എഡിറ്റര്‍
എഡിറ്റര്‍
വി.എസ് മലമ്പുഴയില്‍ പിണറായി ധര്‍മ്മടത്ത്; ഇരുവരുടെയും സ്ഥാനാര്‍ത്ഥിത്വം സി.പി.ഐ.എം സംസ്ഥാന കമ്മിറ്റി അംഗീകരിച്ചു
എഡിറ്റര്‍
Sunday 13th March 2016 8:16pm

vs and pinarayi

തിരുവനന്തപുരം:  വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ മലമ്പുഴയിലും മുന്‍ സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ധര്‍മ്മടത്തും മത്സരിക്കാന്‍ സി.പി.ഐ.എം സംസ്ഥാന കമ്മിറ്റിയില്‍ തീരുമാനമായി. മൂന്ന് ജില്ലാ സെക്രട്ടറിമാരെ മത്സരിപ്പിക്കാന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. തിരുവനന്തപുരം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, വയനാട് ജില്ലാ സെക്രട്ടറി സി.കെ.ശശീന്ദ്രന്‍, തൃശൂര്‍ ജില്ലാ സെക്രട്ടറി എ.സി മൊയ്തീന്‍ എന്നിവരാണ് മത്സരിക്കുന്നത്.

അതേ സമയം പി. രാജീവിനെ മത്സരിപ്പിക്കേണ്ടെന്നാണ് തീരുമാനം. ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍, കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍ തുടങ്ങിയവര്‍ക്കും മത്സരിക്കാന്‍ അനുമതിയില്ല.

ടി.എം തോമസ് ഐസക് -ആലപ്പുഴ, ജി സുധാകരന്‍-അമ്പലപ്പുഴ, ആര്‍ രാജേഷ്മാവേലിക്കര, എ.എം ആരിഫ-അരൂര്‍ കോഴിക്കോട് നോര്‍ത്ത്- എ പ്രദീപ് കുമാര്‍, പൊന്നാനി- പി ശ്രീരാമകൃഷ്ണന്‍, വൈപ്പിന്‍-എസ് ശര്‍മ്മ, പെരുമ്പാവൂര്‍-സാജു പോള്‍ കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്താവും മത്സരിക്കുന്നത്.

മത്സരിക്കാനില്ലെന്ന് അറിയിച്ച മുന്‍ സ്പീക്കര്‍ കെ.രാധാകൃഷ്ണന് പകരം മറ്റൊരാളായിരിക്കും ഇത്തവണ ചേലക്കരയില്‍ പാര്‍ട്ടി ചിഹ്നത്തിലുണ്ടാകുക. ഒരു മണ്ഡലത്തിലേക്ക് ഒന്നില്‍ കൂടുതല്‍ പേരുകള്‍ നല്‍കിയിട്ടുള്ള ഇടങ്ങളില്‍ ഒരു പേര് മാത്രം നല്‍കാന്‍ ജില്ലാ കമ്മിറ്റികള്‍ക്ക് സംസ്ഥാന കമ്മിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലാ കമ്മിറ്റി നല്‍കിയ സാധ്യതാ പട്ടിക സംസ്ഥാന കമ്മിറ്റി തള്ളിയിട്ടുണ്ട്. പുതിയ പട്ടിക 15ന് സമര്‍പ്പിക്കാനാണ് നിര്‍ദേശം നല്‍കിയത്.

16ന് രാവിലെ ചേരുന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കും. ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്തിറക്കുന്ന 19നാകും സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നത്. ഇന്ന് അംഗീകരിച്ച സ്ഥാനാര്‍ത്ഥി പട്ടികയില്‍ കീഴ്കമ്മിറ്റികളുടെ ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സെക്രട്ടറിയേറ്റ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തും.

Advertisement