എന്‍.ഡി.എയെ പുറത്താക്കാന്‍ സി.പി.ഐ.എമ്മിന് ശേഷിയില്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
D' Election 2019
എന്‍.ഡി.എയെ പുറത്താക്കാന്‍ സി.പി.ഐ.എമ്മിന് ശേഷിയില്ല: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി
ന്യൂസ് ഡെസ്‌ക്
Thursday, 21st March 2019, 2:09 pm

 

കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. കോണ്‍ഗ്രസിനും കോണ്‍ഗ്രസുമായി നേരിട്ട് സഖ്യമുള്ള പാര്‍ട്ടികള്‍ക്കും സീറ്റ് വര്‍ധിച്ചാല്‍ മാത്രമേ ദേശീയ തലത്തില്‍ മതേതര സര്‍ക്കാര്‍ ഉണ്ടാകാനുള്ള സാധ്യത തെളിയൂവെന്നാണ് വെല്‍ഫെയര്‍ പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി മത്സരിക്കുന്നതിനേക്കാള്‍ പ്രാധാന്യം ബി.ജെ.പി സഖ്യത്തെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നതിനാണെന്ന് പാര്‍ട്ടി വിലയിരുത്തുന്നു. അതിനാല്‍ വെല്‍ഫെയര്‍ പാര്‍ട്ടി കേരളത്തിലെവിടെയും മത്സരിക്കുന്നില്ലെന്നാണ് വാര്‍ത്താക്കുറിപ്പില്‍ പറയുന്നത്.

ഇനിയും ബി.ജെ.പി അധികാരത്തില്‍ വന്നാല്‍ 2019 ലേത് അവസാനത്തെ തെരഞ്ഞെടുപ്പായിരിക്കും എന്ന സൂചനകളാണ് ബി.ജെ.പി നേതാക്കളായ അമിത് ഷായും സാക്ഷി മഹാരാജുമെല്ലാം നല്‍കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്ത് ബി.ജെ.പി നേതൃത്വത്തിലുള്ള എന്‍.ഡി.എ സഖ്യത്തെ അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തേണ്ടത് രാജ്യത്തെ ജനാധിപത്യ വിശ്വാസികളുടെ പൊതുബാധ്യതയാണ്. ഇതിനായി വിശാല മതേതര കൂട്ടായ്മ വേണം. പക്ഷേ നിര്‍ഭാഗ്യവശാല്‍ അത്തരം ഒരു സഖ്യം രാജ്യത്ത് പൊതുവേ രൂപപ്പെട്ടില്ല. പക്ഷേ പല സംസ്ഥാനങ്ങളിലും അത്തരം സഖ്യങ്ങള്‍ രൂപപ്പെട്ട സംഭവങ്ങളുമുണ്ട്.

Also read:ആരുടെയെങ്കിലും കുടികിടപ്പുകാരാകാന്‍ തയാറല്ലെന്ന് മഅ്ദനി; അഞ്ച് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പി.ഡി.പി

കേരളത്തില്‍ മത്സരം എല്‍.ഡി.എഫും യു.ഡി.എഫും തമ്മിലാണ് മത്സരം. രണ്ടു കൂട്ടരും എന്‍.ഡി.എയെ അധികാരത്തില്‍ നിന്ന് പുറത്താക്കണം എന്നാഗ്രഹിക്കുന്ന കക്ഷികളാണ്. കേരളത്തിലെ എല്‍.ഡി.എഫിന് നേതൃത്വം നല്‍കുന്ന സി.പി.ഐ.എം ഇപ്പോള്‍ ദേശീയ രാഷ്ട്രീയത്തില്‍ പ്രസക്തമായ കക്ഷിയല്ല. അവര്‍ക്ക് ശക്തിയുള്ളത് കേരളത്തില്‍ മാത്രമാണ്. അവരുടെ പരമ്പരാഗത ശക്തി കേന്ദ്രമായിരുന്ന ബംഗാളിലും ത്രിപുരയിലും ദയനീയ സ്ഥിതിയിലുമാണ്. എന്‍.ഡി.എയെ പുറത്താക്കാന്‍ തക്ക ശേഷി അവര്‍ക്കില്ലെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു.

യു.ഡി.എഫ് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസ് രാജ്യത്തെ വലിയ മതേതര പാര്‍ട്ടിയാണ്. പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷമോ ഏറ്റവും വലിയ ഒറ്റക്കക്ഷിയാകാനോ സാധ്യതയുള്ള പ്രതിപക്ഷ പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്നും വെല്‍ഫെയര്‍ പാര്‍ട്ടി പറയുന്നു.