എഡിറ്റര്‍
എഡിറ്റര്‍
കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണം; പിണറായിക്കെതിരെ വി.എസ്
എഡിറ്റര്‍
Friday 21st April 2017 3:35pm

തിരുവനന്തപുരം: മൂന്നാറിലെ കുരിശ് പൊളിച്ച സംഭവത്തെ അനുകൂലിച്ച് സി.പി.ഐ.എം മുതിര്‍ന്ന നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായി വി.എസ് അച്യുതാനന്ദന്‍.

കുരിശ് പൊളിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റേതിന് വിരുദ്ധ നിലപാടുമായാണ് വി.എസ് രംഗത്തെത്തിയത്. കുരിശായാലും കയ്യേറ്റം ഒഴിപ്പിക്കണമെന്നാണ് വി.എസ് പറഞ്ഞത്.

കയ്യേറ്റത്തിനെതിരെ കര്‍ശന നിലപാട് വേണമെന്നും ഏത് തരത്തിലുള്ള കയ്യേറ്റവും ഒഴിപ്പിക്കണമെന്നും വി.എസ് പറഞ്ഞു.

സൂര്യനെല്ലി പാപ്പാത്തിച്ചോലയില്‍ റവന്യൂ ഭൂമി കയ്യേറി നിര്‍മിച്ച കുരിശ് പൊളിച്ചതില്‍ ജില്ലാഭരണകൂടത്തെ മുഖ്യമന്ത്രി അതൃപ്തി അറിയിച്ചിരുന്നു. സര്‍ക്കാര്‍ ഭൂമിയെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ച ശേഷം നിയമ നടപടികള്‍ സ്വീകരിച്ചാല്‍ മതിയായിരുന്നുവെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

താല്‍ക്കാലിക ടെന്റുകള്‍ക്കു തീയിട്ട നടപടിയും മുഖ്യമന്ത്രി വിമര്‍ശിച്ചു. ഇതിനുപിന്നാലെ കോട്ടയത്തെ സിഐടിയു സമ്മേളന സ്ഥലത്തുവച്ചും ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി വ്യക്തമാക്കി.


Dont Miss ദിലീപിനെ നായകനാക്കി സിനിമ ചെയ്യണം; ആഗ്രഹം വെളിപ്പെടുത്തി ഗൗതം വാസുദേവ് മേനോന്‍ 


കുരിശ് എന്തുപിഴച്ചെന്നു ചോദിച്ച മുഖ്യമന്ത്രി, കൂടുതല്‍ ജാഗ്രത വേണ്ടിയിരുന്നുവെന്നു ചൂണ്ടിക്കാട്ടി. വലിയൊരു വിഭാഗം കുരിശില്‍ വിശ്വസിക്കുന്നുണ്ട്. അതില്‍ കൈവയ്ക്കുമ്പോള്‍ സര്‍ക്കാരിനോടു ചോദിച്ചില്ല. 144 പ്രഖ്യാപിച്ചു ഭീകരാന്തരീക്ഷമുണ്ടാക്കി. സര്‍ക്കാര്‍ കുരിശിനെതിരെയാണെന്ന പ്രതീതി സൃഷ്ടിച്ചു. കേരളത്തിലെ സര്‍ക്കാരിനു കുരിശുവഹിക്കാന്‍ താല്‍പര്യമില്ല. എല്ലാം പരസ്യമായി പറയാനില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇന്നലെ രാവിലെ സ്ഥലത്തു നിരോധനാജ്ഞ പ്രഖ്യാപിച്ചാണു കയ്യേറ്റം ഒഴിപ്പിക്കല്‍ നടപടി തുടങ്ങിയത്. ദേവികുളം അഡീഷണല്‍ തഹസില്‍ദാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റേതായിരുന്നു നടപടി. വന്‍ പൊലീസ് സന്നാഹവും ഒപ്പമുണ്ടായിരുന്നു. 25 അടി ഉയരമുള്ള കുരിശിന്റെ കോണ്‍ക്രീറ്റ് അടിത്തറ ഡ്രില്ലിങ് മെഷീനും ജെസിബിയും ഉപയോഗിച്ചാണു പൊളിച്ചുനീക്കിയത്.

Advertisement