Administrator
Administrator
വാന്‍ഗാരി മൂതാ മാതായി ഒരു പ്രതീകം മാത്രമായിരുന്നില്ല
Administrator
Tuesday 27th September 2011 4:24pm

കേവലം ഒരു പരിസ്ഥിതി പ്രവര്‍ത്തക മാത്രമല്ലായിരുന്നു കഴിഞ്ഞാഴ്ച മരണപ്പെട്ട ആഫ്രിക്കന്‍ നൊബേല്‍ സമ്മാന ജേതാവായ വാന്‍ഗാരി മാതായി. ഡേക്ടറേറ്റ് ലഭിച്ച ആദ്യ ആഫ്രിക്കന്‍ വനിത, വെറ്റിനറി അനാട്ടമി പ്രഫസര്‍, പരിസ്ഥിതി വകുപ്പ് സഹമന്ത്രി തുടങ്ങിയ വിശേഷണങ്ങള്‍ക്കെല്ലാമപ്പുറം ലോകസ്ത്രീകള്‍ക്കാകമാനം മാതൃകയായിരുന്നു വാന്‍ഗാരി മൂതാ മാതായി എന്ന 71 വയസ്സുകാരി.

സംഭവബഹുലമായ ആ ജീവിതം ഒരായുസ്സു കൊണ്ട് ലോകത്തിനും സര്‍വ്വോപരി സ്വന്തം രാജ്യത്തിനും നല്‍കിയത് അനുകരണീയമായ മാതൃകയാണ്. സ്വന്തം അടുക്കളയുടെ മുമ്പില്‍ ഒന്‍പത് മരത്തൈകള്‍ വെച്ചുപിടിപ്പിച്ച അവര്‍ പിന്നീട് ആ പരിശ്രമത്തെ പാന്‍ ആഫ്രിക്കന്‍ ഗ്രീന്‍ബെല്‍റ്റ് നെറ്റ്‌വര്‍ക്ക് എന്ന പ്രസ്ഥാനമാക്കി വളര്‍ത്തി. മൂന്ന് കോടി മരങ്ങളാണ് അവരുടെ പ്രസ്ഥാനം നട്ടുപിടിപ്പിച്ചത്. അത്‌കൊണ്ട് തന്നെ ഹരിത രാഷ്ട്രീയത്തിന്റെ ലോകമാതൃകയാണ് വാന്‍ഗാരി എന്നതില്‍ സംശയമില്ല.

1940 ഏപ്രില്‍ ഒന്നിന് നിയേരി എന്ന കെനിയന്‍ ജില്ലയില്‍ ഇത്തിത്തെ ഗ്രാമത്തിലെ കികുയു ഗോത്രത്തിലാണ് മാതായിയുടെ ജനനം. കൃഷി കുലത്തൊഴിലാക്കിയ പിതാവ് മതായെ കൃഷിയിടത്തേക്ക് പറഞ്ഞയക്കാതെ സ്‌കൂളിലേക്കയച്ചു. കൃഷിയിടത്തില്‍ തീരേണ്ട ആ ജീവിതത്തിന്റെ കടപ്പാട് മുഴുവന്‍ പിതാവിന്റെ തീരുമാനത്തിനാണെന്ന് മാതായി അനുഭവകഥയില്‍ പറഞ്ഞിട്ടുണ്ട്. പഠനത്തില്‍ കഴിവ് തെളിയിച്ച മാതായ്ക്ക് അമേരിക്കയില്‍ പഠിക്കാന്‍ പ്രസിഡന്റ് ജോണ്‍.എഫ്.കെന്നഡിയുടെ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ആ സമയത്താണ് മാതായി ക്രിസ്തു മതത്തില്‍ ചേര്‍ന്ന് മേരി ജോസഫൈന്‍ എന്ന പേര് സ്വീകരിച്ചത്. 1961ല്‍ കാന്‍സസിലെ മൗണ്ട് സെന്റ് സ്‌കോളസ്റ്റിക്ക കോളജില്‍ ജീവശാസ്ത്രത്തില്‍ ബിരുദപഠനത്തിന് ചേര്‍ന്നു. 1964ല്‍ പെന്‍സല്‍വേനിയയിലെ പിറ്റ്‌സ്ബര്‍ഗ് സര്‍വകലാശാലയില്‍ നിന്നും അതേ വിഷയത്തില്‍ ബിരുദാനന്തര ബിരുദവും നേടി. അങ്ങിനെ മധ്യപൂര്‍വ ആഫ്രിക്കയില്‍നിന്ന് മാസ്റ്റര്‍ ബിരുദം നേടുന്ന ആദ്യവനിതയായി മാതായി. 1966ല്‍ പഠനം പൂര്‍ത്തിയാക്കി നെയ്‌റോബി സര്‍വകലാശാലയില്‍ നിന്നും അസിസ്റ്റന്റ് പ്രഫസറായി മടങ്ങുമ്പോള്‍ മേരി ജോസഫൈന്‍ എന്ന പേര് മാറ്റി വീണ്ടും വന്‍ഗാരിയായി. 1971ല്‍ പിഎച്ച്.ഡി നേടിയപ്പോള്‍ മേഖലയില്‍ നിന്ന് ഗവേഷണ ബിരുദം സ്വന്തമാക്കുന്ന ആദ്യ വനിതയുമായി മാതായി.

ജന്തുശാസ്ത്രത്തിലെ ഗവേഷണമാണ് പരിസ്ഥിതിയെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതിന് മാതായിയെ പ്രേരിപ്പിച്ചത്. പരിസ്ഥിതിയുടെ അസന്തുലിതമായ ജൈവമണ്ഡലം അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമെന്നോണം അവര്‍ കണ്ടെത്തിയ മാര്‍ഗ്ഗം മരങ്ങള്‍ വെച്ചുപിടിപ്പിക്കുക എന്നതായിരുന്നു. അങ്ങിനെയാണ് ഗ്രീന്‍ബെല്‍റ്റ് നെറ്റ്‌വര്‍ക്കിന് അവര്‍ക്ക് തുടക്കമിട്ടത്. 1977ല്‍ സര്‍വകലാശാലയിലെ ജോലി ഉപേക്ഷിച്ചാണ് അവര്‍ മരം നടീലുമായി കാടുകയറാന്‍ തീരുമാനിച്ചത്. സ്ത്രീകള്‍ക്ക് മാത്രമായാണ് ആദ്യം സംഘടന തുടങ്ങിയത്. 30-ഓളം ആഫ്രിക്കന്‍ രാജ്യങ്ങളില്‍ സജീവമാണ് ഗ്രീന്‍ബെല്‍റ്റ് പ്രസ്ഥാനമിപ്പോള്‍. സംഘടനയില്‍ ഇന്ന് ലക്ഷക്കണക്കിന് വളന്റിയര്‍മാരുണ്ട്. 2007ല്‍ ലക്ഷം കോടി മരങ്ങള്‍ വെച്ചു പിടിപ്പിക്കുന്ന യു.എന്‍ പദ്ധതിയുടെ മുഖ്യസംഘാടകരും ഗ്രീന്‍ ബെല്‍റ്റായിരുന്നു. പരിസ്ഥിതി സ്‌നേഹം മൂത്തപ്പോള്‍ ഭര്‍ത്താവ് മാതായക്ക് വിവാഹ മോചനം നല്‍കി!

1992ല്‍ ജനാധിപത്യത്തിനുവേണ്ടി നടന്ന പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് മര്‍ദനവും ജയില്‍വാസവും അനുഭവിച്ചു. പട്ടിണി, പോഷകാഹാരക്കുറവ്, സ്ത്രീശാക്തീകരണം, ജനാധിപത്യ പുനഃസ്ഥാപനം തുടങ്ങിയ വിഷയങ്ങളിലെല്ലാം മാതായി പ്രവര്‍ത്തിച്ചു. ആഫ്രിക്കന്‍ ജനതയെ ഇല്ലാതാക്കാനുള്ള അജണ്ടയുടെ ഭാഗമായി പാശ്ചാത്യ രാജ്യങ്ങള്‍ സൃഷ്ടിച്ചതാണ് എയ്ഡ്‌സ് വൈറസെന്ന മാതായിയുടെ പ്രസ്താവന വിവാദമായിരുന്നു. 2004ല്‍ സമാധാനത്തിനുള്ള നൊബേല്‍ സ്വീകരിക്കുമ്പോള്‍ അവര്‍ രാജ്യത്തിന്റെ പരിസ്ഥിതിസഹമന്ത്രി ആയായിരുന്നു. 2005ല്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ആഫ്രിക്കന്‍ യൂനിയന്റെ സാമ്പത്തിക, സാമൂഹിക, സാംസ്‌കാരിക സമിതിയുടെ അധ്യക്ഷപദവും അലങ്കരിച്ചു. മരിക്കുമ്പോള്‍, അസോസിയേഷന്‍ ഓഫ് യൂറോപ്യന്‍ പാര്‍ലമെന്റേറിയന്‍ ഫോര്‍ ആഫ്രിക്കയുടെ മുഖ്യ ഉപദേശകയായിരുന്നു മാതായി. നാലു പതിറ്റാണ്ടോളം വരുന്ന ഗ്രീന്‍ ആക്ടിവിസത്തിനിടെ മാതായിയെ തേടിയെത്തിയ അംഗീകാരങ്ങള്‍ക്ക് കണക്കില്ല. അണ്‍ബോവ്ഡ്: എ മെമോയര്‍ (2006) ആണ് ആത്മകഥ. പരിസ്ഥിതി സംബന്ധമായ നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്.

Advertisement