പശ്ചിമബംഗാളില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു
India
പശ്ചിമബംഗാളില്‍ ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടു; സംഘര്‍ഷം തുടരുന്നു
ന്യൂസ് ഡെസ്‌ക്
Wednesday, 12th June 2019, 11:37 am

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ ബി.ജെ.പി – തൃണമൂല്‍ പ്രവര്‍ത്തകര്‍ തമ്മിലുള്ള സംഘര്‍ഷം തുടരവേ വീണ്ടും ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. രണ്ട് ദിവസമായി കാണാതായ 47 കാരനായ ആശിഷ് സിങ് എന്ന പ്രവര്‍ത്തകനെയാണ് മാല്‍ഡയിലെ ബാദപുകൂരില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

പശ്ചിമബംഗാളിലെ ബാസിര്‍ഹട്ട് ജില്ലയില്‍ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ബി.ജെ.പി പ്രവര്‍ത്തകരുടെ മൃതദേഹങ്ങള്‍ പാര്‍ട്ടി ഓഫീസിലേക്ക് എത്തിക്കാന്‍ ക്രമസമാധാന സ്ഥിതി കണക്കിലെടുത്ത് പൊലീസ് അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് പാര്‍ട്ടി പശ്ചിമബംഗാളില്‍ 12 മണിക്കൂര്‍ ബന്ദ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം.

മൃതദേഹത്തില്‍ മുറിവേറ്റ നിരവധി പാടുകളുണ്ട്. ഇംഗ്ലീഷ് ബസാര്‍ പൊലീസാണ് കേസ് അന്വേഷിക്കുന്നത്. എന്നാല്‍ സംഭവത്തില്‍ പങ്കില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പ്രതികരിച്ചു

കഴിഞ്ഞ ദിവസം നടന്ന അക്രമങ്ങളില്‍ അഞ്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ബി.ജെ.പി ആരോപിക്കുന്നത്. എന്നാല്‍ ഒരാള്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ബി.ജെ.പി രാഷ്ട്രീയമുതലെടുപ്പ് നടത്തുകയാണെന്ന് തൃണമൂലും ആരോപിച്ചിരുന്നു.

രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പശ്ചിമബംഗാള്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരുന്നു.

പൊലീസാണ് പ്രവര്‍ത്തകരെ വെടിവച്ച് കൊന്നതെന്ന് കാട്ടി കോടതിയെ സമീപിക്കുമെന്നാണ് സംസ്ഥാന ബിജെപി ഘടകം പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ബി.ജെ.പി പ്രവര്‍ത്തകരും ഒരു തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുമാണ് 24 നോര്‍ത്ത് പര്‍ഗാനാസ് ജില്ലയിലെ സന്ദേശ് ഖാലി എന്നയിടത്തുണ്ടായ അക്രമത്തില്‍ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.

പതാക ഊരിമാറ്റുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പിന്നീട് വലിയ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ പശ്ചിമബംഗാളിലുണ്ടായ ഏറ്റവും വലിയ അക്രമസംഭവമായിരുന്നു.