ആരാണയാള്‍, എനിക്കറിയില്ല അങ്ങനെയൊരാളെ; ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ അസം മുഖ്യമന്ത്രി
national news
ആരാണയാള്‍, എനിക്കറിയില്ല അങ്ങനെയൊരാളെ; ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റില്‍ അസം മുഖ്യമന്ത്രി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st April 2022, 11:37 pm

ന്യൂദല്‍ഹി: ദളിത് നേതാവും ഗുജറാത്തിലെ കോണ്‍ഗ്രസ് എം.എല്‍.എയുമായ ജിഗ്‌നേഷ് മേവാനി ആരാണെന്ന് തനിക്ക് അറിയില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.

അരാണയാള്‍, എനിക്ക് അറിയില്ല എന്നായിരുന്നു ജിഗ്‌നേഷ് മേവാനിയുടെ അറസ്റ്റിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അസം മുഖ്യമന്ത്രിയുടെ പ്രതികരണം. ജിഗ്‌നേഷിനെ അറസ്റ്റ് ചെയ്ത വിവരം താന്‍ അറിഞ്ഞില്ലെന്നും ബിശ്വ ശര്‍മ പ്രതികരിച്ചു.

അസം പൊലീസാണ് ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് മേവാനിയെ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 11.30ഓടെ അദ്ദേഹത്തിന്റെ വസതിയിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ട്വീറ്റിന്റെ പേരിലാണ് ജിഗ്‌നേഷ് മേവാനിയെ അര്‍ധരാത്രി അസം പൊലീസ് കസ്റ്റഡിയിലെടുത്തുത്.

ഗോഡ്സെയെ ദൈവമായി കാണുന്ന പ്രധാനമന്ത്രി ഗുജറാത്തിലെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഇല്ലാതാക്കി സമാധാനത്തിനും സൗഹാര്‍ദത്തിനും അഭ്യര്‍ത്ഥിക്കണമെന്നായിരുന്നു ട്വീറ്റ്. അസം സ്വദേശിയായ അനൂപ് കുമാര്‍ ദേ ആണ് പരാതി നല്‍കിയത്.

ഗുജറാത്തിലെ പാലംപൂരില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മേവാനിയെ ഇന്ന് ഗുവാഹത്തിയിലെത്തിച്ചിരുന്നു. അറസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വ്യാഴാഴ്ച ദല്‍ഹിയില്‍ പ്രതിഷേധ സംഗമം നടത്തി. സത്യത്തെ തടവിലാക്കാന്‍ കഴിയില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ഗുജറാത്ത് വദ്ഗാം മണ്ഡലത്തിലെ എം.എല്‍.എയാണ് മേവാനി.

Content Highlights:  ‘Who is he…. don’t know’: Assam CM Himanta Biswa Sarma on Jignesh Mevani arrest