നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്തിട്ടും സഖാക്കള്‍ക്കെന്താണ് സന്തോഷമില്ലാത്തത്?: വി. ടി ബല്‍റാം
Kerala News
നിഷ്‌കളങ്കനായ മുഖ്യമന്ത്രിയെ വഞ്ചിച്ചയാളെ അറസ്റ്റ് ചെയ്തിട്ടും സഖാക്കള്‍ക്കെന്താണ് സന്തോഷമില്ലാത്തത്?: വി. ടി ബല്‍റാം
ന്യൂസ് ഡെസ്‌ക്
Thursday, 29th October 2020, 8:49 am

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത നടപടിയില്‍ സി.പി.ഐ.എമ്മിനെ പരിഹസിച്ച് വി. ടി ബല്‍റാം എം.എല്‍.എ. സര്‍ക്കാരിനെയും അതിന്റെ നിഷ്‌കളങ്കനായ മടിശ്ശീലയില്‍ കനമില്ലാത്ത തലവനെയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ശിവശങ്കറിനെ അറസ്റ്റ് ചെയ്തിട്ടും കേരളത്തിലെ സഖാക്കള്‍ക്ക് എന്താണ് സന്തോഷമില്ലാത്തതെന്നാണ് എം.എല്‍.എ ചോദിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘കേരളത്തിന്റെ ഹൃദയപക്ഷമായ ഒരു അഴിമതി വിരുദ്ധ ജനകീയ സര്‍ക്കാരിനെയും അതിന്റെ തലവനും മടിശ്ശീലയില്‍ കനമില്ലാത്തവനുമായ നിഷ്‌കളങ്കനായ സഖാവിനേയും വഞ്ചിച്ച ചതിയനും കുലംകുത്തിയുമായ ഒരു ഐ.എ.എസ് ഉദ്യോഗസ്ഥനെ എന്‍ഫോഴ്‌സ്‌മെന്റുകാര്‍ അറസ്റ്റ് ചെയ്തിട്ടും ഇവിടത്തെ മറ്റ് പുരോഗമന സഖാക്കള്‍ക്ക് എന്താണ് ഒരു സന്തോഷമില്ലാത്തത്?,’ വി. ടി ബല്‍റാം ചോദിച്ചു.

കഴിഞ്ഞ ദിവസമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്. കള്ളപ്പണം വെളുപ്പിക്കല്‍, ബിനാമി ഇടപാട് തുടങ്ങിയ കുറ്റങ്ങളിലാണ് അറസ്റ്റ്.

ആറ് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ്. ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

ശിവശങ്കറിന് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അറിയാമായിരുന്നെന്ന് എന്‍ഫോഴ്‌സമെന്റ് ഡയരക്ട്രേറ്റ് നേരത്തെ കോടതിയില്‍ പറഞ്ഞിരുന്നു.

ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ടാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. എന്‍ഫോഴ്‌മെന്റിന് വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ സൂര്യപ്രകാശിന്റെ വാദങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് സംബന്ധിച്ച് നിര്‍ണായക വെളിപ്പെടുത്തലുകളാണ് നടത്തിയത്.

സ്വപ്നയെ ഒരു മുഖമാക്കി വെച്ചുകൊണ്ട് ശിവശങ്കര്‍ സ്വര്‍ണക്കടത്തില്‍ ഇടപെട്ടെന്നും സ്വര്‍ണക്കടത്തിലെ പല കാര്യങ്ങളും ആസൂത്രണം ചെയ്തത് പോലും അദ്ദേഹമായിരുന്നെന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ ശിവശങ്കറിന് വ്യക്തമായി അറിയാമായിരുന്നെന്നും ഇ.ഡി കോടതിയില്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ഡിപ്ലോമാറ്റിക്ക് ബാഗ് പിടിച്ചുവെച്ചപ്പോള്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന സ്വാധീനം ഉപയോഗിച്ച് ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ ഇടപെട്ടു. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭമെത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോ എന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നത പദവി ഉപയോഗിച്ച് സ്വപ്നയെ മറയാക്കിയതാവാം തുടങ്ങി ഗുരുതര ആരോപണമാണ് ഇ.ഡി കോടതിയില്‍ ഉയര്‍ത്തിയത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: VT Balram MLA mocking CPIM after Shivasankar got arrested