ഡുമിനിയെ പുറത്താക്കി കുല്‍ദീപിന്റെ 'മാജിക്കല്‍ ഡെലിവറി'; ഒറ്റയാള്‍ പോരാട്ടവുമായി ഡുപ്ലെസിസ്, വീഡിയോ
India-South Africa
ഡുമിനിയെ പുറത്താക്കി കുല്‍ദീപിന്റെ 'മാജിക്കല്‍ ഡെലിവറി'; ഒറ്റയാള്‍ പോരാട്ടവുമായി ഡുപ്ലെസിസ്, വീഡിയോ
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st February 2018, 8:17 pm

ജോഹന്നാസ്ബര്‍ഗ്: ടെസ്റ്റ് പരമ്പരയില്‍ ഏറ്റുവാങ്ങിയ തോല്‍വിയുടെ പകരം ഏകദിന പരമ്പരയില്‍ തീര്‍ക്കാന്‍ തുനിഞ്ഞ് ഇറങ്ങിയിരിക്കുകയാണ് ടീം ഇന്ത്യ. ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം ജസ്പ്രീത് ബുംറയിലൂടെ ഇന്ത്യ മത്സരത്തിന്റെ നിയന്ത്രണം ആദ്യം തന്നെ കൈക്കലാക്കുകയം ചെയ്തു.

16 റണ്‍സെടുത്ത അംലയെ പുറത്താക്കിയാണ് ബുംറ ഇന്ത്യയ്ക്ക് മുന്‍തൂക്കം നേടികൊടുത്തത്. പിന്നാലെ ഡിക്കോക്കിന്റേയും ഡുപ്ലെസിസിന്റേയും പാര്‍ട്ണര്‍ഷിപ്പ് തകര്‍ത്തുകൊണ്ട് ചാഹലും പോര്‍ട്ടീസിന് പ്രഹരം ഏല്‍പ്പിക്കുകയായിരുന്നു. പോര്‍ട്ടീസ് സ്‌കോര്‍ 83 ല്‍ എത്തി നില്‍ക്കെയായിരുന്നു ഡിക്കോക്കിനെ നഷ്ടമായത്.

പിന്നാലെ എയ്ഡന്‍ മാര്‍ക്ക്രമിനേയും ജെ.പി ഡുമിനിയേയും മില്ലറേയും തുടരെ തുടരെയുളള വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി. മാര്‍ക്ക്രമിനെ ചാഹലും മില്ലറെയും ഡുമിനിയേയും കുല്‍ദീപുമാണ് പുറത്താക്കിയത്.

ഡുമിനിയെ പുറത്താക്കിയ കുല്‍ദീപിന്റെ ഡെലിവറിയെ മാജിക്കല്‍ എന്നു മാത്രമേ വിശേഷിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ദക്ഷിണാഫ്രിക്കയുടെ മികച്ച ഏകദിനതാരങ്ങളിലൊരാളായ ഡുമിനിയ്ക്ക് യാദവിന്റെ പന്തില്‍ പിടിച്ചു നില്‍ക്കാന്‍ സാധിക്കാതെ പോവുകയായിരുന്നു.

ഡുമിനിയുടെ ബാറ്റിന്റേയും പാഡിന്റേയും ഇടയിലൂടെ തിരിഞ്ഞ് കയറുകയായിരുന്നു കുല്‍ദീപിന്റെ പന്ത്. മിഡില്‍ സ്റ്റമ്പെടുത്ത് പന്ത് മുന്നേറിയപ്പോള്‍ ഡുമിനിയ്ക്ക് എന്താണ് സംഭവിച്ചതെന്ന് പോലും മനസിലായിരുന്നില്ല.

അതേസമയം മറുവശത്ത് ഡുപ്ലെസിസ് ഒറ്റയാള്‍ പോരാട്ടം തുടരുകയാണ്. തന്റെ ഒമ്പതാം സെഞ്ച്വറി പിന്നിട്ട താരത്തിന്റെ കരുത്തില്‍ ദക്ഷിണാഫ്രിക്ക 250 റണ്‍സ് കടന്നിട്ടുണ്ട്. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ആറിന് 250 എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക.