Administrator
Administrator
തമിഴ്‌നാട്ടില്‍ ഭൂമിവാങ്ങിയവരുടെ ലിസ്റ്റ് പുറത്തുവിടാന്‍ വി.എസിന്റെ വെല്ലുവിളി
Administrator
Wednesday 7th December 2011 11:50am

വണ്ടിപ്പെരിയാര്‍: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാടിന് അനുകൂലമായി നിലപാടെടുക്കുന്നതിന് പ്രതിഫലം പറ്റിയവരുടെ ലിസ്റ്റ് പുറത്തുവിടാന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയോട് പ്രതിപക്ഷ നേതാവ് വി.എസ് അച്ച്യുതാനന്ദന്റെ വെല്ലുവിളി. വണ്ടിപ്പെരിയാറില്‍ നിരാഹാര സമരത്തിനെത്തിയ അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു.

മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ തമിഴ്‌നാടിനെ അനുകൂലിച്ച് നിലപാടെടുക്കാന്‍ കേരളത്തിലെ ചിലര്‍ പ്രതിഫലം പറ്റിയെന്ന് ജയലളിത പറഞ്ഞിരുന്നു. ഈ തുകകൊണ്ട് അറുപതും എണ്‍പതും ഏക്കര്‍ കൃഷിഭൂമി വാങ്ങി അവിടെ മുന്തിരിയും മറ്റും കൃഷിചെയ്യുന്ന കേരളീയരുടെ പേരുവിവരങ്ങള്‍ പുറത്തുവിടുമെന്ന് തമിഴ്‌നാട് ഭീഷണിപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. അവിടുത്തെ വില്ലേജ് ഓഫീസറോട് നേരിട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ഇത്തരക്കാരുടെ പേര് വിവരങ്ങള്‍ പുറത്തുവിടാന്‍ ജയലളിതയെ താന്‍ വെല്ലുവിളിക്കുന്നു. അത് കഴിയുന്നത്ര വേഗത്തിലാവണമെന്നും വി.എസ് പറഞ്ഞു.

മുല്ലപ്പെരിയാര്‍ ഡാമിന്റെ ശോചനീയമായ അവസ്ഥ കേരളത്തിലെ നാല് ജില്ലകളിലെ ലക്ഷക്കണക്കിന് വരുന്ന ജനങ്ങളുടെ ജീവന് ഭീഷണിയാണ്. ഈ സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാരും തമിഴ്‌നാടും കേരളത്തിന്റെ ആശങ്ക മനസിലാക്കണം. തമിഴ്‌നാടിന് 116 വര്‍ഷമായി വെള്ളംകൊടുത്തുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങളെ കൊല്ലരുതേ.. കൊല്ലരുതേ.. എന്ന് തങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന ചെവിക്കൊണ്ട് വേണ്ട നടപടികള്‍ എടുക്കാത്തതെന്താണെന്ന് മനസിലാവുന്നില്ലെന്നും വി.എസ് വ്യക്തമാക്കി.

ഈ സാഹചര്യത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തില്‍ നാളെ പൂഞ്ഞാര്‍ മുതല്‍ അറബിക്കടല്‍വരെ മനുഷ്യമതില്‍കെട്ടും. കെ.പി.സി.സിയും എല്ലാ ജില്ലകളിലും പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചിട്ടുണ്ട്. കേരളത്തിലെ മൂന്നരക്കോടിയിലധികം ജനങ്ങളെ പ്രതിനിധീകരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളും അവരുടെ പിന്നില്‍ ജനങ്ങളും അണിനിരന്ന് ഉന്നയിക്കുന്ന പുതിയ ഡാം എന്ന ആവശ്യം അംഗീകരിച്ചേ മതിയാവൂ. 116 കൊല്ലം പഴക്കമുള്ള മുല്ലപ്പെരിയാര്‍ ഡാമിന്റെ അവസ്ഥ ഏറെ ഭീഷണി ഉയര്‍ത്തുന്നതാണ്. ഇത്രയും പഴക്കമുള്ള ഡാം ലോകത്തെവിടെയുമില്ല. ഈ ഡാമിന് പകരം മറ്റൊരു ഡാം നിര്‍മ്മിക്കണമെന്ന വിദഗ്ധരുള്‍പ്പെടെ പലരും നിര്‍ദേശിച്ചിട്ടുണ്ട്. 1979ല്‍ തന്നെ ഉയര്‍ന്ന ഈ ആവശ്യം ഇപ്പോഴെങ്കിലും നടപ്പാക്കണം. ഒരു കാരണവശാലം ഇത് നീട്ടികൊണ്ടുപോവരുതെന്നും വി.എസ് ആവശ്യപ്പെട്ടു.

11 ദിവസമായി ചപ്പാത്തില്‍ നിരാഹാരസമരമിരിക്കുന്ന ബിജിമോള്‍ എം.എല്‍.എയ്ക്കും, ഏഴ് ദിവസമായി വണ്ടിപ്പെരിയാറില്‍ സമരം നടത്തുന്ന കെ.പി രാജേന്ദ്രന്‍ എം.എല്‍.എയ്ക്കും രണ്ട് ദിവസമായി സമരം നടത്തുന്ന അഗസ്റ്റിനും നിരാഹാരമിരിക്കുന്ന മറ്റുള്ളവര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ടാണ് വി.എസ് അച്യുതാനന്ദന്‍ ആരംഭിച്ചത്. വളരെ ന്യായമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള സമാധാന പരമായ പോരാട്ടം ജനങ്ങള്‍ തുടരണമെന്നദ്ദേഹം ആവശ്യപ്പെട്ടു. ചില രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനങ്ങള്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷഭരിതമായത് ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ്. ജനങ്ങള്‍ സമാധാനപരമായ പാതയിലൂടെ നീങ്ങണം. ലക്ഷ്യം നേടുന്നതുവരെ മുന്നേറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Malayalam news

Kerala news in English

Advertisement