'ബാലമുരളി സി.പി.ഐ.എം ചാരന്‍'; വാളയാര്‍ അമ്മയ്‌ക്കെതിരായ സമരസമിതി ജോയിന്റ് സെക്രട്ടറിയുടെ ആരോപണത്തെ തള്ളി കണ്‍വീനര്‍
Kerala News
'ബാലമുരളി സി.പി.ഐ.എം ചാരന്‍'; വാളയാര്‍ അമ്മയ്‌ക്കെതിരായ സമരസമിതി ജോയിന്റ് സെക്രട്ടറിയുടെ ആരോപണത്തെ തള്ളി കണ്‍വീനര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 18th March 2021, 6:05 pm

തിരുവനന്തപുരം: വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെതിരെ രംഗത്തെത്തിയ സമരസമിതി ജോയിന്റ് കണ്‍വീനര്‍ ബാലമുരളിയെ തള്ളി മറ്റു നേതാക്കള്‍. ബാലമുരളി നേതൃത്വത്തിലുള്ള ആളല്ലെന്ന് സമരസമിതി കണ്‍വീനര്‍ സി. ആര്‍ നീലകണ്ഠന്‍  അറിയിച്ചു.

ബാലമുരളി സി.പി.ഐ.എം ചാരനാണ്. അദ്ദേഹം സമരസമിതിയുടെ നേതൃത്വത്തില്‍ ഉള്ളയാളല്ല എന്നുമാണ് കണ്‍വീനര്‍ പറഞ്ഞത്.

വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ധര്‍മ്മടത്ത് മത്സരിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് വാളയാര്‍ ബാലമുരളി ആവശ്യപ്പെട്ടത്.

യു.ഡി.എഫ് അമ്മയെ വിലയ്‌ക്കെടുത്തെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയെ സമ്മര്‍ദ്ദം ചെലുത്തി മത്സരിപ്പിക്കുകയാണ് എന്നും ബാലമുരളി ആരോപിച്ചു.

പെണ്‍കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യത്തെക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കുന്നതിനായി സംഘപരിവാര്‍ ഒഴികെയുള്ള ഏത് സംഘടനയുടെയും പിന്തുണ സ്വീകരിക്കുമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ലഭിക്കുന്ന അവസരമാണിതെന്നാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിക്കൊണ്ട് അമ്മ പറഞ്ഞത്. താന്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായായിരിക്കും മത്സരിക്കുക എന്നും അവര്‍ പറഞ്ഞിരുന്നു.

അതേസമയം വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് യു.ഡി.എഫ് പിന്തുണ നല്‍കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ വിസമ്മതിച്ചതോടെ യു.ഡി.എഫ് മറ്റുള്ളവരുമായി ചര്‍ച്ച നടത്തുകയായിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Walayar Samarasamithi Chairman and convener against Joint convener Balamuirali