എന്ത് കൊണ്ട് ഉമ്മകളും കെട്ടിപ്പിടുത്തവും?; കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
Vijay Sethupathi
എന്ത് കൊണ്ട് ഉമ്മകളും കെട്ടിപ്പിടുത്തവും?; കാരണം വെളിപ്പെടുത്തി വിജയ് സേതുപതി
ന്യൂസ് ഡെസ്‌ക്
Thursday, 11th July 2019, 12:56 pm

ആരാധകരുമായി കൂടുതല്‍ അടുപ്പം പുലര്‍ത്തുന്നതില്‍ നിന്ന് വിട്ട് നില്‍ക്കുന്നവരാണ് പല സെലബ്രിറ്റികളും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തനാണ് നടന്‍ വിജയ് സേതുപതി. ആരാധകര്‍ സ്‌നേഹത്തോടെ മക്കള്‍ ശെല്‍വന്‍ എന്ന് വിളിക്കുന്ന വിജയ് സേതുപതി തന്റെ അടുത്തെത്തുന്ന ആരാധകര്‍ക്ക് ഉമ്മകളും ആലിംഗനവും നല്‍കാറുണ്ട്. വിജയ് സേതുപതി ശൈലി തന്നെ ആയിമാറിയിട്ടുണ്ട് ഇത്. ഇതിന് പിന്നിലെ കാരണം ഈ അടുത്ത് വിജയ് സേതുപതി വെളിപ്പെടുത്തി. തന്റെ ആദ്യ മലയാള ചിത്രം മാര്‍ക്കോണി മത്തായിയുടെ പ്രമോഷന്‍ പരിപാടിക്കിടെയാണ് വിജയ് സേതുപതി കാരണം പറഞ്ഞത്.

വ്യക്തികളെ കാണാന്‍ എങ്ങനെയിരിക്കുന്നു എന്ന് നോക്കി വിവേചനം നടത്തുന്നത് എനിക്ക് ഇഷ്ടമല്ല. എനിക്ക് ആവശ്യത്തിന് സ്‌നേഹം ആരാധകരില്‍ നിന്ന് ലഭിക്കുന്നുണ്ടെന്ന് വിജയ് സേതുപതി പറഞ്ഞു.

തന്റെ കരിയര്‍ തുടങ്ങുന്നതിന്റെ ആദ്യ ഘട്ടത്തില്‍ രണ്ട് ആരാധകര്‍ എന്നോട് ഉമ്മ ചോദിച്ചു. ഞാനത് കൊടുക്കുകയും അവരതിന്‍ഫെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇടുകയും ചെയ്തു. അത് വൈറലായി. അന്ന് തൊട്ടാണ് ആരാധകര്‍ക്ക് ഉമ്മകളും ആലിംഗനവും നല്‍കാന്‍ തുടങ്ങിയത്. അത് ബോധപൂര്‍വ്വം ചെയ്യുന്നതല്ല സ്വാഭാവികമായി സംഭവിക്കുന്നതാണെന്നും വിജയ് സേതുപതി പറഞ്ഞു.

ജയറാമും വിജയ് സേതുപതിയും തുല്യ പ്രധാനമുളള കഥാപാത്രങ്ങളായാണ് മാര്‍ക്കോണി മത്തായിയില്‍ എത്തുന്നത്. സനില്‍ കളത്തില്‍ സംവിധാനം നിര്‍വഹിക്കുന്ന സിനിമയില്‍ തെന്നിന്ത്യന്‍ നടി ആത്മീയയാണ് നായിക. തിരക്കഥയും സംഭാഷണവും സനില്‍ കളത്തിലും രജീഷ് മിഥിലയും ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. കണ്മണി രാജയാണ് ചിത്രത്തിന്റെ തമിഴ് ഡയലോഗുകള്‍ എഴുതിയിരിക്കുന്നത്.

സത്യം ഓഡിയോസ് ആദ്യമായി നിര്‍മ്മാണ രംഗത്തേക്ക് കടന്നുവരുന്ന സിനിമ കൂടിയാണ് മാര്‍ക്കോണി മത്തായി. സത്യത്തിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എം.ജിയാണ് സിനിമ നിര്‍മിക്കുന്നത്. ഛായാഗ്രഹണം സാജന്‍ കളത്തിലാണ്.

സിദ്ധാര്‍ത്ഥ് ശിവ, അജു വര്‍ഗീസ്, സുധീര്‍ കരമന, ഹരീഷ് കണാരന്‍, കലാഭവന്‍ പ്രജോദ്, ജോയ് മാത്യു, ടിനി ടോം, നരേന്‍, അനീഷ്, പ്രേം പ്രകാശ്, ആല്‍ഫി, ഇടവേള ബാബു, മുകുന്ദന്‍, ദേവി അജിത്ത്, റീന ബഷീര്‍, മല്ലിക സുകുമാരന്‍, ലക്ഷ്മി പ്രിയ, ശോഭ സിംഗ്, അനാര്‍ക്കലി തുടങ്ങിയവര്‍ ഇതില്‍ അണിനിരക്കുന്നുണ്ട്.

അനില്‍ പനച്ചൂരാന്‍, ബി.കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് എം. ജയചന്ദ്രന്‍ സംഗീതം നല്‍കിയിരിക്കുന്നു. കലാസംവിധാനം സാലു കെ. ജോര്‍ജാണ്.