പേജുകള്‍ കാലിയാക്കി ലെബനീസ് ദിനപത്രത്തിന്റെ പ്രതിഷേധം; രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം
World News
പേജുകള്‍ കാലിയാക്കി ലെബനീസ് ദിനപത്രത്തിന്റെ പ്രതിഷേധം; രാജ്യം കടന്നുപോകുന്നത് ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം
ന്യൂസ് ഡെസ്‌ക്
Friday, 12th October 2018, 3:43 pm

ബെയ്റൂത്ത്: രാജ്യത്തെ സാമ്പത്തിക രാഷ്ട്രീയമേഖലയില്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അനിശ്ചിതത്വത്തില്‍ പ്രതിഷേധിച്ച് ലെബനീസ് ദിനപത്രം അന്നഹാര്‍ വാര്‍ത്തകളില്ലാതെ പ്രസിദ്ധീകരിച്ചു. അന്നഹാറിന്റെ വെബ്സൈറ്റിലും അന്നേ ദിവസം വാര്‍ത്തകളൊന്നും പ്രസിദ്ധീകരിച്ചില്ല. വ്യാഴാഴ്ചയായിരുന്നു സംഭവം. രാജ്യത്തെ ഏറ്റവും പഴക്കമേറിയ പത്രമാണ് അന്നഹാര്‍.

രൂക്ഷമായ പ്രശ്നങ്ങളാണ് ലെബനാനിലെ സാമ്പത്തിക രാഷ്ട്രീയ പരിസ്ഥിതി മേഖലകള്‍ നേരിട്ടുകൊണ്ടിരിക്കുന്നത്. തെരെഞ്ഞെടുപ്പ് നടന്ന് ആറു മാസങ്ങള്‍ കഴിഞ്ഞിട്ടും ലെബനാനില്‍ സര്‍ക്കാര്‍ രൂപീകരണം നടന്നിട്ടില്ല. വമ്പിച്ച കടബാധ്യത നേരിടുന്ന ലെബനാന് സര്‍ക്കാരിന്റെ അഭാവം വലിയ തിരിച്ചടിയാണ്.


2002 ല്‍ മോദി മുഖ്യമന്ത്രിയായിരുന്നപ്പോഴും തെരഞ്ഞെടുപ്പ് നേരത്തെയാക്കിയിരുന്നല്ലോ; അമിത് ഷായുടെ വായടപ്പിച്ച് ടി.ആര്‍.എസ് എം.എല്‍.എ


“ലബനീസ് ജനത അസ്വസ്തരാണ്. രാജ്യം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോള്‍ ജനങ്ങള്‍ രാഷ്ട്രീയക്കാരെ ഉറ്റു നോക്കുകയാണ്. ക്യാബിനറ്റ് രൂപീകരണത്തിന് ജനങ്ങള്‍ ഇനിയും എത്രനാള്‍ കാത്തിരിക്കണമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഒഴിഞ്ഞ പത്രത്താളുകള്‍ ജനങ്ങള്‍ക്ക് ഉണരാനുള്ള ആഹ്വാനമാണ്”- പത്രത്തിന്റെ ചീഫ് എഡിറ്റര്‍ നയ്ല ട്യൂനി പറഞ്ഞു.

രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദന വളര്‍ച്ചയെക്കാള്‍ 153 ശതമാനം അധികം കടത്തിലാണ് ലബനാന്‍. പാഴ്വസ്തു നിര്‍മാര്‍ജന പദ്ധതിയുടെ അപര്യാപ്തത ലെബനാന്റെ പരിസ്ഥിതി, ആരോഗ്യ മേഖലകളിലും അനിശ്ചിത്വം സൃഷ്ടിച്ചിരിക്കുകയാണ്. ലബനാനിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനവാണുള്ളത്.