പനാജി: ഞങ്ങള്‍ക്ക് ‘നല്ല ടൂറിസ്റ്റുക’ളെ മാത്രം മതിയെന്ന് ഗോവന്‍ ടൂറിസം മന്ത്രി മനോഹര്‍ അജ്ഗനോക്കര്‍. പൊതു സ്ഥലം വൃത്തികേടക്കാന്നുവര്ക്കും, പരസ്യമായി മദ്യപിക്കുന്നവര്‍ക്കും പിഴ ചുമത്തുമെന്ന മുഖ്യമന്ത്രി മനോഹര്‍ പരീക്കറുടെ പ്രസ്താവനയെ പിന്തുണച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”മുഖ്യമന്ത്രിയുടെ പ്രസ്താവന ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. മാലിന്യം നിക്ഷേപിക്കുന്നവര്‍, പ്ലാസ്റ്റിക്ക് പൊതുസ്ഥലത്ത് ഇടുന്നവര്‍, പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍, മൂത്രമൊഴിക്കുന്നവര്‍ ഇവര്‍ക്കൊക്കെ പരമാവധി പിഴ ചുമത്തണം. ഞങ്ങള്‍ക്ക് ഗോവയുടെ സംസ്ക്കാരം ബഹുമാനിക്കാന്‍ സാധിക്കുന്ന നല്ല ടൂറിസ്റ്റുകളെ മതി” അജ്ഗനോക്കര്‍ പറഞ്ഞു.
മുഖ്യമന്ത്രി പറഞ്ഞിരിക്കുന്ന പിഴ വളരെ കുറവാണെന്നും ഇത് ഉയര്‍ത്തേണ്ടതുണ്ടെന്നും ടൂറിസം മന്ത്രി കൂട്ടിച്ചേര്‍ത്തു.
വിനോദസഞ്ചാരികള്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറരുതെന്നും മന്ത്രി ആവശ്യപ്പെടുന്നുണ്ട്. ആളുകള്‍ ഇവിടെ വരുന്നത് ഞങ്ങളുടെ സംസ്ക്കാരവും പ്രകൃതിഭംഗിയും ആസ്വദിക്കാനാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ പരസ്യമായി മദ്യപിക്കുന്നവര്‍ക്ക് 2500 രൂപ പിഴ ചുമത്തുമെന്ന് മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ പ്രസ്താവിച്ചിരുന്നു.