എഡിറ്റര്‍
എഡിറ്റര്‍
കടുത്ത നടപടി പ്രതീക്ഷിച്ചില്ലെന്ന് വാട്‌സണ്‍: ശിക്ഷയ്ക്ക് അര്‍ഹനെന്ന് പാറ്റിന്‍സണ്‍
എഡിറ്റര്‍
Wednesday 13th March 2013 9:48am

സിഡ്‌നി: നിസാരമായ അച്ചടക്കലംഘനത്തിന്റെ പേരില്‍ ഇത്രയും കടുത്ത ശിക്ഷ അപ്രതീക്ഷിതമാണെന്ന് ഓസ്‌ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ ഷെയ്ന്‍ വാട്‌സന്‍.

Ads By Google

ടീമിന്റെയും തന്റെയും പ്രകടനം മെച്ചപ്പെടുത്തുന്നതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാതിരുന്നത് തന്റെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും താരം കുറ്റസമ്മതം നടത്തി.

അച്ചടക്കനടപടിയുടെ പേരില്‍ ഒരു ടെസ്റ്റില്‍നിന്ന് പുറത്താക്കപ്പെട്ടതില്‍ ഏറെ വിഷമമുണ്ട്. പരുക്കുമൂലം ടെസ്റ്റില്‍നിന്ന് ഒട്ടേറെത്തവണ എനിക്കു വിട്ടുനില്‍ക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, നിര്‍ബന്ധപൂര്‍വം ടെസ്റ്റില്‍നിന്ന് മാറ്റപ്പെടുമ്പോള്‍ എന്റെ ഭാഗത്തെ തെറ്റുകള്‍ മനസിലാകുന്നുണ്ട്.

നടപടി ഏറെ കഠിനമായെന്നുതന്നെ കരുതുന്നു. കടുത്ത നിരാശ ടീം മാനേജ്‌മെന്റിനോടു ഞാന്‍ പ്രകടിപ്പിച്ചിട്ടുണ്ട്.- വാട്‌സന്‍ പറഞ്ഞു.

അതേസമയം പെരുമാറ്റത്തിന്റെ പേരില്‍ ടീമില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടാന്‍ അര്‍ഹനായിരുന്നുവെന്ന് ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബോളര്‍ ജയിംസ് പാറ്റിന്‍സണ്‍ പറഞ്ഞു.

ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ വിമര്‍ശിക്കുന്നവര്‍ ടീം സൃഷ്ടിക്കുന്ന പുതിയ സംസ്‌കാരത്തെക്കുറിച്ചു മനസ്സിലാക്കാത്തവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മനസാക്ഷിയോടു ചോദിച്ചാല്‍ ശിക്ഷ രൂക്ഷമല്ലെന്ന് വ്യക്തമാകും. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗമായിരിക്കണമെങ്കില്‍ എല്ലാം ശരിയായി ചെയ്‌തേ പറ്റൂ.

കോച്ചിനോടും ക്യാപ്റ്റനോടും ടീമിനോടുമുള്ള ബഹുമാനക്കുറവാണ് ഞങ്ങളുടെ നിഷേധനിലപാടില്‍ പ്രതിഫലിച്ചത്. ഞാന്‍ ആയിരുന്നു അവരുടെ സ്ഥാനത്തെങ്കില്‍ തീര്‍ത്തും നിരാശനാകുമായിരുന്നുവെന്ന് തീര്‍ച്ചയാണ്. – പാറ്റിന്‍സണ്‍ പറഞ്ഞു.

Advertisement