാണ് പിണറായി പോരിനിറങ്ങാന്‍ പോകുന്നത്. യൂത്ത് ലീഗ് ഒക്കെ കളിയാക്കി വിട്ട മണി മല മാമച്ചന്‍ ടീംസിന് പിണറായിയെയും പാര്‍ട്ടിയുടെ കളം നിറഞ്ഞ് കളിക്കുന്ന പുതിയ ടീമിനെയും പിടിച്ചുകെട്ടാന്‍ എളുപ്പമല്ല.

മൂന്ന് ‘കു'(കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി)വില്‍ ഇളയ ‘കു’ കുഞ്ഞുമാണിയുടെ മകന്‍ ഇപ്പോള്‍ ഒപ്പമില്ല. അവശിഷ്ട ‘കു’ ശ്രേണിയിലെ ‘കുഞ്ഞൂഞ്ഞും കുഞ്ഞാലിക്കുട്ടി’യും മാത്രമാണ് യു.ഡി.എഫിന് രക്ഷയുടെ വാതിലുകള്‍ തുറക്കുക എന്ന് കേരള രാഷ്ടീയം പച്ച വെള്ളം കുടിച്ച് നിരീക്ഷിക്കുന്ന ആര്‍ക്കും മനസ്സിലാകും.

എ.കെ. ആന്റണി

പക്ഷെ, ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് എ.കെ.ആന്റണി കേരളത്തില്‍ തങ്ങി തിരഞ്ഞെടുപ്പ് നയിക്കും എന്നാണ്. ഇതില്‍ മാത്രമാണ് ഹൈക്കമാന്‍ഡിന് പിശകു പറ്റിയത്. ആന്റണി വന്നാല്‍ അത് കൂടുതല്‍ ഗുണം ചെയ്യുക, സി.പി.എമ്മിനാണ്. കാരണം, ആന്റണിയെ യു.ഡി.എഫിനെ തുണക്കുന്ന വലിയൊരു വിഭാഗത്തിന് രാഷ്ട്രീയ കാരണങ്ങളാല്‍ ഇഷ്ടമല്ല.

എ.കെ ആന്റണിയെപ്പോലെ ഇത്രയും അപ്രസക്തനായ ഒരു ദേശീയ നേതാവ് കേരള രാഷ്ടീയത്തില്‍ വേറെയുണ്ടോ? ഏതെങ്കിലും നിര്‍ണായക സന്ദര്‍ഭങ്ങളില്‍ ഈ നേതാവ് ജനങ്ങളുടെ ഇച്ഛയോടൊപ്പം ചേര്‍ന്നു നിന്നിട്ടുണ്ടോ? എപ്പോഴെങ്കിലും ഈ നേതാവിന്റെ രാഷ്ട്രീയ ജീവിതം ഓഡിറ്റ് ചെയ്യപ്പെട്ടിട്ടുണ്ടോ? ഇടക്കിടെ മുമ്പ് പറയാറുള്ള ‘കേരളത്തിന് രക്ഷപ്പെടാനുള്ള ലാസ്റ്റ് ബസ്’ പ്രയോഗമല്ലാതെ മറ്റെന്താണ് അദ്ദേഹം പറഞ്ഞത്?

അഴിമതി രഹിതനായ നേതാവ് എന്നതാണ് ഒരു വലിയ പ്രതിച്ഛായ. കോണ്‍ഗ്രസില്‍ ഒരാള്‍ക്ക് മാത്രമായി എത്രയോ കാലമായി ഇങ്ങനെയൊരു പേര് നിലനില്‍ക്കണമെങ്കില്‍ മറ്റുള്ളവരുടെ അവസ്ഥ ഏറെ പരിതാപകരമായിരിക്കും. അതല്ല കാര്യം. അല്ലെങ്കില്‍ അതു മാത്രമല്ല, ഫോക്കസ്. അഴിമതി എന്നു നമ്മള്‍ എപ്പോഴും അര്‍ഥമാക്കുന്നത് ‘സാമ്പത്തികമായ കൈയിട്ടു വാര’ലിനെ മാത്രമാണ്.

അതൊരു വമ്പിച്ച കുറ്റകൃത്യമാണ് എന്ന് സംശയമില്ല. പക്ഷെ, അത് മാത്രമല്ല, അഴിമതി. സാമ്പത്തികമായി പൊതുമുതല്‍ ‘കട്ടെടുക്കാതിരിക്കുക’ , അഴിമതിപ്പണം കൈപ്പറ്റാതിരിക്കുക എന്നതൊക്കെ ഒരു വ്യക്തിയുടെ പ്രാഥമികമായ കടമ മാത്രമാണ്. അതിന് ആദര്‍ശവുമായി ബന്ധമൊന്നുമില്ല. തനിക്കര്‍ഹമല്ലാത്ത, അവിഹിതമായി വരുന്ന ഒരു പൈസ പോലും എടുക്കാതിരിക്കുക എന്നത് വ്യക്തികള്‍ പുലര്‍ത്തേണ്ട പ്രാഥമികമായ മര്യാദ മാത്രമാണ്. അങ്ങനെയുള്ള സ്വന്തം മനസ്സാക്ഷിയോട് ചെയ്യേണ്ട പ്രാഥമികമായ മര്യാദകള്‍, ശീലങ്ങള്‍, പാലിക്കാത്തവര്‍ നിറഞ്ഞതുകൊണ്ടാണ് ചിലരെ മാത്രം ‘അഴിമതി രഹിത ആദര്‍ശധീരന്‍’ എന്നു മാധ്യമങ്ങളും സിവില്‍ സൊസൈറ്റിയും വിശേഷിപ്പിക്കുന്നത്.

‘നിലപാടുകളില്‍’ കാണിക്കുന്ന അഴിമതിയാണ്, ഏറ്റവും ജനവിരുദ്ധമായ അഴിമതി. എ.കെ. ആന്റണി ആ നിലയില്‍ ഒരു പരാജയമാണ്. ‘ഭൂരിപക്ഷ ‘വര്‍ഗീയതയെ തുറന്നെതിര്‍ത്ത സന്ദര്‍ഭങ്ങള്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഏറെ ‘ഒച്ച’യോടെ നാം കേട്ടിട്ടില്ല. ന്യൂനപക്ഷം അനര്‍ഹമായ പലതും നേടുന്നു, ഭൂരിപക്ഷത്തെ അംഗീകരിക്കണം എന്നൊക്കെ അദ്ദേഹം ചില സന്ദര്‍ഭങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിങ്ങളല്ല, ഇന്ത്യന്‍ മുസ്‌ലിങ്ങള്‍. ദളിതുകളേക്കാളും ആദിവാസികളേക്കാളും പിന്നിലാണ് ഇന്ത്യയുടെ പല ഭാഗങ്ങളിലും മുസ്‌ലിം അവസ്ഥ. വിദ്യാഭ്യാസത്തിലും ജീവിത നിലവാരത്തിലും ഏറെ പിറകില്‍. ഈ അവസ്ഥയെ അഭിമുഖീകരിക്കുന്നതില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പരാജയമാണ്, എ.കെ ആന്റണിയും പരാജയമാണ്.

ഇനി, മുസ്‌ലിങ്ങള്‍ തെരുവില്‍ നിന്ന പൗരത്വ ഭേദഗതി സമരനാളുകളില്‍ എവിടെയായിരുന്നു, ആന്റണി? സംവരണ വിഷയത്തില്‍ എവിടെ ആന്റണിയുടെ ശബ്ദം? ദല്‍ഹി കത്തുമ്പോള്‍ എവിടെയായിരുന്നു, ആന്റണി? അങ്ങനെ പല പല സന്ദര്‍ഭങ്ങള്‍. നിലപാട് എടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ നിശ്ശബ്ദദനായിരിക്കുക എന്നതാണ് അഴിമതി. സാമ്പത്തികമായി നടത്തുന്ന അഴിമതിയേക്കാള്‍ വലുതാണ്, അത്തരം മൗനങ്ങള്‍.

സാമ്പത്തികമായി നടത്തിയ വമ്പിച്ച അഴിമതി കൊണ്ടു മാത്രമല്ല, ‘നിലപാടുകളില്‍ കാണിച്ച അഴിമതി’യാണ് കോണ്‍ഗ്രസ് എന്ന മഹാ പ്രസ്ഥാനത്തെ ഇന്ത്യയില്‍ ഇപ്പോള്‍ അപ്രസക്തതമാക്കിയത്. ഭൂരിപക്ഷത്തിന് അനുകൂലമായ ‘സയലന്റ് വിഷ്.’

അതുകൊണ്ട്, എ.കെ ആന്റണി യു.ഡി എഫിനെ എത്ര വരെ പ്രചോദിപ്പിക്കും എന്നത് വലിയൊരു ചോദ്യചിഹ്നമാണ്. ന്യുനപക്ഷത്തെ ബാധിക്കുന്ന ജീവന്‍ മരണ പ്രശ്‌നങ്ങളില്‍ ഒരു ഉറച്ച തീരുമാനവുമെടുക്കാതെ, അവയൊക്കെ കയ്യാലപ്പുറത്ത് വെച്ച് ‘ബി.ജെ.പി യും ആര്‍.എസ്.എസും മുസ്‌ലിങ്ങളെ പിടിക്കാന്‍ വരുന്നേ..!’ എന്ന ഭയം ഉല്‍പാദിപ്പിച്ച്, ദീര്‍ഘവും നിരന്തരവുമായ കാലയളവുകളില്‍ നിലനിര്‍ത്തിയാണ് കോണ്‍ഗ്രസ് നില നിന്നത്.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിച്ചത് ഈ രാഷ്ട്രീയ തന്ത്രമാണ്. കേരളം നേടി, ഇന്ത്യയെ നഷ്ടപ്പെടുത്തി. ഇത്തരം വ്യാജമായ രക്ഷാകര്‍തൃത്വം ചമയല്‍ ഇനി കേരളത്തിലെ മുസ്‌ലിങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുമോ? കാന്തപുരത്തിന് മാത്രമല്ല, സമസ്തയിലും പിണറായിക്ക് മാനസിക പിന്തുണ ഏറെയാണ്. ആന്റണിയേക്കാള്‍ കേരളത്തിലെ മുസ്‌ലിങ്ങള്‍ക്ക് വിശ്വാസം, സീതാറാം യെച്ചൂരിയിലാണ്. തുണക്കാന്‍, ഒപ്പം നില്‍ക്കാന്‍ അവര്‍ മാത്രമേയുണ്ടാവൂ എന്നൊരു ഉറപ്പ്.

ഉമ്മന്‍ ചാണ്ടിയുടെ ചിരിക്കുന്ന മുഖം കോണ്‍ഗ്രസിനെ തിരിച്ചു വരാന്‍ സഹായിക്കുമോ എന്ന ചോദ്യത്തിന് ഏപ്രില്‍ വരെ കാത്തിരിക്കാം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Who Needs AK Antony – Thaha Madayi Writes

താഹ മാടായി
എഴുത്തുകാരന്‍