മാസ്‌ക് ധരിച്ചാല്‍ എല്ലാം ആവുമോ? കൊവിഡ് 19 ഇതുവരെ
Opinion
മാസ്‌ക് ധരിച്ചാല്‍ എല്ലാം ആവുമോ? കൊവിഡ് 19 ഇതുവരെ
ന്യൂസ് ഡെസ്‌ക്
Saturday, 4th April 2020, 10:55 am

എഴുതിയത്: ഡോ. മനോജ് വെള്ളനാട്, ഡോ. ദീപു സദാശിവന്‍, ഡോ. ജിനേഷ് പി.എസ്

കേരളത്തില്‍ വ്യാപകമായി മാസ്‌ക് ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞിരിക്കുകയാണ്. എല്ലാവരും മാസ്‌ക് ഉപയോഗിക്കണോ എന്ന കാര്യത്തില്‍ ശാസ്ത്രലോകത്ത് പല ചര്‍ച്ചകളും നടക്കുന്നുണ്ട്. തല്‍ക്കാലം അതവിടെ നില്‍ക്കട്ടെ. മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഏവരും തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ്.

* മാസ്‌ക് ധരിക്കുന്നതിന് മുന്‍പ് കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ 70 % ആല്‍ക്കഹോള്‍ ഉള്ള ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിച്ച് നന്നായി കഴുകണം.

* മൂക്കും വായും മൂടുന്ന രീതിയില്‍ കൃത്യമായി ധരിക്കണം. മാസ്‌കും മുഖവും തമ്മില്‍ ഗ്യാപ്പ് ഉണ്ടാകാന്‍ പാടില്ല.

* ധരിച്ചശേഷം മാസ്‌കില്‍ സ്പര്‍ശിക്കാന്‍ പാടില്ല.

* മാസ്‌ക് മൂക്കിനു താഴെ ധരിക്കുന്നതും കഴുത്തില്‍ അലങ്കാരമായി ധരിക്കുന്നതും അഭികാമ്യമല്ല.

* മാസ്‌ക് ധരിച്ചാലും കൈകള്‍ ഇടയ്ക്കിടെ വൃത്തിയാക്കുന്ന കാര്യത്തില്‍ അമാന്തം പാടില്ല.

* മാസ്‌ക് ഊരുമ്പോള്‍ മുന്‍ഭാഗത്ത് സ്പര്‍ശിക്കാതെ വള്ളികളില്‍ മാത്രം പിടിച്ച് അഴിക്കുക.

* ഉപയോഗിച്ച മാസ്‌ക് വലിച്ചെറിയരുത്. അടപ്പുള്ള വെയ്സ്റ്റ് ബിന്നില്‍ മാത്രം നിക്ഷേപിക്കുക.

* വീണ്ടും കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക.

* മാസ്‌ക് ഉപയോഗിക്കുന്നതുകൊണ്ട് കോവിഡിനെതിരെ പരിപൂര്‍ണ്ണ പ്രതിരോധമായി എന്ന് കരുതരുത്.

* സാധാരണ മാസ്‌കുകള്‍ ധരിച്ചാല്‍ നമ്മുടെ ശരീരത്തിലേക്ക് വൈറസ് കയറുന്നതിനെ പൂര്‍ണമായും തടയുമെന്നും കരുതരുത്. പക്ഷേ, നമുക്ക് വൈറസ്ബാധ ഉണ്ടെങ്കില്‍ മറ്റുള്ളവരിലേക്ക് പകരുന്നത് തടയാന്‍ സഹായിക്കും.

* അതുകൊണ്ട് ഏറ്റവും പ്രാധാന്യമുള്ള കാര്യം വ്യക്തിശുചിത്വവും ശരീരിക അകലം പാലിക്കുകയും തന്നെയാണ്.

* മാസ്‌ക് ധരിച്ചു എന്നത് കൊണ്ട് മിഥ്യാ സുരക്ഷിത ബോധം ഉണ്ടാവാന്‍ പാടില്ല.

* ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ഒന്നര മീറ്റര്‍ ശരീരിക അകലം പാലിക്കാന്‍ സാധിക്കുമെങ്കില്‍ നല്ലത്.

ഇന്നലെ (03/04/2020)…

* ഇതുവരെ രോഗമുക്തി നേടിയവരുടെ എണ്ണം രണ്ടേകാല്‍ ലക്ഷം കഴിഞ്ഞു.

* ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 80,000ല്‍ പരം കേസുകള്‍. ഇന്നലെ മാത്രം മരണസംഖ്യ ആറായിരത്തോടടുത്ത്.

* ഇതുവരെ 11 ലക്ഷത്തോളം കേസുകളില്‍നിന്ന് 59,000 ലധികം മരണങ്ങള്‍.

* മരണസംഖ്യയില്‍ ഇംഗ്ലണ്ടും ചൈനയെ മറികടന്നു. ഇന്നലെയുണ്ടായ അറുനൂറിലധികം മരണങ്ങള്‍ ഉള്‍പ്പെടെ 38,000 ലധികം കേസുകളില്‍ നിന്നും 3,600 ലധികം മരണങ്ങള്‍.

* അമേരിക്കയില്‍ കേസുകളുടെ എണ്ണവും മരണസംഖ്യയും ഉയരുകയാണ്. ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മുപ്പതിനായിരത്തില്‍ പരം കേസുകളും ആയിരത്തില്‍ പരം മരണങ്ങളും. ഇതേവരെ രണ്ടേമുക്കാല്‍ ലക്ഷത്തില്‍ പരം കേസുകളില്‍ നിന്ന് ഏഴായിരിത്തിലധകം മരണങ്ങള്‍.

* കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി അയ്യായിരത്തില്‍ താഴെ കേസുകളും 800 താഴെ മരണങ്ങളും ആണ് ഇറ്റലിയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. ഇതുവരെ ഒരു ലക്ഷത്തി ഇരുപത്തിനായിരത്തോളം കേസുകളില്‍ നിന്ന് 14,600 ലധികം മരണങ്ങള്‍.

* കേസുകളുടെ എണ്ണത്തില്‍ സ്‌പെയിനില്‍ വൈകാതെ ഇറ്റലിയെ മറികടക്കുന്ന ലക്ഷണമാണ്. ഇന്നലെ സംഭവിച്ച 850 മരണങ്ങള്‍ ഉള്‍പ്പെടെ 1,19,000 ലധികം കേസുകളില്‍ നിന്നും 11,200 ഓളം മരണങ്ങള്‍.

* ഫ്രാന്‍സില്‍ ഇന്നലെ ആയിരത്തിലധികം മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ആകെ 65,000 ത്തോളം കേസുകളില്‍ നിന്ന് 6,500 ലധികം മരണങ്ങള്‍.

* നെതര്‍ലാന്‍ഡ്‌സില്‍ ഇതുവരെ 15,000 ഓളം കേസുകളില്‍ നിന്നും 1,400 ലധികം മരണങ്ങള്‍.

* ജര്‍മനിയില്‍ 91,000 ലധികം കേസുകളില്‍ നിന്ന് 1,300 ഓളം മരണങ്ങള്‍.

* ബെല്‍ജിയത്തില്‍ 17,000 താഴെ കേസുകളില്‍ നിന്നും 1,100 ലധികം മരണങ്ങള്‍.

* തെക്കന്‍ കൊറിയയില്‍ കേസുകളുടെ എണ്ണം 10,000 കടന്നു. പക്ഷേ മരണസംഖ്യ 174 മാത്രം.

* ഇവയെ കൂടാതെ തുര്‍ക്കി, സ്വിറ്റ്‌സര്‍ലന്‍ഡ്, കാനഡ, ഓസ്ട്രിയ എന്നിവിടങ്ങളിലും കേസുകളുടെ എണ്ണം പതിനായിരം കടന്നു. മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ പക്ഷേ മരണനിരക്ക് കുറവാണ്.

* ഇന്‍ഷുറന്‍സ് കവറേജ് ഇല്ലാത്ത രോഗികളുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ്.

* ഡിഫന്‍സ് പ്രൊഡക്ഷന്‍ ആക്ട് പ്രകാരം ച 95 അടക്കമുള്ള വ്യക്തിഗത സുരക്ഷ ഉപാധികളുടെ (ജജഋ) കയറ്റുമതി നിരോധിച്ച് അമേരിക്ക.

* കാലിഫോര്‍ണിയയില്‍ ഭവനരഹിതര്‍ക്കായി ഹോട്ടല്‍ റൂമുകള്‍ നല്‍കാന്‍ പദ്ധതിയിടുന്നു.

* 104 വയസ്സുകാരന്‍ വില്യം ബില്‍ ലാപ്‌സ്ചിസ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രോഗമുക്തി നേടിയവരില്‍ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണെന്ന് റിപ്പോര്‍ട്ട്. അദ്ദേഹം ബുധനാഴ്ച പിറന്നാള്‍ ആഘോഷിച്ചു.

* സ്വകാര്യ കമ്പനി ജീവനക്കാരുടെ 60 ശതമാനം ശമ്പളം സര്‍ക്കാര്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് സൗദി അറേബ്യ.

* ബള്‍ഗേറിയ ഏപ്രില്‍ 13 വരെ അടിയന്തരാവസ്ഥ ദീര്‍ഘിപ്പിച്ചു.

* ലണ്ടനിലെ ഒരു കോണ്‍ഫറന്‍സ് സെന്ററില്‍ 4000 ബെഡ്ഡുകള്‍ ഉള്ള താല്‍ക്കാലിക ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചു. ഒമ്പത് ദിവസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കി.

* ഇന്ത്യയില്‍ ആകെ കൊറോണ രോഗികളുടെ എണ്ണം 3000 കടന്നു. ഇന്നലെ മാത്രം അറുന്നൂറോളം പുതിയ രോഗികള്‍.

* മഹാരാഷ്ട്രയിലെ കണക്ക് 500 അടുക്കുന്നു. തമിഴ്‌നാട് 400 കടന്നു. ഡല്‍ഹി 400 ന് തൊട്ടടുത്ത്. കേരളം 300 ന് തൊട്ടടുത്ത്. 200 ന് മുകളിലുള്ള രണ്ട് സംസ്ഥാനങ്ങള്‍. നൂറിനു മുകളില്‍ രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങള്‍.

* ഇതിനോടകം 220-ലധികം രോഗികള്‍ രോഗമുക്തി നേടിയപ്പോള്‍ 80 ന് മുകളില്‍ ആള്‍ക്കാര്‍ മരിച്ചിട്ടുണ്ട്.

* കഴിഞ്ഞ ആറു ദിവസങ്ങളിലായി ഓരോ ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന രോഗികളുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് കാണിച്ചുകൊണ്ടിരിക്കുന്നത്.

* ലോക്ക് ഡൗണ്‍ 10 ദിവസം കഴിഞ്ഞു. എന്നുവച്ചാല്‍ രോഗത്തിന്റെ ഇന്‍കുബേഷന്‍ പീരീഡിനോട് അടുത്ത് എത്തുന്നു. ലോക്ക് ഡൗണ്‍ കാരണം രോഗവ്യാപനത്തിന്റെ തോത് എത്ര കാര്യക്ഷമമായി കുറയ്ക്കാന്‍ കഴിഞ്ഞു എന്നുള്ളതിനെ പറ്റി ലോക്ക് ഡൗണിന്റെ അവസാന ആഴ്ചയിലെ കണക്കുകള്‍ ആയിരിക്കും സൂചിപ്പിക്കുന്നത്. രോഗവ്യാപനം കുറഞ്ഞിട്ടുണ്ടാകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. പ്രത്യാശിക്കാം.

* കേരളത്തില്‍ ഇന്നലെ പുതുതായി 9 രോഗികള്‍ കൂടി വന്നു. ആകെ രോഗികളുടെ എണ്ണം 295 ആയി. ഇതുവരെ രോഗമുക്തി നേടിയവര്‍ 42. ഇപ്പോള്‍ ചികിത്സയിലുള്ളത് 251 പേര്‍.

* ഇന്ത്യയില്‍ പ്രത്യേകിച്ച് കേരളത്തില്‍ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ എത്തിയെന്നതും ഉടന്‍ തന്നെ പരിശോധനകള്‍ ആരംഭിക്കുമെന്നതും ആശാവഹമായ സംഗതിയാണ്. സാമൂഹ്യ വ്യാപനത്തിന്റെ സാധ്യത ഇനിയും തള്ളിക്കളയാനാവാത്ത ഒരു സ്ഥിതിവിശേഷം നമ്മുടെ ഇടയിലുണ്ട്. അത് കണ്ടെത്തുന്നതിനും കൂടുതല്‍ കാര്യക്ഷമമായി ഇടപെടുന്നതിനും ഈ ടെസ്റ്റുകള്‍ ഉപകരിക്കും എന്നാണ് പ്രതീക്ഷ.

* അതേസമയം നമുക്ക് പ്രാവര്‍ത്തികമാക്കാന്‍ പറ്റുമോ എന്ന് ചിന്തിക്കാവുന്ന മറ്റൊരു സംഗതിയാണ് ജര്‍മ്മനിയിലും മറ്റും പരീക്ഷിക്കുന്ന പൂള്‍ഡ് സീറം PCR. ഒരാളുടേതിന് പകരം 16 ഓളം പേരുടെ സീറം ഒരുമിച്ച് മിക്‌സ് ചെയ്ത് പരിശോധിക്കുകയും അതില്‍ നെഗറ്റീവ് ആണെങ്കില്‍ 16 പേരെയും ഒരുമിച്ച് നെഗറ്റീവായി പ്രഖ്യാപിക്കുകയും ചെയ്യുന്ന രീതി. PCR പരിശോധനയുടെ നെഗറ്റീവ് പ്രെഡിക്റ്റീവ് വാല്യു ഉയര്‍ന്നതായതിനാല്‍ അത് വിശ്വസനീയവുമാണ്. ഇനിയാ പൂള്‍ഡ് സീറം റിസള്‍ട്ട് പോസിറ്റീവ് ആണെങ്കില്‍ മാത്രം അതിലുള്‍പ്പെട്ട ഓരോരുത്തരെയും പ്രത്യേകം ടെസ്റ്റ് ചെയ്ത് ആരാണ് പോസിറ്റീവെന്ന് കണ്ടെത്തുകയും ചെയ്യുന്നതാണ് രീതി.

* നിലവിലെ സാഹചര്യത്തില്‍ അത്തരമൊരു ടെസ്റ്റിംഗ് രീതിയിലേക്ക് നമ്മള്‍ പോകേണ്ടതുണ്ടോ എന്നും അങ്ങനാണെങ്കില്‍ അതിന്റെ സാങ്കേതികതയും പ്രായോഗികതയും കൂടി ചര്‍ച്ച ചെയ്യുന്നതും ഈ സമയത്ത് അഭികാമ്യമായിരിക്കും എന്ന് തോന്നുന്നു. ഇന്ത്യയിലിതുവരെ, ആവര്‍ത്തിച്ചുള്ള പരിശോധനകള്‍ ഉള്‍പ്പെടെ 66000 ടെസ്റ്റുകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ജനസംഖ്യാനുപാതികമായി മറ്റു രാജ്യങ്ങളുമായി താരതമ്യം ചെയ്താല്‍ നമ്മള്‍ ഏറ്റവും പിന്നിലാണ് നില്‍ക്കുന്നത്.

* അതേസമയം കാസര്‍ഗോഡ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ലാബില്‍ ഇന്നലെ മുതല്‍ കൊവിഡ് ടെസ്റ്റിംഗ് ആരംഭിച്ചിട്ടുണ്ട്. കാസര്‍ഗോഡ്, കണ്ണൂര്‍ ഭാഗത്ത് നിന്നുള്ളവരുടെ ടെസ്റ്റുകള്‍ കൂടുതല്‍ കാര്യക്ഷമമായും വേഗത്തിലും നടത്തുന്നതിന് ഇത് സഹായകരമായിരിക്കും എന്ന് തന്നെയാണ് പ്രതീക്ഷ.

* ജോലിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും ഉള്‍പ്പെടെ ഒരുപാട് പേര്‍ക്ക് ഗുണം ചെയ്യുന്ന ഒരു തീരുമാനം ആയിരുന്നു ഇന്നലെ കേരള സര്‍ക്കാര്‍ എടുത്ത ഫുഡ് പാഴ്‌സല്‍ ഡെലിവറി രാത്രി 8:00 വരെ ആക്കുന്ന തീരുമാനം. ആ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.