Administrator
Administrator
ഞങ്ങള്‍ ബുഷിനെ ഇഷ്ടപ്പെടുന്നില്ല; അമേരിക്കന്‍ ജനതക്കൊപ്പമാണ്: വി.എസ്
Administrator
Friday 2nd September 2011 9:22am

wikileaks

പെനിസില്‍വാനിയ സെനറ്ററായ ആര്‍ലന്‍ സ്‌പെക്ടര്‍ വി.എസ് അച്യുതാനന്ദന്‍, നിയമവിദഗ്ധര്‍, മാധ്യമപ്രവര്‍ത്തകര്‍, സാമൂഹിക-സാംസ്‌കാരിക രാഷ്ട്രീയ പ്രവര്‍ത്തകര്‍ തുടങ്ങിയവരുമായി നടത്തിയ സംഭാഷണമടങ്ങിയ വിക്കിലീക്‌സ് രേഖയുടെ പരിഭാഷ.

UNCLAS SECTION 01 OF 03 CHENNAI 000054 

SIPDIS 

SIPDIS 

SENSITIVE 

E.O. 12958: N/A
TAGS: OVIP PREL PGOV ECON SCUL IN
SUBJECT: CODEL SPECTER IN SOUTH INDIA: COMMUNISTS, COMPUTERS AND CULTURE

പെനിസില്‍വാനിയ സെനറ്ററായ ആര്‍ലന്‍ സ്‌പെക്ടര്‍ ഡിസംബര്‍ 17 മുതല്‍ 22വരെ തെക്കെ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളായ കേരളവും കര്‍ണാടകയും സന്ദര്‍ശിച്ചു. തന്റെ സന്ദര്‍ശനത്തില്‍ നിയമ വിദഗ്ധരുമായും, മാധ്യമപ്രവര്‍ത്തകരുമായും, സാമൂഹിക- സാസ്‌കാരികനായകരുമായും, രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായും അതോടൊപ്പം കേരളത്തിലെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയുമായും ചര്‍ച്ചകള്‍ നടത്തി. ഇറാഖ് യുദ്ധം, ഇന്ത്യാ-അമേരിക്ക ആണവകരാര്‍, ഔട്ട്-സോര്‍സിംഗ് മൂലം യൂ.എസിലുണ്ടാവുന്ന തൊഴില്‍ പ്രശ്‌നങ്ങള്‍, ജുഡീഷ്യല്‍ ആക്ടിവിസവും അതിന്റെ പരിഷ്‌കരണവും എന്നീ വിഷയങ്ങളിലൂന്നിയാണ് പ്രധാനമായും ചര്‍ച്ചകള്‍ നടന്നത്. കേരളത്തിന്റെ സാമ്പത്തിക തലസ്ഥാനമായ കൊച്ചിയിലും രാഷ്ട്രീയ തലസ്ഥാനമായ തിരുവനന്തപുരത്തും കര്‍ണാടകയിലെ പ്രധാന നഗരമായ ബാംഗ്ലൂരിലും വെച്ചാണ് സെനറ്ററായ സ്‌പെക്ടറും അദ്ദേഹത്തിന്റെ ചെറിയ സംഘവും ചര്‍ച്ചകള്‍ നടത്തിയത്.

മുഖ്യമന്ത്രി വീണ്ടും ശീതസമരത്തില്‍

V S Achudanandan caricatureഡിസംബര്‍ 21ന് തിരുവന്തപുരത്ത് സെനറ്റര്‍ സ്‌പെക്ടറും ചെന്നൈ പ്രിന്‍സിപല്‍ ഓഫീസര്‍ ഹൂപ്പറും തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനത്തെ ഉയര്‍ന്ന സ്ഥാനത്തെത്തിയ വ്യക്തിയായ സംസ്ഥാന മുഖ്യമന്ത്രി വി. എസ് അച്യുതാനന്ദനെ സന്ദര്‍ശിച്ചു.മാര്‍കിസ്റ്റ് സിദ്ധാന്തമനുസരിച്ചാണോ കേരളത്തില്‍ ഭരണം നടത്തുന്നത് എന്ന് സെനറ്റര്‍ വി എസ് അച്യുതാനന്ദനോട് ചോദിച്ചു. പശ്ചിമ ബംഗാളിനെയും ത്രിപുരയെയും പോലെ കേരളത്തിലും മറ്റ് ഇടതകക്ഷികളുമായും ഇടതുപക്ഷത്തോട് അനുഭാവം പുലര്‍ത്തുന്ന രാക്ഷ്ട്രീയ കക്ഷികളുമായും ചേര്‍ന്നുള്ള കൂട്ടുകക്ഷിഭരണമാണ് നടത്തുന്നത് എന്ന് വി എസ് മറുപടി പറഞ്ഞു. 2006ല്‍ തയ്യാറാക്കിയ തിരഞ്ഞെടുപ്പ് പത്രികയുടെ അടിസ്ഥാനത്തിലാണ് ഭരണം നടത്തുന്നത്. ‘ഇടത് ജനാധിപത്യ’ഭരണം എന്നാണ് മുഖ്യമന്ത്രി ഉപയോഗിച്ച പദം.

ഇടത് ജനാധിപത്യഭരണം ലക്ഷ്യമിടുന്നത് ‘ഫ്യൂഡലിസത്തെ തുടച്ചു നീക്കുക’ എന്നാണ്. ഇവിടെ ധനികരായ ഭൂപ്രഭുക്കന്മാര്‍ 50,000 ഏക്കറോളം ഭൂമി വരെ കൈവശം വച്ച് പാവപ്പെട്ട കര്‍ഷകന് കൃഷിക്കായി ഒരേക്കറിന്റെ പത്തിലൊന്ന് സ്ഥലം പോലും കാര്‍ഷികാവശ്യങ്ങള്‍ക്ക് നല്‍കാറില്ല. സര്‍ക്കാര്‍ ഭൂപരിഷ്‌കരണനിയമം കൈകാര്യം ചെയ്തത് ‘കൃഷിഭൂമി കൃഷിക്കാരന്’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തിലാണ്. കൃഷിക്കുവേണ്ടി സര്‍ക്കാറിന്റെ കയ്യിലുള്ള ഭൂമി കര്‍ഷകര്‍ക്ക് കൊടുക്കുന്നത് നാമമാത്രമായിട്ടുള്ള വാടക ഈടാക്കിയാണ്. ഇങ്ങിനെ തുടര്‍ച്ചയായി 12 വര്‍ഷത്തോളം ഭൂമി കൈവശം വെക്കുന്ന കൃഷിക്കാര്‍ക്ക് ഭൂമി പതിച്ച് കൊടുക്കുന്നത് സര്‍ക്കാര്‍ നയമാണ്. ഒരു കോടിയോളം ഭൂരഹിതര്‍ ഈ പരിപാടിയുടെ ഭാഗമായി ഭൂമി നേടുകയും പതിനായിരകണക്കിന് കരാര്‍ തൊഴിലാളികള്‍ സ്വതന്ത്രമായി ജോലി ചെയ്യുന്ന അവസ്ഥയുണ്ടാവുകയും ചെയ്തു.

വിദ്യാഭ്യാസത്തിനും ആരോഗ്യ പരിപാലനത്തിനും ഗവണ്‍മെന്റ് ഉയര്‍ന്ന പരിഗണനയാണ് നല്‍കുന്നത്. ഓരോ വിദ്യാര്‍ത്ഥിക്കും 12 വയസ്സ് വരെ സൗജന്യ വിദ്യാഭാസമാണ് ഗവണ്‍മെന്റ് നല്‍കുന്നത്. ഉന്നത വിദ്യഭ്യാസരംഗത്ത് 50 ശതമാനം സീറ്റുകള്‍ സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാര്‍വ്വത്രികവും സൗജന്യവുമായി ആരോഗ്യ പരിപാലനം ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഈ കേന്ദ്രങ്ങളുടെ നിയന്ത്രണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കാണ്.

മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചത് കൊണ്ട് ലോകത്ത് വളരെയധികം കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങള്‍ തകര്‍ന്നിട്ടുണ്ടല്ലോ എന്ന സെനറ്റര്‍ സ്‌പെക്ടര്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അച്യുതാന്ദന്റെ പ്രതികരണം ഇങ്ങനെയായിരുന്നു.   ’75 വര്‍ഷത്തോളം സോവിയറ്റ് യൂണിയന്‍ വിജയകരമായി നിലനിന്നിരുന്നു. പിന്നീടുണ്ടായ തെറ്റായ പരിഷ്‌കാരങ്ങളും സി.ഐ.എയുടെ ഇടപെടലുകളുമാണ് തകരാനുണ്ടായ പ്രധാന കാരണങ്ങള്‍’. റഷ്യന്‍ പ്രസിഡണ്ട് പുടിനെ കുറിച്ചു പോലും സംസാരിച്ചു, ‘കമ്മ്യൂണിസ്റ്റ്കാരനല്ലെങ്കിലും അമേരിക്കക്കെതിരെയുള്ള പോരാട്ടത്തില്‍ മുഴുകിയിരിക്കുന്ന വ്യക്തിയാണ് പുടിന്‍’ എന്ന്.

‘ചൈനയിലെ ടിയാനമെന്‍ സ്‌ക്വയറില്‍ 1989ല്‍ നടന്ന പ്രകടനത്തില്‍ പ്രതിവിപ്ലവകാരികളെ ഉപയോഗിച്ച് അമേരിക്കന്‍ താല്‍പര്യങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചിട്ടും, ക്യൂബയില്‍ 180 തവണ ഫിദല്‍ കാസ്‌ട്രോയെ വധിക്കാന്‍ സി.ഐ.എ ശ്രമം നടത്തിയിട്ടും ഈ രാജ്യങ്ങളിലും വടക്കന്‍ കൊറിയ, വിയറ്റ്‌നാം എന്നിവടങ്ങളിലുമെല്ലാം കമ്മ്യൂണിസം വളരുകയാണുണ്ടായത’- വി.എസ് ചൂണ്ടിക്കാട്ടി.

അച്യുതാനന്ദന്‍ നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു:

‘ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എത്ര നേതാക്കളെയാണ് അമേരിക്കന്‍ ഗവണ്‍മെന്റ് കൊന്നുതള്ളിയത്?’ ‘എങ്ങിനെയാണ് അമേരിക്കക്ക് ഇറാഖ് അധിനിവേശത്തെ ന്യായീകരിക്കാനാവുക? സദ്ദാം ഹുസൈനെ എന്ത് കൊണ്ട് അപഹാസ്യമായ വിചാരണക്ക് ശേഷം വെറുതെ വിട്ടില്ല?’ ‘സദ്ദാം ഹുസൈന്‍ അദ്ദേഹത്തിന്റെ ജീവിത കാലയളവില്‍ എതിരാളികളെ ഇല്ലാതാക്കാന്‍ ആണവായുധങ്ങള്‍ വരെ ഉപയോഗിച്ചു, എന്നാല്‍ അമേരിക്ക വിയറ്റ്‌നാമില്‍ ചെയ്തതും മറ്റൊന്നല്ല’അച്യുതാനന്ദന്‍ കൂട്ടിചേര്‍ത്തു.

സെനറ്ററുടെ മറുപടി ഇങ്ങിനെയായിരുന്നു-“സദ്ദാം ആയുധങ്ങള്‍ ഉപയോഗിച്ചത് ഇറാനിലെയും ഇറാക്കിലെയും ജനങ്ങളെ കൂട്ടക്കൊല ചെയ്യാനായിരുന്നെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍ നിഷേധിക്കുകയാണ് സദ്ദാം ചെയ്തത്. എന്നാല്‍ ഇറാഖി കോടതിയില്‍ നടന്ന കുറ്റവിചാരണക്കിടയില്‍ ഇത് തെളിയിക്കാന്‍ സദ്ദാമിന് കഴിഞ്ഞിട്ടില്ല. അത്‌കൊണ്ട് തന്നെ ഇറാഖിലെ നീതി ന്യായ വ്യവസ്ഥ അനുശാസിക്കുന്ന വിധിയാണ് സദ്ദാമിന്റെ കാര്യത്തിലുണ്ടായത്. ഇറാഖില്‍ നിന്ന അമേരിക്കന്‍ സേനയുടെ പെട്ടെന്നുള്ള പിന്മാറ്റം കൂടുതല്‍ മരണത്തിന് കാരണമാവുകേയുള്ളു”. ഇത്തരത്തിലുള്ള മുഖ്യമന്തിയുടെയും സെനറ്ററുടെയും വാദപ്രതിവാദങ്ങള്‍ക്കൊടുവിലായി വി.എസ് പറഞ്ഞു “ഞങ്ങള്‍ ബുഷിനെ ഇഷ്ടപ്പെടുന്നില്ല; പക്ഷെ ഞങ്ങള്‍ അമേരിക്കന്‍ ജനതക്കൊപ്പമാണ്”.

തിരുവന്തപുരം: ടെക്‌നോളജിയും സംസ്‌കാരവും

തിരുവനന്തപുരത്തെ ടെക്‌നോപാര്‍ക്കിലുള്ള യു എസ് ടെക്‌നോളജീസ് എന്ന കാലിഫോര്‍ണിയ കേന്ദ്രമായിട്ടുള്ള ഐ.ടി കമ്പനി സെനറ്റര്‍ സ്‌പെക്ടര്‍ സന്ദര്‍ശിച്ചു. കമ്പനിയുടെ പ്രധാന മൂല്യങ്ങളെയും പ്രത്യേകതകളെയും ഊന്നല്‍ നല്‍കിയുള്ള പ്രദര്‍ശനം സെനറ്ററുടെ മുമ്പാകെ കമ്പനി കാണിച്ചു. ഐ.ടി സേവന മേഖലകള്‍, ഹെല്‍ത്ത് കെയര്‍, റീട്ടെയില്‍ ഫിനാന്‍ഷ്യല്‍ സെര്‍വ്വീസ്, ലോജിസ്റ്റിക്‌സ് എന്നീ മേഖലയിലെ കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍ നല്‍കിയുള്ളതായിരുന്നു പ്രദര്‍ശനം. തങ്ങളുടെ കേരളാ ഓഫീസുമായി സഹകരിക്കുന്ന യു എസ് കമ്പനികളില്‍ ഫിലാഡെല്‍ഫിയയിലെ ഇന്‍ഡിപെന്‍ഡന്‍സ് ഹെല്‍ത്ത് കെയറുമുണ്ടെന്ന് കമ്പനി പ്രദര്‍ശനത്തില്‍ പ്രത്യേകം ഏടുത്ത് കാണിക്കുന്നുണ്ട്. യു എസ് ടെക്‌നോളജീസിന്റെ പ്രവര്‍ത്തനത്തിന് മുമ്പ് പ്രസ്തുത ജോലികള്‍ ചെയ്തിരുന്ന ആളുകളുടെ എണ്ണവും സ്ഥലവും സെനറ്റര്‍ കമ്പനി അധികൃതരോട് ചോദിച്ചു.

തിരുവിതാംകൂര്‍ രാജവംശത്തിലെ ഇപ്പോഴത്തെ രാജാവായ മാര്‍ത്താണ്ഡ വര്‍മ്മയെയും സഹോദരി ലക്ഷ്മീ ഭായിയെയും മറ്റ് കുടുംബാംഗങ്ങളെയും സെനറ്റര്‍ സ്‌പെക്ടറെ കവടിയാര്‍ കൊട്ടാരത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് കേരളത്തിന്റെ സംസ്‌കാരത്തെയും ചരിത്രത്തെയും കുറിച്ച് ചര്‍ച്ചകള്‍ നടത്തി. സാംസ്‌കാരിക മതരംഗളിലെ രാജവംശത്തിന്റെ വിലപ്പെട്ട സംഭാവനകളും ഈ മേഖലകളെകുറിച്ചൊക്കെയുമുള്ള രാജവംശത്തിന്റെ അഗാധമായ അറിവും സെനറ്ററെയും സംഘത്തെയും വളരെയധികം ആകര്‍ഷിച്ചു. രാജകുടുംബാംഗമായിരുന്ന രാജാ രവിവര്‍മ്മയുടെ പെയിന്റിംഗുകള്‍ സൂക്ഷിച്ച ആര്‍ട്ട് ഗ്യാലറിയും സ്‌പെക്ടര്‍ സന്ദര്‍ശിച്ചു.

കൊച്ചി: മാധ്യമ-നിയമ-ബിസിനസ്സ് രംഗത്തെ പ്രമുഖര്‍

കേരളത്തിന്റെ സാമ്പത്തിക ബിസിനസ്സ് കേന്ദ്രമായി കണക്കാക്കപ്പെടുന്ന കൊച്ചിയില്‍ വച്ച് സംസ്ഥാനത്തെ പ്രമുഖ പത്രമായ മലയാള മനോരമയുടെ എഡിറ്റോറിയല്‍ ബോര്‍ഡുമായും പത്രത്തിന്റെ എം.ഡിയായ ഫിലിപ്പ് മാത്യുവുമായും സ്‌പെക്ടര്‍ കൂടിക്കാഴ്ച നടത്തി. പ്രധാനമായും യു.എസ്-ഇന്ത്യാ ബന്ധത്തെക്കുറിച്ചാണ് സെനറ്റര്‍ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലും ഉയര്‍ന്ന് വരുന്ന സാമ്പത്തിക ശക്തിയെന്ന നിലയിക്കും ഇന്ത്യക്ക് യു.എന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ അംഗത്വം ലഭിക്കണമെന്ന് സെനറ്റര്‍ പറഞ്ഞു. പൊതുവെ യു.എസ് ഇസ്ലാമിനെതിരെയാണെന്ന ധാരണ ഉള്ളതിനാല്‍ ബഹുഭുരിപക്ഷം വരുന്ന മുസ്ലീമുകളുമായി തങ്ങളുടെ നയത്തെക്കുറിച്ച് ഫലപ്രദമായ രീതിയില്‍ സംസാരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സെനറ്റര്‍ പറഞ്ഞു.

കൊച്ചി സന്ദര്‍ശനത്തിലെ സെനറ്ററുടെ മറ്റൊരു പ്രധാന കൂടിക്കാഴ്ച ചീഫ് ജസ്റ്റിസ് വി.കെ ബാലിയുമായും കേരളാ ഹൈക്കോടതിയിലെ മുതിര്‍ന്ന നാല് ജഡ്ജിമാരുമായിട്ടുള്ളതായിരുന്നു. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയും ഗവണ്‍മെന്റിന്റെ മറ്റ് നിയനിര്‍മ്മാണ സഭകളും തമ്മിലുള്ള ബന്ധമായിരുന്നു ചര്‍ച്ചകളിലെ പ്രധാന വിഷയം.

‘താങ്കള്‍ നിയമം നിര്‍മ്മിക്കുന്ന ആളാണോ?’ ചര്‍ച്ചക്കിടയില്‍ സെനറ്റര്‍ ജഡ്ജിയോട് ചോദിച്ചു. ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന ജനങ്ങളുടെ മൗലീകാവകാശങ്ങള്‍ സംരക്ഷിക്കാനും ഉത്തരവുകള്‍ പുറപ്പെടുവിക്കാനുമുള്ള തങ്ങളുടെ അവകാശം മുന്‍ നിര്‍ത്തി ‘നിയമത്തിനും ഭരണഘടനയ്ക്കും ഇടയിലാണ് എന്റെ സ്ഥാനം’ എന്ന് ജഡ്ജ് മറുപടി നല്‍കി.

കേരള ഇന്തോഅമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏര്‍പ്പെടുത്തിയ ഡിന്നറിലും കൊച്ചിന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ഏര്‍പ്പെടുത്തിയ ലഞ്ച് പാര്‍ട്ടിയിലും പങ്കെടുത്ത് കൊച്ചിയിലെ പ്രമുഖ ബിസിനസ്സുകാരുമായി സെനറ്റര്‍ സംഭാഷണം നടത്തി. രണ്ട് ചടങ്ങുകളിലും ലോകതലത്തില്‍ ഉയര്‍ന്ന് വരുന്ന ഇന്ത്യയുടെ പ്രാധാന്യം അംഗീകരിച്ച സെനറ്റര്‍ യു എന്നില്‍ ഇന്ത്യക്ക് പ്രധാന പങ്ക് വഹിക്കാനുണ്ടെന്നും പറഞ്ഞു. യു എസിന്റെ ഇറാഖിലെ ഇടപെടല്‍ തെറ്റായ വിവരത്തെതുടര്‍ന്നാണെന്ന് സമ്മതിച്ച സെനറ്റര്‍ പാതിവഴിക്ക് വച്ച് ഇറാഖില്‍ നിന്ന് പിന്‍വാങ്ങുന്നത് ആ രാജ്യത്തെ കൂടുതല്‍ ദുരിത പൂര്‍ണ്ണമാക്കുമെന്നും പറഞ്ഞു.

എ.ഡി 1568ല്‍ പണികഴിപ്പിച്ച ജൂതന്മാരുടെ പള്ളിയായ മട്ടാഞ്ചേരി സിനഗോഗും സെനറ്റര്‍ സന്ദര്‍ശിച്ചു. അഭ്യന്തര, രാജ്യാന്തര വിനോദ സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന കൊച്ചിക്കടുത്തുളള ശുദ്ധജല തടാകങ്ങളും സെനറ്ററും സംഘവും സന്ദര്‍ശിച്ചു. കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പ്രധാന വരുമാന സ്‌ത്രോതസുകളിലൊന്നായ് മാറിക്കൊണ്ടിരിക്കകയാണ് ടൂറിസം മേഖല.

ബാംഗ്ലൂര്‍: ഹൈ ടെക് സിറ്റി

ഡിസംബര്‍ 20ന് കര്‍ണാടകയുടെ തലസ്ഥാനവും ഇന്ത്യയുടെ ഐ.ടി. വ്യവസായത്തിന്റെ കേന്ദ്രവുമായ ബാംഗ്ലൂരില്‍ ഐ.ബി.എം ഇന്‍ഡ്യയുടെ ഓഫിസ് സെനറ്റര്‍ സന്ദര്‍ശിച്ചു. ഗ്ലോബല്‍ ഓപ്പറേഷന്‍ സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ സെനറ്റര്‍ വീക്ഷിച്ചു. യു എസില്‍ നിന്നും ഇന്ത്യയിലേക്ക് മാറ്റിയ തസ്തികകളുടെ എണ്ണമെത്രയാണെന്ന് സെനറ്റര്‍ ഐ.ബി.എം ഇന്ത്യയിലെ ഉദ്ദ്യോഗസ്ഥരോട് ആരാഞ്ഞു. അങ്ങിനെ തസ്തികകള്‍ ഇന്ത്യയിലേക്ക് മാറ്റിയിട്ടില്ല എന്ന് ഉദ്ദ്യോഗസ്ഥര്‍ മറുപടി നല്‍കി.

ജനറല്‍ ഇലക്ട്രോണിക്‌സിന്റെ ജോണ്‍.എഫ്.വെല്‍ക് ടെക്‌നോളജി സെന്റര്‍ സന്ദര്‍ശിച്ച സെനറ്റര്‍ സന്നിഹിതരായ ശാസ്തരജ്ഞരുമായി സംഭാഷണം നടത്തി. ശാസ്തരജ്ഞരുടെ യോഗ്യതയും ലഭിക്കുന്ന ശമ്പളത്തെകുറി്ച്ചുമായിരുന്നു പ്രധാനമായും സെനറ്റര്‍ അവരോട് ചോദിച്ചത്.
ഇന്ത്യയുടെ നിയമ പരിഷ്‌കരണ കമ്മറ്റി ചെയര്‍മാനായ ജസ്റ്റിസ് മല്ലിമത്തിനെയും സെനറ്റര്‍ കണ്ടു. ഇന്ത്യന്‍ നിയമവ്യവസ്ഥയുടെ നിലവിലെ സ്ഥിതിയെ കുറിച്ച് അന്വേഷിച്ച സെനറ്റര്‍ കമ്മറ്റിയുടെ പ്രധാന ലക്ഷ്യമായി നിയമവ്യവസ്ഥിതിയുടെ വേഗത്തിലാക്കാന്‍ എടുക്കുന്ന നടപടിക്രമങ്ങള്‍ എന്തെല്ലാമാണെന്നും അന്വേഷിച്ചു. കമ്മറ്റി നിര്‍ദ്ദേശിച്ച ചില പരിഷ്‌കാര നടപടികളെകുറിച്ച് ജസ്റ്റിസ് മല്ലിമത്ത് സൂചിപ്പിക്കുകയും ചെയ്തു.

പത്‌നി മിസിസ് ജോണ്‍ സ്‌പെക്ടറും സ്‌കോട്ട് ബോസ്സും സുരക്ഷാ ഉദ്ദ്യോഗസ്ഥരും കോണ്‍സുലേറ്റ് ജനറലും സെനറ്റര്‍ സ്‌പെക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.

ഹൂപ്പര്‍

മെഴിമാറ്റം: വിബീഷ് വിക്രം

വി.എസ് അച്ച്യുതാനന്ദനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ചര്‍ച്ചയുടെ രേഖകള്‍

ലെനിന്‍ എന്തു ചെയ്തു? കേരളം പശ്ചിമബംഗാള്‍ പാത പിന്തുടരുന്നു -വിക്കിലീക്‌സ് പരിഭാഷ

വിക്കിലീക്‌സ് രേഖകള്‍ ശരിയാണെന്ന് കരുതുന്നില്ല: വി.എസ്

വി.എസും പിണറായിയും അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി: വിക്കിലീക്‌സ്

പിണറായി വിജയനുമായി അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തിയതിന്റെ വിക്കിലീക്‌സ് രേഖകള്‍


Advertisement