അജാസ് പട്ടേല്‍-ഇന്ത്യയെ എറിഞ്ഞിട്ട 'ഇന്ത്യക്കാരന്‍'
Cricket
അജാസ് പട്ടേല്‍-ഇന്ത്യയെ എറിഞ്ഞിട്ട 'ഇന്ത്യക്കാരന്‍'
സ്പോര്‍ട്സ് ഡെസ്‌ക്
Saturday, 4th December 2021, 2:34 pm

അജാസ് പട്ടേല്‍, ഇന്ത്യന്‍ വംശജനായ ഈ ന്യൂസിലാന്റ് സ്പിന്നറാണ് രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ അന്തകനായത്. 22 വര്‍ഷങ്ങള്‍ക്ക് ശേഷം ടെസ്റ്റില്‍ ഒരിന്നിംഗ്‌സില്‍ 10 വിക്കറ്റും നേടുന്ന ബൗളറാകുന്ന അജാസിന്റെ നേട്ടം ജന്മനാട്ടില്‍ മറ്റൊരു രാജ്യത്തിന് വേണ്ടിയാണ് എന്നതാണ് കൗതുകമുണര്‍ത്തുന്നത്.

1996 ല്‍ മുംബൈയില്‍ നിന്ന് ന്യൂസിലാന്റിലേക്കെത്തിയതാണ് അജാസിന്റെ കുടുംബം. മുംബൈയിലെ ജോഗേശ്വരിയിലായിരുന്നു അജാസിന്റെ ജനനം.

റഫ്രിജറേറ്റര്‍ കടയിലായിരുന്നു അജാസിന്റെ പിതാവിന് ജോലി. മാതാവ് സ്‌കൂള്‍ ടീച്ചറായിരുന്നു.

ന്യൂസിലാന്റിലെത്തിയതിന് ശേഷമാണ് അജാസിന് ക്രിക്കറ്റിനോടുള്ള താല്‍പര്യം തുടങ്ങുന്നത്. അജാസിന്റെ കളിയോടുള്ള താല്‍പര്യം മനസിലാക്കിയ അമ്മാവന്‍ സയീദ് പട്ടേല്‍ ഓക്‌ലാന്റിലെ ന്യൂ ലിന്‍ ക്രിക്കറ്റ് ക്ലബില്‍ ചേര്‍ക്കുകയായിരുന്നു.

ടി.വിയില്‍ കളി കണ്ടിരുന്ന അജാസ്, സച്ചിന്‍ ടെന്‍ഡുല്‍ക്കറുടേയും ഷെയ്ന്‍ വോണിന്റേയും ആരാധകനായിരുന്നു. ഫാസ്റ്റ് ബൗളറായി കരിയര്‍ തുടങ്ങിയ അജാസ് പിന്നീട് ലെഗ് സ്പിന്നറായി മാറുകയായിരുന്നു.

33-ാം വയസിലാണ് ഇപ്പോള്‍ ക്രിക്കറ്റിലെ അപൂര്‍വമായ നേട്ടം അജാസ് സ്വന്തമാക്കുന്നത്. 11ാമത്തെ ടെസ്റ്റാണ് താരമിപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. 47.5 ഓവറില്‍ 119 റണ്‍സ് വിട്ടുകൊടുത്താണ് പട്ടേല്‍ ഇന്ത്യയുടെ പത്ത് വിക്കറ്റും പിഴുതത്.

അജാസിന് മുന്‍പ് രണ്ട് പേര്‍ മാത്രമാണ് ഒരിന്നിംഗ്‌സിലെ 10 വിക്കറ്റും സ്വന്തം പേരിലാക്കുന്നത്. 1956 ല്‍ ഇംഗ്ലണ്ട് താരം ജിം ലേക്കറും 1999 ല്‍ അനില്‍ കുംബ്ലെയുമാണ് ഈ നേട്ടത്തിലെത്തിയവര്‍. 10 വിക്കറ്റ് നേട്ടം കൈവരിച്ച മൂന്ന് പേരും സ്പിന്നര്‍മാരാണ് എന്നുള്ളതും ശ്രദ്ധേയം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

 

Content Highlight: Who is Ajaz Patel India vs Newzealand