ആഗ്രഹം കൊള്ളാം റസലേ, പക്ഷേ ധര്‍മജന്‍ പറഞ്ഞ പോലെ രണ്ടും കൂടി ഒന്നിച്ചുവേണ്ട
Sports News
ആഗ്രഹം കൊള്ളാം റസലേ, പക്ഷേ ധര്‍മജന്‍ പറഞ്ഞ പോലെ രണ്ടും കൂടി ഒന്നിച്ചുവേണ്ട
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 17th August 2022, 2:57 pm

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റിലെ മികച്ച താരങ്ങളില്‍ ഒരാളാണ് ആന്ദ്രേ റസല്‍. ആകാശം തൊട്ടുതലോടുന്ന വമ്പനടികളിലൂടെയും സ്റ്റംപ് എറിഞ്ഞുതകര്‍ക്കാന്‍ പോലും പോന്ന വേഗതയേറിയ ബൗളിങ്ങിലൂടെയും എതിരാളികളുടെ പേടിസ്വപ്‌നമാവാന്‍ എന്നും റസലിനായിരുന്നു.

വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി മറ്റൊരു ലോകകപ്പ് കൂടി നേടിക്കൊടുക്കണമെന്നതാണ് തന്റെ ആഗ്രഹമെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റസലിപ്പോള്‍.

‘അത് അങ്ങനെയൊന്നുമല്ല, എനിക്ക് ആദ്യം മുതല്‍ക്കുതന്നെ കാര്യങ്ങള്‍ നടത്താന്‍ സാധിക്കും. എനിക്കിപ്പോള്‍ 34 വയസായിരിക്കുകയാണ്. എനിക്ക് വെസ്റ്റ് ഇന്‍ഡീസിന് വേണ്ടി ഒന്നോ അല്ലെങ്കില്‍ രണ്ടോ ലോകകപ്പുകള്‍ നേടിക്കൊടുക്കണമെന്നാണ് ആഗ്രഹം.

ജമൈക്ക താല്ലവാസിന് വേണ്ടി കളിക്കുമ്പോള്‍ ഞാന്‍ രണ്ട് സെഞ്ച്വറിയടിച്ചിട്ടുണ്ട്. ആ രണ്ട് സെഞ്ച്വറിയും വിന്‍ഡീസിന് വേണ്ടി കളിക്കുമ്പോള്‍ നേടണമെന്ന് ഞാന്‍ അതിയായി ആഗ്രഹിച്ചിരുന്നു. ഇക്കാര്യമിപ്പോള്‍ പറയുന്നതില്‍ ഒരു ഖേദവുമെനിക്കില്ല. ആ സെഞ്ച്വറികള്‍ വിന്‍ഡീസിന് വേണ്ടി നേടുകയാണെങ്കില്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കുള്ള മടങ്ങി വരവും സ്‌പെഷ്യലാകും,’ റസല്‍ പറഞ്ഞു.

എന്നാല്‍ വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡിന്റെ ചില നയങ്ങളോട് തനിക്കിപ്പോഴും എതിര്‍പ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘എനിക്കപ്പോഴും ടീമിന് വേണ്ടി കളിക്കാനും ടീമിന് പലതും നേടിക്കൊടുക്കാനുമാണ് താത്പര്യം. എന്നാല്‍ ഇരു കൂട്ടരും പരസ്പരം അംഗീകരിക്കുകയും വേണം.

നിങ്ങളുടെ നിബന്ധനകള്‍ ഞങ്ങള്‍ അംഗീകരിക്കുമ്പോള്‍, ഞങ്ങളുടെ ചില നിബന്ധനകള്‍ നിങ്ങളും അനുസരിക്കണം. അവസാനം രണ്ട് പേര്‍ക്കും ഗുണമുണ്ടാകണമെന്നുതന്നെയാണ് ഞാന്‍ ആഗ്രഹിക്കുന്നത്,’ റസല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ ടീമിന് വേണ്ടി പലതും നേടിക്കൊടുക്കണമെന്ന് പറയുമ്പോഴും വിന്‍ഡീസിന് വേണ്ടി കളിക്കാന്‍ റസല്‍ തയ്യാറാവുന്നില്ല എന്നതാണ് ഇതിലെ പ്രധാന വൈരുദ്ധ്യം. വിന്‍ഡീസ് ടീം പരമ്പരകളും പര്യടനവുമായി മുന്നോട്ട് പോകുമ്പോള്‍ ദേശീയ ടീമിനൊപ്പം ചേരാതെ ഫ്രാഞ്ചൈസി ലീഗ് കളിക്കാനാണ് താരം താത്പര്യപ്പെടുന്നത്.

റസല്‍ അടക്കമുള്ള സീനിയര്‍ താരങ്ങള്‍ പോലും ടീമിന് വേണ്ടി കളിക്കാന്‍ ഇഷ്ടപ്പെടുന്നില്ലെന്നും വിന്‍ഡീസിന് വേണ്ടി കളിക്കാന്‍ അവരോട് തനിക്ക് യാചിക്കാന്‍ സാധിക്കില്ലെന്നും വിന്‍ഡീസ് കോച്ച് ഫില്‍ സിമ്മണ്‍സ് പറഞ്ഞിരുന്നു.

ഇത്തരം താരങ്ങള്‍ക്ക് ഫ്രാഞ്ചൈസി ലീഗില്‍ കളിച്ച് പണമുണ്ടാക്കാനാണ് താത്പര്യമെന്നും സിമ്മണ്‍സ് തുറന്നടിച്ചിരുന്നു.

എന്നാല്‍, സിമ്മണ്‍സ് ഇതൊക്കെ പറയുമെന്ന് തനിക്കറിയാമായിരുന്നുവെന്നും  താനതൊന്നും ശ്രദ്ധിക്കാന്‍ നില്‍ക്കാതെ മിണ്ടാതിരിക്കാന്‍ പോവുകയാണ് എന്നുമായിരുന്നു റസല്‍ പറഞ്ഞത്.

സിമ്മണ്‍സിന്റെ പരാമര്‍ശം വാര്‍ത്തയായി വന്നപ്പോള്‍, ആ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചായിരുന്നു റസല്‍ ഇക്കാര്യം പറഞ്ഞത്.

എന്നാല്‍, ആ പോസ്റ്റ് ഡിലീറ്റ് ചെയ്ത ശേഷമാണ് ടീമിന് വേണ്ടി ലോകകപ്പ് നേടണം എന്ന് താരം പറഞ്ഞത്. വേള്‍ഡ് കപ്പിന് തന്നെ ടീമില്‍ നോക്കേണ്ട എന്ന പറഞ്ഞ അതേ റസല്‍ തന്നെയാണ് ഇപ്പോല്‍ കളം മാറ്റി ചവിട്ടിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

റസലിന്റെ ഈ ഡബിള്‍ സ്റ്റാന്‍ഡേര്‍ഡിനെതിരെ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. രണ്ടും കൂടി ഒന്നിച്ചുവേണ്ട എന്നാണ് ആരാധകര്‍ പറയുന്നത്.

ഓസ്‌ട്രേലിയയില്‍ നടക്കുന്ന ടി-20 ലോകകപ്പില്‍ ഗ്രൂപ്പ് ബിയിലാണ് വെസ്റ്റ് ഇന്‍ഡീസ്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനങ്ങളില്‍ ഒന്ന് നേടാന്‍ സാധിച്ചാല്‍ മാത്രമേ സൂപ്പര്‍ 12ല്‍ എത്താന്‍ സാധിക്കൂ.

കുഞ്ഞന്‍മാരെന്ന് വിലയിരുത്തപ്പെടുന്ന ടീമുകള്‍ക്കൊപ്പമാണെങ്കിലും വെസ്റ്റ് ഇന്‍ഡീസിന് കാര്യങ്ങള്‍ ഒട്ടും എളുപ്പമാവില്ല. സിംബാബ്‌വേയും അയര്‍ലന്‍ഡും ഒപ്പം സ്‌കോട്‌ലാന്‍ഡുമാണ് ഗ്രൂപ്പിലുള്ളത്.

സിംബാബ്‌വേയുടെയും അയര്‍ലന്‍ഡിന്റെയും നിലവിലെ ഫോമും വെസ്റ്റ് ഇന്‍ഡീസിലെ പ്രതിസന്ധിയും കണക്കിലെടുത്താല്‍ മുന്‍ ചാമ്പ്യന്‍മാര്‍ക്ക് സൂപ്പര്‍ 12 കാണാതെ പുറത്താവേണ്ടി വരും.

 

Content Highlight: West Indies Super star Andre Russel Says He Wants To Win World Cup For Team