എന്താണ് ബ്ലാക്ക് ഫംഗസ് രോഗം, എന്താണ് പ്രതിരോധ മാര്‍ഗങ്ങള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്

രാജ്യം കൊവിഡിന്റെ രണ്ടാം തരംഗം ഉയര്‍ത്തിയ ഭീഷണി നേരിടുന്നതിനിടെയാണ് ആശങ്ക ഉയര്‍ത്തിക്കൊണ്ട് ബ്ലാക്ക് ഫംഗസ് രോഗം രാജ്യത്ത് വിവിധയിടങ്ങളില്‍ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം കേരളത്തിലും ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചു. ജീവന് പോലും ഭീഷണിയാവുന്ന ഫംഗസ് രോഗം വലിയ വെല്ലുവിളിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടാക്കുന്നത്.

കേരളത്തിന് പുറമെ ഗുജറാത്ത്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലുങ്കാന, ഛത്തീസ്ഗഢ്, ഒഡീഷ, ദല്‍ഹി, മധ്യപ്രദേശ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ ഈ ഫംഗസ് സ്ഥിരീകരിച്ചിട്ടുണ്ട്.

എന്താണ് ബ്ലാക്ക് ഫംഗസ് രോഗം ?, എങ്ങനെയാണ് രോഗം ബാധിക്കുന്നത് ?, എന്തൊക്കെയാണ് രോഗ ലക്ഷണങ്ങള്‍ ?, എന്താണ് പ്രതിരോധ മാര്‍ഗങ്ങള്‍ ?

————————————-

മ്യൂക്കര്‍ എന്ന വിഭാഗം ഫംഗസുകള്‍ മൂലമുണ്ടാകുന്ന ഫംഗസ് അണുബാധയാണ് മ്യൂക്കോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് രോഗം. മുഖം, മൂക്ക്, കണ്ണ്, തലച്ചോര്‍ എന്നിവയെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ബ്ലാക്ക് ഫംഗസ് ബാധ കാഴ്ച നഷ്ടപ്പെടല്‍, മൂക്ക്, താടിയെല്ല് എന്നിവ നീക്കം ചെയ്യേണ്ട അവസ്ഥ എന്നിവയ്ക്ക് കാരണമായേക്കാം. പലപ്പോഴും തലച്ചോറിലേക്ക് ഫംഗസ് ബാധ പടര്‍ന്നാല്‍ രക്തം കട്ടയാവുകയും മരണം സംഭവിക്കുകയും ചെയ്യും, അല്ലെങ്കില്‍ രോഗ പ്രതിരോധ ശേഷി കുറഞ്ഞ് മരണം സംഭവിക്കാനും സാധ്യതയുണ്ട്.

അപൂര്‍വ രോഗങ്ങളുടെ കൂട്ടത്തില്‍ പെടുന്ന ബ്ലാക്ക് ഫംഗസ് രോഗം രോഗപ്രതിരോധ ശേഷി കുറവുള്ള വ്യക്തികള്‍, പ്രമേഹ രോഗികള്‍, എച്ച്.ഐ.വി രോഗികള്‍, അവയവമാറ്റം കഴിഞ്ഞിരിക്കുന്ന രോഗികള്‍ അല്ലെങ്കില്‍ അടുത്തിടെ മറ്റൊരു ഗുരുതരമായ രോഗം ഭേദമായ വ്യക്തികള്‍ തുടങ്ങിയവരെയാണ് ബാധിക്കുക.

കൊവിഡ് രോഗം വന്ന് ഭേദമായവര്‍ക്കിടയില്‍ ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ കൊവിഡ് മൂലമുണ്ടാകുന്ന രോഗമാണ് ബ്ലാക് ഫംഗസ് എന്ന തെറ്റിദ്ധാരണ വന്നിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ കൊവിഡ് മൂലം ഉണ്ടായിട്ടുള്ള ഒരു രോഗമല്ല ബ്ലാക്ക് ഫംഗസ്. വളരെ മുമ്പ് തന്നെ ബ്ലാക്ക് ഫംഗസ് രോഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉണ്ട്.

കൊവിഡ് വ്യാപനം തുടങ്ങിയ ശേഷം, 2020 ഡിസംബറില്‍ അലഹബാദില്‍ റിപ്പോര്‍ട്ട് ചെയ്ത ബ്ലാക് ഫംഗസ് കേസുകളായിരുന്നു ഈ രോഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് രാജ്യത്ത് വീണ്ടും വഴിവെച്ചത്. ഒമ്പത് മരണങ്ങള്‍ ഉള്‍പ്പെടെ 44 കേസുകളായിരുന്നു ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. രോഗ പ്രതിരോധ ശേഷി കുറഞ്ഞവര്‍ക്കിടയില്‍ രോഗം പിടിപെടാന്‍ സാധ്യതയുള്ളതിനാല്‍ കൊവിഡ് വ്യാപകമായതിന് പിന്നാലെ ബ്ലാക് ഫംഗസ് രോഗവും കൊവിഡ് ബാധിതരിലും രോഗം ഭേദമായവരിലും കൂടുതലായി സ്ഥിരീകരിക്കുകയായിരുന്നു.

കൊവിഡ് പോലെ പടര്‍ന്നുപിടിക്കുന്ന, പകര്‍ച്ചവ്യാധിയെന്നോ, സാംക്രമിക രോഗമെന്നോ ബ്ലാക് ഫംഗസിനെ വിളിക്കാന്‍ കഴിയില്ല. പക്ഷെ, നിങ്ങള്‍ക്ക് രോഗ പ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍, ബ്ലാക് ഫംഗസ് ബാധിതനായ ഒരാളില്‍ നിന്ന്, അയാളുടെ ഫംഗസുമായി കോണ്‍ടാക്ട് വരുന്ന സാഹചര്യമുണ്ടായാല്‍ നിങ്ങള്‍ക്ക് ഈ രോഗം വരാന്‍ സാധ്യതയുണ്ട്.

എന്തൊക്കെയാണ് ബ്ലാക്ക് ഫംഗസ് രോഗത്തിന്റെ ലക്ഷണങ്ങള്‍, ആരൊക്കെ ശ്രദ്ധിക്കണം ?

കൊവിഡ് മൂലം രോഗ പ്രതിരോധ ശേഷി കുറഞ്ഞ വ്യക്തികളിലാണ് നിലവില്‍ ഏറ്റവും കൂടുതല്‍ ബ്ലാക്ക് ഫംഗസ് രോഗം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊവിഡ് രോഗം ബാധിച്ചവരിലും രോഗമുക്തരായവരിലും കൂടുതലായി ഈ രോഗം കാണുന്നുണ്ട്.

കടുത്ത പ്രമേഹ രോഗമുള്ളവര്‍, ഒന്നിലധികം രോഗങ്ങളുള്ളവര്‍, അവയവമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, എയ്ഡ്സ്, ക്യാന്‍സര്‍ പോലുള്ള രോഗമുള്ളവര്‍, സ്റ്റിറോയ്ഡ് ഉപയോഗിക്കുന്നവര്‍, ഒരുപാട് കാലം ഐ.സി.യുവില്‍ കഴിയേണ്ടി വന്നവര്‍ എന്നിവരിലാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് രോഗം കാണുന്നത്.

കണ്ണ്, മൂക്ക് എന്നിവയ്ക്ക് ചുറ്റും അനുഭവപ്പെടുന്ന വേദനയും ചുവപ്പ് നിറവും, പനി, തലവേദന, ചുമ, ശ്വാസതടസം, ഛര്‍ദിയില്‍ രക്തത്തിന്റെ അംശം, മൂക്കില്‍ നിന്നും കറുത്ത നിറത്തിലോ രക്തം കലര്‍ന്നതോ ആയ സ്രവം വരിക, മൂക്ക് അടഞ്ഞതായോ തടസം തോന്നുകയോ ചെയ്യുക, മുഖത്തിന്റെ ഒരു ഭാഗത്ത് വേദന, തരിപ്പ്, വീക്കം എന്നിവ ഉണ്ടാവുക, അണ്ണാക്ക്, മൂക്കിന്റെ പാലം എന്നിവിടങ്ങില്‍ കറുപ്പ് കലര്‍ന്ന നിറവ്യത്യാസം, പല്ലുവേദന, പല്ല് കൊഴിയല്‍, മങ്ങിയ കാഴ്ച, താടിയെല്ലിന് വേദന, തൊലിപ്പുറത്ത് ക്ഷതം, ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട്, നെഞ്ച് വേദന, മാനസിക പ്രശ്‌നങ്ങള്‍ എന്നിവയാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് രോഗ ബാധയുടെ ലക്ഷണങ്ങള്‍.

എന്തൊക്കെയാണ് പ്രതിരോധ മാര്‍ഗങ്ങള്‍ ?

അണുബാധയുണ്ടായവരില്‍ മരണ നിരക്ക് അമ്പത് ശതമാനമാണെങ്കിലും രോഗം നേരത്തേ കണ്ടെത്തിയാല്‍ അപകടനിരക്ക് കുറയ്ക്കാമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ആന്റിഫംഗലുകള്‍ ഉപയോഗിച്ചാണ് പൊതുവേ ബ്ലാക്ക് ഫംഗസ് രോഗത്തെ ചികിത്സിക്കുക. ഗുരുതരാവസ്ഥയിലുള്ള രോഗിയാണെങ്കില്‍ സര്‍ജറി അടക്കം വേണ്ടി വരും.

മാസ്‌ക് ഉപയോഗിക്കുക എന്നതാണ് പ്രധാനമായും ബ്ലാക്ക് ഫംഗസ് രോഗം ചെറുക്കാനുള്ള ഒരു മാര്‍ഗം. ഇതിന് പുറമെ, രോഗ പ്രതിരോധ ശേഷി കുറവായവരോ ഗുരുതര രോഗം ബാധിച്ചവരോ ഇടപെടാന്‍ സാധ്യതയുള്ള ഐ.സി.യു പോലുള്ള ഇടങ്ങള്‍ ഫംഗസ് വിമുക്തമാക്കുക എന്നതും പ്രധാനമാണ്.

പ്രമേഹ രോഗമുള്ളവരും രോഗപ്രതിരോധശേഷിയില്ലാത്തവരും പഞ്ചസാരയുടെ അളവും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവും നിയന്ത്രിക്കണം. സ്റ്റിറോയിഡുകള്‍ നിര്‍ദ്ദേശിച്ചിട്ടുള്ള ആളുകളെ നിരന്തരം നിരീക്ഷിക്കുകയും നിങ്ങളുടെ ഡോക്ടറുമായി കൂടിയാലോചിച്ച് അളവ് കുറയ്ക്കുകയും വേണം.

ഓക്‌സിജന്‍ തെറാപ്പിക്കായി ശുദ്ധവും അണുവിമുക്തവുമായ വെള്ളം മാത്രം ഉപയോഗിക്കുക. ആന്റിബയോട്ടിക്ക്, ആന്റി ഫംഗല്‍ മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ഉപയോഗിക്കുക. രോഗലക്ഷണങ്ങള്‍ അവഗണിക്കാതിരിക്കുക, രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുക എന്നിവയെല്ലാം നിര്‍ബന്ധമായും ശ്രദ്ധിക്കണം.

വ്യക്തി ശുചിത്വവും ഏറെ പ്രധാനമാണ്. സ്‌ക്രബ് ഉപയോഗിച്ച് തേച്ച് കുളിക്കുക, പുറത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍പാദം മുഴുവനും മൂടുന്ന തരത്തിലുള്ള ചെരിപ്പോ ഷൂസോ ധരിക്കുക, കാല്‍ മുഴുവന്‍ മറയുന്ന പാന്റ്‌സ് ധരിക്കുക, കൈമൂടിയ ഷര്‍ട്ട് ധരിക്കുക, ഗ്ലൗസ് ഉപയോഗിക്കുക എന്നിവയും ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന മാര്‍ഗ നിര്‍ദ്ദേശങ്ങളാണ്.

കൊവിഡ് രോഗികള്‍, രോഗത്തെ തുടര്‍ന്ന് ശാരീരികമായി തളര്‍ന്നിരിക്കുന്നതിനാല്‍, ഫംഗസ് ബാധ ഏല്‍ക്കുന്നതോട് കൂടി ഉള്ള പ്രതിരോധ ശേഷി കൂടി കുറയുകയും, മറ്റുരോഗങ്ങള്‍ ബാധിച്ച് മരണം സംഭവിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ കൊവിഡ് രോഗം വന്നു പോയവര്‍ ബ്ലാക്ക് ഫംഗസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു.

കൊവിഡ് അതിതീവ്രമായി പടരുന്ന സാഹചര്യത്തില്‍, അപകടകാരിയായ ബ്ലാക് ഫംഗസ് രോഗം കൂടി പടര്‍ന്നു പിടിച്ചാല്‍ അത് ദൂരവ്യാപകമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കും. ഇപ്പോള്‍ തന്നെ സമ്മര്‍ദത്തിലായിരിക്കുന്ന ഒരു ആരോഗ്യസംവിധാനത്തെ കൂടുതല്‍ വിഷമത്തിലാക്കുന്ന അവസ്ഥയിലേക്കായിരിക്കും ഈ രോഗം തള്ളി വിടുക. അതുകൊണ്ടു തന്നെ ബ്ലാക് ഫംഗസിനെതിരെ കൂടി നമ്മള്‍ ഒരല്‍പം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

What is black fungus disease and what are the preventive measures