നിസാമുദ്ദീനില്‍ സംഭവിച്ചതെന്ത്?; തബ് ലീഗ് ജമാ അത്ത് സമ്മേളനം ഇന്ത്യയിലെ കൊവിഡ് 19 ഹോട്ട് സ്‌പോട്ടാകുമ്പോള്‍
kERALA NEWS
നിസാമുദ്ദീനില്‍ സംഭവിച്ചതെന്ത്?; തബ് ലീഗ് ജമാ അത്ത് സമ്മേളനം ഇന്ത്യയിലെ കൊവിഡ് 19 ഹോട്ട് സ്‌പോട്ടാകുമ്പോള്‍
ന്യൂസ് ഡെസ്‌ക്
Tuesday, 31st March 2020, 4:55 pm

കോഴിക്കോട്: കൊവിഡ് 19 ന്റെ ആശങ്ക വര്‍ധിപ്പിക്കുകയാണ് നിസാമുദ്ദീനില്‍ നടന്ന തബ് ലീഗ് ജമാ അത്ത് സമ്മേളനം. രാജ്യത്ത് ഇതിനോടകം തന്നെ നിസാമുദ്ദീന്‍, കൊവിഡ് 19 ഹോട്ട്‌സ്‌പോട്ടായിട്ടുണ്ട്. സമ്മേളനത്തില്‍ പങ്കെടുത്ത ആറ് പേര്‍ കൊവിഡ് 19 നെ തുടര്‍ന്ന് മരിച്ചു എന്ന് തെലങ്കാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.

സമ്മേളനത്തില്‍ പങ്കെടുത്ത തമിഴ്‌നാട്, കശ്മീര്‍ സ്വദേശികളും മരിച്ചിട്ടുണ്ട്. 24 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന് ദല്‍ഹി ആരോഗ്യമന്ത്രി ചൊവ്വാഴ്ച രാവിലെ വ്യക്തമാക്കിയിരുന്നു. കൊവിഡ് 19 നിര്‍ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് മര്‍കസ് അധികൃതര്‍ക്കെതിരെ കേസെടുത്തിരിക്കുകയാണ് ദല്‍ഹി സര്‍ക്കാര്‍.

ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 1 വരെ ക്വാലാലംപൂരില്‍ നടന്ന സൗത്ത് ഏഷ്യ തബ്ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ നിന്നാണ് ദല്‍ഹിയിലെ നിസാമുദ്ദീനിലേക്ക് രോഗമെത്തിയതെന്നാണ് സംശയിക്കപ്പെടുന്നത്.

അതിന് ശേഷം നിസാമുദ്ദീനിലേക്ക് സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന് ക്വാലാലംപൂരില്‍ നിന്നും ചില വിദേശ പ്രതിനിധികള്‍ മാര്‍ച്ച് 10ന് തന്നെ ഇന്ത്യയില്‍ എത്തിയിരുന്നു. മാര്‍ച്ച് 13 മുതല്‍ 15 വരെയാണ് നിസാമുദ്ദീനില്‍ തബ് ലീഗ് ജമാഅത്ത് ഏഷ്യ സമ്മേളനം നടന്നത്.

ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്‍പ്പെടെ രണ്ടായിരത്തി അഞ്ഞൂറോളം ആളുകളാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. ഇതിന് ശേഷവും ആയിരത്തിനാനൂറോളം ആളുകള്‍ ജമാഅത്തിന്റെ ‘മര്‍ക്കസില്‍’ താമസിച്ചിരുന്നു.

മാര്‍ച്ച് 16 ന് ദല്‍ഹിയില്‍ 50 ആളുകള്‍ കൂടുന്ന എല്ലാ പരിപാടികളും റദ്ദാക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതിനിടെ സമ്മേളനത്തില്‍ പങ്കെടുത്ത കുറച്ചുപേര്‍ ദല്‍ഹി വിടുകയും പിന്നെയും കുറച്ച് പേര്‍ അവിടെ തന്നെ തുടരുകയും ചെയ്തു.

മാര്‍ച്ച് 22 നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ. അന്ന് ഗതാഗതം നിലച്ചതോടെ മാര്‍ച്ച് 23 ന് 1500 ഓളം പേര്‍ മര്‍കസില്‍ നിന്നും പോയതായി ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

പിന്നാലെയാണ് മാര്‍ച്ച് 24 മുതല്‍ രാജ്യത്ത് 21 ദിവസത്തേക്ക് സമ്പൂര്‍ണ്ണ അടച്ചിടല്‍ പ്രഖ്യാപിക്കുന്നത്.

നടന്നത് ഗുരുതര നിയമലംഘനമെന്ന് ദല്‍ഹി സര്‍ക്കാര്‍

കൊറോണ രോഗ ലക്ഷണങ്ങള്‍ കാണിച്ച മുന്നൂറിലധികം പേരെ സംസ്ഥാനത്ത് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. സമ്മേളത്തിന് ശേഷം ആളുകള്‍ താമസിച്ചിരുന്ന മര്‍ക്കസ് കെട്ടിടം ഇന്ന് രാവിലെ സീല്‍ ചെയ്തിരുന്നു. മര്‍ക്കസ് കെട്ടിടത്തില്‍ 1500-1700 പേര്‍ ഉണ്ടായിരുന്നതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിന്‍ ചൂണ്ടിക്കാട്ടി. 1034 പേരെ ഇതുവരെ ഒഴിപ്പിച്ചു. 334 പേരെ ആശുപത്രിയിലാക്കി. എണ്ണൂറോളം പേരെ നഗരത്തിലെ വിവിധ സ്ഥലങ്ങളില്‍ ക്വാറന്റിനിലാക്കി.

നൂറു കണക്കിന് ആളുകളുടെ ജീവന്‍ ആപകടത്തിലാക്കിയ പള്ളി അധികൃതര്‍ക്കെതിരെ അശ്രദ്ധയ്ക്ക് കേസെടുക്കണെമെന്ന് തിങ്കളാഴ്ച്ച ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ആവശ്യപ്പെട്ടിരുന്നു.

സത്യേന്ദ്ര ജെയിന്‍-(ദല്‍ഹി ആരോഗ്യമന്ത്രി)

‘പരിപാടിയുടെ സംഘാടകര്‍ ഗുരുതരമായ കുറ്റകൃത്യമാണ് നടത്തിയത്. ദല്‍ഹിയില്‍ ഡിസാസ്റ്റര്‍ ആക്ട് ആന്‍ഡ് കോണ്ടേജിസ് ഡിസീസ് ആക്ട് നിലവില്‍ വന്ന സാഹചര്യത്തില്‍ അഞ്ചില്‍ കൂടുതല്‍ ആളുകളുടെ സമ്മേളനം അനുവദിക്കില്ല. എന്നിട്ടും അവര്‍ ഇത് ചെയ്തു. അവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഞാന്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് കത്തെഴുതിയിട്ടുണ്ട്. എഫ്.ഐ.ആര്‍ ഫയല്‍ ചെയ്യാന്‍ ദല്‍ഹി സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുണ്ട്’, ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിന്‍ പറഞ്ഞു.

നിസാമുദ്ദീന്‍ കേരളത്തിനും ആശങ്കയോ?

രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് 19 സ്ഥിരീകരിച്ച കേരളത്തിനും തബ് ലീഗ് ജമ അത്ത് സമ്മേളനം ഭീഷണിയുയര്‍ത്തുന്നുണ്ട്. ഈ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശി ദല്‍ഹിയില്‍ പനി ബാധിച്ച് മരിച്ചിരുന്നു. അതേസമയം ഇദ്ദേഹത്തിന് കൊവിഡ് 19 ഉണ്ടായിരുന്നെന്ന് സ്ഥിരീകരിച്ചിട്ടില്ല.

പത്തനംതിട്ട വെട്ടിപ്രം സ്വദേശി ഡോ. സലീം ആണ് മരിച്ചത്. ഇദ്ദേഹം ദല്‍ഹിയില്‍ വെച്ച് ഒരാഴ്ച മുന്‍പാണ് മരിച്ചത്. ലോക്ക് ഡൗണ്‍ ആയതിനാല്‍ ദല്‍ഹിയില്‍ വെച്ച് തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുകയായിരുന്നു.

ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്ന തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികള്‍ നിരീക്ഷണത്തിലാണ്. മൂന്നംഗസംഘം ഇക്കഴിഞ്ഞ ഏഴിനാണ് നിസാമുദ്ദീനിലേക്ക് പോയത്. തിരുവനന്തപുരത്തെ ഒരു മൗലവി, പത്തനംതിട്ടയിലെ അധ്യാപകന്‍ എന്നിവരാണ് ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്നത്.

പി.ബി നൂഹ്- (പത്തനംതിട്ട കളക്ടര്‍)

അതേസമയം പത്തനംതിട്ടയില്‍ 14 ദിവസത്തേക്ക് കൂടി നിരോധനാജ്ഞ നീട്ടിയതായി കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. മാര്‍ച്ച് 31 വരെയുണ്ടായിരുന്ന നിരോധനാജ്ഞയാണ് ഏപ്രില്‍ 14 വരെ നീട്ടിയത്.

നിസാമുദ്ദീനിലേക്ക് കഴിഞ്ഞ ഒരു മാസത്തിനിടെ പോയ എല്ലാവരേയും ട്രേസ് ചെയ്യാനാണ് തീരുമാനമെന്നും അതിനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

‘ഇന്ന് വൈകീട്ടോടെ തന്നെ അതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് കിട്ടും. നാളത്തേക്ക് മുഴുവന്‍ പട്ടികയും പൂര്‍ത്തിയാക്കും.’ കളക്ടര്‍ പറഞ്ഞു.

അതേസമയം തുടര്‍ച്ചയായി ആളുകള്‍ നിര്‍ദേശം ലംഘിക്കുകയാണെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജയും പറഞ്ഞു. നിസാമുദ്ദീനിലെ തബ് ലീഗ് ജമാ അത്ത് സമ്മേളനത്തില്‍ പങ്കെടുത്ത മലയാളികള്‍ക്ക് വൈറസ് ബാധയുള്ളതായി ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

 കെ.കെ ശൈലജ- (ആരോഗ്യമന്ത്രി)

‘നിരന്തരം ജാഗ്രത വേണമെന്നല്ലാതെ എന്താണ് പറയേണ്ടത്. മനുഷ്യര്‍ക്ക് പറഞ്ഞാല്‍ മനസിലാകാത്തത് എന്താണ്. മതസമ്മേളനങ്ങളില്‍ പങ്കെടുക്കരുതെന്ന് എത്രതവണ പറഞ്ഞതാണ്.’, മന്ത്രി കൂട്ടിച്ചേര്‍ത്തു.

ആശങ്കയില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍

പ്രാര്‍ത്ഥനാ സമ്മേളനം നടന്നത് ദല്‍ഹിയിലാണെങ്കിലും രാജ്യത്തെ എല്ലാ ഭാഗത്തും ഇതിന്റെ പശ്ചാത്തലത്തില്‍ ജാഗ്രത കര്‍ശനമാക്കിയിട്ടുണ്ട്. ദല്‍ഹിയില്‍ ഇതിനോടകം സമ്മേളനത്തില്‍ പങ്കെടുത്ത 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ശ്രീനഗറില്‍ രോഗം ബാധിച്ച് മരിച്ചയാള്‍ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

മാത്രമല്ല ഇയാള്‍ പള്ളികളിലെ പ്രാര്‍ത്ഥനാ ചടങ്ങുകളിലും പങ്കെടുത്തിരുന്നു. അതേസമയം തെലങ്കാനയില്‍ കൊവിഡ് 19 ബാധിച്ച് മരിച്ച ആറ് പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തവരാണ് എന്ന സര്‍ക്കാരിന്റെ സ്ഥിരീകരണമാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ആശങ്കയുണര്‍ത്തുന്നത്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തെലങ്കാനയും തമിഴ്‌നാടും ഈ വിഷയത്തില്‍ അതീവ ജാഗ്രത പുലര്‍ത്തണം എന്നാണ് റിപ്പോര്‍ട്ട്.

സമ്മേളനത്തിന് ശേഷം രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് ആളുകള്‍ പോയിട്ടുണ്ട്. ആന്ധ്ര, തെലങ്കാന എന്നിവിടങ്ങളില്‍ നിന്നും ആയിരം പേര്‍, തമിഴ്‌നാട്ടില്‍ നിന്നും 1500, ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍, സൗദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നും 280 പേര്‍ എന്നിങ്ങനെ നിരവധി പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

അങ്ങനെയെങ്കില്‍ ഇവര്‍ ആരെല്ലാമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടുണ്ട് എന്നതെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കണ്ടെത്തേണ്ടിവരും.

സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ല; സന്ദര്‍ശകര്‍ കുടുങ്ങിയത് ലോക്ക് ഡൗണ്‍ കാരണം

അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചിട്ടില്ലെന്നാണ് തബ് ലീഗ് ജമാ അത്ത് കമ്മിറ്റി പറഞ്ഞത്. സംസ്ഥാന സര്‍ക്കാര്‍ ദല്‍ഹി അടച്ചുപൂട്ടിയതും പിന്നാലെ കേന്ദ്രസര്‍ക്കാര്‍ രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതുമാണ് സന്ദര്‍ശകര്‍ക്ക് തിരിച്ചുപോകാന്‍ കഴിയാതിരുന്നത് തബ് ലീഗ് ജമാ അത്ത് പ്രസ്താവനയില്‍ അറിയിച്ചു.

പ്രയാസപ്പെട്ടാണെങ്കിലും മര്‍കസ് കമ്മിറ്റി കുറച്ചുപേര്‍ക്ക് ഗതാഗത സൗകര്യം ഒരുക്കിയതായും ശേഷിച്ചവര്‍ക്ക് വേണ്ട ആരോഗ്യ മുന്‍കരുതലുകളോടെ താമസസൗകര്യം ഒരുക്കിയതായും പ്രസ്താവനയില്‍ പറയുന്നു.

‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി 2020 മാര്‍ച്ച് 22 ന് ജനതാ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോള്‍, മര്‍കസ് നിസാമുദ്ദീനില്‍ നടന്നുകൊണ്ടിരിക്കുന്ന പരിപാടി ഉടന്‍ നിര്‍ത്തലാക്കിയിരുന്നു. എന്നിരുന്നാലും 2020 മാര്‍ച്ച് 21 ന് രാജ്യത്തുടനീളമുള്ള റെയില്‍ സര്‍വീസുകള്‍ പെട്ടെന്ന് റദ്ദാക്കിയതിനെത്തുടര്‍ന്ന്, സന്ദര്‍ശകരുടെ ഒരു വലിയ സംഘം മര്‍കസ് പരിസരത്ത് കുടുങ്ങി’

ലോക്ക് ഡൗണ്‍ നിലവില്‍ വരുന്നതിനു മുന്‍പ് മാര്‍ച്ച് 19നാണ് നിസാമുദ്ദീനിലെ അലാമി മര്‍ക്കസ് ബാഗ്ലിവാലി മസ്ജിദില്‍ നടന്ന മതസമ്മേളനം അവസാനിച്ചത്. ഇന്തോനേഷ്യ, മലേഷ്യ, കിര്‍ഗിസ്ഥാന്‍ എന്നിവിടങ്ങളില്‍നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുമുള്ളവര്‍ ഈ മാസം വിവിധ ദിവസങ്ങളിലായി പള്ളി സന്ദര്‍ശിച്ചിട്ടുണ്ട്.

മതസമ്മേളനത്തിന്റെ തുടക്കത്തില്‍ വിവിധ പ്രദേശങ്ങളില്‍നിന്ന് 1,500 പേരാണ് പങ്കെടുത്തത്. പിന്നീട് 500 പേര്‍ കൂടി എത്തി. മൊത്തം 2,000 പേരില്‍ 280 പേര്‍ വിദേശികളാണ്.

ആരംഭം മലേഷ്യയില്‍?

ക്വാലാലംപുരില്‍ പ്രാര്‍ത്ഥനാ സമ്മേളനം നടന്ന പള്ളി

ക്വലാലംപൂരില്‍ നടന്ന പ്രാര്‍ത്ഥന ചടങ്ങില്‍ 16000 ത്തോളം പേര്‍ പങ്കെടുത്തിരുന്നു. ഇതില്‍ 1500 പേര്‍ വിദേശത്തുനിന്നുള്ളവരായിരുന്നു. മലേഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത പോസിറ്റീവ് കേസുകളില്‍ 428 പേര്‍ക്കും ഈ ചടങ്ങില്‍ പങ്കെടുത്തതിലൂടെയാണ് വൈറസ് വ്യാപിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഈ പള്ളി പിന്നീട് അടച്ചുപൂട്ടിയിരുന്നു.

മലേഷ്യയിലെ പ്രാര്‍ത്ഥനാസമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നലെ സിംഗപ്പൂരിലെ എല്ലാ പള്ളികളും അടച്ചിരുന്നു. മാര്‍ച്ച് 16 നാണ് പള്ളികള്‍ അടച്ചിടുന്നതായി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. നേരത്തെ തന്നെ സിംഗപ്പൂരില്‍ പള്ളികള്‍ അടച്ചിടാന്‍ തീരുമാനമായിരുന്നു.

എന്നാല്‍ മലേഷ്യയിലെ പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സിംഗപ്പൂരില്‍ നിന്നുള്ളവരും പങ്കെടുത്തിരുന്നു എന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മാര്‍ച്ച് 26 വരെ പള്ളികള്‍ അടച്ചിടുന്നത് തുടരുമെന്ന് സര്‍ക്കാര്‍ അറിയിക്കുകയായിരുന്നു.

 

രോഗം സ്ഥിരീകരിച്ചവര്‍ പങ്കെടുത്തു എന്നതിനാല്‍ തന്നെ മലേഷ്യയിലേയും സിംഗപ്പൂരിലേയും പള്ളികള്‍ നേരത്തെ അടച്ചിരുന്നു എന്ന വാര്‍ത്തകള്‍ വന്നിട്ടും അതേ സമ്മേളനം നടത്താന്‍ ദല്‍ഹിയില്‍ അധികൃതര്‍ അനുമതി നല്‍കി എന്നത് ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് വെളിവാക്കുന്നത്.

ഇതേസമയത്ത് തന്നെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഹിന്ദുമഹാസഭ കൊവിഡിനെ നേരിടാന്‍ ഗോമൂത്രപാര്‍ട്ടികള്‍ നടത്തിയതും യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ രാമനവമിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനാ ചടങ്ങുകളില്‍ പങ്കെടുത്തതും.

മാര്‍ച്ച് 15,16 തിയതികളിലായിരുന്നു ഹിന്ദു മഹാസഭ ദല്‍ഹിയിലും ബെംഗളൂരുവിലും ലക്‌നൗവിലും ഗോ മൂത്ര പാര്‍ട്ടി നടത്തിയിരുന്നത്. മാര്‍ച്ച് 25 ന് നടത്തേണ്ടിയിരുന്ന രാമനവമി ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് ശേഷം മാര്‍ച്ച് 20 നായിരുന്നു യോഗി സര്‍ക്കാര്‍ നടത്തില്ലെന്ന് അറിയിച്ചത്.

ഇതിനിടെ യോഗിയടക്കം നിരധി പേര്‍ രാമനവമിയോടനുബന്ധിച്ചുള്ള ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു.

എന്താണ് തബ് ലീഗ് ജമാ അത്ത്?

വിശ്വാസം പ്രചരിപ്പിക്കുന്ന സമൂഹം എന്നാണ് തബ് ലീഗ് ജമാ അത്ത് എന്ന അറബി വാത്തിന്റെ അര്‍ത്ഥം. 1926-ല്‍ ഇന്ത്യയില്‍ മൗലാനാ മുഹമ്മദ് ഇല്യാസ് സ്ഥാപിച്ച ആഗോള ഇസ്ലാമിക മതപ്രചാരണ പ്രസ്ഥാനമാണിത്.

തബ്ലീഗ് ജമാഅത്തിന് ഇന്ന് 150-ലധികം രാഷ്ട്രങ്ങളില്‍ സഹകാരികള്‍ ഉണ്ട്. മതപ്രബോധനത്തിനും പ്രചാരണത്തിനും ആധുനിക മാധ്യമങ്ങളുടെ സഹായം തേടാന്‍ വിമുഖത കാട്ടുന്ന തബ്ലീഗ് ജമാഅത്ത് വ്യക്തിഗത പ്രവര്‍ത്തനത്തിനാണ് ഊന്നല്‍ കൊടുക്കുന്നത്.

1926-ല്‍ വടക്കേ ഇന്ത്യയിലെ മേവാത്ത് എന്ന സ്ഥലത്താണ് തബ്ലീഗ് ജമാഅത്ത് രൂപീകൃതമാകുന്നത്. 100 വര്‍ഷത്തോളമായി തബ് ലീഗി ജമാഅത്തിന്റെ അന്താരാഷ്ട്ര ആസ്ഥാനമാണ് മര്‍കസ് നിസാമുദ്ദീന്‍. ലോകമെമ്പാടുമുള്ള സന്ദര്‍ശകര്‍/ തീര്‍ത്ഥാടകര്‍ 3-5 ദിവസത്തില്‍ കൂടാത്ത മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്ത പരിപാടികള്‍ക്കായി സ്ഥലത്തെത്തുന്നുണ്ട്.

WATCH THIS VIDEO: