എഡിറ്റര്‍
എഡിറ്റര്‍
പശുവിന് പിറകിലായി നടന്നതിന് 70കാരനെ മര്‍ദ്ദിച്ച് അവശനാക്കിയശേഷം ഗോരക്ഷകര്‍ ഓടയിലെറിഞ്ഞു
എഡിറ്റര്‍
Tuesday 29th August 2017 7:54am

രാജൗറി: പശുവിന്റെ പിറകിലായി നടന്ന 70 കാരന് ഗോരക്ഷകരുടെ ആക്രമണം. ലാല്‍ ഹുസൈന്‍ ആണ് ആക്രമിക്കപ്പെട്ടത്. ഹുസൈനെ ക്രൂരമായി ആക്രമിച്ചശേഷം ഗോരക്ഷകര്‍ ഓടയില്‍ ഉപേക്ഷിക്കുകയായിരുന്നു.

ഓടയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഹുസൈനെ ചിലയാളുകള്‍ വീട്ടിലെത്തിച്ചതുകൊണ്ടാണ് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാനായത്.

ശനിയാഴ്ചയായിരുന്നു ഹുസൈന്‍ ആക്രമിക്കപ്പെട്ടത്. അദ്ദേഹത്തിന് രണ്ടു പോത്തുകളും കുറച്ച് ചെമ്മരിയാടുകളും ആടുകളും ഉണ്ടായിരുന്നു. കുറച്ചുദിവസം മുമ്പ് അദ്ദേഹം ഇവയെ വിറ്റിരുന്നു. അങ്ങനെ ലഭിച്ച ഒന്നരലക്ഷ രൂപ ജമ്മു കശ്മീര്‍ ബാങ്കിന്റെ ബകോരി ബ്രാഞ്ചില്‍ നിക്ഷേപിക്കാനായി പോയതായിരുന്നു അദ്ദേഹം.

‘ പണമടങ്ങിയ ബാഗും എന്റെ സെല്‍ഫോണും എന്റെ ഷാളും അവര്‍ എടുത്തുകൊണ്ടുപോയി.’ ഹുസൈന്‍ പറയുന്നു. രജൗരിയിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ് ഹുസൈന്‍ ഇപ്പോള്‍.

പശുവുമായി പോകുകയായിരുന്ന യുവാവിന്റെ പിറകിലാണ് നടന്നത് എന്നതുമാത്രമാണ് ഹുസൈന്‍ ചെയ്ത ‘തെറ്റെന്ന്’ അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് ഫറൂഖ് പറയുന്നു. പശു അദ്ദേഹത്തിന്റേതായിരിക്കാം എന്നു കരുതിയാവാം അക്രമികള്‍ ആക്രമിച്ചതെന്നും അദ്ദേഹം പറയുന്നു.

‘എട്ടുകിലോമീറ്ററോളം നടന്നശേഷമാണ് പശുവുമായി പോകുകയായിരുന്ന യുവാവിനെ കാണുന്നത്. അദ്ദേഹത്തിനടുത്തെത്താനായി ഞാന്‍ വേഗത്തില്‍ നടന്നു. അപ്പോള്‍ പെട്ടെന്ന് കുറേപ്പേര്‍ ആയുധങ്ങളുമായി വന്ന് എന്നെ ആക്രമിക്കുകയായിരുന്നു. ഞാന്‍ അബോധാവസ്ഥയിലായി.’ അദ്ദേഹം പറയുന്നു.

Advertisement