4.43 കോടി വാട്ടര്‍ ബില്‍ കുടിശ്ശിക; കോടതിവളപ്പില്‍ ജലമോഷണം, ബാര്‍ അസോസിയേഷന് അരലക്ഷം പിഴ
Kerala News
4.43 കോടി വാട്ടര്‍ ബില്‍ കുടിശ്ശിക; കോടതിവളപ്പില്‍ ജലമോഷണം, ബാര്‍ അസോസിയേഷന് അരലക്ഷം പിഴ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 24th December 2022, 10:24 am

തിരുവനന്തപുരം: വാട്ടര്‍ ബില്‍ അടയ്ക്കാത്തതിനെ തുടര്‍ന്ന് വാട്ടര്‍ അതോറിറ്റി വിച്ഛേദിച്ച ശുദ്ധജല കണക്ഷന്‍ അനധികൃതമായി പുനഃസ്ഥാപിച്ചെന്ന കുറ്റത്തിന് ബാര്‍ അസോസിയേഷന്‍ ഓഫീസിനും കാന്റീനിനും പിഴ.

ജലമോഷണം നടത്തിയതിന് രണ്ട് കണക്ഷനുകളില്‍ നിന്നുമായി ഒരു ലക്ഷം രൂപ പിഴയാണ് വാട്ടര്‍ അതോറിറ്റി ചുമത്തിയത്.

4.43 കോടി രൂപയാണ് ഇരു കെട്ടിടങ്ങളിലേയും വാട്ടര്‍ ബില്ലായി അടയ്ക്കേണ്ടത്. ഇനിയും തുക അടച്ചില്ലെങ്കില്‍ റവന്യു റിക്കവറി നടപടികളിലേക്ക് കടക്കാനാണ് വാട്ടര്‍ അതോറിറ്റിയുടെ തീരുമാനം.

വഞ്ചിയൂര്‍ കോടതി വളപ്പിലാണ് തിരുവനന്തപുരം ബാര്‍ അസോസിയേഷന്‍ ഓഫിസും കാന്റീനും പ്രവര്‍ത്തിക്കുന്നത്. ജില്ലാ ജഡ്ജിയുടെ ഉടമസ്ഥതയിലാണ് ഈ കെട്ടിടങ്ങള്‍.

15 വര്‍ഷമായി ബാര്‍ അസോസിയേഷനും ഏഴ് വര്‍ഷമായി കാന്റീനും വാട്ടര്‍ ബില്‍ അടച്ചിരുന്നില്ല. ഇരുകെട്ടിടങ്ങള്‍ക്കും പ്രത്യേക കണക്ഷനുകളാണുള്ളത്. അസോസിയേഷന് 3.05 കോടി രൂപയുടെയും കാന്റീന് 1.38 കോടി രൂപയുടെയും ബില്‍ കഴിഞ്ഞ മാസം വാട്ടര്‍ അതോറിറ്റി നല്‍കിയിരുന്നു.

ജല അതോറിറ്റി ആംനെസ്റ്റി പദ്ധതിപ്രകാരം ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചപ്പോള്‍ ബാര്‍ അസോസിയേഷനും അപേക്ഷ നല്‍കിയതാണ്. എന്നാല്‍ തുടര്‍ന്ന് ഹിയറിങ്ങിന് അസോസിയേഷന്‍ അധികൃതര്‍ ഹാജരായില്ല. പദ്ധതിപ്രകാരം ഹിയറിങ്ങിന് ഹാജരായെങ്കില്‍ തുകയില്‍ ഇളവുകള്‍ ലഭിക്കുമായിരുന്നുവെന്നാണ് അധികൃതര്‍ പറയുന്നത്.

തുടര്‍ന്നും തുക അടയ്ക്കാത്തതിനാല്‍ ഇക്കഴിഞ്ഞ ഡിസംബര്‍ രണ്ടിന് കണക്ഷനുകള്‍ വിച്ഛേദിക്കുകയായിരുന്നു. തുടര്‍ന്ന് റീ കണക്ഷനുവേണ്ടി സമീപിക്കാത്തതിനാല്‍ ഡിസംബര്‍ ഒമ്പതിന് വാട്ടര്‍ അതോറിറ്റി വീണ്ടും സ്ഥല പരിശോധന നടത്തുകയായിരുന്നു.

എന്നാല്‍, കണക്ഷന്‍ വിച്ഛേദിച്ച ഭാഗം ചപ്പുചവറിട്ട് മൂടിയതായി കാണപ്പെടുകയായിരുന്നു. തുടര്‍ന്ന് മണ്ണുനീക്കി പരിശോധിച്ചപ്പോഴാണ് വെള്ളം ചോര്‍ത്തിയത് ശ്രദ്ധയില്‍പെട്ടതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

തുടര്‍ന്ന് മോഷണം കണ്ടെത്തി കണക്ഷനുകള്‍ വിച്ഛേദിക്കാനൊരുങ്ങിയപ്പോള്‍ കാന്റീന്‍ നടത്തിപ്പുകാരും ഒപ്പമുള്ളവരും ഭീഷണി മുഴക്കിയതിനാല്‍ മോഷണം തടയാനായില്ലെന്നും പരിശോധനയ്‌ക്കെത്തിയ ഉദ്യോഗസ്ഥര്‍ നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.

ജലമോഷണം തടയാന്‍ എത്തിയ ഉദ്യോഗസ്ഥരെ കാന്റീന്‍ നടത്തിപ്പുകാര്‍ ഭീഷണിപ്പെടുത്തിയതായി പാറ്റൂര്‍ സെക്ഷനിലെ അസിസ്റ്റന്റ് എന്‍ജിനീയര്‍ എം.ആര്‍. അനൂപ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധി വന്നതോടെയാണ് കുടിശ്ശികയുള്ള കണക്ഷനുകള്‍ വിച്ഛേദിക്കുന്നതടക്കമുള്ള നടപടികളിലേക്ക് വാട്ടര്‍ അതോറിറ്റി കടന്നത്. വീടുകളിലേതടക്കം നൂറുകണക്കിന് കണക്ഷനുകളാണ് കഴിഞ്ഞ മൂന്ന് മാസം കൊണ്ട് വിച്ഛേദിച്ചത്.

കോര്‍പറേഷന്‍ ഓഫീസ്, കെ.എസ്.ആര്‍.ടി.സി. ഓഫീസ് എന്നിവ അടക്കമുള്ളവയിലെ കണക്ഷനുകളും വിച്ഛേദിച്ചിരുന്നു. ഇവരെല്ലാം കുടിശ്ശിക അടച്ചാണ് കുടിവെള്ള കണക്ഷനുകള്‍ പുനഃസ്ഥാപിച്ചത്. ഇതിന്റെ ഭാഗമായാണ് ഈ മാസം ഒന്നിനും രണ്ടിനും ബാര്‍ അസോസിയേഷന്‍ കെട്ടിടങ്ങളിലെ കുടിവെള്ള കണക്ഷന്‍ വിച്ഛേദിച്ചതെന്നാണ് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറയുന്നത്.

അതേസമയം, വാട്ടര്‍ അതോറിറ്റിയുടെ ആരോപണങ്ങള്‍ ശരിയല്ലെന്നും വൈദ്യുതി ബില്‍ അടയ്ക്കുന്നതിനൊപ്പം വാട്ടര്‍ ബില്ലും അടയ്ക്കുന്നുണ്ടായിരുന്നു എന്നാണ് മനസിലാക്കുന്നതെന്നുമാണ് ബാര്‍ അസോസിയേഷന്‍ സെക്രട്ടറി പ്രിജൈസ് ഫാസില്‍ പറയുന്നത്. പിഴ അടയ്ക്കണമെന്ന നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Water leakage in court premises; fine for  Bar association