എഡിറ്റര്‍
എഡിറ്റര്‍
യോഗിക്കെതിരെ ഒരുമിച്ച്; യോഗി ആദിത്യനാഥിന് മറുപടി പറയുന്ന പിണറായി വിജയന്റെ പോസ്റ്റ് ഇംഗ്ലീഷിലാക്കി ഷെയര്‍ ചെയ്ത് പിന്തുണയുമായി വി.ടി ബല്‍റാം
എഡിറ്റര്‍
Saturday 7th October 2017 12:05pm

 

തിരുവനന്തപുരം: കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇംഗ്ലീഷിലാക്കി ഷെയര്‍ ചെയ്ത് വി.ടി ബല്‍റാം എം.എല്‍.എ.

കേരളത്തിലെ ആരോഗ്യരംഗത്തേക്കുറിച്ചുള്ള യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തെറ്റായ ആരോപണങ്ങളോടുള്ള കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം ഇവിടെ ഷെയര്‍ ചെയ്യുന്നു എന്ന് പറഞ്ഞുകൊണ്ടാണ് പിണറായിയുടെ പോസ്റ്റ് ബല്‍റാം ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയത്.

തെറ്റുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും ദീര്‍ഘകാല സുഹൃത്തായ ബി.ജെ.പി മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിനെ അഭിനന്ദിക്കാന്‍ ഇംഗ്ലീഷിലും മലയാളത്തിലും വെവ്വേറെ പോസ്റ്റിട്ട മുഖ്യമന്ത്രി ഈ പോസ്റ്റും സ്വന്തമായിത്തന്നെ ഇംഗ്ലീഷിലാക്കി ഇട്ടിരുന്നെങ്കില്‍ തനിക്ക് എളുപ്പമാകുമായിരുന്നെന്നും ദേശീയ തലത്തില്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെടുകയും ചെയ്‌തേനെയെന്നും വി.ടി ബല്‍റാം പോസ്റ്റില്‍ പറയുന്നു.

പോസ്റ്റില്‍ പിണറായി സൂചിപ്പിച്ച ബി.ജെ.പി നേതാക്കള്‍ക്കെതിരായ ആ വ്യാജ വീഡിയോ കേസ് അതിശക്തമായി മുന്നോട്ടുകൊണ്ടുപോകണമെന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതടക്കം ഇതുവരെ ആ കേസില്‍ സ്വീകരിച്ച നടപടികളുടെ വിശദാംശങ്ങളും ജനങ്ങളെ അറിയിക്കാന്‍ താങ്കള്‍ കടന്നുവരുമെന്ന് പ്രതീക്ഷിക്കുന്നതായും ബല്‍റാം പോസ്റ്റില്‍ പറയുന്നു.

കേരളത്തിന്റെ ആരോഗ്യരംഗത്തെ നേട്ടങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെടാതെ പോയത് കാഴ്ചയുടെ കുഴപ്പംകൊണ്ടാണെന്നും കേരളത്തിലെ ഉയര്‍ന്ന ശിശുമരണനിരക്കിനെ കുറിച്ചുള്ള പ്രസ്താവന സ്വയം തിരുത്തണമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി ആവശ്യപ്പെട്ടിരുന്നത്.

കേരളത്തിന്റെ ശിശുമരണ നിരക്ക് 10 ആണ്, അങ്ങയുടെ യുപിയുടെത് 43! ടൈംസ് ഓഫ് ഇന്ത്യയുടെ ഇത് സംബന്ധിച്ച വാര്‍ത്ത താങ്കള്‍ക്കുള്ള പരിശോധിക്കാവുന്നതാണ്.

കേരളത്തില്‍ പക്ഷെ സ്ഥിതി താങ്കള്‍ മനസ്സിലാക്കിയതു പോലെയല്ല. വ്യാജ വീഡിയോ പ്രചരിപ്പിച്ചതിന് നിയമ നടപടി നേരിടുന്ന ബി ജെ പി സംസ്ഥാന നേതൃത്വത്തിന്റെ വാക്ക് വിശ്വസിച്ച് തെറ്റായ പ്രസ്താവനകള്‍ നടത്തുന്നതില്‍ അങ്ങയോട് സഹതാപം രേഖപ്പെടുത്തുന്നുവെന്നും പിണറായി പോസ്റ്റില്‍ പറഞ്ഞിരുന്നു.


Dont Miss അമിത് ഷായ്ക്ക് നല്‍കിയ സുരക്ഷയും സ്വാതന്ത്ര്യവും കേരളത്തിലെ ജനകീയ സമരങ്ങള്‍ക്കും അനുവദിക്കണം: മുഖ്യമന്ത്രിയോട് ആര്‍.എം.പി.ഐ


 

Advertisement