എഡിറ്റര്‍
എഡിറ്റര്‍
പെണ്‍കുട്ടികളുടെ മാറ് മറയ്ക്കാത്ത ക്ഷേത്രാചാരം; വാര്‍ത്ത നല്‍കിയ ഓണ്‍ ലൈന്‍ മാധ്യമത്തിനെതിരെ ഭീഷണി
എഡിറ്റര്‍
Wednesday 27th September 2017 5:54pm

ചെന്നൈ: മധുരയിലെ ക്ഷേത്രത്തില്‍ പെണ്‍കുട്ടികളെ മാറുമറയ്ക്കാത്ത ദേവതകളാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഞെട്ടിക്കുന്ന സംഭവത്തെ കുറിച്ച് വാര്‍ത്ത നല്‍കിയ കൊയമ്പത്തൂര്‍ ആസ്ഥാനമായി പ്രവര്‍ത്തക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലായ കോവൈ പോസ്റ്റിന് ഭീഷണി കോളുകളും സന്ദേശങ്ങളും വന്നു കൊണ്ടിരിക്കുകയാണ്.

സംഭവത്തെ കുറിച്ച് വാര്‍ത്തയും വീഡിയോയും വെബ്ബ് സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് നടപടിയുമായി അധികൃതരും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി കോളുകളും സന്ദേശങ്ങളും മാധ്യമ സ്ഥാപനത്തിനെതിരെ വന്നിരിക്കുന്നത്.

‘ഭീഷണിപ്പെടുത്തി കൊണ്ടുള്ള കോളുകളും അസഭ്യവുമൊക്കെ താങ്ങാന്‍ പറ്റാതെ ആയതോടെ ഞാനെന്റെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് വച്ചിരിക്കുകയാണ്. മധുര ജില്ലാ ഭരണകൂടം സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് ഇതെല്ലാം ഉണ്ടായിരിക്കുന്നത്.’ ന്യൂസ് പോര്‍ട്ടലിന്റെ ചീഫ് എഡിറ്റര്‍ പറഞ്ഞതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കോളുകളും മെസേജുകളും വന്ന ഫോണ്‍ നമ്പറുകള്‍ സഹിതം കൊയമ്പത്തൂര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ചീഫ് എഡിറ്റര്‍ വ്യക്തമാക്കിയിട്ടുണ്ട്. ക്ഷേത്രാചാരം വിവാദമായതോടെ കലക്ടര്‍ വീര രാഘവ റാവു ആചാരം നിര്‍ത്തലാക്കാന്‍ ഉത്തരവിട്ടിരുന്നു. മാറ് മറക്കുന്ന വസ്ത്രം ധരിച്ച് തന്നെയാണ് പെണ്‍കുട്ടികള്‍ ക്ഷേത്രത്തിലെത്തുന്നതെന്ന് ഉറപ്പു വരുത്താനാണ് കലക്ടറുടെ നിര്‍ദേശം.


Also Read:  ഇസ്രത് ജഹാന്‍ കേസിലെ വിധിക്കുള്ള ശിക്ഷയാണോ ട്രാന്‍സ്ഫര്‍? ജസ്റ്റിസ് ജയന്ത് പട്ടേല്‍ മറുപടി പറയുന്നു


ക്ഷേത്രാചാരത്തിന്റെ പേരില്‍ ക്ഷേത്ര പൂജാരിക്കും സഹായികള്‍ക്കും മുമ്പിലൂടെ മാറ് മറയ്ക്കാതെ പെണ്‍കുട്ടികള്‍ പോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് ആചാരം വിവാദമാകുന്നത്. അരയ്ക്ക് മുകളില്‍ ആഭരണങ്ങള്‍ മാത്രം ധരിച്ച രീതിയിലായിരുന്നു പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍.

ക്ഷേത്രത്തിലെ വാര്‍ഷിക ആചാരത്തിന്റെ ഭാഗമായിട്ടാണ് പെണ്‍കുട്ടികളെ മാറുമറയ്ക്കാതെ ക്ഷേത്രത്തിലേക്ക് അയക്കുന്നത്. ഒരു പുരുഷപൂജാരിയുടെ സംരക്ഷണത്തില്‍ 15 ദിവസമാണ് ഇവര്‍ ചെലവഴിക്കുക. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ മാത്രമായിരുന്നു ആചാരത്തില്‍ പങ്കെടുപ്പിച്ചിരുന്നത്.

ഏഴു വ്യത്യസ്ത ഗോത്രങ്ങളില്‍ നിന്നാണ് ഇതിനായി പെണ്‍കുട്ടികളെ തെരഞ്ഞെടുത്തിരുന്നത്. എല്ലാ വര്‍ഷവും നടക്കുന്ന ആചാരത്തില്‍ വ്യത്യസ്ത പെണ്‍കുട്ടികളായാണ് തെരഞ്ഞെടുത്തിരുന്നത്. ഓണ്‍ലൈന്‍ മാധ്യമമായ കോവൈ പോസ്റ്റായിരുന്ന ആചാരത്തിന്റെ വീഡിയോ സഹിതം വാര്‍ത്ത പുറത്ത് വിട്ടത്.

പരമ്പരാഗതമായി അനുഷ്ഠിച്ചുപോരുന്ന ആചാരമാണെന്ന പേരില്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ തന്നെയാണ് കുട്ടികളെ ആചാരത്തിന് നിര്‍ബന്ധിക്കുന്നതെന്ന് കലക്ടര്‍ കെ. വീര രാഘവ റാവു പറഞ്ഞു. പെണ്‍കുട്ടികള്‍ വസ്ത്രം ധരിക്കണമെന്ന് ഞങ്ങള്‍ ഗ്രാമത്തിലുള്ളവരെ അറിയിച്ചെന്നും അവര്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ക്ക് മേല്‍ ആഭരണങ്ങള്‍ ധരിക്കാമെന്നും കലക്ടര്‍ വ്യക്തമാക്കി.

Advertisement