എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് കീഴിലുള്ള മലമ്പുഴയിലെ ആശുപത്രി മാലിന്യ സംസ്‌ക്കരണ പ്ലാന്റില്‍നിന്നുള്ള മലിനീകരണം ഒഴിവാക്കണം; മന്ത്രിക്ക് വി.എസിന്റെ കത്ത്
എഡിറ്റര്‍
Sunday 4th September 2016 2:06pm

vs668


ആയിരക്കണക്കിന് ആശുപത്രികളില്‍ നിന്നും ഐ.എം.എ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണിത്.  ഈ സ്ഥാപനം അടച്ചുപൂട്ടിയാലുണ്ടാവുന്ന മാലിന്യവ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് വലിയ തലവേദനയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല


തിരുവനന്തപുരം: മലമ്പുഴ നിയോജകമണ്ഡലത്തില്‍പെട്ട പുതുശ്ശേരി പഞ്ചായത്തില്‍ മലമ്പുഴ ഡാമിനരികില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ ഇമേജ് എന്ന ആശുപത്രി മാലിന്യ സംസ്‌കരണ പ്ലാന്റില്‍നിന്നുള്ള മലിനീകരണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എ വി.എസ് അച്യുതാനന്ദന്‍ ആരോഗ്യമന്ത്രിക്ക് കത്തു നല്‍കി.

ആയിരക്കണക്കിന് ആശുപത്രികളില്‍ നിന്നും ഐ.എം.എ ശേഖരിക്കുന്ന മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കേരളത്തിലുള്ള ഏക സ്ഥാപനമാണിത്.  ഈ സ്ഥാപനം അടച്ചുപൂട്ടിയാലുണ്ടാവുന്ന മാലിന്യവ്യാപനം ഇന്നത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് വലിയ തലവേദനയായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍, ഈ മാലിന്യങ്ങള്‍ വേണ്ടവിധം സംസ്‌കരിക്കാതെ മലമ്പുഴ ഡാമിലും പരിസരപ്രദേശങ്ങളിലും പരക്കുന്നതും ഗുരുതരമായ സ്ഥിതിവിശേഷമാണ് സംജാതമാക്കുകയെന്ന് കത്തില്‍ വി.എസ് പറയുന്നു.

ഇത്തരം കൂടുതല്‍ പ്ലാന്റുകള്‍ തുടങ്ങാനുള്ള സ്ഥലം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നല്‍കാമെന്ന ധാരണയുണ്ടായിരുന്നുവെങ്കിലും അതില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല എന്നാണ് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറയുന്നത്. നിലവിലുള്ള പ്ലാന്റ് എല്ലാ പാരിസ്ഥിതിക നിബന്ധനകളും പാലിച്ച് കാര്യക്ഷമമായാണ് പ്രവര്‍ത്തിക്കുന്നതെന്നും അവര്‍ പറയുന്നു.

എന്നാല്‍, താന്‍ കഴിഞ്ഞ ദിവസം നേരിട്ട് പ്രസ്തുത പ്രദേശം സന്ദര്‍ശിച്ചപ്പോള്‍ അവിടെ മാലിന്യം കുന്നുകൂടി കിടക്കുന്നതും മലിനജലം പുറത്തേക്കൊഴുകുന്നതും ശ്രദ്ധയില്‍ പെടുകയുണ്ടായി.

ഈ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പിന്റെ ഒരു വിദഗ്ധ സംഘം അവിടം സന്ദര്‍ശിച്ച് കാര്യങ്ങളുടെ നിജസ്ഥിതി ബോദ്ധ്യപ്പെട്ട് മാലിന്യ പ്രശ്‌നം പരിഹരിക്കാനും ജനങ്ങളുടെ ആശങ്കയകറ്റാനും നടപടിയെടുക്കണമെന്ന് വി.എസ് കത്തില്‍ ആവശ്യപ്പെട്ടു.

Advertisement