നെഗ്രി പോകുമ്പോള്‍ അവശേഷിപ്പിച്ചതെന്ത്?
DISCOURSE
നെഗ്രി പോകുമ്പോള്‍ അവശേഷിപ്പിച്ചതെന്ത്?
ഡോ.പി.കെ.പോക്കര്‍
Wednesday, 20th December 2023, 6:39 pm
ഇപ്പോള്‍ ഫലസ്തീനിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുമ്പോള്‍ പറയുന്ന ന്യായം നെഗ്രിയെ തടവിലാക്കുമ്പോള്‍ ഭരണകൂടം പറഞ്ഞ അതേ ഭീകരവാദമാണ്. ലോക പൊലീസായി അറിയപ്പെടുന്ന അമേരിക്കന്‍ ഭരണ കൂടത്തിന്റെ സഹകരണവും പിന്തുണയുമാണ് ഫലസ്തീനിലെ അധിനിവേശം സാധ്യമാക്കുന്നത്. ഉല്പാദന പ്രത്യുല്‍പാദന പ്രക്രിയയില്‍ ഉണ്ടായ മാറ്റങ്ങള്‍ നിരന്തര യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത് നെഗ്രി പ്രതിപാദിക്കുന്നുണ്ട്. അതേസമയം വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന നെഗ്രി അധിനിവേശത്തെ യുദ്ധമായി വ്യാഖ്യാനിക്കുന്നതില്‍ അന്തര്‍ഭവിച്ച ഹിംസാത്മകത കാണാതെ പോവുകയാണ്. ഇന്ത്യയില്‍ ബ്രിട്ടന്‍ അധിനിവേശം നടത്തിയ സന്ദര്‍ഭത്തില്‍ നമ്മള്‍ നടത്തിയ പ്രതിരോധം യുദ്ധമായിരുന്നില്ല. രണ്ടു സൈന്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുക. 1948 മുതല്‍ സയണിസ്റ്റുകളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന ഫലസ്തീനിലെ ജനങ്ങള്‍ നടത്തുന്ന പ്രതിരോധം എങ്ങിനെ യുദ്ധമാകും.

ആന്റോണിയോ നെഗ്രി

ആന്റോണിയോ നെഗ്രിയുടെ(1933-2023) വേര്‍പാട് വിപ്ലവകാരിയായ ആ പ്രതിഭയെ സ്ഥാനപ്പെടുത്താനും സ്മരിക്കാനുമുള്ള സന്ദര്‍ഭം സൃഷ്ടിച്ചിരിക്കയാണ്. നെഗ്രി വെറുമൊരു അക്കാദമിക ദാര്‍ശനികനായല്ല ജീവിച്ചത്. ഇറ്റാലിയന്‍ ഭരണകൂടത്തിന് മുന്നില്‍ ഭയരഹിതമായി ആശയങ്ങള്‍ അവതരിപ്പിച്ചതിന് മുസ്സോളിനിയുടെ കാലത്ത് ഗ്രാംഷിയെന്നപോലെ ദീര്‍ഘകാലം ജയിലില്‍ അടക്കപ്പെട്ട ദാര്‍ശനികനായിരുന്നു നെഗ്രി.

വിപ്ലവകാരിയായ ഒരു മൌലീക ചിന്തകന്റെ അടയാളങ്ങള്‍ ബാക്കിയാക്കിയാണ് ആ മഹാനായ ദാര്‍ശനികന്‍ സാഹസികമായ യാത്രയിലൂടെ കടന്നു പോയത്. നമ്മുടെ പല ബുദ്ധിജീവികളെയും പോലെ പുസ്തകങ്ങളില്‍ മാത്രം വിപ്ലവമോ സ്‌നേഹമോ ജനാധിപത്യമോ കണ്ടെത്തിയ പ്രതിഭയായിരുന്നില്ല നെഗ്രി.

ബഹുജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചും, സാമൂഹിക വിമോചനങ്ങള്‍ക്കുള്ള പ്രചോദനം നല്‍കുന്ന ലഘുലേഖകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ മുഴുകിയും, സാമൂഹികമായ അവകാശങ്ങള്‍ നേടുന്നതിന് തൊഴിലാളികളെ സജ്ജമാക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടും അതിന്റെ പേരില്‍ ദീര്‍ഘകാലം കഷ്ടത അനുഭവിച്ചും കടന്നു പോയ ഒരു ജീവിതമായിരുന്നു ആ വിപ്ലവ ചിന്തകന്റേത്.

ആദ്യഘട്ടത്തില്‍ തൊഴിലാളിവാദത്തില്‍ (Workerism) കേന്ദ്രീകരിച്ചുള്ള തീവ്ര ഇടതു ഏകീകരണത്തിലും പില്‍കാലത്ത് സഹകരണത്തിനും സ്‌നേഹ ബന്ധങ്ങള്ക്കും ഊന്നല്‍ കൊടുത്തും മൌലീകവും വ്യത്യസ്തവുമായ ചിന്തകള്‍ മുന്നോട്ട് വെച്ചാണ് നെഗ്രി ലോക ശ്രദ്ധ പിടിച്ച് പറ്റിയത്.

നെഗ്രിയുടെ ബഹുസ്വരതയില്‍ ഊന്നി രചിക്കപ്പെട്ട കൃതിയും (Multitude) ഹാര്‍ട്ടുമായി ചേര്‍ന്ന് എഴുതിയ സാമ്രാജ്യത്വ വിശകലനവും (Empire) ഇന്ന് കൂടുതല്‍ പ്രസക്തമാവുകയാണ്.

Empire

ഇറ്റലിയിലെ മുന്‍ പ്രധാനമന്ത്രി ആള്‍ഡോ മോറോ (Aldo Moro)യും അംഗരക്ഷകരും കൊല ചെയ്യപ്പെട്ടതിന്റെ പേരില്‍, പ്രതികളില്‍ ഒരാളുമായി ഫോണ്‍ ബന്ധം പുലര്‍ത്തി എന്നാരോപിച്ചുകൊണ്ടായിരുന്നു നെഗ്രിയെ മാര്‍ച്ച് 16, 1978 ന് അറസ്റ്റ് ചെയ്തത്. അതേസമയം അറസ്റ്റ് വാറണ്ടില്‍ കൊലപാതകം, സ്വത്ത് നശിപ്പിക്കല്‍, തട്ടിക്കൊണ്ടു പോകല്‍, കൊള്ള, അട്ടിമറി മുതലായ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.

ആള്‍ഡോ മോറോ

1979 ല്‍ വിചാരണതടവുകാരനായ നെഗ്രിയെ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷക്ക് മറുപടിയായി ഭരണകൂട വക്താവ് നെഗ്രിയുടെ കൃതികളില്‍ നിന്നുള്ള ഏതാനും ഉദ്ധരണികളാണ് കോടതിമുറിയില്‍ മുന്നോട്ടു വെച്ചത്. ആശയങ്ങള്‍ അവതരിപ്പിച്ചതിന്റെ പേരില്‍ തടവിലാക്കപ്പെട്ട ദാര്‍ശനികനാണ് നെഗ്രിയെന്ന് 1980 ഇല്‍ ഫൂക്കോ പ്രസ്താവിച്ചത് ലോകം ശ്രവിച്ചപ്പോള്‍ ഇറ്റലിയന്‍ ഭരണകൂടം മാത്രമല്ല ബുദ്ധിജീവികളും ഞെട്ടുകയായിരുന്നു.

മുപ്പതു വര്ഷം തടവ് വിധിച്ചു ജയിലില്‍ കഴിയുമ്പോള്‍ പാര്‍ലിമന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും അതിലൂടെ ജയില്‍ മോചിതനാവുകയും ചെയ്തു. പിന്നീട് ഫ്രാന്‍സിലേക്ക് പോയി സര്‍വകലാശാലകളില്‍ അക്കാദമിക ജീവിതം നയിക്കുകയാണ് ചെയ്തത്.

തടവ് കാലത്ത് ക്രിമിനലുകള്‍ക്കൊപ്പവും ഗുണ്ടകള്‍ക്കൊപ്പവും ജയിലില്‍ കഴിയേണ്ടി വന്ന ദുരനുഭവം നെഗ്രി വിവരിക്കുന്നത് വായിക്കുമ്പോള്‍ ഇന്ത്യയില്‍ ആനന്ദ് തെല്‍തുംബ്ദെയെയും ഹാനി ബാബുവിനെയും സായി ബാവയെയും എല്ലാം നമ്മള്‍ ഓര്‍ക്കേണ്ടി വരുന്നു.

ആനന്ദ് തെല്‍തുംബ്ദെ

ഹാനി ബാബു

ജി.എന്‍. സായ്ബാബ

ഒരു കല്ല് പോലും ആര്‍ക്ക് നേരെയും എറിയാത്തവര്‍ ഭരണകൂടത്താല്‍ വേട്ടയാടപ്പെടുന്നത് എന്തു കൊണ്ടാണ്?

സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്നതോ, ബഹുജന അവകാശങ്ങളെ സംബന്ധിക്കുന്നതോ ആയ ആശയങ്ങള്‍ അവതരിപ്പിക്കുന്നതിനാലാണല്ലോ നമ്മുടെ രാജ്യത്തും യു.എ.പി.എ ചുമത്തി സര്‍വകാശാലകളിലെ അദ്ധ്യാപകരായ അവരെയും തടവിലാക്കപ്പെട്ടിരിക്കുന്നത്.

അക്കാദമിക ജീവിതവും വിമോചന ചിന്തകളും അഭേദ്യമായി ബന്ധപ്പെട്ടതിനാല്‍ ഉന്നത വിദ്യാഭ്യാസത്തെ ഇപ്പോള്‍ ഭരണകൂടങ്ങള്‍ ഭയപ്പെടുകയാണ്. വര്‍ത്തമാന കാല ഉദാര സമ്പദ് വ്യവസ്ഥ ഉന്നത വിദ്യാഭ്യാസത്തെ സ്വകാര്യ മൂലധന ശക്തികള്‍ക്ക് വിട്ടുകൊടുക്കുകയാണ്.

ഇന്ത്യയില്‍ കേന്ദ്ര സര്‍കാരിന്റെ പുതിയ വിദ്യാഭ്യാസ നയം നടപ്പിലാവുന്നതോടുകൂടി ഉന്നത വിദ്യാഭ്യാസം സാധാരണക്കാര്‍ക്കും ഇടത്തരക്കാര്‍ക്കും സമ്പൂര്‍ണമായി അന്യം നില്ക്കാനാണ് സാധ്യത. നാലു വര്‍ഷത്തെ ഡിഗ്രിയുടെ മഹത്വം പാടിപ്പുകഴ്ത്തുന്ന ബുദ്ധിജീവികള്‍ ഇവിടെ ഇരുട്ട് കൊണ്ട് ഓട്ട അടക്കുകയാണ്.

കേന്ദ്ര സര്‍കാരിന്റെ പുതിയ നയമാണെന്നും നിര്‍വാഹമില്ലാതെ നടപ്പിലാക്കേണ്ടി വരികയാണെന്നും സത്യം വിളിച്ച് പറയുന്നതിന് പകരം മഹത്തായ കാര്യങ്ങള്‍ സംഭവിക്കാന്‍ പോവുകയാണെന്ന രാജന്‍ ഗുരുക്കളുടെ വാദങ്ങള്‍(മാതൃഭൂമി മാര്‍ച്ച് 19) ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

ഭരണകൂട പ്രത്യയശാസ്ത്രത്തിന്റെ കാവല്‍ക്കര്‍ക്ക് മാത്രമേ ഇപ്പോള്‍ ലോകത്ത് നിര്‍ഭയമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ എന്നതാണു അവസ്ഥ.

ആഗോളവല്‍ക്കരണത്തെ തുടര്‍ന്നുള്ള സാമ്പത്തികവും സാംസ്‌കാരികവുമായ മാറ്റങ്ങളുടെ തുടര്‍ച്ചയില്‍ ദേശ രാഷ്ട്രങ്ങള്ക്കും സാമ്രാജ്യത്വത്തിനുമിടയില്‍ സംഭവിക്കുന്ന മാറ്റങ്ങളും പ്രതിരോധങ്ങളും നെഗ്രി വിശകലനം ചെയ്യുന്നു.

ഇസ്രഈല്‍ ഫലസ്തീനുമേല്‍ നടത്തുന്ന അധിനിവേശത്തിന്റെയും വംശീയ ഉന്‍മൂലനങ്ങളുടെയും വര്‍ത്തമാന സാഹചര്യവും ഇന്ത്യയില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന ബ്രാഹ്മണ്യ മേല്‍ക്കോയ്മാ രാഷ്ട്രീയവും നെഗ്രിയെ വീണ്ടും കൂടുതല്‍ പ്രസക്തമാക്കുന്നുണ്ട്.

എല്ലാ തൊഴില്‍ കൂട്ടായ്മകളെയും ഒന്നിപ്പിച്ചുകൊണ്ട് മുതലാളിത്ത ചൂഷണത്തെയും ഭരണകൂട മര്‍ദനങ്ങളെയും ചെറുക്കാനുള്ള പ്രായോഗിക പ്രവര്‍ത്തനങ്ങളുമായാണ് നെഗ്രി പൊതുമണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത്. പിന്നീട് പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്ത ജ്‌നാനോദയ ചിന്തകനായ സ്പിനോസയുടെ (Spinoza) ബഹുസ്വരതയെ(pluralism) സംബന്ധിക്കുന്ന ആശയത്താല്‍ ആകൃഷ്ടനാവുകയും സ്പിനോസയുടെ പുനര്‍വായന അവതരിപ്പിച്ചുകൊണ്ടു തത്വചിന്താപരമായ പുതിയ സമീപനത്തിന് തുടക്കം കുറിക്കുകയും ചെയ്യുകയാണു നെഗ്രി നിര്‍വഹിച്ച രാഷ്ട്രീയ ദൌത്യം.

”സ്പിനോസയുടെ ചിന്തയെ വിദ്ധ്വംസാത്മകമായി വ്യാഖ്യാനിക്കാന്‍ തുടങ്ങുന്നതിലൂടെയാണ്. ബഹുജനത്തെ സംബന്ധിക്കുന്ന വ്യവഹാരത്തിന്റെ ആരംഭം. സ്പിനോസയുടെ അനുമാനങ്ങളുടെ പ്രാധാന്യത്തെ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്നും ഞങ്ങള്‍ ഒരിയ്ക്കലും പിന്നോട്ടില്ല.”(Empire,2002, 41 ).

സ്പിനോസയുടെ ആദ്യകാല രചനകളില്‍ വിരളമായി കാണുന്നതും പില്‍കാല രചനയില്‍ ഒറ്റത്തവണ പ്രത്യക്ഷപ്പെടുന്നതുമായ ഒരു വാക്ക് ബഹുജനം (Multitude) എന്നതാണു. ഈ വാക്ക് സ്പിനോസയുടെ രാഷ്ട്രീയ ചിന്തയുടെ കേന്ദ്രമാണെന്ന് നെഗ്രി വാദിക്കുന്നു.

തോമസ് ഹോബ്‌സ്

ജനങ്ങള്‍ (people) എന്ന വാക്കിന് ആധുനിക രാഷ്ട്രീയ ദര്‍ശനവുമായാണ് ബന്ധം. ബ്രിടീഷ് ചിന്തകനായ തോമസ് ഹോബ്‌സ്(Thomas Hobbes) ആണ് ”ജനങ്ങളെ” ഒരു വശത്തും ഭരണകൂടത്തെ മറുവശത്തുമായി സ്ഥാനപ്പെടുത്തി കൊണ്ട് കരാര്‍ സിദ്ധാന്തം Social contract theory )ഉണ്ടാക്കിയത്.

പതിനേഴാം നൂറ്റാണ്ട് പൊതുവേ യൂറോപ്പില്‍ ആധുനിക ചിന്തകളുടെ ഉല്‍ഭവ കാലമായിരുന്നു.

ഹോബ്‌സ് സമൂഹത്തിന്റെയും സാമൂഹികമായ ജീവിതത്തിന്റെയും ആരംഭം കണ്ടെത്താന്‍ ശ്രമിച്ചു കൊണ്ട് തയാറാക്കിയ കൃതി രാഷ്ട്രീയ ദര്‍ശനത്തിലെ ഒരു വഴിത്തിരിവായാണ് നിരീക്ഷിക്കപ്പെട്ടത്. കാരണം ഭൌതീക വാദപരമായ വിശകലനത്തിലൂടെ ഭരണകൂടത്തിന്റെ(State) ഉല്‍ഭാവം വരച്ചുകാട്ടാന്‍ ഹോബ്‌സിന് സാധിച്ചു.

എന്നാല്‍ ഹോബ്‌സ് ഭരണകൂടത്തെ സര്‍വധികാര ശക്തിയായി (Sovereign) പ്രതിഷ്ഠിക്കുകയും മറുവശത്തു അനുസരിക്കാന്‍ വിധിക്കപ്പെട്ട ജനങ്ങള്‍ എന്ന ഒറ്റ ഗണത്തെ അവതരിപ്പിക്കുകയും ചെയ്തു. ഇതില്‍ നിന്നും വിഭിന്നമായി സ്വാതന്ത്ര്യത്തെ സംബന്ധിക്കുന്ന സങ്കല്പവും അതുമായി പൊരുത്തപ്പെടുന്ന ബഹുജനം (Multitude ) എന്ന പരികല്‍പനയും സ്പിനോസയില്‍ കണ്ടെത്തിയ നെഗ്രി പില്‍കാലത്ത് ബഹുസ്വര ജനാധിപത്യം എന്ന സങ്കല്‍പം വികസിപ്പിക്കുകയാണ് ചെയ്തത്.

നെഗ്രി പറയുന്നതു കാണാം:”ജനം ഒന്നാണ്, ജനസംഖ്യ തീര്‍ച്ചയായും എണ്ണമറ്റ വ്യത്യസ്ത വ്യക്തികളും വര്‍ഗങ്ങളും ഉള്‍പ്പെട്ടതാണ്. എന്നാല്‍ ജനങ്ങള്‍ എന്നതില്‍ ഈ സാമൂഹികമായ വ്യത്യാസങ്ങളെ ഒരേ ഒരു സ്വത്വത്തിലേക്ക് ഉല്ഗ്രദിക്കുകയോ ചുരുക്കുകയോ ചെയ്യുന്നു. ഇതില്‍ നിന്നും വിപരീതമായി ബഹുജനം (Multitude) ഒന്നിക്കാത്തതും പലവിധവും ബഹുസ്വരവും ആയിരിയ്ക്കും”.( Multitude, War and Democracy in the Age of Empire, p. 99)

വാസ്തവത്തില്‍ ബഹുസ്വര പ്രതിരോധങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ചരിത്രത്തിലുടനീളം തെളിവുകള്‍ ഉണ്ട്. ഇന്ത്യയിലും കേരളത്തിലും അധിനിവേശത്തിനു എതിരായി നടന്ന പ്രതിരോധങ്ങള്‍ക്ക് ഏക മുഖമായിരുന്നില്ല. ആധുനിക മാനവികതയിലും നവോത്ഥാനത്തിലും കാണാതെ പോയ ബഹുസ്വരതയെ സ്ഥാനപ്പെടുത്തിയും ഐക്യപ്പെടുത്തിയും സ്വാതന്ത്ര്യത്തിലേക്കും സൈ്വര്യ ജീവിതത്തിലേക്കും പ്രവേശിക്കാനുള്ള വഴികള്‍ അന്വേഷിക്കുകയായിരുന്നു നെഗ്രി.

മാള്‍ടിടുഡ് എന്നത് ബഹുജനം എന്നാണ് പരിഭാഷപ്പെടുത്തേണ്ടത്. അപ്പോള്‍ മാത്രമേ ജനങ്ങള്‍ എന്നതില്‍ അന്തര്‍ഭവിച്ച ബഹുത്വം അഥവാ വ്യത്യാസങ്ങള്‍ ദ്യോതിപ്പിക്കാന്‍ കഴിയൂ. ബഹുസ്വര ജനാധിപത്യം എന്ന ആധുനികോത്തര സങ്കല്‍പ്പവുമായി ഒത്തു പോകുന്നതാണ് ബഹുജനം.

Michael Hardt

മിഷേല്‍ ഹാര്‍ടുമായി (Michael Hardt) ചേര്‍ന്ന് എഴുതിയ സാമ്രാജ്യം (Empire) എന്ന ബൃഹത്തായ ഗ്രന്ഥമാണ് നെഗ്രിയുടെ ചിന്തകളെ ലോക ശ്രദ്ധയിലേക്ക് കൊണ്ടുവന്നത്.

അതീവ സങ്കീര്‍ണമായ ആധുനികാനന്തര ജീവിതപരിസരം എല്ലാ വിമോചനസാധ്യതകളും അവസാനിച്ചെന്നും സമാധാനമാണ് ഏക പോംവഴിയെന്നും ഉദ്‌ഘോഷിക്കുമ്പോള്‍ മറുവശത്തു സംപൂര്‍ണമായ അധിനിവേശങ്ങള്‍ നടക്കുകയാണ്.

ഇറാഖിലും അഫ്ഘാനിസ്ഥാനിലും സമ്പൂര്‍ണ അധിനിവേശമാണ് സാമ്രാജ്യത്വം നടപ്പിലാക്കിയിരുന്നത്. നെഗ്രി നിരീക്ഷിച്ച പോലെ അമേരിക്ക ഒറ്റയ്ക്ക് വിചാരിച്ചാല്‍ ഒരു ദേശ രാഷ്ട്രത്തെയും ഇല്ലാതാക്കാനോ കീഴടക്കാനോ സാധ്യമല്ല. മറ്റ് സഖ്യകക്ഷികള്‍ പിന്തുണച്ചു കൊണ്ടാണ് അവിടങ്ങളില്‍ കടന്നു കയറി അധികാരം സ്ഥാപിച്ചത്.എന്നിട്ടും അഫ്ഘാനില്‍ നിന്നും ഇപ്പോള്‍ ഒഴിഞ്ഞു പോകേണ്ടി വന്നു.

ഇപ്പോള്‍ ഫലസ്തീനിലെ കുഞ്ഞുങ്ങളെയും സ്ത്രീകളെയും കൊന്നൊടുക്കുമ്പോള്‍ പറയുന്ന ന്യായം നെഗ്രിയെ തടവിലാക്കുമ്പോള്‍ ഭരണകൂടം പറഞ്ഞ അതേ ഭീകരവാദമാണ്. ലോക പൊലീസായി അറിയപ്പെടുന്ന അമേരിക്കന്‍ ഭരണ കൂടത്തിന്റെ സഹകരണവും പിന്തുണയുമാണ് ഫലസ്തീനിലെ അധിനിവേശം സാധ്യമാക്കുന്നത്.

ഉല്പാദന പ്രത്യുല്‍പാദന പ്രക്രിയയില്‍ ഉണ്ടായ മാറ്റങ്ങള്‍ നിരന്തര യുദ്ധങ്ങള്‍ ഉണ്ടാക്കുന്നത് നെഗ്രി പ്രതിപാദിക്കുന്നുണ്ട്. അതേസമയം വാക്കുകള്‍ ഉപയോഗിക്കുന്നതില്‍ സൂക്ഷ്മത പുലര്‍ത്തുന്ന നെഗ്രി അധിനിവേശത്തെ യുദ്ധമായി വ്യാഖ്യാനിക്കുന്നതില്‍ അന്തര്‍ഭവിച്ച ഹിംസാത്മകത കാണാതെ പോവുകയാണ്.

ഇന്ത്യയില്‍ ബ്രിട്ടന്‍ അധിനിവേശം നടത്തിയ സന്ദര്‍ഭത്തില്‍ നമ്മള്‍ നടത്തിയ പ്രതിരോധം യുദ്ധമായിരുന്നില്ല.

രണ്ടു സൈന്യങ്ങള്‍ തമ്മിലാണ് യുദ്ധം നടക്കുക. 1948 മുതല്‍ സയണിസ്റ്റുകളുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരുന്ന ഫലസ്തീനിലെ ജനങ്ങള്‍ നടത്തുന്ന പ്രതിരോധം എങ്ങിനെ യുദ്ധമാകും.

മിലിറ്ററി സേവനം പൗരന്‍മാര്‍ക്ക് നിര്‍ബന്ധമാക്കിയ ഇസ്രഈല്‍ ഒരു ജനതയെ വെള്ളവും, വെളിച്ചവും, ഉള്‍പ്പെടെ സര്‍വവും നിഷേധിച്ച് കീഴടക്കുമ്പോള്‍ ഉണ്ടാകുന്ന രോദനവും സ്‌ഫോടനവും നെഗ്രീക്കു സങ്കല്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു. അതുകൊണ്ടാണ് രേഖീയമായും, കൃത്യതയോടെ ഉണ്ടാവുന്നതുമല്ലെങ്കിലും സഹന ശേഷി നഷ്ടപ്പെടുന്ന ബഹുജനം രോഷാത്മകവും സ്‌ഫോടനാത്മകവുമായി പ്രതികരിച്ചേക്കുമെന്ന് നെഗ്രി പ്രവചിച്ചത് ഇപ്പോള്‍ ശരിയാവുന്നത്.

ഫലസ്തീനില്‍ മാത്രമല്ല അധിനിവേശം നടക്കുന്ന എവിടേയും ഇത് പ്രതീക്ഷിക്കാം. ദീര്‍ഘകാലം അള്‍ജീരിയയെ കോളനിയാക്കിയ ഫ്രാന്‍സ് മുന്നോട്ട് വെച്ച അതേ സാംസ്‌കാരിക ന്യായ വാദങ്ങളാണ് ഇപ്പോള്‍ സയണിസ്റ്റ് സഖ്യം മുന്നോട്ട് വെക്കുന്നത്.

സത്യത്തില്‍ സയണിസ്റ്റുകളുടെ കാവലില്‍ കോളനിയായി നില്‍ക്കുന്ന ഒരു രാജ്യമാക്കി ഫലസ്തീനെ മാറ്റിയെങ്കിലും അവിടെ നിന്നുണ്ടാവുന്ന പ്രതിരോധത്തിന് നെഗ്രി പ്രവചിച്ച പോലെ കൃത്യമായ ഒരു സ്ഥലമോ, കാലമോ ഇല്ല. അങ്ങിനെ കൃത്യം സ്ഥലകാല പ്രത്യാക്രമണം ആയിരുന്നെങ്കില്‍ ഇസ്രഈലിന്റെ മിസൈല്‍ ഭേദക (missile defence system ) സംവിധാനങ്ങളില്‍ ഒക്ടോബര് 27നു ഹമാസ് തൊടുത്ത മിസൈലുകള്‍ കത്തിയമരുമായിരുന്നു.

ഉല്‍പാദനത്തിലും പ്രതിരോധത്തിലും ഒരുപോലെ വന്ന മാറ്റം ഭൗതികേതരമായി തോന്നും വിധത്തില്‍ വികസിക്കുന്നത് ഉല്പാദന പ്രക്രിയയുമായി ചേര്‍ത്ത് വായിക്കാനാണ് നെഗ്രി ശ്രമിക്കുന്നത്.

പ്രതിരോധങ്ങളില്‍ സ്വാതന്ത്ര്യത്തിന് വേണ്ടി തൊഴിലാളികള്‍ നടത്തുന്ന ഹിംസയെ വാള്‍ടര്‍ ബെഞ്ചമിനെ പോലെ നെഗ്രിയും പിന്തുണച്ചിരുന്നു. നമ്മുടെ ഗാന്ധി ഭക്തന്മാര്‍ കാണാതെ പോവുന്നതും ഇത്തരത്തില്‍ ദേശീയ പ്രക്ഷോപങ്ങളില്‍ ഉണ്ടായ പ്രതിരോധങ്ങളാണ്.

തൊഴിലാളിവര്‍ഗത്തിന്റെ സംഘാടനം അസാധ്യമാണെന്നും സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ തകര്‍ച്ച സ്വാതന്ത്ര്യം സ്വപ്നം കാണുന്നവരെ നിരാശരാക്കിയെന്നും ചരിത്രവും പ്രത്യയശാസ്ത്രവും അവസാനിച്ചെന്നും വലതുപക്ഷ ഉദാരവാദികളും സന്ദേഹവാദികളും ഒരു പോലെ വാദിക്കാന്‍ തുടങ്ങിയ സന്ദര്‍ഭത്തിലാണ് നെഗ്രി പ്രതീക്ഷയുടെ കിരണങ്ങളുമായി സമൂല പരിവര്‍ത്തനത്തിനുള്ള ആഹ്വാനം നല്‍കിയത്.

ഇറ്റാലിയന്‍ ഭരണകൂടത്തെ വിറളി പിടിപ്പിച്ചതും സോക്രട്ടീസിനെയും, ഗ്രാംഷിയെയും മുന്‍കാലങ്ങളില്‍ പരാമര്‍ശിച്ചതുപോലെ, ”അപകടകാരിയായ ചിന്തകനായി” മുദ്ര കുത്തുകയും ശിക്ഷിക്കുകയും ചെയ്തതും നെഗ്രിയെ മറ്റു സമകാലീന ദാര്‍ശനികരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. നെഗ്രിയുടെ കോടതി വിചാരണ കാഫ്കയുടെ നോവലായ ‘വിചാരണ’ (Trial)യെ ഓര്‍മിപ്പിക്കുന്നു. (Books for Burning, . XVII).

1979 നും 1989 നുമിടയിലുള്ള നാലുവര്‍ഷം നിരന്തരം മാറ്റിവെച്ചുകൊണ്ടും അനിശ്ചിതത്വവും ഭീതിയും പ്രദാനം ചെയ്തുമാണ് വിചാരണ മുന്നേറിയത്. അറിയപ്പെടുന്ന ദാര്‍ശനികനും അധ്യാപകനുമായിരുന്നിട്ടും ശത്രുക്കളോപ്പോലെ പെരുമാറുന്ന ജഡ്ജിമാരുടെയും വക്കീലന്മാരുടെയും പൊലീസുകാരുടെയും മാധ്യമപ്രവര്‍ത്തകരുടെയുമിടയില്‍ കഴിച്ചുകൂട്ടേണ്ടിവന്ന ദിനങ്ങള്‍ ഭരണകൂടത്തിന്റെ ഭീകരമുഖം വീണ്ടും വീണ്ടും തിരിച്ചറിയാന്‍ നെഗ്രിയെ സഹായിച്ചു.

മാറിയ ലോക പരിതാവസ്ഥയില്‍ ദേശ രാഷ്ട്രങ്ങളുടെ ശക്തി ക്ഷയിക്കുക മാത്രമല്ല ലോകത്തിന്റെ നിയന്ത്രണവും പരമാധികാരവും പ്രത്യേക രീതിയില്‍ വിന്യസിക്കപ്പെടുന്നതായും കാണാന്‍ കഴിയും. 1945നു മുന്‍പുള്ള അതിരുകള്‍ അല്ല ഇന്ന് ദേശ രാഷ്ട്രങ്ങള്‍ക്കുള്ളത്. എല്ലാ അതിരുകളും മാറ്റി വരാക്കപ്പെട്ടിട്ടുണ്ട്.

ഫലസ്തീനിലേക്കുള്ള സയണിസ്റ്റ് അധിനിവേശം 1917ലെ ബല്‍ഫൂര്‍ ഡിക്ലറേഷനെ തുടര്‍ന്ന് 1948ല്‍ മാത്രമാണു പ്രത്യക്ഷത്തില്‍ ആരംഭിച്ചത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം പാശ്ചാത്യ അധികാര ശക്തികള്‍ നേരിട്ട പ്രതിസന്ധിയെ പുതിയ രീതിയിലാണ് അവര്‍ തരണം ചെയ്തത്.

സാമ്രാജ്യം കൃത്യമായി എവിടെ പ്രവര്‍ത്തിക്കുന്നു എന്നത് ആധുനികതയുടെ കാലം പോലെ ഇപ്പോള്‍ വ്യക്തമല്ല. അതേസമയം സാമ്രാജ്യം പരമാധികാരത്തോടെ സര്‍വവും നിര്‍ണയിക്കുന്നു എന്നതും യാഥാര്‍ഥ്യമാണ്.

ശത്രുവിനെ നേരില്‍ കാണാന്‍ കഴിയാത്തവിധത്തില്‍ ഒരുതരം അതി ഭൗതികത സൃഷ്ടിക്കപ്പെടുകയും ശത്രു/മിത്ര ദ്വന്ദം പോലും കലക്കികളയുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ആധുനികോത്തര കാലം ഉല്‍പാദിപ്പിച്ചത്.

പ്രതിരോധങ്ങളുടെ ബഹുസ്വരത തിരിച്ചറിയാനും വിപ്പുലമായ വിമോചന ഐക്യത്തെ വളര്‍ത്താനും നെഗ്രിയുടെ വായനകളും വിമര്‍ശനങ്ങളും വരും കാലം സമൃദ്ധമായി ഉണ്ടാവട്ടെ എന്നു ആശംസിക്കുക മാത്രമാണ് ആ മഹാ വിപ്ലവകാരിയോട് യാത്ര പറയുമ്പോള്‍ നമുക്ക് ഇപ്പോള്‍ ചെയ്യാവുന്നത്.

CONTENT HIGHLIGHTS: What did Negri leave behind when he left? Dr PK Poker writes about Antonio Negri

ഡോ.പി.കെ.പോക്കര്‍
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ ഫിലോസഫി അദ്ധ്യാപകന്‍, എഴുത്തുകാരന്‍, സാമൂഹിക പ്രവര്‍ത്തകന്‍