Administrator
Administrator
വി.എസ് പടിയിറങ്ങി; വാര്‍ത്താ സമ്മേളനത്തിന്റെ പൂര്‍ണ്ണരൂപം
Administrator
Saturday 14th May 2011 4:44pm

vs-achuthanandanതിരുവനന്തപുരം: പ്രതിപക്ഷത്ത് നിന്നുകൊണ്ട് താന്‍ പോരാട്ടം തുടരുമെന്ന് വി.എസ് അച്ച്യുതാനന്ദന്റെ പ്രഖ്യാപനം. ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയ ശേഷം ക്ലിഫ് ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അഴിമതിക്കാര്‍ക്കും പെണ്‍വാണിഭക്കാര്‍ക്കുമെതിരെ ശക്തമായ പോരാട്ടം വരും നാളുകളിലും തുടരുമെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ‘അഴിമതിക്കാരും പെണ്‍വാണിഭക്കാരുമായ ക്രിമിനല്‍ കേസിലെ പ്രതികളെ കേരള ജനതക്ക് മേല്‍ അടിച്ചേല്‍പ്പിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. മന്ത്രിമാരെ തിരഞ്ഞെടുക്കുമ്പോള്‍ അങ്ങിനെയുള്ളവര്‍ ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പാണിത്’ -മുഖ്യമന്ത്രി വ്യക്തമാക്കി.

‘ ഭൂരിപക്ഷം നഷ്ടപ്പെട്ട മന്ത്രിസഭ രാജിവെക്കുകയാണ്. ഗവര്‍ണ്ണര്‍ ഇക്കാലമത്രയും സര്‍ക്കാറിന് നല്‍കിയ പിന്തുണയില്‍ നന്ദി അറിയിക്കുന്നു. ഏച്ചുകെട്ടിയുള്ള മന്ത്രിസഭയെ ജനം ഇഷ്ടപ്പെടുന്നില്ല. മുമ്പ് വന്‍ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ കൊണ്ട് വന്ന ജനം തന്നെയാണ് ഇപ്പോള്‍ ഈ വിധി നല്‍കിയത്. ജനങ്ങളുടെ തീരുമാനത്തോട് സഹകരിക്കും. തോല്‍വി തീരുമാനിക്കുന്നത് സീറ്റിന്റെ എണ്ണം നോക്കിയാണ്. ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ പിന്നെ അവിടെ ചടഞ്ഞ്കൂടിയിരിക്കുന്നത് ജനാധിപത്യ മര്യാദക്ക് നിരക്കാത്തതാണ്- വി.എസ് വ്യക്തമാക്കി.

ഏതെങ്കിലും കക്ഷികള്‍ നിരുപാധിക പിന്തുണ നല്‍കിയാലോ എന്ന ചോദ്യത്തിന് അത് ആലോചിച്ച് തീരുമാനിക്കുമെന്നാണ് വി.എസ് മറുപടി പറഞ്ഞത്. വി.എസ് വിചാരിച്ചാല്‍ അത് നടക്കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍ വി.എസ് മൗനം പാലിച്ചു.

ചോദ്യം: പ്രതിപക്ഷ നേതാവ് ആരായിരിക്കും

ഉത്തരം: സ്വാഭാവികമായും അത് ആലോചിച്ച് തീരുമാനിക്കും.

ചോദ്യം: തിരഞ്ഞെടുപ്പില്‍ വി.എസ് തരംഗം എത്രത്തോളം ഗുണം ചെയ്തു?.

ഉത്തരം: അത് നിങ്ങള്‍ ആവശ്യത്തിന് അവലോകനം ചെയ്ത് ജനങ്ങളെ അറിയിക്കുന്നുണ്ടല്ലോ. അതില്‍ കൂടുതലൊന്നും ഞാന്‍ പറയുന്നില്ല.

ചോദ്യം: കാസര്‍ക്കോട്, കണ്ണൂര്‍, പാലക്കാട് എന്നിവിടങ്ങളില്‍ പാര്‍ട്ടിക്ക് വേണ്ട വിധം നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. എന്ത്‌കൊണ്ടാണ് ഇത് സംഭവിച്ചത്?.

ഉത്തരം: ആ സ്ഥലങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് കാലഘട്ടത്തിന്റെ ആവശ്യത്തിനനുസരിച്ച് ഉയര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെന്നാണ് മനസ്സിലാക്കേണ്ടത്.

ചോദ്യം: ഇത്തവണ തിരഞ്ഞെടുപ്പില്‍ എന്തെങ്കിലും തരത്തിലുള്ള ധ്രുവീകരണമുണ്ടായിട്ടുണ്ടോ?.

ഉത്തരം: ധ്രുവീകരണത്തിന് വര്‍ഗ്ഗീയ ശക്തികള്‍ ബോധപൂര്‍വ്വമായ ശ്രമം നടത്തിയിട്ടുണ്ട്. മതേതര ജനാധിപത്യ ശക്തികള്‍ക്ക് ജാഗ്രത കുറഞ്ഞ ചില സ്ഥലങ്ങളില്‍ അവരുടെ അജണ്ടകള്‍ നടപ്പായിട്ടുണ്ട്.

ചോദ്യം: തിരഞ്ഞെടുപ്പ് ഫലം സംഘടനാപരമായ തിരുത്തലുകള്‍ക്ക് കാരണമാകുമോയെന്ന് പാര്‍ട്ടി സെക്രട്ടറിയോട് ചോദിച്ചപ്പോള്‍ കുറെക്കാലമായി നിങ്ങള്‍ ആ മോഹവുമായി നടക്കുന്നു, അത് ഉപേക്ഷിച്ചേക്ക് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യത്തില്‍ വി.എസിന്റെ നിലപാട് എന്താണ്?.

ഉത്തരം: ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്ക് മനസ്സിലായിക്കാണുമല്ലോ. പാര്‍ട്ടി ഇക്കാര്യങ്ങളെല്ലാം പരിശോധിക്കും. തിരുത്തേണ്ടത് തിരുത്തും.

ചോദ്യം: ജനകീയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് വി.എസ് രാഷ്ട്രീയ പ്രവര്‍ത്തനം നടത്താറുള്ളത്. അത് ഇനിയും തുടരുമോ?.

ഉത്തരം: ജനങ്ങളുടെ ആവശ്യങ്ങള്‍ സാക്ഷാത്കരിക്കാന്‍ ശക്തമായ ഇടപെടല്‍ നടത്തും.

ചോദ്യം: കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം അറിഞ്ഞ ശേഷം വി.എസ് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നന്നായി ചിരിച്ചിരുന്നു. ഇപ്പോള്‍ ചിരി കാണുന്നില്ല.?.

ഉത്തരം: ചിരി ആവശ്യം വേണ്ട സന്ദര്‍ഭങ്ങളില്‍ നന്നായി ചിരിച്ചുകൊണ്ടിരിക്കുന്നയാളാണ് ഞാന്‍. നിങ്ങളുദ്ദേശിക്കുന്ന സമയത്ത് ചിരിക്കാതിരിക്കുന്നത് കൊണ്ട് ഞാന്‍ ചിരി കുറഞ്ഞ ആളാണെന്ന് കരുതേണ്ട. ഞാന്‍ ചിരിക്കാതിരിക്കുന്ന സമയം കുറവായിരിക്കും. അതേസമയം ദുഖിക്കേണ്ട ആളുകള്‍ക്ക് ദുഖിക്കാനും കേരളത്തില്‍ ധാരാളം അവസരമുണ്ട്.

ചോദ്യം:പശ്ചിമ ബംഗാളിലെ പാര്‍ട്ടിയുടെ പരാജയത്തെ എങ്ങിനെ കാണുന്നു:

ഉത്തരം: അവിടെ സര്‍ക്കാര്‍ കൈക്കൊണ്ട നയങ്ങള്‍ പാര്‍ട്ടി നയത്തിന് വിരുദ്ധമായിരുന്നു. ഇക്കാര്യം ജ്യോതിബസു ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അവിടത്തെ സര്‍ക്കാര്‍ അത് സ്വീകരിക്കാന്‍ തയ്യാറായില്ല. അതിനുള്ള ജങ്ങളുടെ പ്രതികരണമാണ് തിരഞ്ഞെടുപ്പ് ഫലം. വംഗനാടിന്റെയും കേരളത്തിന്റെയും ചരിത്രം എല്ലാ തെളിയിക്കും.

ചോദ്യം: മുഖ്യമന്ത്രിയെന്ന നിലയില്‍ ആഗ്രഹിച്ചതെല്ലാം ചെയ്യാന്‍ കഴിഞ്ഞോ?.

ഉത്തരം: ജനങ്ങളോട് പറഞ്ഞ ഒരുപാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ പറ്റിയിട്ടുണ്ട്. അതില്‍ സംതൃപ്തിയുണ്ട്. പക്ഷെ ചില ആളുകള്‍ക്കെതിരെ ലഭിച്ച പരാതികളില്‍ വേണ്ട വിധം കൈകാര്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. അത് മനസ്സിലാക്കി ഇനി മുന്നോട്ട നീങ്ങും.

ചോദ്യം: മുഖ്യമന്ത്രിയെന്ന നിലയില്‍ പാര്‍ട്ടി പിന്തുണ ലഭിച്ചിരുന്നില്ലേ?.

ഉത്തരം: എന്ന് പറഞ്ഞ് കൂട. കേരളത്തിലെ മഹാഭൂരിപക്ഷം ജനങ്ങളുടെയും പിന്തുണയോട് കൂടിയാണ് ഭരണം നടത്തിയത്. പാര്‍ട്ടിയുടെയും മറ്റ് പോഷക സംഘടനകളുടെയും ഘടക കക്ഷികളുടെയും പിന്തുണ ലഭിച്ചിട്ടുണ്ട്.

ചോദ്യ: പി.ബിയില്‍ വി.എസിനെ തിരിച്ചെടുക്കുമോ?.

ഉത്തരം: അത് പാര്‍ട്ടി തീരുമാനിക്കും.

ചോദ്യം: വി.എസിന് മത്സരിക്കാന്‍ പാര്‍ട്ടി ആദ്യം സീറ്റ് നിഷേധിക്കുകയായിരുന്നു. പിന്നീട് ജനകീയ പ്രതിഷേധമയുര്‍ന്നപ്പോഴാണ് സീറ്റ് നല്‍കിയത്. അതെക്കുറിച്ച്?.

ഉത്തരം: ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ ജനങ്ങളുടെ സംശയം ദൂരീകരിക്കുന്നതിന് ആവശ്യമായത് ചെയ്യുമെന്ന് കരുതുന്നു.

Advertisement