Administrator
Administrator
വി.എസിന്റെ പി.ബി പ്രവേശനം ഇനിയും നീളും
Administrator
Monday 13th June 2011 7:17am

vs-achuthanandanഹൈദരാബാദ്: കേരളത്തിലെ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്റെ പി.ബി. പ്രവേശനം ഇനിയും നീളും. പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ പൊളിറ്റ് ബ്യൂറോയില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം സി.പി.ഐ.എം. പൊളിറ്റ് ബ്യൂറോയിലും കേന്ദ്ര കമ്മിറ്റിയോഗങ്ങളിലും ഉയര്‍ന്നെങ്കിലും കേരളത്തില്‍ നിന്നുള്ളവരുടെ ഇടപെടല്‍ തീരുമാനം നീളുന്നതിനിടയാക്കുകയായിരുന്നു.

പൊളിറ്റ് ബ്യൂറോയില്‍ സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റിയില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള അംഗങ്ങളുമാണ് അച്യുതാനന്ദന് വേണ്ടി വാദിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ വിജയത്തിന് പിന്നിലെ അച്യുതാനന്ദന്റെ പങ്ക് പാര്‍ട്ടി അംഗീകരിച്ചിന്നു. ഈ പശ്ചാത്തലത്തിലാണ് വി.എസ്സിനെ പി.ബി.യില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നത്.

വി.എസ്സിന് വിലങ്ങുതടിയായി നിന്നത് കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക നേതൃത്വമാണ്. അവര്‍ ഈ തീരുമാനത്തോട് യോജിച്ചില്ല. 23ാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ പാര്‍ട്ടിസമ്മേളനങ്ങളുടെ ‘ഷെഡ്യൂള്‍’ കേന്ദ്ര കമ്മിറ്റി അംഗീകരിച്ച സാഹചര്യത്തില്‍ തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വിടുകയാണ് വേണ്ടതെന്ന് കേരളത്തില്‍ നിന്നുള്ളവര്‍ വാദിച്ചുവെന്നാണ് അറിയുന്നത്. സംഘടനാപരമായ കാര്യങ്ങളില്‍ ഇനി പാര്‍ട്ടി ഘടകങ്ങള്‍ തീരുമാനമെടുക്കുന്നത് ശരിയല്ലെന്ന തത്ത്വമാണ് അവര്‍ ചൂണ്ടിക്കാട്ടിയത്.

പി.ബിയിലേക്ക് അച്യുതാനന്ദന്റെ തിരിച്ചുവരവ് തടസ്സമാകുമെന്ന് മനസ്സിലായതോടെ യെച്ചൂരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പാര്‍ട്ടി സമ്മേളനങ്ങള്‍ തുടങ്ങിയാല്‍ പരമാധികാരസഭ പാര്‍ട്ടി കോണ്‍ഗ്രസാണ്. കേന്ദ്ര കമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതും പാര്‍ട്ടി കോണ്‍ഗ്രസ്സിലാണ്. ആനിലയ്ക്ക് വി.എസ്സിന്റെ പി.ബി. പുനഃപ്രവേശനം സംബന്ധിച്ച തീരുമാനം പാര്‍ട്ടി കോണ്‍ഗ്രസ്സിന് വിടുന്നതാണ് നല്ലതെന്ന ധാരണയിലാണ് യോഗം അവസാനിച്ചത്.

പ്രശ്‌നം ഹൈദരാബാദില്‍ ചേര്‍ന്ന കേന്ദ്രകമ്മിറ്റിയുടെ അജണ്ടയില്‍ ഇല്ലായിരുന്നുവെന്ന് യെച്ചൂരി പറഞ്ഞിരുന്നു. എന്നാല്‍, കേന്ദ്രകമ്മിറ്റിയില്‍ വി.എസ്സിനെ തിരിച്ചെടുക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസ്സിന് മുന്നോടിയായുള്ള പാര്‍ട്ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ക്ക് 2011 സപ്തംബറില്‍ തുടക്കം കുറിക്കണമെന്നാണ് പൊളിറ്റ് ബ്യൂറോ കേന്ദ്രകമ്മിറ്റിയോഗങ്ങളുടെ തീരുമാനം. അതിനിടയില്‍ നയപരമായ തീരുമാനം എടുക്കുന്നത് നല്ലതെന്ന പി.ബി തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ പ്രശ്‌നം താല്‍ക്കാലികമായി അവസാനിക്കുകയായിരുന്നു.

എസ്.എന്‍.സി. ലാവലിന്‍ കേസില്‍ പാര്‍ട്ടി നിലപാടിന് വ്യത്യസ്തമായി പരസ്യപ്രസ്താവന നടത്തിയതിന്റെ പേരില്‍ 2009 ജൂലായ് 12 നാണ് വി.എസ്സിനെ പി.ബിയില്‍ നിന്നും തരംതാഴ്ത്തിയത്. സി.പി.ഐ.എമ്മില്‍ അന്ന് രൂക്ഷമായ വിഭാഗീയതയെ ഇല്ലാതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നു വി.എസ്സിനെതിരായ അച്ചടക്ക നടപടി.

Advertisement