കേരളത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത ആഘോഷിക്കുന്നു, അനില്‍ ആന്റണി ഒരു നിരാശയായി മാറി: വി.ടി. ബല്‍റാം
Kerala News
കേരളത്തെക്കുറിച്ചുള്ള വ്യാജ വാര്‍ത്ത ആഘോഷിക്കുന്നു, അനില്‍ ആന്റണി ഒരു നിരാശയായി മാറി: വി.ടി. ബല്‍റാം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 28th September 2023, 11:58 pm

പാലക്കാട്: ബി.ജെ.പി ദേശീയ സെക്രട്ടറി അനില്‍ ആന്റണിയുടെ കാര്യത്തില്‍ ഒരു വ്യക്തി എന്ന നിലയില്‍ വലിയ നിരാശ തോന്നുന്നുവെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി. ബല്‍റാം. പി.എഫ്.ഐ ചാപ്പകുത്തലുമായി ബന്ധപ്പെട്ട സൈനികന്റെ വ്യാജ പരാതി ഏറ്റുപിടിച്ച് ആഘോഷിച്ചത് അനില്‍ ആന്റണിയാണെന്നും ബല്‍റാം പറഞ്ഞു. റിപ്പോര്‍ട്ടര്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായുന്നു അദ്ദേഹം.

‘അനില്‍ ആന്റണിയുടെ കാര്യത്തില്‍ വ്യക്തി എന്ന നിലയില്‍ വലിയ ഒരു നിരാശയാണ്. അദ്ദേഹത്തിനെതിരെ വലിയൊരു പ്രതിഷേധം ഞാന്‍ ഈ വേദിയില്‍ രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം ഒരു വ്യാജ വാര്‍ത്ത അനില്‍ ആന്റണിയും സംഘപരിവാര്‍ കേന്ദ്രങ്ങളുമൊക്കെ വലിയ രീതിയില്‍ ആഘോഷിച്ചല്ലോ.

കേരളത്തിന്റെ പശ്ചാത്തലം മനസിലുള്ള ഒരാളും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണ് ഇത്തരം പ്രചണങ്ങളില്‍ ഏര്‍പ്പെടുക എന്നത്. ഇതൊക്കെയാണ് നമ്മളെ കൂടുതല്‍ നിരാശപ്പെടുത്തുന്നത്,’ ബല്‍റാം പറഞ്ഞു.

അനിലിന്റെ ബി.ജെ.പി പ്രവേശനത്തോടെ ആ പാര്‍ട്ടിയോടുള്ള വെറുപ്പ് മാറിയെന്നുള്ള എ.കെ. ആന്റണിയുടെ ഭാര്യ എലിസബത്തിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കേണ്ട കാര്യം കോണ്‍ഗ്രസിനില്ലെന്നും ബല്‍റാം പറഞ്ഞു.

‘എലിസബത്ത് ആന്റണിയുടെ വീഡിയോ സംബന്ധിച്ച കാര്യം ദൗര്‍ഭാഗ്യകരമാണ്. അതിനപ്പുറത്തേക്ക് പറയാനില്ല. എലിസബത്ത് ആന്റണി കോണ്‍ഗ്രസിനെ സംബന്ധിച്ച നേരിട്ടുള്ള ഒരാളല്ല. ഞങ്ങളുടെ പാര്‍ട്ടിയുടെ നേതാവിന്റെ സഹദര്‍മിണിയാണെന്ന കാര്യം മാത്രമയുള്ളു.

അവരുടെ വ്യക്തിപരമായിട്ടുള്ള വിശ്വാസം എന്തൊക്കെയാണ് എന്നൊക്കെ അറിയാന്‍ പോലും ഞങ്ങള്‍ക്ക് ഇതുവരെ അവസരം ലഭിച്ചിട്ടില്ല. എ.കെ. ആന്റണിയുടെ ഒപ്പം പോലും അവര്‍ ഒരു പൊതുപരിപാടിയില്‍ വന്നിട്ടില്ല. അവരുമായി ബന്ധപ്പെട്ട വിശയത്തില്‍ കോണ്‍ഗ്രസ് മറുപടി പറയേണ്ടതില്ല. എ.കെ. ആന്റണി എന്തെങ്കിലും പറഞ്ഞാല്‍ പറഞ്ഞു എന്ന് മാത്രം,’ ബല്‍റാം പറഞ്ഞു.

Content Highlight: VT Balram About Anil Antony