നെഹ്‌റുവിന് ശേഷം ആരെന്ന ചോദ്യത്തിന് ആളുകള്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി; മോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കുമെന്ന് മായാവതി
D' Election 2019
നെഹ്‌റുവിന് ശേഷം ആരെന്ന ചോദ്യത്തിന് ആളുകള്‍ അര്‍ഹിക്കുന്ന മറുപടി നല്‍കി; മോദിക്കു ശേഷം ആരെന്ന ചോദ്യത്തിനും ജനങ്ങള്‍ ഉടന്‍ മറുപടി നല്‍കുമെന്ന് മായാവതി
ന്യൂസ് ഡെസ്‌ക്
Thursday, 25th April 2019, 3:22 pm

ന്യൂദല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മോദിക്കെതിരെ ഉയര്‍ത്തിക്കാട്ടാന്‍ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് ബി.ജെ.പി ജനങ്ങളെ അപമാനിക്കുകയാണെന്ന് ബി.എസ്.പി നേതാവ് മായാവതി. സമാനമായ രീതിയില്‍, നെഹ്‌റുവിന് ശേഷം ആരെന്ന ചോദ്യം കോണ്‍ഗ്രസ് ഉയര്‍ത്തിയിരുന്നെന്നും, എന്നാല്‍ ജനങ്ങള്‍ അതിന് തക്കതായ മറുപടി നല്‍കിയെന്നും മായാവതി ട്വിറ്ററില്‍ കുറിച്ചു.

‘പ്രതിപക്ഷത്തിന് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയില്ലെന്ന് പറഞ്ഞ് എന്തിനാണ് ബി.ജെ.പി ജനങ്ങളെ അപമാനിക്കുന്നത്. നെഹ്‌റുവിന് ശേഷം ആര് എന്ന ദാര്‍ഷ്ട്യത്തോടെയുള്ള ചോദ്യം മുമ്പ് ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം മണ്ടത്തരങ്ങള്‍ ജനങ്ങള്‍ മുമ്പ് തക്കതായ മറുപടി നല്‍കിയിരുന്നു. ഈയിടെ തന്നെ മോദിക്ക് ശേഷം ആരെന്ന ചോദ്യത്തിനുള്ള മറുപടിയും ജനങ്ങള്‍ നല്‍കും’- മായാവതി തന്റെ ട്വിറ്ററില്‍ കുറിക്കുന്നു.

ഉത്തര്‍പ്രദേശില്‍ തങ്ങളുടെ ബദ്ധവൈരികളായ എസ്.പയുമായി സഖ്യം ചേര്‍ന്നാണ് മായാവതി തെരഞ്ഞെടുപ്പിനെ നേരിടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി മാതൃകാ പെരുമാറ്റ ചട്ടം സ്ഥിരമായി ലംഘിക്കുകയാണെന്നും മായാവതി കുറ്റപ്പെടുത്തി. സ്ത്രീകളെ ബഹുമാനിക്കുന്ന കാര്യത്തിലേക്കെത്തുമ്പോള്‍ മോദി അതിര്‍ത്തി ലംഘിക്കുന്നതായും, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കാത്തതാണ് ഇതിന് കാരണമെന്നും ബി.എസ്.പി നേതാവ് കുറ്റപ്പെടുത്തി.

20ഉം 25ഉം സീറ്റുകളില്‍ മാത്രം മത്സരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ക്കും പ്രധാനമന്ത്രി ആവണമെന്നാണ് ആഗ്രഹമെന്നും കഴിഞ്ഞ ദിവസം മോദി പരിഹസിച്ചിരുന്നു.

പ്രധാനമന്ത്രി സ്ഥാനത്തിനായി പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയായ മഹാസഖ്യത്തിലെ നേതാക്കളെല്ലാം കാത്തു നില്‍ക്കുകയാണെന്നും മോദി മുമ്പ് പറഞ്ഞിരുന്നു.