Administrator
Administrator
പിള്ള പ്രമാണി, സി.ബി.ഐ അന്വേണം വേണം: വി.എസിന്റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം
Administrator
Friday 30th September 2011 11:04am

vs-achuthanandanതിരുവനന്തപുരം: വാളകത്ത് അധ്യാപകന് നേരെയുണ്ടായ ആക്രമണത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന് പ്രതിപക്ഷം നിയമസഭക്കകത്തും പുറത്തും ആവശ്യപ്പെട്ടിരിക്കയാണ്. സംഭവത്തെ പ്രതിപക്ഷം ഗൗരവമായാണ് കാണുന്നതെന്ന് നേതാക്കളുടെ പ്രതികരണങ്ങളില്‍ നിന്നും പാര്‍ട്ടി നിലപാടില്‍ നിന്നും വ്യക്തമാണ്. പ്രതിപക്ഷത്തോടൊപ്പം സി.പി.ഐ.എം സെക്രട്ടറി പിണറായി വിജയനും സംഭവത്തില്‍ ശക്തമായ പ്രസ്താവനയുമായി രംഗത്തെത്തിയിട്ടുണ്ട്.

ഇന്ന് രാവിലെ പ്രതിഷേധത്തിനൊടുവില്‍ നിയമസഭയില്‍ നിന്നും പുറത്ത് വന്ന പ്രതിപക്ഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു. പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചതിന്റെ പൂര്‍ണ്ണ രൂപം.

‘വാളകത്ത് അധ്യാപകന് നേരെ നടന്ന ആക്രമണം അത്യന്തം പൈശാചികമാണെന്ന് മുഖ്യമന്ത്രിക്ക് പോലും പറയേണ്ടി വന്നു. എന്നാല്‍ ദാരുണമായ ഈ സംഭവത്തില്‍ ഇതുവരെ എഫ്.ഐ.ആര്‍ തയ്യാറാക്കിയിട്ടില്ല. സര്‍ക്കാറിന്റെ പക്ഷപാതപരമായ സമീപനമാണ് ഇതിന് കാരണം. പ്രതിപക്ഷം ഇക്കാര്യത്തില്‍ കൈക്കൊള്ളുന്ന നിലപാടിന്റെ സത്യസന്ധത മാധ്യമപ്രവര്‍ത്തകര്‍ മനസ്സിലാക്കണം.

അവിടത്തെ ഒരു ഡി.വൈ.എസ്.പിക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബാലകൃഷ്ണപ്പോലുള്ള മുന്‍ മന്ത്രി, സ്വാഭാവികമായി പ്രമാണി വിഭാഗത്തില്‍പ്പെട്ട, അച്ഛന്‍ സ്വത്തുകാരനായിരുന്നുവെന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്ന മാന്യന്റെ സ്ഥലത്തുള്ള ഡി.വൈ.എസ്.പി എന്ന് പറഞ്ഞാല്‍ അയാള്‍ക്ക് പിള്ളയോടുള്ള വിധേയത്വം നിങ്ങള്‍ക്ക് ആലോചിക്കാവുന്നതേയുള്ളൂ. മേല്‍നോട്ടത്തിന് ഒരു എ.ജി.യെ ചുമതലപ്പെടുത്തിയെന്നാണ് പറയുന്നത്. മേല്‍നോട്ടം…മേല്‍നോട്ടം…

പിള്ള സുപ്രീം കോടതിയുടെ ശിക്ഷക്ക് വിധേയനായി ജയിലില്‍ കഴിയുന്നുവെന്നാണ് എല്ലാവരും കരുതിയത്. പക്ഷെ അദ്ദേഹം പഞ്ചനക്ഷത്ര ഹോട്ടലില്‍ സുഖവാസം നടത്തുകയാണ്. കേരള മുഖ്യമന്ത്രിയല്ലാതെ ആരാണ് അതിന് അനുവാദം നല്‍കിയത്. പിള്ളക്ക് അദ്ദേഹത്തിന്റെ അഭിപ്രായം മാധ്യമങ്ങളോട് പറയാനും സൗകര്യം ചെയ്തുകൊടുത്തു. ഇതിനെല്ലാം വിധേയപ്പെട്ട് കൊടുത്താലേ മുഖ്യമന്ത്രിപദം നിലനിര്‍ത്താന്‍ ഉമ്മന്‍ചാണ്ടിക്ക് കഴിയൂ.

ഇതുപോലുള്ള ഹീനപ്രവര്‍ത്തനം എത്രകാലം നോക്കിനില്‍ക്കാന്‍ കഴിയും. യുവജനപ്രവര്‍ത്തകരുടെ സ്വാഭാവിക പ്രതിഷേധം ഉയര്‍ന്നപ്പോള്‍ അവരെ തല്ലിച്ചതക്കാന്‍ ഉമ്മന്‍ചാണ്ടിക്ക് ഒരു ജാഗ്രതക്കുറവുമുണ്ടായില്ല. അധ്യാപകനെ കാണാന്‍ ചെന്ന മജിസ്‌ട്രേറ്റിന് മൊഴിയെടുക്കാന്‍ കഴിയിഞ്ഞില്ല. ആക്രമണത്തിന് കാരണക്കാരായവര്‍ക്ക് യഥേഷ്ടം സൗജന്യവും സൗകര്യവും സര്‍ക്കാര്‍ ചെയ്തുകൊടുക്കുകയാണ്. ഇത് ചോദ്യം ചെയ്ത് സഖാവ് രത്‌നാകരനും മാത്യു ടി തോമസും അസീസും നല്‍കിയ അടിയന്തരപ്രമേയത്തിന് അര്‍ഹിച്ച രീതിയില്‍ മറുപടി പറയാന്‍ സര്‍ക്കാര്‍ തയ്യാറായില്ല.

പിള്ള മുഖ്യമന്ത്രിയെയും വിളിക്കുന്നുണ്ടെന്ന് കേള്‍ക്കുന്നുവെന്ന് രത്‌നാകരന്‍ തന്റെ അടിയന്തര പ്രമേയത്തില്‍ ചൂണ്ടിക്കാട്ടിയെങ്കിലും മുഖ്യമന്ത്രി കേട്ടഭാവം നടിച്ചില്ല. ഇതെക്കുറിച്ച് ഞാന്‍ സംസാരിച്ച് തുടങ്ങിയപ്പോള്‍ മുഖ്യമന്ത്രി തടിതപ്പുകയായിരുന്നു. ഇങ്ങിനെ സഭ തുടര്‍ന്നുകൊണ്ട് പോവുന്നതില്‍ അര്‍ഥമില്ല. ഇത്തരത്തില്‍ അന്വേഷണം നടത്തിയത് കൊണ്ട് യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിക്കപ്പെടില്ല. പോലീസ് അന്വേഷണം സ്വാധീനിക്കപ്പെടുമെന്നതിനാല്‍ സി.ബി.ഐ അന്വേഷണം ആവശ്യമാണ്’.

എം.എല്‍.എമാരായ സി ദിവാകരനും എ.കെ ശശീന്ദ്രനും മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ചു.

മിസ്റ്റര്‍ ഉമ്മന്‍ചാണ്ടീ… പിള്ള താങ്കളെയും ഫോണില്‍ വിളിച്ചോ…

Advertisement