'കെ ഫോണിനെ അംബാനിക്കു വേണ്ടി അട്ടിമറിക്കുന്നേ എന്നാണ് പുതിയ വിലാപം, ഓവര്‍ഡോസില്‍ ഈ ക്യാപ്‌സൂളും കമ്മികള്‍ ഏറ്റെടുത്തിട്ടുണ്ട്,' വി.ടി ബല്‍റാം
Kerala News
'കെ ഫോണിനെ അംബാനിക്കു വേണ്ടി അട്ടിമറിക്കുന്നേ എന്നാണ് പുതിയ വിലാപം, ഓവര്‍ഡോസില്‍ ഈ ക്യാപ്‌സൂളും കമ്മികള്‍ ഏറ്റെടുത്തിട്ടുണ്ട്,' വി.ടി ബല്‍റാം
ന്യൂസ് ഡെസ്‌ക്
Monday, 2nd November 2020, 10:21 pm

തിരുവനന്തപുരം: അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കെ ഫോണ്‍ പദ്ധതിയെ അട്ടിമറിക്കുകയാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിനു പിന്നാലെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് വി.ടി ബല്‍റാം. മുന്‍പ് സ്പ്രിങ്ക്‌ലര്‍ വിവാദത്തെയും ലൈഫ് മിഷന്‍ ക്രമക്കേട് ആരോപണത്തെയും പ്രതിരോധിച്ചതു പോലെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത കദനകഥകള്‍ പൊലിപ്പിച്ച് ഇമോഷണല്‍ ബ്ലാക്ക് മെയിലാണ് കെഫോണ്‍ വിവാദത്തിലും നടക്കുന്നതെന്ന് വി.ടി ബല്‍റാം പറഞ്ഞു.

സ്പ്രിങ്ക്‌ലര്‍ ഇല്ലെങ്കില്‍ കൊവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോവില്ല, പ്രതിപക്ഷവും മാധ്യമങ്ങളും അതിനെ തകര്‍ക്കാന്‍ നോക്കുന്നേ എന്ന അലമുറയായിരുന്നു ഒരു സമയത്തെന്നും ലൈഫ് പദ്ധതിയില്‍ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനില്‍ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട് നടന്നതെന്നും വി.ടി ബല്‍റാം പറഞ്ഞു. സമാനമായി കെഫോണിനെ അംബാനിക്ക് വേണ്ടി അട്ടിമറിക്കാന്‍ നോക്കുന്നേ എന്നാണ് പുതിയ വിലാപമെന്നും വി.ടി ബല്‍റാം പറഞ്ഞു.

‘തലചായ്ക്കാനിടമില്ലാത്ത 140 കുടുംബങ്ങള്‍, കൊവിഡിനാല്‍ മരിച്ചു പോയേക്കാവുന്ന ആയിരങ്ങള്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റിനായി കാത്തിരിക്കുന്ന ഗ്രാമീണര്‍… എന്നിവരുടെയൊക്കെ കദന കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിക്കുന്നത് വെറും ഇമോഷണല്‍ ബ്ലാക്ക്‌മെയ്‌ലിംഗ് ആണ്,’ വി.ടി ബല്‍റാം ഫേസ്ബുക്കില്‍ എഴുതി.

അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. കെ-ഫോണ്‍ പദ്ധതിയ്ക്കെതിരേയും ഇത്തരം നീക്കങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘മുന്‍പെങ്ങുമില്ലാത്ത വികസന പദ്ധതികളാണ് ഈ സര്‍ക്കാര്‍ കേരളത്തില്‍ നടപ്പാക്കുന്നത്. അത് ഇകഴ്ത്തിക്കാട്ടാന്‍ അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുന്നെന്ന് ആരെങ്കിലും ആരോപിച്ചാല്‍ കുറ്റം പറയാനാകില്ല’, മുഖ്യമന്ത്രി പറഞ്ഞു.

വി.ടി ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം,

സ്പ്രിങ്ക്‌ലര്‍ ഇല്ലെങ്കില്‍ കോവിഡ് പ്രതിരോധം ഒരടി മുന്നോട്ടു പോവില്ല, പ്രതിപക്ഷവും മാധ്യമങ്ങളും അതിനെ തകര്‍ക്കാന്‍ നോക്കുന്നേ എന്ന അലമുറയായിരുന്നു ഒരു സമയത്ത് ഇടതു ബുദ്ധിജീവികളുടെ ഫേസ്ബുക്ക് ചുവരുകള്‍ നിറയെ. അത് ക്യാപ്‌സൂളാക്കി ഏറ്റെടുത്ത് സ്പ്രിങ്ക്‌ലറിനെ എതിര്‍ത്തവരെ മുഴുവന്‍ മരണത്തിന്റെ വ്യാപാരികളാക്കി ചിത്രീകരിച്ച് തെറിവിളിക്കുകയായിരുന്നു സൈബര്‍ കമ്മികളുടെ ദൗത്യം. ശിവശങ്കരന്‍ നേരിട്ട് മുന്‍കൈ എടുത്ത് നടപ്പാക്കിയ സ്പ്രിങ്ക്‌ലര്‍ കരാര്‍ നിയമാനുസൃതമായിരുന്നില്ല എന്ന് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മീഷന്‍ തന്നെ വിധിയെഴുതിയിരിക്കുന്നു.

ലൈഫ് പദ്ധതിയില്‍ അഴിമതിയാരോപിച്ച് വീട് കിട്ടാനിരുന്ന 140 പേരെ അനില്‍ അക്കര ദ്രോഹിക്കുന്നേ എന്ന വിലാപമായിരുന്നു പിന്നീട്. ഇല്ലാത്ത നീതു ജോണ്‍സണ്‍മാരെ ഇറക്കി നടത്തിയ ആ കപടനാടക ക്യാപ്‌സ്യൂളിന്റെ എക്‌സ്പയറി ഡേറ്റ് ഏതായാലും പെട്ടെന്ന് തന്നെ തീര്‍ന്നുപോയി. ഇന്ന് പിണറായി വിജയന്റെ വിജിലന്‍സ് തന്നെ ലൈഫ് കോഴയില്‍ ശിവശങ്കരനെ പ്രതി ചേര്‍ത്തിരിക്കുകയാണ്.
കെഫോണിനെ അംബാനിക്ക് വേണ്ടി അട്ടിമറിക്കാന്‍ നോക്കുന്നേ എന്നാണ് പുതിയ വിലാപം. ഇതിന്റെ ഇരയാണത്രേ ശിവശങ്കരന്‍! ഈ പുതിയ ക്യാപ്‌സ്യൂളും കമ്മികള്‍ ഓവര്‍ഡോസില്‍ ഏറ്റെടുത്തിട്ടുണ്ട്. ശിവശങ്കരനെ നമ്പി നാരായണന്‍ 2.0 ആക്കാനുള്ള മുന്‍ നീക്കങ്ങളെല്ലാം പൊട്ടിപ്പാളീസായതുകൊണ്ട് ഇനി ആകെ ബാക്കിയുള്ളത് ഈ കെഫോണ്‍ വിലാപമാണ്.

പദ്ധതിയുടെ ഗുണഗണങ്ങള്‍ വേറെ ചര്‍ച്ച ചെയ്യാം. എന്നാല്‍ ആയിരക്കണക്കിന് കോടിയുടെ വമ്പന്‍ പദ്ധതികളുടെ മറവില്‍ അഴിമതിയും കമ്മീഷന്‍ ഇടപാടും നടന്നിട്ടുണ്ടെങ്കില്‍ അതിനെതിരെ ശബ്ദമുയരുക തന്നെ ചെയ്യും. സ്പ്രിങ്ക്‌ലര്‍ മുതല്‍ ലൈഫ് വരെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്തിരുന്ന് കിട്ടിയ അവസരത്തിലൊക്കെ വമ്പന്‍ അഴിമതികള്‍ നടത്തിയതായി സംശയിക്കപ്പെടുന്ന ശിവശങ്കരനും ടീമും കെഫോണില്‍ മാത്രമായി അഴിമതി ചെയ്യാതിരിക്കേണ്ട കാര്യമൊന്നുമില്ലല്ലോ. അപ്പോള്‍ അതിനേക്കുറിച്ചും ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം നടത്തിയെന്ന് വരും. വിലപിച്ചിട്ട് കാര്യമില്ല.

തലചായ്ക്കാനിടമില്ലാത്ത 140 കുടുംബങ്ങള്‍, കോവിഡിനാല്‍ മരിച്ചു പോയേക്കാവുന്ന ആയിരങ്ങള്‍, ഹൈസ്പീഡ് ഇന്റര്‍നെറ്റിനായി കാത്തിരിക്കുന്ന ഗ്രാമീണര്‍… എന്നിവരുടെയൊക്കെ കദന കഥകള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് പൊലിപ്പിക്കുന്നത് വെറും ഇമോഷണല്‍ ബ്ലാക്ക് മെയ്‌ലിംഗ് ആണ്. ഏത് പദ്ധതിയാണെങ്കിലും അത് കുറേയാളുകള്‍ക്ക് പ്രയോജനം ചെയ്യും. എന്നാല്‍ അതിന്റെ പിറകില്‍ അഴിമതിയും ക്രമക്കേടും നടന്നാല്‍ അത് കണ്ണടക്കേണ്ട വിഷയമല്ല. അത് ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ഉത്തരവാദികളെ ശിക്ഷിക്കുകയും വേണം.

അതിനാണിവിടെ പ്രതിപക്ഷം. അതിനാണിവിടെ മാധ്യമങ്ങള്‍, അതിനാണിവിടെ വിജിലന്‍സ് മുതല്‍ സിബിഐയും എന്‍ഐഎ യും വരെയുള്ള അന്വേഷണ ഏജന്‍സികള്‍, കോടതികള്‍, ജനങ്ങള്‍. ഭരണാധികാരികള്‍ മുന്നോട്ടുവയ്ക്കുന്ന ഉദ്ദേശ്യശുദ്ധി അവകാശവാദങ്ങള്‍ ബാക്കിയെല്ലാവരും തൊണ്ട തൊടാതെ വിഴുങ്ങുന്ന വ്യവസ്ഥിതിയുടെ പേരല്ല ജനാധിപത്യം. അത് അക്കൗണ്ടബിലിറ്റിയുടെ വ്യവസ്ഥിതിയാണ്.
അതുകൊണ്ട് ശിവശങ്കരന്‍ എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത താത്പര്യത്തോടെ ഇടപെട്ടതായി സംശയിക്കപ്പെടുന്ന മുഴുവന്‍ വന്‍കിട പദ്ധതികളും സമഗ്രമായ പുനപരിശോധനക്ക് വിധേയമാക്കുക തന്നെ വേണം. പത്താം ക്ലാസ് പാസായതായിപ്പോലും ഉറപ്പില്ലാത്ത ഏതോ തട്ടിപ്പുകാരിക്കും അവര്‍ക്ക് എളുപ്പത്തില്‍ സ്വാധീനിക്കാവുന്ന ഒരു ഉദ്യോഗസ്ഥ പ്രമുഖനും തോന്നിയപോലെ ദീവാളി കുളിക്കാനുള്ളതല്ല പൊതുഖജനാവിലെ പണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight:  VT Balaram On Kphone issue