പ്രതികരണത്തിനായി കിണഞ്ഞ് ശ്രമിച്ച് മാധ്യമപ്പട; ശാന്തനായി ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖിന്റെ മടക്കം, വീഡിയോ
national news
പ്രതികരണത്തിനായി കിണഞ്ഞ് ശ്രമിച്ച് മാധ്യമപ്പട; ശാന്തനായി ആരാധകരെ അഭിവാദ്യം ചെയ്ത് ഷാരൂഖിന്റെ മടക്കം, വീഡിയോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st October 2021, 5:53 pm

മുംബൈ: ആഡംബര കപ്പലിലെ ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാനെ കാണാനെത്തിയ ഷാരൂഖ് ഖാനെ വളഞ്ഞ് മാധ്യമപ്രവര്‍ത്തകര്‍. ഷാരൂഖിന്റെ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ തിക്കും തിരക്കും കൂട്ടിയെങ്കിലും പ്രതികരിക്കാന്‍ താരം തയ്യാറായില്ല.

അതേസമയം മുംബൈ ആര്‍തര്‍ റോഡ് ജയിലിനടുത്തുണ്ടായിരുന്ന ആരാധകരെ അഭിവാദ്യം ചെയ്യാനും ഹസ്തദാനം നടത്താനും ഷാരൂഖ് മടികാണിച്ചില്ല.

വ്യാഴാഴ്ച രാവിലെയാണ് ആര്യന്‍ ഖാനെ കാണാന്‍ ഷാരൂഖ് ഖാന്‍ മുംബൈ ആര്‍തര്‍ റോഡ് ജയിലിലെത്തിയത്. ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായതിന് ശേഷം ആദ്യമായാണ് ആര്യനെ കാണാന്‍ ഷാരൂഖ് എത്തുന്നത്.

ജയിലിനുള്ളില്‍ പ്രവേശിക്കുന്നതിനുള്ള നിര്‍ദേശങ്ങളൊക്കെ പാലിച്ച് ഷാരൂഖ് ജയിലിനുള്ളില്‍ കയറി. ഏകദേശം 20 മിനുറ്റോളം ഷാരൂഖ്, ആര്യനുമായി സംസാരിച്ചെന്നാണ് ജയില്‍ അധികാരികളെ ഉദ്ധരിച്ച് ദേശീയമധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ജയിലില്‍ നിന്ന് പുറത്തിറങ്ങിയപ്പോഴേക്കും ഷാരൂഖിനെ കാണാന്‍ എത്തിയ ആരാകരുടെ എണ്ണം വര്‍ധിച്ചിരുന്നു. അവരെയെല്ലാം അഭിവാദ്യം ചെയ്താണ് ഷാരൂഖ് മടങ്ങിയത്.


എന്നാല്‍ പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും കാര്യമുണ്ടായില്ല. അതേസമയം ഷാരൂഖിനെ മാധ്യമങ്ങള്‍ വളഞ്ഞത് ഇതിനോടകം ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.

സംഭവത്തില്‍ രൂക്ഷവിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക റാണ അയ്യൂബ് രംഗത്തെത്തി. അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി തേടുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു എന്ന് റാണാ അയ്യൂബ് വിമര്‍ശിച്ചു.

ട്വിറ്ററിലൂടെയായിരുന്നു അവരുടെ പ്രതികരണം.

‘തന്റെ മകനെ കാണാന്‍ പോകുമ്പോള്‍ തകര്‍ന്ന പിതാവിനെ ഹീനമായി വേട്ടയാടുന്ന ടെലിവിഷന്‍ ക്യാമറകള്‍, വാര്‍ത്താ അവതാരകര്‍ അവകാശപ്പെടുന്നത് ആര്യന്‍ ഖാന്‍ അജ്മല്‍ കസബിന്റെ അതേ ജയിലിലാണ് എന്നാണ്.

അധികാരത്തിലുള്ളവരുടെ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ക്ക് മറ്റൊരു വഴി നോക്കുന്ന ഒരു രാജ്യം അതിന്റെ വില്ലനെ കണ്ടെത്തിയിരിക്കുന്നു,’ റാണാ അയ്യൂബ് ട്വീറ്റ് ചെയ്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: WATCH Shah Rukh Khan leaves from Mumbai’s Arthur Road Jail after a brief meeting with son Aryan