എഡിറ്റര്‍
എഡിറ്റര്‍
സഭയില്‍ നാവു പിഴകളും അന്തസ്സാരശൂന്യമായ തമാശകളും ഭൂഷണമാണോയെന്ന് എല്ലാവരും ആലോചിക്കണം; ഐക്യകേരള നിയമസഭാ സമ്മേളന വാര്‍ഷികത്തില്‍ വി.എസ്
എഡിറ്റര്‍
Thursday 27th April 2017 1:02pm

തിരുവനന്തപുരം: സഭാസമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാവു പിഴകള്‍ക്കും, അന്തസ്സാരശൂന്യമായ തമാശകള്‍ക്കും ആണെന്നത് ഭൂഷണമാണോയെന്ന് ബന്ധപ്പെട്ടവരെല്ലാം ആലോചിക്കണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മുതിര്‍ന്ന സി.പി.ഐ.എം നേതാവുമായ വി.എസ് അച്യുതാനന്ദന്‍.

ഐക്യകേരള നിയമസഭാ സമ്മേളന വാര്‍ഷികവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ സംസാരിക്കുകയായിരുന്നു വി.എസ്.

പഴയകാലത്തെ സാമാജികരുടെ സരസമായ നേരമ്പോക്കുകളില്‍പ്പോലും രാഷ്ട്രിയത്തിന്റെയും, ജീവികാമനയുടെയും സത്ത ചാലിച്ചുചേര്‍ത്തിരുന്നു എന്നതാണ് ശ്രദ്ധേയമെന്നും വി.എസ് പറയുന്നു.

ഇതൊരു ചരിത്ര മുഹൂര്‍ത്തമാണ്. കേരളത്തിന്റെ മുന്നേറ്റ ചരിത്രത്തിന് ശില പാകിയ ദിനത്തിന്റെ ഓര്‍മ്മകളില്‍ നാം നിറയുകയാണ്. അവിടെ നിന്നാണ് കേരളവും മലയാളിയും സാമൂഹ്യമുന്നേറ്റത്തിന്റെ വിസ്മയപ്രപഞ്ചം സൃഷ്ടിച്ചു തുടങ്ങിയത്.

കേരളം നടന്നു മുന്നേറിയ വഴികളില്‍ ഒത്തിരി മഹാമനുഷ്യരുടെ ചോരയും, കണ്ണീരും ഉണ്ട്. സ്വന്തം ഭൂമിയോ, സ്വന്തം ചരിത്രമോ അന്യമായ ഒരു കാലമുണ്ടായിരുന്നു മലയാളിക്ക്. വിവേചനങ്ങളുടേയും, വേര്‍തിരിവുകളുടേയും, അടിച്ചമര്‍ത്തലുകളുടേയും, ദയാരഹിതമായ ചൂഷണങ്ങളുടേയും നാളുകളിലൂടെയാണ് നാം കടന്നു വന്നത്.

ജീവിതത്തിനും, ഭരണ-നിയമ സംവിധാനങ്ങള്‍ക്കും കൃത്യതയോ, വ്യക്തതയോ അന്യമായിരുന്ന നാളുകളുമായിരുന്നു അത്. രാജഭരണവും, ദിവാന്‍ഭരണവും, വിദേശാധിപത്യത്തിന്റെ ക്രൗര്യങ്ങളും ആടിത്തിമിര്‍ത്ത കാലവുമായിരുന്നു അത്. ഈ കാലത്തോട് വ്യത്യസ്ത തലങ്ങളിലും, വിവിധ രൂപഭാവങ്ങളിലും സന്ധിയില്ലാതെ കലഹിച്ചും, ഏറ്റുമുട്ടിയുമാണ് നാം പുതിയ വഴികളിലേക്ക് സഞ്ചരിച്ചത്.

ഈ സഞ്ചാരത്തിനിടയിലെ പ്രതീക്ഷാനിര്‍ഭരമായ സംഭവമായിരുന്നു രാജ്യത്തിന്റെ സ്വാതന്ത്ര്യപ്രാപ്തി. 1956- നവംബര്‍ ഒന്നിന് ഐക്യകേരളമെന്ന മലയാളിയുടെ മഹാസ്വപ്നം കൂടി സാക്ഷാല്‍കരിക്കപ്പെട്ടതോടെ നമ്മുടെ പ്രതീക്ഷകള്‍ക്ക് പുതിയ ചിറകുകള്‍ മുളച്ചു. കേരളപ്പിറവിക്കു ശേഷം 1957- ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളിലായി നടന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു.

കര്‍ഷകരും, തൊഴിലാളികളും, പാവപ്പെട്ടവരും അടങ്ങുന്ന സാധാരണക്കാരുടെ മോചന സ്വപ്നങ്ങള്‍ പൂവണിയിക്കാന്‍ കഴിയുന്ന നിയമ-ഭരണ നടപടികള്‍ സ്വീകരിക്കുമെന്ന പ്രതീക്ഷകള്‍ സമ്മാനിച്ചുകൊണ്ടാണ് ഇ.എം.എസ് ഗവണ്‍മെന്റ് 1957 ഏപ്രില്‍ അഞ്ചിന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അധികാരമേറ്റതിന്റെ ആറാം നാളില്‍ ആ സര്‍ക്കാര്‍ കൊണ്ടുവന്ന ‘കുടിയിറക്കല്‍ നിരോധന ഓര്‍ഡിനന്‍സ്’ കേരളത്തിന്റെ സാമൂഹ്യജീവിതം ചിട്ടപ്പെടുത്താനും, മെച്ചപ്പെടുത്താനും സഹായകമായ നടപടികളുടെ അരുണോദയം ആയിരുന്നു. പിന്നീട് ആ സര്‍ക്കാര്‍ പാസ്സാക്കിയ കാര്‍ഷിക ഭൂപരിഷ്‌ക്കരണ നിയമവും, വിദ്യാഭ്യാസ നിയമവും അടക്കമുള്ള നിയമനിര്‍മ്മാണ നടപടികളുടെ കേളികൊട്ട് ആരംഭിച്ചതും ഇവിടെ നിന്നായിരുന്നു. പിന്നീട് പുതിയ മന്ദിരത്തിലേക്ക് മാറുന്ന 1998 വരെ ഈ സഭാവേദി ആണ് കേരളത്തിന്റെ രാഷ്ട്രീയ-സാമൂഹ്യ-സാമ്പത്തിക ജീവിതത്തിന്റെ ചാലും ചലനവും അടയാളപ്പെടുത്തിയതെന്നും വി.എസ് പറയുന്നു.


Dont Miss ആരും പുറത്താക്കിയതല്ല; സീരിയലില്‍ നിന്നും സ്വമേധയാ ഒഴിവായതാണ്; വിവാദങ്ങളോട് പ്രതികരിച്ച് മേഘ്‌ന വിന്‍സന്റ് 


57 ഏപ്രില്‍ 27 ന് സഭ ചേര്‍ന്ന ദിവസം തന്നെ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്‌ക്കൊപ്പം വൈകിട്ട് ഗവര്‍ണ്ണറുടെ നയപ്രഖ്യാപനവും നടന്നതായാണ് ചരിത്രം പറയുന്നത്. അന്ന് 112 നിയമസഭാ മണ്ഡലങ്ങളേ ഉണ്ടായിരുന്നുളളൂ. അവയില്‍ 14 എണ്ണം ദ്വയാംഗ മണ്ഡലങ്ങളായിരുന്നു. അങ്ങനെ മൊത്തം അംഗങ്ങള്‍ 126, ഇന്നത് 140 ആയി ഉയര്‍ന്നു. ഗവര്‍ണറുടെ നയപ്രഖ്യാപനത്തിന്റെ സമയവും, രീതിയും മാറി. ഇതൊക്കെ സാങ്കേതികവും, നിയമപരവുമായ മാറ്റങ്ങള്‍ മാത്രമാണ്. എന്നാല്‍ സഭയുടെ പൊതുസ്വരം കേരളത്തിന്റെയും മലയാളിയുടെയും മുന്നേറ്റത്തിനുതകുന്ന നിയമ നിര്‍മ്മാണങ്ങളുടേതായിരുന്നു.

ഈ സഭാവേദിയും, ഇവിടെ സമ്മേളിച്ച സാമാജികരുടെ ഇടപെടലുകളും നിയമ നടപടികളുടെ അര്‍ത്ഥവും, ആശയങ്ങളുമാണ് കേരളത്തിന്റെ ചരിത്രവും, സാമൂഹ്യജീവിതവും ഉയരങ്ങളിലേക്ക് കൊണ്ടുപോയത്. രാഷ്ട്രീയത്തോടും, മലയാളിയുടെ ജീവിതത്തോടും സാര്‍ത്ഥകമായി സംവദിച്ച സാമാജികരുടേയും, രാഷ്ട്രിയനേതാക്കളുടേയും പാദസ്പര്‍ശം ഏറ്റ വേദിയാണിത്. രാഷ്ട്രിയ അഭിപ്രായങ്ങളുടെയും, നിലപാടുകളുടേയും ഭിന്നതകള്‍ക്കപ്പുറം, മലയാളിയുടെ ജീവിതത്തെ ഹൃദയപക്ഷത്ത് പ്രതിഷ്ഠിച്ച് മുന്നേറിയ പാരമ്പര്യമാണ് ഈ സഭയ്ക്കുള്ളത്. അതുകൊണ്ടു തന്നെയാണ് രാജ്യത്തെ 29 സംസ്ഥാനങ്ങളില്‍ പല തലത്തിലും മികവു സ്വന്തമാക്കാന്‍ കേരളത്തിനു കഴിഞ്ഞതെന്നും വി.എസ് പറയുന്നു.

നമ്മുടെ പുതിയ നിയമസഭാ മന്ദിരവും രാജ്യത്തെ ഏറ്റവും പ്രശസ്തമായ നിയമനിര്‍മ്മാണ വേദിയാണ്. കാലവും, ജീവിതവും മാറിയതിന് അനുസരിച്ച് പുതിയ പ്രശ്‌നങ്ങളും പ്രതിസന്ധികളും നമുക്ക് നേരിടേണ്ടി വരുന്നുമുണ്ട്. ഇവയൊക്കെ പരിഹരിക്കാന്‍ പുതിയ നിയമനിര്‍മ്മാണങ്ങളും അനിവാര്യമാണ്. ഒന്നാം നിയമസഭയില്‍, അന്നത്തെ കാലം ആവശ്യപ്പെടുന്ന നിയമനിര്‍മ്മാണങ്ങളാണ് നടത്തിയത്. അതിനോടു നീതിപുലര്‍ത്തുന്ന തരത്തില്‍ പുതിയ കാലത്തിന്റെ പ്രശ്‌നങ്ങളും സാധ്യതകളും കണ്ടറിഞ്ഞുകൊണ്ട് നിയമസഭാ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയണം.

നിര്‍ഭാഗ്യവശാല്‍ ഈ ലക്ഷ്യത്തിലേക്ക് നടന്നടുക്കാന്‍ പല കാരണങ്ങള്‍കൊണ്ടും നമുക്ക് കഴിയുന്നില്ല എന്ന് സമ്മതിക്കാതെ വയ്യ. വര്‍ഷത്തിന്റെ മൂന്നിലൊന്നു സമയം പോലും സഭ സമ്മേളിക്കുന്നില്ല. സമ്മേളിക്കുന്ന ദിവസങ്ങളില്‍ത്തന്നെ പല നടപടികളും ശ്ലോകത്തില്‍ കഴിക്കേണ്ടി വരുന്ന സ്ഥിതിയുണ്ട്. ബില്ലുകളുടെ ചര്‍ച്ചകളില്‍ ഗൗരവതരമായ സംഭാവന ചെയ്യാന്‍ കഴിയുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നു എന്ന പരാതിയും ഉണ്ട്. സഭാസമ്മേളനങ്ങളിലെ ഗൗരവതരമായ ഇടപെടലുകളിലേതിനേക്കാള്‍ മാധ്യമശ്രദ്ധ ലഭിക്കുന്നത് നാവു പിഴകള്‍ക്കും, അന്തസ്സാരശൂന്യമായ തമാശകള്‍ക്കും ആണെന്ന് വരുന്നത് ഭൂഷണമാണോ? എന്ന് ബന്ധപ്പെട്ടവരെല്ലാം ആലോചിക്കണം. പഴയകാലത്തെ സാമാജികരുടെ സരസമായ നേരമ്പോക്കുകളില്‍പ്പോലും രാഷ്ട്രിയത്തിന്റെയും, ജീവികാമനയുടെയും സത്ത ചാലിച്ചുചേര്‍ത്തിരുന്നു എന്നതാണ് ശ്രദ്ധേയം.

ഭൂപരിഷ്‌ക്കരണം, ഭരണപരിഷ്‌ക്കാരം, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ പ്രാദേശിക സര്‍ക്കാരുകളായി മാറ്റുന്നതിന്റെ തുടക്കം, അധികാരവികേന്ദ്രീകരണത്തിന്റെയും, ജനകീയാസൂത്രണത്തിന്റെയും ആദ്യ പാഠങ്ങള്‍, പോലീസ് സേനയിലെ പരിഷ്‌ക്കാരങ്ങള്‍ എന്നിങ്ങനെ ജീവിതത്തിന്റെ സര്‍വതല സ്പര്‍ശിയായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത വേദിയാണ് ഇത്.

കേരളനിയമസഭയുടെ ആറുപതിറ്റാണ്ടിനിടയിലെ ഏറ്റവും സുദീര്‍ഘവും, അര്‍ത്ഥപൂര്‍ണ്ണവുമായ ബില്ലിന്റെ ചര്‍ച്ച നടന്നത് ഈ ചരിത്രസ്മാരകത്തിലാണ്. 124 മണിക്കൂര്‍ ചര്‍ച്ച ചെയ്താണ് കാര്‍ഷിക ഭൂപരിഷ്‌ക്കരണ നിയമം പാസ്സാക്കിയത്. സഭയ്ക്കുള്ളിലും സെലക്ട് കമ്മിറ്റി നിലവാരത്തിലും അതിവിശദമായ ചര്‍ച്ച നടന്നതും ഈ ബില്ലുമായി ബന്ധപ്പെട്ടായിരുന്നു. സെലക്ട് കമ്മിറ്റി തന്നെ 60 ദിവസം ചേര്‍ന്നു. ഇത്രയേറെ ഗൗരവത്തോടെ പില്‍ക്കാലത്ത് മറ്റൊരു ബില്‍ നിയമമാക്കപ്പെട്ടിട്ടുണ്ടോ എന്ന് സംശയമാണ്.

ഈ തിരിഞ്ഞുനോട്ടം കേവലം ഗൃഹാതുരത്വം നിറഞ്ഞ ഓര്‍മ്മകള്‍ അയവിറക്കാനല്ലാ മറിച്ച് പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും, അതിന്റെ അടിസ്ഥാനത്തില്‍ ഇന്നത്തെ സങ്കീര്‍ണ്ണ സാഹചര്യങ്ങളില്‍ ഇടപെടുന്നതിനുമുള്ള കരുത്താര്‍ജ്ജിക്കുകയാണ് ലക്ഷ്യമിട്ടിട്ടുള്ളത്. ഈ ലക്ഷ്യസാക്ഷാല്‍കാരത്തിനുള്ള ഓര്‍മ്മപ്പെടുത്തലായി ഇന്നത്തെ ഈ സമ്മേളനം മാറും എന്നാണ് ഞാന്‍ ആശിക്കുന്നതെന്നും വി.എസ് പറഞ്ഞു.

Advertisement