ജയ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പീലി; ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് വീഡിയോ പങ്കുവെച്ച് ബേസില്‍
Entertainment news
ജയ കരഞ്ഞപ്പോള്‍ കൂടെ കരഞ്ഞ് പീലി; ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടതെന്ന് വീഡിയോ പങ്കുവെച്ച് ബേസില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 30th October 2022, 9:58 am

ബേസില്‍ ജോസഫ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായ ജയ ജയ ജയ ജയഹേ എന്ന ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രം ഒക്ടോബര്‍ 28നാണ് തിയേറ്ററുകളിലെത്തിയത്.

തിയേറ്ററില്‍ ജയ ജയ ജയ ജയഹേ കണ്ട് കരയുന്ന ഒരു കുട്ടിയുടെ വീഡിയോ പങ്ക് വെച്ചിരിക്കുകയാണ് ബേസില്‍ ജോസഫ്. തിയേറ്ററില്‍ വെച്ച് സ്‌ക്രീനില്‍ ദര്‍ശന അവതരിപ്പിച്ച ജയയുടെ കഥാപാത്രം കരയുമ്പോള്‍ കൂടെ വിതുമ്പി കരയുകയാണ് പീലി എന്ന കുട്ടി.

നടനും എഴുത്തുകാരനുമായ ആര്യന്‍ ഗിരിജാവല്ലഭന്റെ മകളാണ് പീലി. ആര്യന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതാണ് ഈ വീഡിയോ. ജയ കരഞ്ഞപ്പോള്‍ പീലി കൂടെ കരഞ്ഞു എന്നാണ് വീഡിയോയില്‍ കുറിച്ച വാക്കുകള്‍.

ഈ വീഡിയോയാണ് ബേസില്‍ തന്റെ സോഷ്യല്‍ മീഡിയ അകൗണ്ടില്‍ പോസ്റ്റ് ചെയ്തത്. ‘സുഹൃത്ത് വാട്‌സാപ്പ് ചെയ്ത വീഡിയോ ആണ്. ദ പ്യൂയര്‍ മാജിക്ക് ഓഫ് സിനിമ. ഇതില്‍ കൂടുതല്‍ എന്താണ് വേണ്ടത്. പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. വിപിന്‍ ദാസ് ദി ഈസ് ഫോര്‍ യൂ’ എന്ന ക്യാപ്ഷനോടെയാണ് ബേസില്‍ വീഡിയോ പങ്കുവെച്ചത്. ആര്യന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത പീലിയുടെ വീഡിയോയുടെ താഴെ ദര്‍ശന കമന്റ് ചെയ്തിട്ടുമുണ്ട്.

രാജേഷ്, ജയഭാരതി എന്നീ കഥാപാത്രങ്ങളായിട്ടാണ് ബേസിലും ദര്‍ശനയും ചിത്രത്തിലെത്തിയത്.
അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പറവൂര്‍, ഹരീഷ് പേങ്ങന്‍, നോബി മാര്‍ക്കോസ്, ശരത് സഭ, ആനന്ദ് മന്മഥന്‍, മഞ്ജു പിള്ള തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.

ചിയേഴ്‌സ് എന്റര്‍ടേയ്‌മെന്റിന്റെ ബാനറില്‍ ലക്ഷ്മി വാര്യര്‍, ഗണേഷ് മേനോന്‍, സൂപ്പര്‍ ഡ്യൂപ്പര്‍ ഫിലിംസിന്റെ ബാനറില്‍ അമല്‍ പോള്‍സണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്.

content highlight: When Jaya cried, Peele cried with her; Basil Joseph shared the video and asked what more is needed