Administrator
Administrator
‘വിവാദ മൂല’യില്‍ ഇനി വി.എസ് വരുമോ?
Administrator
Thursday 12th May 2011 6:59pm

vs-achuthanandanപൊളിറ്റിക്കല്‍ ഡസ്‌ക്

വിധിയറിയാന്‍ ഇനി നിമിഷങ്ങള്‍ ബാക്കി. വി.എസ്. ഘടകം പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ്സിന് കേരളം തിരിച്ചുപിടിക്കാനാകുമോ? എവിടെയെങ്കിലും താമര വിരിയുമോ? കേരളം ആരുടെ നേതൃത്വത്തിലായിരിക്കും മുന്നോട്ട് പോകുന്നത്? അങ്ങനെ ഒട്ടനവധി ചോദ്യങ്ങള്‍…

13ാം നിയമസഭ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന്റെ അന്ത്യസമയത്തോടടുക്കുമ്പോള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആശങ്കയിലാണ്. പോസ്റ്റ് പോള്‍ വിലയിരുത്തലുകള്‍ എല്‍.ഡി.എഫിനും യു.ഡി.എഫിനും ഒരുപോലെ പ്രത്യാശ നല്‍കുന്ന പ്രവചനങ്ങളാണ് നല്‍കിയിട്ടുള്ളത്. ഇത് മുന്‍പുള്ള തിരഞ്ഞടുപ്പില്‍ നിന്നും ഇപ്പോഴത്തെ തിരഞ്ഞെടുപ്പിനെ വ്യത്യസ്തമാക്കുന്നു.

തിരഞ്ഞടുപ്പില്‍ ആര് വിജയിച്ചാലും മുന്നണികളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് തീര്‍ച്ച. എല്‍.ഡി.എഫിലും പ്രത്യേകിച്ച് സി.പി.ഐ.എമ്മിനും തലവേദനയാകുക വി.എസ്.ഘടകമാണെങ്കില്‍ യു.ഡി.എഫിലും കോണ്‍ഗ്രസിലും മന്ത്രിസഭയെ കുറിച്ചുള്ള ചേരിപ്പോരുകള്‍ക്കായിരിക്കും നമ്മള്‍ സാക്ഷ്യം വഹിക്കുക. എല്‍.ഡി.എഫ് വിജയിക്കുകയാണെങ്കില്‍ രാഷ്ട്രീയ കേരളത്തില്‍ കഴിഞ്ഞകാലങ്ങളില്‍ കണ്ടിട്ടുള്ള വി.എസ്. സമരങ്ങള്‍ക്ക് ജനപിന്തുണ ലഭിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ മാത്രം നാമെത്തിയാല്‍പ്പോര. മറിച്ച് പുതിയ ചില കീഴ്‌വഴക്കങ്ങള്‍ക്ക് നാന്ദി കുറിക്കപ്പെട്ടുവെന്നുവേണം കരുതാന്‍. സംഘടനാധിപത്യത്തിന്റെ പടിയിറക്കമായും അതിനെ വിലയിരുത്താവുന്നതാണ്.

കേണ്‍ഗ്രസ്സില്‍ ഇപ്പൊഴേ ചേരിപ്പോര് തുടങ്ങിക്കഴിഞ്ഞു. കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു പുത്തരിയല്ല. കെ.പി.സി.സി. പ്രസിഡന്റും പ്രതിപക്ഷ നേതാവും ഒരുമിച്ച് മത്സരിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് ഇത് ധാരാളം മതിയാകും കോണ്‍ഗ്രസിന്. മുന്നണിയിലെ മറ്റംഗങ്ങളും പരസ്പരം കടിച്ചുകീറുന്നതില്‍ മോശമല്ല. എല്‍.ഡി.എഫില്‍ ഇതൊരു പ്രശ്‌നമല്ല. വലിയേട്ടന്‍ നല്‍കുന്നതെന്തായാലും ഘടക കക്ഷികള്‍ക്ക് സന്തോഷം. സി.പി.ഐയ്യിലെ ചില പല്ലുകൊഴിഞ്ഞ സിംഹങ്ങള്‍ ചെറുതായി മുരണ്ടേക്കും, പക്ഷേ അത് കാര്യമാാക്കാനില്ല.

തെരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ വിഷമവൃത്തത്തിലകപ്പെടുന്ന മറ്റൊരു സംഘടന മുസ്ലീം ലീഗ് ആയിരിക്കും. കുഞ്ഞാലിക്കുട്ടിയാണോ മുനീറാണോ പ്രബലനെന്നായിരിക്കും ലീഗിനുള്ളില്‍ തെരഞ്ഞെടുപ്പിന് ശേഷമുണ്ടാകുന്ന പ്രസക്തമയ ചോദ്യം. അതിന്റെ മുന്നോടിയായി ഐസ്‌ക്രീം കേസിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ് വീണ്ടും കേരളം കണ്ടുകഴിഞ്ഞു. കുഞ്ഞാലിക്കുട്ടി ജയിച്ചാലും ഫലം യു.ഡി.എഫിന് എതിരാണെങ്കിലും ലീഗ് രാഷ്ട്രീയത്തില്‍ അത് ചലനമുണ്ടാക്കും. അങ്ങിനെയാണ് സംഭവിക്കുന്നതെങ്കില്‍ കുഞ്ഞാലിക്കുട്ടി സജീവ രാഷ്ട്രീയം അവസാനിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്.

ബി.ജെ.പിയും പ്രതീക്ഷയും അസ്ഥാനത്തല്ല. രണ്ട് സീറ്റുകളിലെ വിജയം അവര്‍ സ്വപ്‌നം കാണുന്നു. ഇങ്ങനെ ഉള്‍പ്പോരുകളുടെയും ചേരിപ്പോരുകളുടെയും മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഈ നിമിഷങ്ങള്‍ കടന്നു പോവുകയാണ് നാളെ രാവിലെ എട്ടുമണിക്ക് വേണ്ടി.

‘വിവാദമൂല’

തിരുവനന്തപുരം സെക്രട്ടേറിയേറ്റിലെ പി.ആര്‍. ചേംബറില്‍ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ സ്ഥിരമായി വാര്‍ത്താ സമ്മേളനം നടത്താറുള്ളത് പി.ആര്‍. ചേംബറിലാണ്. സി.പി.ഐ.എം രാഷ്ട്രീയത്തെയും സംസ്ഥാന രാഷ്ട്രീയത്തെയും പിടിച്ചുലച്ച പല പ്രസ്താവനകളും നടന്നത് ആ ചേംബറില്‍ വെച്ചാണ്. മന്ത്രിസഭാ യോഗം കഴിഞ്ഞ് വി.എസ് എഴുന്നേറ്റ് പോകുമ്പാഴാണ് അതുവരെയുള്ള വിഷയങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന തരത്തില്‍ വി.എസിന്റെ പ്രസ്താവനയുണ്ടാവുക. വാര്‍ത്താ സമ്മേളനം നടത്തി എഴുന്നേറ്റ് പോകുന്ന വി.എസ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം കേട്ട് അവിടെ നില്‍ക്കും പിന്നെ പറയേണ്ടത് പറയും. അത് വിവാദമാവും. മാധ്യമങ്ങളിലെ തലക്കെട്ടാവും.

പലപ്പോഴും പാര്‍ട്ടി ഔദ്യോഗിക പക്ഷത്തിനെതിരെയുള്ള തന്റെ നിലപാടുകളാണ് മുഖ്യമന്ത്രി അവിടെ വെച്ച് പ്രഖ്യാപിക്കുക. ചിലപ്പോള്‍ പിണറായി വിജയനെതിരെ നേരിട്ടുള്ള ആക്രമണമായിരിക്കുമത്. പി.ആര്‍ ചേംബറിലെ ഈ ഭാഗത്തിന് മാധ്യമപ്രവര്‍ത്തകര്‍ ഒരു പേരുമിട്ടു. ‘വിവാദമൂല’. വിവാദ മൂലയില്‍ ഇനി വി.എസ് വരുമോ? ഈ ചോദ്യത്തിന് ഉത്തരം നാളെ ഫലം അറിഞ്ഞ് ഇടതുപക്ഷം ജയിച്ചാല്‍ പോലും പൂര്‍ണ്ണമായും പറയാന്‍ കഴിയില്ല.

Advertisement