പുത്തുമല തകര്‍ന്നടിഞ്ഞു, അടുത്തത് കുറിച്യര്‍ മലയോ?; മലമുകളിലെ ജലാശയം ഗുരുതര സാഹചര്യമെന്ന് ഉദ്യോഗസ്ഥര്‍; നൂറോളം കുടുംബങ്ങളെ മാറ്റി
Details Story
പുത്തുമല തകര്‍ന്നടിഞ്ഞു, അടുത്തത് കുറിച്യര്‍ മലയോ?; മലമുകളിലെ ജലാശയം ഗുരുതര സാഹചര്യമെന്ന് ഉദ്യോഗസ്ഥര്‍; നൂറോളം കുടുംബങ്ങളെ മാറ്റി
ന്യൂസ് ഡെസ്‌ക്
Tuesday, 13th August 2019, 1:55 pm

വയനാട്: പൊഴുതന ഗ്രാമപഞ്ചായത്തില്‍ ഉള്‍പ്പെടുന്ന കുറിച്യര്‍മല പ്രദേശം വീണ്ടും ഉരുള്‍പൊട്ടല്‍ ഭീതിയില്‍. കഴിഞ്ഞ വര്‍ഷം ഉരുള്‍പൊട്ടലുണ്ടായ അതേദിവസം തന്നെയാണ് പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് ഒന്‍പതാം തിയതി രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു പ്രദേശത്ത്  മണ്ണിടിച്ചിലുണ്ടായത്.

2018 ഓഗസ്റ്റ് എട്ടിന് കുറിച്യര്‍മലയില്‍ ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഉരുള്‍പൊട്ടലില്‍ അഞ്ച് വീടുകള്‍ പൂര്‍ണമായും തകരുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം നേരിടുകയും ചെയ്തിരുന്നു.

കഴിഞ്ഞ പ്രളയകാലത്തെ ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലായിരുന്നെന്നും വലിയ ശബ്ദത്തോടെ കൂറ്റന്‍പാറകളും മരങ്ങളും ഒലിച്ച് കിലോമീറ്ററുകള്‍ താഴെയെത്തിയെത്തുകയായിരുന്നെന്നും നാട്ടുകാര്‍ പറഞ്ഞിരുന്നു.

കല്‍പ്പറ്റ റെയ്ഞ്ചിലെ മേല്‍മുറി വനമേഖലയില്‍ അഞ്ഞൂറടിയോളം ഉയരത്തില്‍ നിന്നാണ് ഇവിടെ മണ്ണിടിഞ്ഞത്. ഒന്‍പത് വീടുകള്‍ ഇവിടെ തകര്‍ച്ചാ ഭീഷണിയിലാണ്.

ശക്തമായ മഴയും കാലാവസ്ഥയും മൂലം കുറിച്യര്‍മലയുടെ മുകളില്‍ രൂപപ്പെട്ട ചതുപ്പുനിറഞ്ഞ ജലാശയമാണ് ഉരുള്‍പൊട്ടല്‍ സാധ്യത വര്‍ധിപ്പിക്കുന്നത്.

മണ്ണുസംരക്ഷണ വകുപ്പും വനംവകുപ്പും ചേര്‍ന്ന് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് വനത്തില്‍ മലമുകളിലായി വലിയ ജലാശയം കണ്ടെത്തിയത്.

ജില്ലാ മണ്ണുസംരക്ഷണ ഓഫിസര്‍ പി.യു. ദാസ്, സൗത്ത് വയനാട് ഡിഎഫ്ഒ രഞ്ജിത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദേശം സന്ദര്‍ശിച്ചത്.

ഇതേത്തുടര്‍ന്ന് പ്രദേശത്തെ നൂറോളം കുടുംബങ്ങളെ ഇന്നലെയോടെ സുരക്ഷിത കേന്ദ്രങ്ങളിലേക്കു മാറ്റിത്താമസിപ്പിച്ചത്.

മലയിലെ ഉരുള്‍പൊട്ടല്‍ മേഖലയില്‍നിന്നുള്ള വിള്ളല്‍ ഈ ജലാശയത്തില്‍ വരെയെത്തിയ അപകടകരമായ സ്ഥിതിവിശേഷം സംഘം കണ്ടെത്തി.

വിള്ളല്‍ വ്യാപിക്കുകയും കനത്ത മഴ പെയ്യുകയും ചെയ്താല്‍ അതിഗുരുതരമായ സാഹചര്യമാകും ഉണ്ടാകുകയെന്ന് സംഘം വ്യക്തമാക്കി.

മലവെള്ളത്തിനൊപ്പം ജലാശയത്തില്‍ സംഭരിച്ച വെള്ളവും മണ്ണും കല്ലും മരങ്ങളും ഒലിച്ചിറങ്ങിയാല്‍ ദുരന്തത്തിന്റെ വ്യാപ്തി എത്രയെന്ന് പോലും പറയാന്‍ സാധിക്കില്ല.

മലയില്‍ 60 മീറ്റര്‍ നീളവും 10 മീറ്റര്‍ ആഴവുമുള്ള വന്‍ ഗര്‍ത്തവും രൂപപ്പെട്ടിട്ടുണ്ട്.

വൈത്തിരി- തരുവണ റോഡില്‍ പൊഴുതനയ്ക്കു സമീപം ആറാംമൈലില്‍ നിന്നു 4 കിലോമീറ്റര്‍ മാറിയാണ് കുറിച്യര്‍മല. വയനാട്ടിലെ ഏറ്റവും ഉയരം കൂടിയ മലകളിലൊന്നാണിത്.

കുറിച്യര്‍മലയോടു ചേര്‍ന്ന 13 വീടുകള്‍ താമസക്കാര്‍ നേരത്തെ തന്നെ ഉപേക്ഷിച്ചിരുന്നു. ഇവിടെ താമസിക്കുന്നത് അപകടമാണെന്ന മുന്നറിയിപ്പിനെത്തുര്‍ന്നായിരുന്നു ഇത്.

ഉരുള്‍പൊട്ടല്‍ ഭീതിയെത്തുടര്‍ന്ന്, വലിയപാറ ഗവ.എല്‍.പി.എസിലെ ദുരിതാശ്വാസ ക്യാംപ് ചാത്തോത്തെ സ്വകാര്യവ്യക്തിയുടെ വീട്ടിലേക്കു മാറ്റുകയും ചെയ്തിരുന്നു.

ഏതുനിമിഷവും ഉരുള്‍പൊട്ടലുണ്ടായേക്കാവുന്ന സ്ഥലത്ത് സമാധാനത്തോടെ അന്തിയുറങ്ങാനാവില്ലെന്ന് നാട്ടുകാര്‍ പറയുന്നു.

കഴിഞ്ഞ ദിവസമുണ്ടായ മണ്ണിടിച്ചിലിന്റെ ആഘാതത്തില്‍ മേല്‍മുറി രതീഷിന്റെ വീടിന്റെ സീലിങ്ങ് നിലംപൊത്തിയിരുന്നു. മണ്ണിടിയുമ്പോള്‍ പുതിയപറമ്പില്‍ അഷറഫും ഭാര്യ സക്കീനയും വീട്ടിലുണ്ടായിരുന്നു.

വീടിനരികിലൂടെയാണ് കല്ലും മണ്ണും മരങ്ങളും കടന്നുപോയത്. ഇവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വീടിന് ഭാഗീകമായി കേടുപാടുകള്‍ സംഭവിച്ചു. മേല്‍മുറി, പുതിയ റോഡ് ഭാഗങ്ങളിലെ കുടുംബങ്ങള്‍ പൂര്‍ണമായി ഇവിടെനിന്നും മാറിയിട്ടുണ്ട്.

38 കുടുംബങ്ങളെയാണ് ക്യാമ്പിലേക്ക് മാറ്റിയത്. 164 അംഗങ്ങളാണുള്ളത്. മേല്‍മുറി വിജനമായി. മുഴുവന്‍ കുടംബങ്ങളും ഒഴിഞ്ഞു. കഴിഞ്ഞ പ്രളയകാലത്തുപോലും പോകാതിരുന്നവര്‍ ബുധനാഴ്ച്ചത്തെ മണ്ണിടിച്ചലോടെ പ്രദേശത്തുനിന്നും മാറി.

വയനാടന്‍ സൗന്ദര്യം തികഞ്ഞുനിന്നിരുന്ന ഇടമായിരുന്നു ഒരു വര്‍ഷം മുന്‍പ് വയനാട്ടിലെ കുറിച്യര്‍മല. എന്നാല്‍ ഇപ്പോഴത് അങ്ങനെയല്ല.

ഒരു നാടിന്റെയും ഒരു ജനതയുടെയും സ്വപ്നങ്ങളെയും പ്രതീക്ഷകളെയും തകര്‍ത്തെറിഞ്ഞുവന്ന മഹാപ്രളയത്തില്‍ ആ സൗന്ദര്യം കുത്തിയൊലിച്ചുപോയി.

നൂറോളം പേര്‍ അധിവസിച്ചിരുന്ന ഈ പ്രദേശത്ത് ഇന്നുള്ളത് വിരലിലെണ്ണാവുന്നവര്‍ മാത്രമാണ്.

97 കുരുന്നുകള്‍ ഓടിനടന്നിരുന്ന ഇടമാണ് കുറിച്യര്‍മല സര്‍ക്കാര്‍ എല്‍.പി സ്‌കൂള്‍. ഇന്നവര്‍ ഒരു മദ്രസ്സ കെട്ടിടത്തിലാണ്. കഴിഞ്ഞ ഉരുള്‍പൊട്ടലില്‍ മണ്ണിനടിയിലായ സ്‌കൂള്‍ ഇനിയവര്‍ക്കു തിരിച്ചുകിട്ടില്ല.

ഈ കെട്ടിടം പുനര്‍നിര്‍മിക്കാനാവില്ലെന്ന് സ്ഥലം സന്ദര്‍ശിച്ച വിദ്യാഭ്യാസമന്ത്രിയും ജില്ലാ ഭരണകൂടവും വ്യക്തമാക്കിയിരുന്നു. പക്ഷേ പകരം സ്ഥലം വാങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്നും തുടങ്ങിയിട്ടില്ല.

സ്‌കൂളിനുസമീപം മൂന്നേക്കര്‍ ഭൂമി ലഭിക്കാനുണ്ടെങ്കിലും ഇതിനുള്ള തുക ഇതുവരെ ലഭിച്ചിട്ടില്ല.